'ഒരു അഞ്ച് വയസ്സുകാരിയുടെ നിരീക്ഷണങ്ങള്‍'; മകളുടെ കൊവിഡ് കുറിപ്പുകള്‍ പങ്കുവച്ച് പൃഥ്വിരാജ്

By Web TeamFirst Published Jul 25, 2020, 7:58 PM IST
Highlights

കൊവിഡിനെക്കുറിച്ച് തങ്ങള്‍ വീട്ടില്‍ സംസാരിക്കുന്നത് മകള്‍ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്നും മനസിലാക്കുന്നുണ്ടെന്നും ഈ ബുക്ക് കണ്ടപ്പോള്‍ തനിക്ക് മനസിലായെന്ന് പൃഥ്വി പറയുന്നു

കൊവിഡ് 19 എന്ന മഹാമാരി പ്രായഭേദമന്യെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ സാധാരണ സാമൂഹികജീവിതമാണ് ഇല്ലാതാക്കിയത്. പ്രായ, ലിംഗ ഭേദമില്ലാതെ ആളുകള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാതിരിക്കുന്ന സാഹചര്യം കുട്ടികളെയും ബാധിക്കുന്നുണ്ട്. കളിസ്ഥലങ്ങളില്‍ പോകാനോ കൂട്ടുകാരുമായി കളിക്കാനോ കഴിയാതെ കുട്ടികളും പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കുട്ടികളുടെ ലോകത്തും കൊവിഡ് സ്വാധീനം ചെലുത്തുന്നതിനെക്കുറിച്ച് അഞ്ച് വയസ്സുകാരിയായ മകള്‍ അലംകൃതയുടെ കുറിപ്പുകള്‍ പങ്കുവച്ചുകൊണ്ട് പറയുകയാണ് നടന്‍ പൃഥ്വിരാജ്. മകളുടെ നോട്ടുബുക്കിലെ ഒരു പേജിന്‍റെ ചിത്രമടക്കമാണ് പൃഥ്വിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ഈ മാസത്തിലെ ഒരു തീയ്യതിയും 'കൊവിഡ് തുടങ്ങുന്നു', 'ലോക്ക് ഡൗണ്‍', 'ബാക്ക് ടു നോര്‍മല്‍' എന്നിങ്ങനെയുള്ള കുറിപ്പുകളും ചില സംഖ്യകളുമൊക്കെയാണ് അല്ലി എന്ന അലംകൃതയുടെ നോട്ട്‍ബുക്കിലെ താളില്‍ ഉള്ളത്. കൊവിഡിനെക്കുറിച്ച് തങ്ങള്‍ വീട്ടില്‍ സംസാരിക്കുന്നത് മകള്‍ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്നും മനസിലാക്കുന്നുണ്ടെന്നും ഈ ബുക്ക് കണ്ടപ്പോള്‍ തനിക്ക് മനസിലായെന്ന് പൃഥ്വി കുറിക്കുന്നു. "മാര്‍ച്ച് മുതല്‍ വീട്ടകങ്ങളില്‍ കുടുങ്ങിപ്പോയ കുട്ടികളെ സംബന്ധിച്ച് ഏറ്റവും കഠിനകാലമാണ് ഇത്. സ്‍കൂളുകളിലും കളിസ്ഥലങ്ങളിലും നടക്കുന്ന കളികളിലൂടെയും സാമൂഹികായ സമ്പര്‍ക്കത്തിലൂടെയുമാണ് കുട്ടികള്‍ പലതും പഠിക്കുന്നത്. അതൊന്നും സാധ്യമല്ലാത്ത കാലമാണ് ഇത്. ഇവിടെ അല്ലി പറയുന്നത് കൊവിഡ് നിരക്ക് ഉയരുന്നതിനെക്കുറിച്ചും രോഗമുക്തിയെക്കുറിച്ചും പുതിയ നോര്‍മലിനെക്കുറിച്ചുമൊക്കെയാണ്!" #observationsofa5yearold എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിയുടെ പോസ്റ്റ്.

വലിയ പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമില്‍ ഇതിനു ലഭിച്ചത്. ഒരു ലക്ഷത്തിലേറെ ലൈക്കുകളും എഴുനൂറിലേറെ കമന്‍റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 

click me!