നേപ്പാള്‍, ഒരൊറ്റ ബൗണ്ടറി, അതായിരുന്നു നിങ്ങളേയും ചരിത്രത്തേയും വേര്‍തിരിച്ചത്. അറബിക്കടലിന്റെ ഓരത്ത് നിന്ന് ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരെ വിറപ്പിക്കുകയായിരുന്നു രോഹിത് പൗഡലിന്റെ കുട്ടികള്‍

സാം കറണ്‍, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, വാംഖഡയിലെ സായാഹ്നം അവസാനിക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കാത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധക‍ര്‍ ഉണ്ടാകില്ല. കാരണം, തലമുറകളെ വേട്ടയാടാൻ കെല്‍പ്പുള്ള ഒരു തോല്‍വിയില്‍ നിന്നായിരുന്നല്ലോ അയാള്‍ അവരെ രക്ഷിച്ചത്.

നേപ്പാള്‍, ഒരൊറ്റ ബൗണ്ടറി, അതായിരുന്നു നിങ്ങളേയും ചരിത്രത്തേയും വേര്‍തിരിച്ചത്. അറബിക്കടലിന്റെ ഓരത്ത് നിന്ന് ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരെ വിറപ്പിക്കുകയായിരുന്നു രോഹിത് പൗഡലിന്റെ കുട്ടികള്‍. ക്രിക്കറ്റിന്റെ ഭൂമികയില്‍ നേപ്പാളിന് കൃത്യമായൊരു മേല്‍വിലാസമില്ലായിരിക്കാം, പക്ഷേ അവരത് നേടിയെടുക്കുന്ന കാലം വിദൂരമല്ലെന്ന് ഉറപ്പിക്കാം.

2024 ട്വന്റി 20 ലോകകപ്പ് ഓ‍ര്‍മയില്ലെ, അന്ന് ഇംഗ്ലണ്ടിന്റെ സ്ഥാനത്ത് പ്രോട്ടിയാസ് ആയിരുന്നു. എയ്‌‍ഡൻ മാര്‍ക്രത്തിന്റെ പടയെ 115ല്‍ ഒതുക്കിയപ്പോള്‍ നേപ്പാള്‍ വീണുപോയത് കേവലം ഒരു റണ്‍സ് അകലെയായിരുന്നു. വാംഖഡയില്‍ ഇന്നലെ ഭൂതകാലം തിരുത്തപ്പെടുമെന്നായിരുന്നു കരുതിയത്. ഗ്യാലറിയും സാഹചര്യങ്ങളുമെല്ലാം അവര്‍ക്കൊപ്പമായിരുന്നല്ലോ.

മറൈൻ ഡ്രൈവില്‍ ഇന്നലെ രാവിലെ മുതല്‍ കരിനീലക്കുപ്പായങ്ങള്‍ നിറഞ്ഞിരുന്നു, അത് വാംഖഡയുടെ ഗ്യാലറികളിലേക്ക് സ്വഭാവികമായും പടര്‍ന്നു. കേവലം മൂന്ന് കോടി മാത്രം ജനസംഖ്യയുള്ള ആ രാജ്യത്തിന്റെ ക്രിക്കറ്റിനോടുള്ള ഭ്രമം. വെള്ളപ്പൊട്ടുകള്‍ മാത്രമായി ബര്‍മി ആര്‍മിയൊതുങ്ങുന്ന കാഴ്ചയുണ്ടായി അവിടെ.

ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്കോര്‍ പ്രതീക്ഷിച്ചായിരുന്നു ക്രിക്കറ്റ് ലോകം മൈതാനത്തേക്ക് കണ്ണുനട്ടത്. പക്ഷേ, പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ ജോസ് ബട്ട്ലറിനേയും ഫില്‍ സാള്‍ട്ടിനേയും അവ‍ര്‍ക്ക് നഷ്ടമായി. ജേക്കബ് ബഥലിനും ഹാരി ബ്രൂക്കിനും വില്‍ ജാക്സിനും നന്ദി, 184 എന്ന സ്കോറിലേക്ക് മൂവരുടേയും ഇന്നിങ്സുകള്‍ ഇംഗ്ലണ്ടിനെ എത്തിച്ചു. ആദ്യ ഇന്നിങ്സ് പൂര്‍ത്തിയായപ്പോള്‍ ഹാരി ബ്രൂക്ക് കണക്കുകൂട്ടി, പ്രതിരോധിക്കാൻ പോന്ന സ്കോറുതന്നെയെന്ന്.

ഹാരിയുടെ കണക്കുകൂട്ടലുകളെ തിരുത്തുയെഴുതുകയായിരുന്നു നേപ്പാള്‍ ബാറ്റിങ് നിര. മോശമല്ലാത്ത പവര്‍പ്ലേ, രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ്. ഇതിനിടയില്‍ ജോഫ്ര ആര്‍ച്ചറിന്റെ തീയുണ്ടകെ തുടരെ മൂന്ന്ന തവണ ബൗണ്ടറി കടത്തിയിരുന്നു നേപ്പാള്‍ ഓപ്പണര്‍ കുശാല്‍ ഭു‍ര്‍തല്‍. രോഹിതും ദീപേന്ദ്ര സിങ് ഐറയും തമ്മിലുള്ള കൂട്ടുകെട്ട്, അതായിരുന്നു നേപ്പാള്‍ ഇന്നിങ്സിന്റെ നട്ടെല്ലായത്.

എത്ര മനോഹരമായായിരുന്നു അവ‍ര്‍ സ്ട്രൈക്ക് റൊട്ടേട്ട് ചെയ്തത്. എട്ട് ഓവറിലധികം നീണ്ട കൂട്ടുകെട്ടില്‍ രണ്ട് ഓവര്‍ മാത്രമാണ് ബൗണ്ടറിയുടെ അഭാവം നേരിട്ടതെന്ന് ഓര്‍ക്കണം. വെല്‍ കാല്‍ക്കുലേറ്റഡ് പാര്‍ട്ട്ണ‍ര്‍ഷിപ്പ്. ഇംഗ്ലണ്ടിന്റെ പ്രീമിയം സ്പിന്നറായ ആദില്‍ റഷീദിനെയായിരുന്നു ഇരുവരും വേട്ടയാടിയത്. ആദില്‍ എറിഞ്ഞ മൂന്ന് ഓവറില്‍ സഖ്യം നേടിയത് 42 റണ്‍സാണ്. ആദില്‍ റഷീദിനെ ഇങ്ങനെ നേരിട്ടവര്‍ ചുരുക്കമാണെന്ന് ഹാരി ബ്രൂക്ക് മത്സരശേഷം സമ്മതിക്കുകയുണ്ടായി.

14 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ നേപ്പാളിന്റെ സ്കോര്‍ ബോര്‍ഡില്‍ തെളിഞ്ഞ അക്കങ്ങള്‍ ഹാരി ബ്രൂക്കിന് ആശ്വാസം നല്‍കുന്നതായിരുന്നില്ല. കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 123 റണ്‍സ്. വിജയത്തിലേക്ക് 36 പന്തുകള്‍, 62 റണ്‍സ്. ഇക്കാലത്ത് അത്ര കഠിനമായ ലക്ഷ്യമല്ലെന്ന് തന്നെ പറയാം. പക്ഷേ, ജയ-പരാജയസാധ്യതകള്‍ മാറിമറിയുകയായിരുന്നു വാംഖഡയില്‍. 15, 16 ഓവറുകളില്‍ ദീപേന്ദ്രയേയും രോഹിതിനേയും നേപ്പാളിന് നഷ്ടമായി. രണ്ട് ഓവറില്‍ ആറ് റണ്‍സും രണ്ട് വിക്കറ്റും നഷ്ടം.

നേപ്പാളിന്റെ പോരാട്ടം അവിടെ അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍, ലോകേഷ് ബാം വക ഒരു ടെയില്‍ കൂടി ബാക്കിയുണ്ടായിരുന്നു. 17-ാം ഓവറില്‍ സാം കറണെ തുടരെ ബൗണ്ടറി കടത്തി. പിന്നാലെ എത്തിയ ആര്‍ച്ചര്‍ വഴങ്ങിയത് മൂന്ന് സിക്സ് ഉള്‍പ്പെടെ 22 റണ്‍സ്. ട്വന്റി 20 ലോകകപ്പ് കരിയറിലെ ആര്‍ച്ചറിന്റെ ഏറ്റവും എക്സ്പെൻസീവ് ഓവര്‍. നേപ്പാള്‍ ഈസ് ബാക്ക്.

രണ്ട് ഓവറും 24 റണ്‍സും. 19-ാം ഓവര്‍ എറിഞ്ഞ ലൂക്ക് വുഡിന് അടിമുടി പിഴക്കുകയായിരുന്നു. മൂന്ന് വൈഡ്. ലോകേഷ് അടിച്ചെടുത്തത് 11 റണ്‍സ്. ആകെ 14 റണ്‍സ് പിറന്നു നിര്‍ണായക ഓവറില്‍. അവസാന ഓവര്‍ എറിയാൻ കറണ്‍ പന്തെടുക്കുമ്പോള്‍ പ്രതിരോധിക്കാൻ ഉണ്ടായിരുന്നത് 10 റണ്‍സായിരുന്നു. കറനെ നേരിടാനൊരുങ്ങിയ ലോകേഷിന് ഒരു ഹീറോയുടെ പരിവേഷമുണ്ടായിരുന്നു.

ആര്‍ച്ചറിനേയും ലൂക്ക് വുഡിനേയും, എന്തിന് കറനെ വരെ അനായാസം നേരിട്ട ലോകേഷിന് അവസാന നിമിഷം പിഴക്കുകയായിരുന്നു. സാം കറന്റെ യോര്‍ക്കറുകള്‍ അയാളുടെ ബാറ്റിന് വിലങ്ങിട്ടു. ഒടുവില്‍ ഒരുപന്തും ആറ് റണ്‍സും, നേപ്പാള്‍ ആരാധകര്‍ക്ക് ഇരുപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല, ആവ‍ര്‍ ആ ബാറ്റിലേക്ക് ഉറ്റുനോക്കി. പക്ഷേ, കറന്റെ കൃത്യത ഇംഗ്ലണ്ടിന്റെ രക്ഷിച്ചു അവിടെ, നാല് റണ്‍സ്, അതായിരുന്നു വ്യത്യാസം.

നേപ്പാളിന്റെ പോരാട്ടവീര്യത്തിന് വാംഖഡെ ആരവം മുഴക്കുമ്പോള്‍ ഒന്നുറപ്പിക്കാം. ഇത്തവണ ആര്‍ക്കും ഒന്നും അത്ര എളുപ്പമാകില്ല. പാക്കിസ്ഥാൻ, ഇന്ത്യ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്...വമ്പന്മാരെല്ലാം പരീക്ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മിനോകളെന്ന് വിധിയെഴുതിയവര്‍ അങ്ങനെയല്ല.