Review 2021 : കോപ്പ നിറയെ മെസിയുടെ സന്തോഷം, ഒരു ഇറ്റാലിയൻ വിജയ​ഗാഥ; 2021ൽ കണ്ടത്

By Web TeamFirst Published Dec 23, 2021, 7:40 PM IST
Highlights

അങ്ങനെ 2021 അവസാനിക്കുകയാണ്... ഒരുപാട് സ്വപ്നങ്ങൾ പൂവണിഞ്ഞപ്പോൾ ഒരുപാട് സ്വപ്നങ്ങൾ മൈതാനങ്ങളിൽ വീണ് വീണ്ടും കണ്ണീരിന്റെ നനവിനാൽ കുതിർന്നു. എത്രയെത്ര മനോഹര നിമിഷങ്ങളാണ് ഈ വർഷം സമ്മാനിച്ചതെന്ന് കണക്കെടുക്കാൻ പോലുമാകില്ല

സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ... നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍... ശരിക്കും വയലാർ ഇത് കാൽപ്പന്ത് കളിയെ കുറിച്ച് എഴുതിയതായിരിക്കുമോ...? അങ്ങനെയല്ലെങ്കിൽ കൂടി സ്വപ്നങ്ങൾ കാണുന്നതിൽ കാൽപ്പന്ത് കളി പ്രേമികളെയും താരങ്ങളെയും പോലെ വേറെയാരുണ്ടാകും... സ്വപ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ ഫുട്ബോൾ ലോകം മുന്നോട്ട് ചലിക്കുമോ? 

അങ്ങനെ 2021 അവസാനിക്കുകയാണ്... ഒരുപാട് സ്വപ്നങ്ങൾ പൂവണിഞ്ഞപ്പോൾ ഒരുപാട് സ്വപ്നങ്ങൾ മൈതാനങ്ങളിൽ വീണ് വീണ്ടും കണ്ണീരിന്റെ നനവിനാൽ കുതിർന്നു. എത്രയെത്ര മനോഹര നിമിഷങ്ങളാണ് ഈ വർഷം സമ്മാനിച്ചതെന്ന് കണക്കെടുക്കാൻ പോലുമാകില്ല. പക്ഷേ,  2021 വിട‌ പറയുമ്പോൾ കൊവി‍ഡ് മഹാമാരിയുടെ പ്രതിസന്ധികൾക്ക് പോലും തളർത്താനാകാത്ത, ആവേശം നിറച്ച ചില മുഹൂർത്തങ്ങൾ ഇതാ...

വാമോസ്... വാമോസ്... വാമോസ്

ഫുട്ബോൾ ലോകത്ത് പേരും പെരുമയും ആവോളമുള്ള ടീമാണ് അർജന്റീന. സാക്ഷാൽ മറഡോണയുടെ നാടിന്റെ 28 വർഷം നീണ്ട കാത്തിരിപ്പിനാണ് 2021ൽ അവസാനമായത്. 1993ന് ശേഷം ഒരു രാജ്യാന്തര കിരീടമെന്ന സ്വപ്നത്തിന് മുന്നിൽ പല കുറി വീണു പോയ അർജന്റീന ഇത്തവണ ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ച് തന്നെ അത് നേടിയെടുത്തു. കാനറികളുടെ വമ്പിനെ അവരുടെ നാട്ടിൽ തന്നെ തീർത്ത് ലിയോണൽ മെസിയും സംഘവും വിജയതേരേറി. പതിനാറ് വർഷത്തെ അന്താരാഷ്‍ട്ര കരിയറിൽ ഒരു രാജ്യാന്തര കിരീടമില്ലെന്ന പാപക്കറയും മെസി മായ്ച്ചു കളഞ്ഞു. പല തവണ കലാശപ്പോരാട്ടത്തിൽ കൈവിട്ട സ്വപ്‌നം സ്വന്തമാക്കാൻ നിറഞ്ഞുകളിച്ച മെസി ടൂർണമെന്‍റിന്‍റെ താരമായും തെരഞ്ഞെ‌ടുക്കപ്പെട്ടു.

ഇത് മാൻചീനിയു‌ടെ ഇറ്റലി

2018 റഷ്യൻ ലോകകപ്പിന് യോ​ഗ്യത നേടാനാകാതെ പോയ ഒരു ടീമുണ്ട്, അവരാണ് ഇപ്പോൾ യൂറോ ചാമ്പ്യന്മാർ എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ... ആ കഥയ്ക്ക് അങ്ങനെ ഒരു കുഴപ്പമുണ്ട്. പക്ഷേ, 2021ൽ യൂറോയിൽ മുത്തമിട്ട് റോബർട്ട് മാൻചീനിയുടെ കുട്ടികൾ പുതു ചരിത്രം രചിച്ചു. വിഖ്യാതമായ വെംബ്ലി സ്റ്റേ‍ഡിയത്തിൽ ഇം​ഗ്ലണ്ടിനെ പെനാൽറ്റിയിൽ തോൽപ്പിച്ചാണ് രണ്ടാം തവണ ഇറ്റാലിയൻ സംഘം യൂറോപ്പിന്റെ നെറുകയിലെത്തിയത്. യൂറോ കപ്പിന് ശേഷം ഇം​ഗ്ലീഷ് ആരാധകർ ഇറ്റാലിയൻ പതാക കത്തിച്ചതും പെനാൽറ്റി നഷ്ടമാക്കിയ ഇം​ഗ്ലീഷ് താരങ്ങൾ വംശീയ അധി​ക്ഷേപങ്ങൾ നേരിടേണ്ടി വന്നതും ഫുട്ബോൾ ലോകത്തിന് തന്നെ 2021ൽ മാനക്കേടുണ്ടാക്കി.

ഇത് ഒന്നൊന്നര 'ആട്' തന്നെ

ഫുട്ബോൾ ലോകത്ത് പകരക്കാരനില്ലാത്ത വിധം  ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം കസേരയിൽ അർജന്റീനയുടെ മിശിഹാ ഇരിപ്പിടം ഉറപ്പിച്ച വർഷം കൂടെയാണ് 2021.  ഏഴാം തവണയും ബാലൻ ഡി ഓർ സ്വന്തമാക്കിയാണ് മെസി ചരിത്രം രചിച്ചത്. ബാഴ്‌സലോണയിലും പിഎസ്‌ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോൾ വേട്ടയിൽ മെസിക്ക് ഇത്തവണയും കുറവുണ്ടായിരുന്നില്ല. ബാഴ്‌സയിൽ കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസി കോപ്പ ഡെൽറെ കിരീടം കൊണ്ട് തൃപ്തിപെടേണ്ടി വന്നിരുന്നു. എന്നാൽ അർജന്റീന ജേഴ്‌സിയിലെ ആദ്യ അന്താരാഷ്‍ട്ര കിരീടം കോപ്പ അമേരിക്കയിലൂടെ സ്വന്തമാക്കി താരം ബാലൻ ഡി ഓറിൽ ഏഴാം തമ്പുരാനായി.

ഇം​ഗ്ലീഷ് പെരുമ

പണത്തിന് പ്രൗ‍ഡിക്കും ഒപ്പം ഇം​ഗ്ലീഷ് ഫുട്ബോളിന്റെ കളി മികവ് കൂടെ അടയാളപ്പെടുത്തിയാണ് 2021 പടിയിറങ്ങുന്നത്. യൂറോ കപ്പിന്റെ ഫൈനൽ വരെയുള്ള കുതിപ്പിന് പുറമെ ചാമ്പ്യൻസ് ലീ​ഗിലും ഇം​ഗ്ലീഷ് ടീമുകൾ മാത്രമുള്ള കലാശപോരാട്ടമാണ് നടന്നത്. പ്രീമിയർ ലീ​ഗിലെ വൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ച് ചെൽസിയാണ് ചാമ്പ്യൻസ് ലീ​ഗ് കിരീടത്തിൽ മുത്തമിട്ടത്. ഇതിഹാസ താരം ഫ്രാങ്ക് ലംപാർഡിന് പകരം എത്തിയ തോമസ് ടുഷേലിന് കീഴിലാണ് നീലപ്പട യൂറോപ്പിന്റെ ചാമ്പ്യൻ പട്ടം സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിച്ചത്.

ഇന്ററിന്റെ പ്രതികാരം

ഇറ്റലിയിൽ പഴയ പ്രതാപിലേക്ക് മടങ്ങിയെത്തിയ ഇന്റർ മിലാൻ 11 വർഷത്തിന് ശേഷം സീരി എ കിരീടം സ്വന്തമാക്കിയതിനും 2021 സാക്ഷ്യം വഹിച്ചു. ആന്റോണിയോ കോണ്ടെയുടെ ശി​ക്ഷണത്തിലായിരുന്നു ഇന്ററിന്റെ കുതിപ്പ്. പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റി അപ്രമാദിത്വം ഒരിക്കൽ കൂടി ഉറപ്പിച്ച് ഒന്നാമത് എത്തിയപ്പോൾ അത്‍ലറ്റിക്കോ മാഡ്രിഡ് സ്പെയിനിലെ ചാമ്പ്യന്മാരായി. ഫ്രാൻസിൽ ലില്ലിക്ക് മുന്നിൽ പിഎസ്ജിക്ക് കിരീടം അടിയറവ് വയ്ക്കേണ്ടി വന്നപ്പോൾ ജർമനിയിൽ ബയേൺ മ്യൂണിക്കിന് ഇത്തവണയും എതിരാളികളുണ്ടായില്ല.  


ഒന്നും ഇവിടെ അവസാനിക്കുന്നില്ല... 2022ൽ കൂടുതൽ ആ​ഗ്രഹത്തോടെ, ആവേശത്തോടെ ഒരു പന്തിന് ചുറ്റും ലോകം കറങ്ങിക്കൊണ്ടിയേരിക്കും. കാത്തിരിക്കാം ഖത്തറിലെ വമ്പൻ പോരാട്ടങ്ങൾക്കായി...

click me!