ഏഷ്യ കപ്പ് 2025: 40-ാം വയസിലും എന്തൊരടി, അഫ്ഗാനിസ്ഥാന്റെ പവര്‍ഹൗസ് മുഹമ്മദ് നബി

Published : Sep 19, 2025, 04:27 PM IST
 Mohammad Nabi

Synopsis

ഏഷ്യ കപ്പിലെ ശ്രീലങ്കയ്ക്കെതിരായ ജീവൻ മരണ പോരാട്ടത്തിലായിരുന്നു അഫ്ഗാനിസ്ഥാനായി മുഹമ്മദ് നബി അസാധ്യ പവർ ഹിറ്റിങ് പുറത്തെടുത്തത്. 22 പന്തില്‍ 60 റണ്‍സായിരുന്നു നേട്ടം

41 ലാണ് ജീവിതം, എതിര്‍ പാളയത്തിലും സ്വന്തം ടീമിലും മകന്റെ പ്രായമുള്ളവരാണ് കളിക്കുന്നത്. എന്തിന് മകൻ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ തനിക്കെതിരെ വരെ കളിച്ചു. തനിക്കൊപ്പമോടിയവരും കഴിഞ്ഞെത്തിയവരുമൊക്കെ വിരമിച്ചു തുടങ്ങി. എന്നിട്ടും കളിമതിയാക്കാനാകുന്നില്ലെ എന്ന് ചോദിക്കുന്നവരുണ്ടാകാം. പക്ഷേ, മുഹമ്മദ് നബി അത്തരം ധാരണകളെ തിരുത്തിക്കൊണ്ടേയിരിക്കുകയാണ്. അത് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയായിരുന്ന അബുദാബിയിലെ പുല്‍മൈതാനിയില്‍.

തകർച്ചയോടെ തുടക്കം

ഏഷ്യ കപ്പ് 2025, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്. ശ്രീലങ്കയോട് ഒരു ജയിച്ചാല്‍ മാത്രമാണ് സൂപ്പര്‍ ഫോറിലേക്ക് എൻട്രി. ശ്രീലങ്കയ്ക്കായി അഫ്ഗാൻ നിരയെ വെട്ടിപ്പിടിക്കുകയാണ് ഒരുവശത്ത് നിന്ന് നുവാൻ തുഷാര. ഷനകയുടെ ഷോര്‍ട്ട് ബോള്‍ പുള്‍ഷോട്ടിന് ശ്രമിച്ച് അസ്മത്തുള്ള ഒമര്‍സായി ബൗള്‍ഡാകുമ്പോള്‍ സ്കോര്‍ 71ന് അഞ്ച് വിക്കറ്റ് നഷ്ടം. 11.3 ഓവര്‍ മാത്രമാണ് പൂര്‍ത്തിയാകുന്നത്. ക്രീസിലേക്ക് മുഹമ്മദ് നബി നടന്നെത്തുകയാണ്. പതിവുപോലെ സമ്മര്‍ദഭാരമൊന്നും ആ മുഖത്ത് കാണാനില്ല. നബി നിലയുറപ്പിക്കും മുൻപ് ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം സദ്രാനെ വെല്ലാലഗെ മടക്കി.

ആറ് വിക്കറ്റ് വീണിരിക്കുന്നു. സൂപ്പര്‍ ഫോര്‍ എന്നത് ഒരു വിദൂരസ്വപ്നമായി അപ്പോഴേക്കും പരിണമിച്ചിരുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കില്‍ അത് നബിക്ക് മാത്രമാണ്. പക്ഷേ, അടുത്ത 30 പന്തുകളില്‍ റാഷീദ് ഖാന് കളം വിട്ടുനല്‍കി കാഴ്ചക്കാരന്റെ റോളിലായിരുന്നു നബി. 35 റണ്‍സ് കൂട്ടുകെട്ടില്‍ 24 റണ്‍സും റാഷീദിന്റെ ബാറ്റില്‍ നിന്ന്. എന്നാല്‍, റാഷിദിന്റെ മടക്കത്തിന് ശേഷമാണ് ആ ഗിയർ‍ ഷിഫ്റ്റ് സംഭവിക്കുന്നത്. ശ്രീലങ്ക സ്വപ്നത്തില്‍ പോലും കരുതാത്ത ഒരു ട്വിസ്റ്റ്.

നബിക്ക് മാത്രം കഴിയുന്നത്

18-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കേവലം 120 റണ്‍സാണ് ബോര്‍ഡിലുള്ളത്. 19-ാം ഓവറിലെ ആദ്യ പന്ത് ചമീരയുടെ വൈഡ് യോര്‍ക്കര്‍, ഷോര്‍ട്ട് തേഡിലൂടെ പന്ത് ബൗണ്ടറി കടക്കുന്നു. അടുത്തത് ലൊ ഫുള്‍ ടോസ്, ഡീപ് മിഡ് വിക്കറ്റിനും ഡിപ് ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിനുമിടയിലൂട പന്ത് പാഞ്ഞു. മിഡില്‍ സ്റ്റമ്പിനും ലെഗ് സ്റ്റമ്പിനും ഇടയിലേക്ക് ഒരു ഫുള്‍ ലെങ്ത് പന്തായിരുന്നു ചമീരയുടെ ശ്രമം. ഷോര്‍ട്ട് ഫൈൻ ലെഗിലൂടെ തുടര്‍ച്ചയായ മൂന്നാം ബൗണ്ടറി. പക്ഷേ, ചെറിയൊരു തുടക്കം മാത്രമായിരുന്നു അത്. അവസാന ഓവറിന്റെ ദൗത്യം ചരിത് അസലങ്ക ഏല്‍പ്പിച്ചത് വെല്ലാലഗയെ ആയിരുന്നു.

നബി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ വെല്ലാലഗയുടെ പ്രായം അഞ്ച് വയസാണ്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്ത് ലോങ് ഓഫിന് മുകളിലൂടെയാണ് ഗ്യാലറിയിലെത്തിയത്. അടുത്തത് ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലൊരു ലെങ്ത് ബോള്‍, ആകാശം മുട്ടി പന്ത് പതിച്ചത് ലോങ് ഓണില്‍. വെല്ലാലഗയുടെ തന്ത്രങ്ങള്‍ മനസിലാക്കാൻ നബിക്ക് ആ രണ്ട് പന്തുകള്‍ തന്നെ ധാരാളമായിരുന്നു. വെല്ലാലഗയുടെ അടുത്ത ശ്രമം യോര്‍ക്കറിനായിരുന്നു, സ്ലോട്ട് ബോളായി അത് പരിണമിക്കുന്നു.

നന്ദിയറിച്ചുകൊണ്ട് ലോങ് ഓണിലേക്ക് നിക്ഷേപിച്ചു അതും. വെല്ലാലഗയുടെ റിഥം പൂര്‍ണമായും അവിടെ നഷ്ടപ്പെടുകയാണ്. തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍. ഞൊടിയിടയില്‍ അഫ്ഗാൻ സ്കോര്‍ 150 കടന്നു. ബംഗ്ലാദേശ് താരങ്ങളുടെ ഹൃദയമിടിപ്പ് വ‍ര്‍ധിച്ചിട്ടുണ്ടാകണം ഈ സമയങ്ങളില്‍. ഡഗൗട്ടില്‍ സനത് ജയസൂര്യയുടെ മുഖത്ത് പ്രസന്നതയില്ലായിരുന്നു. ബൗളരുടെ മനോവീര്യം പതിറ്റാണ്ടുകളോളം തകര്‍ത്ത ജയസൂര്യക്ക് അറിയാമായിരുന്നു ഇനിയെന്ത് സംഭവിക്കും എന്നത്. വീണ്ടും സ്ലോട്ട് ബോള്‍ നല്‍കി വെല്ലാലഗെ, ലോങ് ഓഫിലേക്കാണ് നബിയുടെ ബാറ്റില്‍ നിന്ന് വെള്ളപ്പന്ത് പാഞ്ഞത്.

20 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി. വെല്ലാലഗയുടെ അഞ്ചാം പന്തിലും നബി കഴിഞ്ഞ നാല് പന്തുകളുടെ ആവര്‍ത്തനം തന്നെ നല്‍കി. അഞ്ച് സിക്സറുകള്‍. ആ അത്ഭുത നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു ഗ്യാലറി. യുവരാജും ഗിബ്സും പൊള്ളാര്‍ഡുമൊക്കെ സൃഷ്ടിച്ച അവിശ്വസനീയമായ നിമിഷത്തിനായി. പക്ഷേ, വെല്ലാലഗ ഒടുവില്‍ നബിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകളഞ്ഞു. ആറാം പന്തില്‍ അഫ്ഗാന് നേടാനായത് ഒരു റണ്‍സ് മാത്രം. 22 പന്തില്‍ 60 റണ്‍സുമായി നബി. നേരിട്ട ആദ്യ 10 പന്തില്‍ 14 റണ്‍സ്. അവസാന 12ല്‍ 46 റണ്‍സ്.

രണ്ട് ഓവര്‍ മുൻപ് വരെ ശ്രീലങ്കൻ താരങ്ങളുടെ മുഖത്തുണ്ടായിരുന്ന ആത്മവിശ്വാസം തല്ലിക്കെടുത്തിയായിരുന്നു നബി മടങ്ങിയത്. ഒരുപക്ഷേ, അഫ്ഗാനിസ്ഥാൻ നിരയില്‍ നബിക്ക് മാത്രം സാധിക്കുന്ന ഒന്ന്.

 

PREV
Read more Articles on
click me!

Recommended Stories

കോമ്പിനേഷനാണ് മെയിൻ, ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസ്
ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍