ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ ഗുഡ് ലെങ്തില്‍ ഹിറ്റ് ചെയ്യുന്നതില്‍ വരുണിന് പിഴയ്ക്കുന്നത് കൂടുതലായും കണ്ടു. വരുണിന്റെ ശൈലിക്ക് വിഭിന്നമായ ഒന്ന്
വാംഖഡയില്‍ ലോക ഒന്നാം നമ്പര്‍ ടി20 ബൗളറായ വരുണ്‍ ചക്രവര്‍ത്തിയെ ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബെഥല്‍ വരവേറ്റത് തുടര്‍ച്ചയായ മൂന്ന് സിക്സിലൂടെയാണ്. ലോങ് ഓണ്‍, ലോങ് ഓഫ്, റിവേഴ്‌സ് സ്ലോഗിലൂടെ ഡീപിലേക്കും. സെമി ഫൈനലില്‍ വരുണിന്റെ 13 പന്തുകളില്‍ നിന്ന് ബെഥല്‍ സ്കോര്‍ ചെയ്തത് 41 റണ്‍സ്. മിസ്റ്ററി സ്പിന്നര്‍ ബെഥലിന് മുന്നില്‍ ഓര്‍ഡനറി സ്പിന്നറായി മാറി. ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം സിംബാബ്‌വെ ഒഴികെയുള്ള എല്ലാ എതിരാളികളും വരുണിനെ അനായാസമായി ട്രാക്ക് ചെയ്യുന്നതാണ് കണ്ടത്.
അഹമ്മദാബാദില്‍ ഫൈനലിന് ഒരുങ്ങുന്നത് സ്പിന്നിന് നേരിയ അനൂകൂല്യം മാത്രം ലഭിക്കുന്ന ബൗണ്‍സിയായുള്ള വിക്കറ്റാണെന്നാണ് പ്രഥമിക വിവരം. വരുണിന്റെ ഫോം ഇന്ത്യക്ക് ആശങ്കയാണോ, കുല്‍ദീപ് യാദവിനെ പരിഗണിക്കേണ്ടതുണ്ടോ?
സൂര്യയയും സംഘവും ഫൈനലുറപ്പിച്ച് മൈതാനം വിടുമ്പോള്‍ ടി20 ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മോശം സ്പെല്‍ എന്ന മോശം റെക്കോർഡ് വരുണിന്റെ പേരിലേക്ക് ചേർക്കപ്പെട്ടിരുന്നു. നാല് ഓവറില്‍ വഴങ്ങിയത് 64 റണ്‍സ്. 13 വിക്കറ്റുകളുമായി ടൂർണമെന്റിലെ ടോപ് വിക്കറ്റ് ടേക്കർമാരില്‍ ഒരാളാണ് വരുണ്‍. എന്നാല്‍, 13 വിക്കറ്റില്‍ ഒൻപത് എണ്ണവും വീഴ്ത്തിയത് ഗ്രൂപ്പ് സ്റ്റേജിലായിരുന്നു.
ഗ്രൂപ്പ് സ്റ്റേജില്‍ യുഎസ്എ, നമീബിയ, പാക്കിസ്ഥാൻ, നെതർലൻഡ്‌സ് എന്നീ ടീമുകള്‍ക്കെതിരെ 12 ഓവറില്‍ 5.16 എക്കണോമിയിലായിരുന്നു ഒൻപത് ബാറ്റർമാരെ മടക്കിയത്. പിന്നീട് ഇന്ത്യക്ക് മുന്നിലെത്തിയ എതിരാളികള്‍ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്. നാല് വിക്കറ്റില്‍ വരുണ്‍ സ്പെല്ലുകള്‍ അവസാനിപ്പിച്ചപ്പോള്‍ എക്കണോമി 11 കടന്നു. സിംബാബ്‌വെ ഒഴികെയുള്ള ടീമുകളെല്ലാം വരുണിന്റെ നാല് ഓവറുകളില്‍ നാല്‍പ്പതോ അതിലധികമോ റണ്‍സ് കണ്ടെത്തുകയും ചെയ്തു.
ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ ഗുഡ് ലെങ്തില്‍ ഹിറ്റ് ചെയ്യുന്നതില്‍ വരുണിന് പിഴയ്ക്കുന്നത് കൂടുതലായും കണ്ടു. വരുണിന്റെ ശൈലിക്ക് വിഭിന്നമായ ഒന്ന്. ഇതിന് പുറമെ തുടക്കത്തിലെ ബാറ്റര്‍മാര്‍ ഡൊമിനേറ്റ് ചെയ്താല്‍ വരുണിന് തിരിച്ചുവരാനും സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ഓവര്‍ തന്നെ ഉദാഹരണമായി എടുക്കാനാകും. ബെഥലിന്റെ ആദ്യ സിക്സ് ഒരു മോശം പന്തിലായിരുന്നില്ല, എന്നാല്‍ തൊട്ടടുത്ത പന്ത് വരുണ്‍ നല്‍കിയത് സ്ലോട്ടിലായിരുന്നു.
മൂന്ന് സിക്സര്‍ വഴങ്ങിയ ശേഷം, വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ്‍ വരുണിനോട് സമയമെടുത്ത് പന്തെറിയു എന്ന നിര്‍ദേശം നല്‍കുന്നുണ്ട്. നാലാം പന്തില്‍ വരുണ്‍ അല്‍പ്പം പേസ് വര്‍ധിപ്പിച്ചു, ബെഥല്‍ സിംഗിള്‍ എടുത്ത് ബട്ട്ലറിന് സ്ട്രൈക്ക് കൈമാറി. വരുണിന്റെ സമ്മര്‍ദം കുറക്കാൻ സഞ്ജു നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നു, വരുണ്‍ അത് പിന്തുടരുന്നു. പിന്നീട് കാണുന്നത് വരുണിന്റെ കംബാക്കാണ്, ഗുഗ്ലിയില്‍ ബട്ട്ലര്‍ ക്ലീൻ ബൗള്‍ഡാകുന്നതാണ്. വരുണ്‍ എപ്പോഴോക്കെ ഗുഡ് ലെങ്ത് ഹിറ്റ് ചെയ്തോ, ഇംഗ്ലണ്ടിന് സിംഗിളുകള്‍ മാത്രമാണ് എടുക്കാൻ സാധിച്ചത്.
ലോകകപ്പില്‍ 118 പന്തുകളാണ് വരുണ്‍ ഗുഡ് ലെങ്തില്‍ എറിഞ്ഞത്. പത്ത് വിക്കറ്റുകള്‍ നേടി. വിട്ടുനല്‍കിയത് 6.5 എക്കണോമിയില്‍ 128 റണ്‍സ് മാത്രമാണ്. ഗ്രൂപ്പ് സ്റ്റേജിന് ശേഷം വരുണ്‍ വീഴ്ത്തിയ നാലില്‍ മൂന്ന് വിക്കറ്റും ഗുഡ് ലെങ്തിലായിരുന്നു. അതേസമയം, ഫുള്‍ ലെങ്തില്‍ എറിഞ്ഞപ്പോള്‍ 14.6 എക്കണോമിയില്‍ 66 റണ്‍സ് വഴങ്ങി, ഷോര്‍ട്ട് ഓഫ് ഗുഡ് ലെങ്തില്‍ 22 പന്തുകളെറിഞ്ഞപ്പോള്‍ വിട്ടുകൊടുത്തത് 50 റണ്‍സ്.
നിരന്തരം സ്റ്റമ്പിനെ ലക്ഷ്യമാക്കുക, അതാണ് വരുണിന്റെ പ്രത്യകതയും മുൻതൂക്കം നല്‍കുന്ന ഘടകവും. സ്പിന്നിന് ആനൂകൂല്യം ലഭിക്കുന്ന സാഹചര്യങ്ങളില്‍ അത്രത്തോളം അപകടം വിതയ്ക്കാൻ പോന്ന പന്തുകളുമില്ല. പക്ഷേ, നേര്‍വിപരീതമാണ് കാര്യങ്ങളെങ്കില്‍ അവിടെ ബാറ്റര്‍മാര്‍ക്ക് സ്കോറിങ് സാധ്യതകള്‍ അത് തുറന്ന് നല്‍കുന്നു. പ്രത്യേകിച്ചും ഡൗണ്‍ ദ ഗ്രൗണ്ട് ഏരിയയിലേക്ക്. വരുണിന് പകരക്കാരാനെ ഇന്ത്യ തേടുകയാണെങ്കില്‍ ഒരു ഓപ്ഷൻ മാത്രമാണുള്ളത്. കുല്‍ദീപ് യാദവ്,
ലോകത്തെ ഏതൊരു ടി20 ടീമിലും ഇടം ലഭിക്കുന്ന ചൈനാമാൻ. വരുണിന്റെ സാന്നിധ്യമുള്ളതുകൊണ്ട് മാത്രം പുറത്തിരിക്കേണ്ടി വന്ന താരം. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കുല്‍ദീപിന് അവസരം ലഭിച്ചിരുന്നു. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ്. ഇംഗ്ലണ്ടിനെതിരെയും കുല്‍ദീപിന്റെ കണക്കുകള്‍ മോശമല്ല. മൂന്ന് കളികളില്‍ നിന്ന് എട്ട് വിക്കറ്റ്, എക്കണോമി ഏഴിന് താഴെയും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിലാണ് ഈ നേട്ടം.
കുല്‍ദീപ് മുന്നിലുണ്ടെങ്കിലും വിന്നിങ് കോമ്പിനേഷൻ പൊളിച്ചെഴുതാൻ ഇന്ത്യ തയാറായേക്കില്ല. ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് വരുണിന്റേയും ബുമ്രയുടേയും എട്ട് ഓവറുകളായിരുന്നു ലക്ഷ്വറിയായി ഇന്ത്യക്കുണ്ടായിരുന്നത്, ഇന്നത് ബുമ്രയുടെ മാത്രമായി ചുരുങ്ങി. വരുണിന്റെ തിരിച്ചുവരവ് ഇന്ത്യയുടെ കിരീട മോഹങ്ങളില്‍ നിര്‍ണായകമാണ്.


