
ലോസാഞ്ചല്‍സ്: ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായികലോകം. കോബിയുടെ വിയോഗത്തില്‍ കായിക ലോകം കണ്ണീര്‍വാര്‍ക്കുന്നതിനിടെ 2012ല്‍ ഒരു ട്വിറ്റര്‍ ഉപയോക്താവ് നടത്തിയ പ്രവചനമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. @dotNoso എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് 2012 നവംബര്‍ 14നാണ് ഇട്ട ട്വീറ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഇത് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കുള്ള ആന്‍ഡ്രോയ്ഡ് ആപ്പ് ആയ കാര്‍ബണ്‍ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വാദവും സോഷ്യല്‍ മീഡിയ ലോകത്ത് ഉയരുന്നുണ്ട്.
കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിക്കുമെന്നായിരുന്നു ട്വീറ്റ്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അത് യാഥാര്‍ത്ഥ്യമായപ്പോള്‍ ആരാധകരുടെ നടുക്കം ഇനിയും മാറിയിട്ടില്ല. ഞായറാഴ്ച ലോസാഞ്ചല്‍സിലെ മാംബാ സ്പോര്‍ട് അക്കാദമിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് കോബിയും 13 വയസുകാരി മകള്‍ ജിയാന ബ്രയന്റും മറ്റ് ഏഴു പേരും ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടത്.
2016ല്‍ പ്രഫഷണല്‍ ബാസ്കറ്റ് ബോളില്‍ നിന്ന് വിരമിച്ച കോബി ബാസ്കറ്റ് ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. വിരമിച്ചശേഷം മകള്‍ ജിയാനയുടെ ടീമിന്റെ പരിശീലകനുമായിരുന്നു കോബി. എന്‍ബിഎയില്‍ രണ്ട് പതിറ്റാണ്ടോളും ലോസാഞ്ചല്‍സ് ലേക്കേഴ്സ് താരമായിരുന്നു കോബി എക്കാലത്തെയും മികച്ച മൂന്നാമത്തെ സ്കോറര്‍ കൂടിയാണ്.
2008ല്‍ രണ്ടുതവണ എന്‍ബിഎയിലെ മൂല്യമേറിയ താരമായിട്ടുള്ള കോബി 12 തവണ എന്‍ബിഎയിലെ ഓള്‍ ഡിഫന്‍സീവ് ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ലേക്കേഴ്സിനെ 2000, 2001, 2002 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ കോബിയുടെ പ്രകടനം നിര്‍ണായകമായിരുന്നു.