
കലാശപ്പോരിന് ഇറങ്ങുമ്പോള്‍ പാക്കിസ്ഥാനെ ഭയക്കണം. നാല് പതിറ്റാണ്ടിന്റെ ചരിത്രം, 16 എഡിഷനുകള്‍ പിന്നിട്ടു. ഒടുവില്‍ ക്രിക്കറ്റ് ആരാധകര്‍ കൊതിച്ച ആ സ്വപ്ന ഫൈനലിന് ഏഷ്യ കപ്പില്‍ ആദ്യമായി കളമൊരുങ്ങിയിരിക്കുന്നു. ടൂര്‍ണമെന്റില്‍ ഏറ്റമുട്ടിയത് രണ്ട് തവണ, രണ്ടിലും ഇന്ത്യയ്ക്ക് ഒരു വെല്ലുവിളി പോലും ഉയര്‍ത്താനാകാതെ കീഴടങ്ങിയ പാക്കിസ്ഥാൻ. പക്ഷേ, മള്‍ട്ടിനാഷണല്‍ ടൂര്‍ണമെന്റ് ഫൈനലുകളിലെ നേര്‍ക്കുനേര്‍ പോരുകളില്‍ അയല്‍ക്കാര്‍ക്ക് ഒരുപടി പിന്നിലാണ് ഇന്ത്യ. ആകെത്തുകയിലെ ആധിപത്യം ഫൈനലുകളിലും പാക്കിസ്ഥാനൊപ്പമാണ്. ഇതുവരെ അഞ്ച് ഫൈനലുകള്‍, സ്കോര്‍ലൈൻ 3-2.
1985ല്‍ നടന്ന ബെൻസണ്‍ ആൻഡ് ഹെഡ്ജസ് ലോക ചാമ്പ്യൻഷിപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലിലാണ് ഇന്ത്യയും പാക്കിസ്ഥാനും ആദ്യമായി ഒരു കലാശപ്പോരില്‍ മുഖാമുഖം വരുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ ടീമുകളടങ്ങിയ ചാമ്പ്യൻഷിപ്പ്. സുനില്‍ ഗവാസ്ക്കര്‍ ഇന്ത്യയെ നയിക്കുന്നു, പാക്കിസ്ഥാനെ ജാവേദ് മിയാൻദാദും. അന്ന് ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാനെ ഇന്ത്യ 176-9 എന്ന നിലയിലില്‍ ചുരുട്ടികെട്ടി. മൂന്ന് വിക്കറ്റ് വീതം നേടിയ കപില്‍ ദേവും ലക്ഷ്മണ്‍ ശിവരാമകൃഷ്ണനുമാണ് പന്തുകൊണ്ട് തിളങ്ങിയത്.
പോറലുകളില്ലാതെയായിരുന്നു മെല്‍ബണിലെ ഇന്ത്യയുടെ മറുപടി ബാറ്റിങ്. ഒപ്പണിങ്ങില്‍ രവി ശാസ്ത്രിയും ശ്രീകാന്തും ചേര്‍ന്ന സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു പാക്കിസ്ഥാന്റെ സാധ്യതകളെ അടച്ചത്. ശാസ്ത്രി പുറത്താകാതെ 63 റണ്‍സെടുത്തപ്പോള്‍, 67 റണ്‍സുമായി ശ്രീകാന്ത് ടോപ് സ്കോററായി. 47 ഓവറില്‍ എട്ട് വിക്കറ്റിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ജയം സ്വന്തമാക്കിയത്.
തൊട്ടടുത്ത വര്‍ഷത്തെ ഓസ്ട്രല്‍ ഏഷ്യ കപ്പില്‍ ഇതേ ഫൈനല്‍ ആവര്‍ത്തിച്ചു. ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ക്ലാസിക്കുകളില്‍ ഒന്നിനായിരുന്നു ഷാര്‍ജയില്‍ കളമൊരുങ്ങിയത്. ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ ടീമുകളായിരുന്നു ടൂര്‍ണമെന്റില്‍. ഒരു പരാജയം പോലും രുചിക്കാതെയായിരുന്നു അന്ന് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലെത്തിയത്. അന്ന് ഇന്ത്യയെ നയിച്ചത് കപില്‍ ദേവായിരുന്നു, മറുവശത്ത് ഇമ്രാൻ ഖാനും.
ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അന്ന് ടോപ് ഓര്‍ഡറിലെ ത്രിമൂര്‍ത്തികളുടെ മികവിലാണ് 245 എന്ന സ്കോറിലേക്ക് എത്തുന്നത്. ശ്രീകാന്ത്് 75, ഗവാസ്ക്കര്‍ 92, വെങ്സാര്‍ക്കര്‍ 50. പാക്കിസ്ഥാനായി ഇമ്രാൻ രണ്ടും വസിം അക്രം മൂന്നും വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ ജാവേദ് മിയാൻദാദിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നിലായിരുന്നു ഇന്ത്യ കീഴടങ്ങിയത്. അവസാന പന്തിലന്ന് നാല് റണ്‍സായിരുന്നു പാക്കിസ്ഥാന് വേണ്ടിയിരുന്നത്, ചേതൻ ശര്‍മയെറിഞ്ഞ പന്തില്‍ സിക്സ് നേടിയാണ് മിയാൻദാദ് ചരിത്രമെഴുതിയത്. ആ ഒരു സിക്സര്‍ ഇരുരാജ്യങ്ങളുടേയും ക്രിക്കറ്റിലെ മുഖം തന്നെ മാറ്റിയെഴുതി.
അന്നത്തെ ലോകചാമ്പ്യന്മാരായിരുന്ന ഇന്ത്യ പിന്നീട് പാക്കിസ്ഥാന് മുന്നില്‍ നിരന്തരമായി പരാജയപ്പെടുന്നതായിരുന്നു ലോകം കണ്ടത്. 114 പന്തില്‍ 116 റണ്‍സെടുത്തായിരുന്നു മിയാൻദാദ് പുറത്താകാതെ നിന്നതും ഫൈനലിലെ താരമായതും.
എട്ട് വര്‍ഷത്തിന് ശേഷം ഓസ്ട്രേല്‍ ഏഷ്യ കപ്പില്‍ ഷാര്‍ജയിലെ അതെ മണ്ണിലാണ് ഇന്ത്യ-പാക് മൂന്നാം ഫൈനലിന് അരങ്ങൊരുങ്ങിയത്. സലീം മാലിക്കിന്റെ സംഘമായിരുന്നു ആദ്യ ബാറ്റ് ചെയ്തത്. ആമിര്‍ സോഹൈലിന്റേയും ബാസിത് അലിയുടേയും അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ 250 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചു. രാജേഷ് ചൗഹാനും ജവഗല്‍ ശ്രീനാഥുമായിരുന്നു ഇന്ത്യക്കുവേണ്ടി പന്തുകൊണ്ട് തിളങ്ങിയത്, മൂന്ന് വിക്കറ്റ് വീതം.
പക്ഷേ, സച്ചിനും മുഹമ്മദ് അസ്‍റുദീനും കാംബ്ലിയുമൊക്കെ അടങ്ങിയ പേരുകേട്ട ബാറ്റിങ് നിരയെ വിജയലക്ഷ്യത്തില്‍ നിന്ന് 39 റണ്‍സ് അകലെ നിര്‍ത്തി വസീം അക്രം നയിച്ച ബൗളിങ് നിര. പന്തെടുത്ത പാക് ബൗളര്‍മാരെല്ലാം വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചപ്പോള്‍ 56 റണ്‍സെടുത്ത കാംബ്ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോററായത്.
പിന്നീടൊരു പതിറ്റാണ്ടിലധികം കാത്തിരുന്നു ഒരു ഇന്ത്യ-പാക് ഫൈനലിനായി. പരിവര്‍ത്തനങ്ങളുടെ ചുഴലിയില്‍പ്പെട്ട കാലത്ത്, 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ഫൈനല്‍. മറ്റൊരു എപ്പിക്ക് ഫൈനല്‍. ഗംഭീറിന്റെ അര്‍ദ്ധ സെഞ്ച്വറിയും രോഹിത് ശര്‍മയുടെ ക്യാമിയോയും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 157 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയാണ്. പാക്കിസ്ഥാൻ ബാറ്റിങ് നിരയെ ഇര്‍ഫാൻ പത്താനും ആര്‍പി സിങ്ങും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞപ്പോള്‍ മിസബ ഉള്‍ഹഖ് രക്ഷകനായെത്തി.
പക്ഷേ, ശ്രീശാന്തിന്റെ കൈകളില്‍ മിസബയുടെ സ്കൂപ്പ് ഒതുങ്ങുമ്പോള്‍ പാക്കിസ്ഥാന്റെ കിരീടമോഹം അഞ്ച് റണ്‍സ് അകലെ അവസാനിച്ചു. ഇന്ത്യൻ ക്രിക്കറ്റില്‍ എം എസ് ധോണി യുഗത്തിന് തുടക്കമിട്ട നാളുകൂടിയായിരുന്നു അത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനെ ഒരു ഫൈനലില്‍ ഇന്ത്യ കീഴടക്കിയ ദിവസം.
ഒടുവിലായി ഇന്ത്യ-പാക് ഫൈനല്‍ സംഭവിച്ചത് 2017 ചാമ്പ്യൻസ് ട്രോഫിയിലാണ്. ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറൈറ്റ്സായാണ് ഇന്ത്യയുടെ കിരീടപ്പോരിനിറങ്ങിയത്. മറുവശത്ത് സമീപകാലത്തെ ശക്തരല്ലാത്ത ടീമുമായി പാക്കിസ്ഥാനും. പക്ഷേ, ഒരു ദുസ്വപ്നം പോലെയായിരുന്നു ഇന്ത്യയ്ക്ക് ആ ഫൈനല്‍. അന്ന് 338 എന്ന കൂറ്റൻ സ്കോറിലേക്ക് പാക്കിസ്ഥാനെ എത്തിച്ചത് ഫഖര്‍ സമാന്റെ ബാറ്റായിരുന്നു. 114 റണ്‍സ്. മൂന്ന് റണ്‍സില്‍ ഫഖറിനെ ബുമ്ര പുറത്താക്കിയിരുന്നു, എന്നാല്‍ അത് നോബോളായി പരിണമിച്ചു. പിന്നീട് ആ മത്സരത്തില്‍ ഒരു ഘട്ടത്തിലും ഇന്ത്യക്ക് കരകയറാനായിട്ടില്ല.
മറുപടി ബാറ്റിങ്ങില്‍ തുടങ്ങും മുൻപേ ഇന്ത്യ തകര്‍ന്നടിഞ്ഞു. മുഹമ്മദ് ആമിര്‍ ചുഴലിയില്‍ വീണും രോഹിത്, കോലി, ധവാൻ ത്രയം. 180 റണ്‍സിന്റെ പടുകൂറ്റൻ തോല്‍വി, നാണക്കേണ്ട്. പാക്കിസ്ഥാന്റെ ആദ്യ ചാമ്പ്യൻസ് ട്രോഫി.
കളത്തിന് പുറത്തെ സാഹചര്യങ്ങള്‍ വലിയ തോതില്‍ സ്വാധീനിക്കപ്പെട്ട ഏഷ്യ കപ്പിലാണ് ആറാം ഫൈനല്‍. താരങ്ങള്‍ വാക്കുകള്‍ക്കൊണ്ടും അല്ലാതെയും കളത്തില്‍ നേര്‍ക്കുനേര്‍ എത്തിയിരുന്നു. അതുകൊണ്ട് ഫൈനലിന് അല്‍പ്പം മൂര്‍ച്ചകൂടുമെന്ന് തീര്‍ച്ചയാണ്.