ട്വന്റി ലോകകപ്പ് ബഹിഷ്കരിക്കാൻ പാക്കിസ്ഥാൻ തയാറായാല്‍ കാത്തിരിക്കുന്നത് ചെറുതല്ലാത്ത നഷ്ടങ്ങളാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ തുടങ്ങി രാജ്യത്തെ ക്രിക്കറ്റിന്റെ ഭാവി വരെ തുലാസിലാകും

ടീം പ്രഖ്യാപനം നടത്തി, പക്ഷേ ട്വന്റി 20 ലോകകപ്പിലെ പങ്കാളിത്തത്തില്‍ ഇതുവരെ സസ്‌പെൻസ് അവസാനിച്ചിട്ടില്ല. പറഞ്ഞുവരുന്നത് പാക്കിസ്ഥാനെക്കുറിച്ചാണ്. ഐസിസിയുമായുള്ള ഭിന്നതകളെത്തുടര്‍ന്ന് വിശ്വകിരീടപ്പോരിന് മുൻ ചാമ്പ്യന്മാരെത്തുമോയെന്നതാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്. ടൂര്‍ണമെന്റ് ബഹിഷ്കരിക്കാൻ തയാറാകുമോ പാക്കിസ്ഥാൻ, അങ്ങനെ സംഭവിച്ചാല്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോ‍ര്‍ഡിനുണ്ടാകുന്ന നഷ്ടങ്ങളും പ്രത്യാഘാതങ്ങളും എന്തൊക്കെയായിരിക്കും. ലോകകപ്പിനെത്തിയാലും ഇന്ത്യയുമായുള്ള മത്സരത്തിന് തയാറാകുമോ സല്‍മാൻ അഗ നയിക്കുന്ന സംഘം?

ഇന്ത്യയില്‍ ലോകകപ്പ് കളിക്കാൻ തയാറാകില്ല എന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനൊപ്പം പാക്കിസ്ഥാൻ ഉറച്ചുനിന്നതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് തുടക്കമാകുന്നത്. ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതിനേയും ഇക്കാര്യത്തിലെ ഐസിസിയുടെ സമീപനത്തേയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് തലവൻ മൊഹ്സിൻ നഖ്‌വി രൂക്ഷമായി വിമര്‍ശിച്ചു . ഇതോടെയാണ് ലോകകപ്പ് കളിക്കുന്ന തീരുമാനം പാക് സര്‍ക്കാരുമായി ആലോചിച്ച ശേഷമെന്ന് നഖ്‌വി പ്രഖ്യാപിച്ചതും.

എന്നാല്‍, പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായുള്ള നഖ്‌വിയുടെ ചര്‍ച്ചയില്‍ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് തീരുമാനത്തിലെത്തിയിട്ടില്ല. വെള്ളിയാഴ്ച അല്ലെങ്കില്‍ തിങ്കളാഴ്ച വ്യക്തത ലഭിക്കുമെന്നാണ് നഖ്‌വി അറിയിച്ചിരിക്കുന്നതും. എല്ലാ സാധ്യതകളും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിലൊന്ന് ലോകകപ്പ് ബഹിഷ്കരണമാണ്. ഇത് സംഭവിച്ചാല്‍ സാമ്പത്തിക നഷ്ടമാത്രമായിരിക്കില്ല പാക്കിസ്ഥാന് സംഭവിക്കുക, മറിച്ച് പാക് ക്രിക്കറ്റിന്റെ ഭാവിതന്നെ തുലാസിലാകും. ആദ്യം സാമ്പത്തിക നഷ്ടങ്ങള്‍ എത്രത്തോളമായിരിക്കുമെന്ന് നോക്കാം.‍

ലോകകപ്പില്‍ കളിക്കുന്ന എല്ലാ ടീമുകള്‍ക്കും പാ‍ര്‍ട്ടിസിപ്പേഷൻ ഫീയായി ഒരു വലിയ തുക ഐസിസി നല്‍കാറുണ്ട്. ഇതിന് പുറമെ ഓരോ മത്സരങ്ങളും ജയിക്കുമ്പോഴും ഒരു നിശ്ചിത തുകയും ലഭിക്കും. ഒരോ ഘട്ടം കടക്കുമ്പോഴും തുകയില്‍ വര്‍ധനവുമുണ്ട്. ലോകകപ്പ് ബഹിഷ്കരിക്കുകയാണെങ്കില്‍ ഇതെല്ലാം പാക്കിസ്ഥാന് നഷ്ടമാകും. ഇതിനെല്ലാം പുറമെയായിരിക്കും ഐസിസി സ്വീകരിക്കുന്ന ഉപരോധ നടപടികള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി.

ഐസിസിയില്‍ നിന്ന് പാക്കിസ്ഥാന് ലഭിക്കേണ്ട വാര്‍ഷിക വരുമാന വിഹിതം, 34.5 ദശലക്ഷം ഡോളറാണ്, ഇന്ത്യൻ രൂപയില്‍ ഏകദേശം 316 കോടിയോളം വരും ഈ തുക. പാക്കിസ്ഥാൻ ലോകകപ്പില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി ഈ തുക തടഞ്ഞുവെക്കാനുള്ള സാധ്യതകളുണ്ട്. സാമ്പത്തിക ഉപരോധം മാത്രമായിരിക്കില്ല ഐസിസിയുടെ ഭാഗത്തുനിന്നുണ്ടാകുക. പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിലെ വിദേശതാരങ്ങളുടെ പങ്കാളിത്തത്തിന് വിലക്കുണ്ടായേക്കും. ഇത് പിഎസ്എല്ലിന്റെ വാണിജ്യമൂല്യത്തില്‍ ഇടിവുണ്ടാക്കും.

പാക്കിസ്ഥാനുമായുള്ള ബിലാറ്ററല്‍ സീരീസുകളില്‍ നിന്ന് മറ്റ് ബോര്‍ഡുകള്‍ വിട്ടുനില്‍ക്കാൻ നി‍ര്‍ബന്ധിതമായേക്കും. ഏഷ്യ കപ്പില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യതകളുമുണ്ട്. അടിമുടി തക‍ര്‍ച്ചയിലേക്ക് നയിക്കപ്പെടാൻ സാധ്യതയുള്ളതാണ് ബഹിഷ്കരണം. അതിന് പാക്കിസ്ഥാൻ എത്രത്തോളം തയാറാകുമെന്നതാണ് ചോദ്യം.

ലോകകപ്പ് ബഹിഷ്കരണ തീരുമാനം ഒഴിവാക്കിയുള്ള പ്രതിഷേധം പാക്കിസ്ഥാൻ സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയുമായുള്ള മത്സരത്തില്‍ നിന്ന് വിട്ടുനിന്നായിരിക്കും ഈ നടപടി. ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെട്ടിരിക്കുന്നത് എ ഗ്രൂപ്പിലാണ്. ഫെബ്രുവരി 15നാണ് ഇന്ത്യ-പാക് മത്സരം നിശ്ചയിച്ചിരിക്കുന്നത്, കൊളംബൊയാണ് വേദി. ഇന്ത്യയുമായുള്ള ഗ്രൂപ്പ് മത്സരം ബോയ്കോട്ട് ചെയ്താല്‍ പാക്കിസ്ഥാന് രണ്ട് പോയിന്റ് നഷ്ടമാകും.

പല ലോകകപ്പിലും ഇത്തരം ബോയ്കോട്ടുകള്‍ സംഭവിച്ച ചരിത്രമുണ്ട്. 1996 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയുമായിരുന്നു. ശ്രീലങ്കയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായിരുന്ന കാലഘട്ടമായിരുന്നു അത്. അന്ന്, ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങള്‍ക്കായി ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചു. ഇരുടീമുകള്‍ക്കും പോയിന്റ് നഷ്ടമാകുകയും ചെയ്തു.

2003 ലോകകപ്പില്‍ സിംബാബ്‌വെക്കിതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിച്ചിരുന്നു. ഇരുസര്‍ക്കാരുകളും തമ്മിലുള്ള ഭിന്നതകളായിരുന്നു കാരണം. ഈ ലോകകപ്പില്‍ തന്നെ സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി കെനിയക്കെതിരായ മത്സരത്തില്‍ നിന്ന് ന്യൂസിലൻഡും പിൻമാറി. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 2009 ട്വന്റി 20 ലോകകപ്പില്‍ നിന്ന് സിംബാബ്‌വെ ഭാഗമായില്ല. ഈ മാര്‍ഗമാണോ പാക്കിസ്ഥാൻ ബോര്‍ഡ് സ്വീകരിക്കുക എന്നും കണ്ടറിയണം.

ഇന്ത്യ-പാക്കിസ്ഥാൻ മത്സരമായിരിക്കും വാണിജ്യപരമായി ഏറ്റവും മൂല്യമുണ്ടാക്കുന്ന ലോകകപ്പിലെ മത്സരമെന്നതില്‍ തര്‍ക്കമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രവും സമീപകാലത്തെ സംഘര്‍ഷങ്ങളുമെല്ലാം ഇതിന്റെ കാരണങ്ങളാണ്. ഇതിന്റെ സാധ്യതകളും പാക്കിസ്ഥാന്റെ മത്സരബഹിഷ്കരണം മൂലം അടയും.