
അയാളുടെ റോള്‍ എന്തായിരുന്നു സാർ? ഉപനായക കസേരയുമായി ശുഭ്‌മാൻ ഗില്ലെത്തിയപ്പോള്‍ പടികള്‍ ഇറങ്ങേണ്ടി വന്നു. മൂന്നിലും അഞ്ചിലും ബാറ്റെടുത്തു, മൂന്നില്‍ വിജയിച്ചു, അര്‍ദ്ധ സെഞ്ച്വറി. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ വിക്കറ്റുകള്‍ ഇടതടവില്ലാതെ വീണപ്പോഴും ഒൻപതാം നമ്പര്‍ ജഴ്സിക്കാരനെ മൈതാനത്തെങ്ങും കണ്ടില്ല. ക്യാമറക്കണ്ണുകള്‍ തേടുമ്പോള്‍, ഡഗൗട്ടില്‍ പുഞ്ചിരിയോടെ എല്ലാം കണ്ടയാള്‍ ഇരിക്കുകയാണ്, സഞ്ജു സാംസണ്‍. ഒരിക്കല്‍ക്കൂടി ചോദിച്ച് പോവുകയാണ്, അയാളുടെ റോള്‍ എന്തായിരുന്നു സാര്‍.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അവസാന ട്വന്റി 20 മത്സരം ഓര്‍ക്കുന്നുണ്ടോ. ഹൈദാരാബാദായിരുന്നു വേദി. ആ സ്കോര്‍ബോര്‍ഡിലേക്ക് നോക്കിയാല്‍ തലപ്പത്ത് ഒരു വലിയ സംഖ്യ കാണാം. അതിന് നേര്‍ക്കൊരു പേരും. സഞ്ജു സാംസണ്‍ 47 പന്തില്‍ 111 റണ്‍സ്. 11 ഫോര്‍ എട്ട് സിക്സറുകള്‍. ബംഗ്ലാദേശ് നിരയില്‍ അന്നൊരു ലെഗ് സ്പിന്നറുണ്ടായിരുന്നു, റിഷാദ് ഹൊസൈൻ. റിഷാദ് എറിഞ്ഞ പത്താം ഓവറില്‍ തുടരെ അഞ്ച് സിക്സറുകള്‍ പിറന്നിരുന്നു സഞ്ജുവിന്റെ ബാറ്റില്‍ നിന്ന്. സഞ്ജുവിന്റെ മുഖത്തേക്ക് അന്ന് അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന സൂര്യകുമാര്‍ ഇന്നും മറക്കാത്തൊരു ഓര്‍മയാണ്.
അതേ റിഷാദിന്റെ പന്തിലാണ് സഞ്ജുവിന് പകരം ഓപ്പണറുടെ കുപ്പായമണിഞ്ഞ ഗില്ലും മൂന്നാം നമ്പറിലെ പുതിയ പരീക്ഷണമായ ശിവം ദുബെയും ഇന്നലെ ഡഗൗട്ടിലേക്ക് മടങ്ങുന്നത്. ഹൈദരാബാദിന് ശേഷം ഡര്‍ബനിലും വാൻഡറേഴ്സിലും മൂന്നക്കം തൊട്ടു സഞ്ജു. ഒരു കലണ്ടര്‍ വര്‍ഷം ട്വന്റി 20യില്‍ മൂന്ന് ശതകങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ താരമായി. മുൻനിരയിലെ അസാധ്യ പ്രകടനത്തിനും ബാറ്റിങ് നിരയില്‍ അയാള്‍ക്ക് ഒരു സ്ഥാനം ഉറപ്പ് നല്‍കാൻ ബിസിസിഐക്ക് കഴിയുന്നില്ല. വാക്കുകള്‍ക്കൊണ്ട് കാണിക്കുന്ന നീതി പ്രവൃത്തിയില്‍ നിഷേധിക്കപ്പെടുന്നോയെന്ന് തോന്നിക്കു തരം നീക്കങ്ങള്‍.
ഇന്നലെ ബംഗ്ലദേശിനെതിരെ സഞ്ജുവിന് മുകളില്‍ മാറ്റ് ചെയ്യാൻ ഓപ്പണര്‍മാര്‍ക്ക് ശേഷമെത്തിയവരുടെ സ്കോറുകള്‍ നോക്കു. ദുബെ മൂന്ന് പന്തില്‍ രണ്ട് റണ്‍സ്, സൂര്യകുമാര്‍ യാദവ് 11 പന്തില്‍ അഞ്ച്, തിലക് വര്‍മ ഏഴ് പന്തില്‍ അഞ്ച്, അക്സര്‍ പട്ടേല്‍ 15 പന്തില്‍ 10, ഹാര്‍ദിക്ക് പാണ്ഡ്യ 29 പന്തില്‍ 38. ഇവിടെ സ്ട്രൈക്ക് റേറ്റ് 80ന് മുകളിലുള്ള ഏകതാരം ഹാര്‍ദിക്കാണ്. ഇവിടെയാണ്, ഹാര്‍ഡ് ഹിറ്ററായ സഞ്ജു പാഡുപോലും കെട്ടാതെ ഡഗൗട്ടിലിരുന്ന് ഇന്ത്യൻ ഇന്നിങ്സിന് കാണിയായി തുടര്‍ന്നത്.
അഞ്ചാം നമ്പറില്‍ കളത്തിലെത്താൻ സഞ്ജുവിനോളം ഐഡിയലായൊരു താരമില്ലെന്ന് അസിസ്റ്റന്റ് കോച്ചായ റയാൻ ടെൻ ഡൊഷേറ്റ് പറഞ്ഞ് നിര്‍ത്തിയിട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് അഞ്ചില്‍ പോയിട്ട് ഏഴില്‍ പോലും സഞ്ജു ക്രീസിലെത്താത്തത്.
അന്ന് ഡൊഷേറ്റ് പറഞ്ഞ വാചകം ഇപ്രകാരമായിരുന്നു. ഗില്ലിന്റെയും അഭിഷേകിന്റേയും ഓപ്പണിങ് കൂട്ടുകെട്ട് വളരെ നന്നായി പോകുന്നു, നായകൻ സൂര്യ മൂന്നിലും തിലക് നാലിലും. അഞ്ചാം നമ്പറിലേക്കായിരുന്നു ശ്രദ്ധ, അത് സഞ്ജുവിലെത്തി. സഞ്ജുവിലാണ് വിശ്വാസവും, ആ റോള്‍ ഭാവിയില്‍ എങ്ങനെ നിര്‍വഹിക്കണമെന്നത് സഞ്ജുവിന് വ്യക്തയുണ്ടാകുമെന്നതില്‍ എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. ഇവിടെയാണ് ആരാധകരുടെ ആ വലിയ ചോദ്യം. ആ റോള്‍ നിര്‍വഹിക്കാനറിയണമെങ്കില്‍ അവിടെ അവസരം ലഭിക്കണ്ടേ? അത് നിഷേധിക്കപ്പെടുമ്പോള്‍ എങ്ങനെ അത് സാധ്യമാകും?
സ്ഥിരസ്ഥാനം കൊടുക്കേണ്ടതല്ലെ?
ഇതാദ്യമായല്ല ഏഷ്യ കപ്പില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തുന്നത്, ഒമാനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റ് വീണിട്ടും നായകൻ സൂര്യകുമാർ യാദവ് ക്രീസിലെത്തിയിരുന്നില്ല. മറ്റ് താരങ്ങള്‍ക്ക് ഗെയിം ടൈം നല്‍കാനെന്ന വിലയിരുത്തലായിരുന്നു അന്ന് പൊതുവില്‍ ഉയർന്നത്. എന്നാല്‍, ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദുബെയും പ്രൊമോഷന് പിന്നിലെ സൂര്യയുടെ ന്യായീകരണം ശരിവെക്കാം, ഇടം കയ്യൻ സ്പിന്നറും ലെഗ് സ്പിന്നറുമുള്ളപ്പോള്‍ ദുബെയെക്കാള്‍ മികച്ച ഒരു സാധ്യത ഇന്ത്യക്ക് മുന്നിലില്ലായിരുന്നു.
പക്ഷേ, അതിന് ശേഷം വന്ന പരീക്ഷണങ്ങളില്‍ ഗെയിം ടൈം വിശദീകരണം വിലപ്പോകുന്നത് ഒരുപക്ഷേ ഹാർദിക്കിന്റെ കാര്യത്തില്‍ മാത്രമായിരിക്കും. തിലകും അക്സറും സൂര്യയുമൊക്കെ ലഭിച്ച അവസരങ്ങളില്‍ ബാറ്റുകൊണ്ട് തിളങ്ങിയവരാണ്. സഞ്ജുവിന് സ്ഥിരമൊരു അഞ്ചാം നമ്പറായി നിങ്ങള്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് ആ സ്ഥാനത്തൊരു ലോങ് റണ്‍ കൊടുക്കുകയല്ലെ വേണ്ടതെന്ന് ചോദിച്ചുപോകുകയാണ്.
ന്യൂബോളില്‍ 2024 മുതല്‍ ഏറ്റവും അപകടകാരിയായ ബാറ്ററായ ഒരാളെ മധ്യനിരയിലേക്ക് ഇടുമ്പോള്‍ പൊടുന്നനെ ഒരു വിജയം പ്രതീക്ഷിക്കേണ്ടതില്ലെല്ലൊ. ദുബായിലേയും അബുദാബിയിലേയും വിക്കറ്റുകളില്‍ ഒള്‍ഡ് ബോളില്‍ ഒരു ഇന്നിങ്സ് അതിവേഗം തുടങ്ങുക എന്നത് അത്ര എളുപ്പമല്ല. ഏഷ്യ കപ്പില്‍ ഇന്ത്യ കളിച്ച അഞ്ച് മത്സരങ്ങളിലും ഇലവനിലുണ്ടായിട്ടും ബാറ്റ് ചെയ്യാൻ അവസരമുണ്ടായത് രണ്ട് തവണ മാത്രമാണ്. ഒമാനെതിരെ കളിയിലെ താരമായി, പാക്കിസ്ഥാനെതിരെ ശോഭിക്കാനായില്ല. ആ രണ്ട് തവണയും ക്രീസിലെത്തിയത് രണ്ട് സ്ഥാനത്താണ്, ബംഗ്ലാദേശിനെതിരെ അതുമുണ്ടായില്ല.
സഞ്ജുവൊരു സമ്പൂർണ ടീം മാനാണ്, ഇന്ത്യയ്ക്കായി ഒരു മത്സരമെങ്കിലും കളിക്കാനയത് തന്നെ വലിയ ഭാഗ്യമായ കാണുന്നയാളാണ്. സഞ്ജയ് മഞ്ജരേക്കർ ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനേക്കുറിച്ച് ചോദിച്ചപ്പോള്‍ സഞ്ജു പറഞ്ഞ വാചകം തന്നെ നോക്കു. ഞാൻ കഴിഞ്ഞ 10 വർഷമായി ഇന്ത്യക്കായി കളിക്കുന്നു. എല്ലാ സമയത്തും ഹീറോയുടെ വേഷം വേണമെന്ന് വന്ന് പറയാനാകില്ല. വില്ലൻ വേഷവും ജോക്കറുടെ വേഷവുമൊക്കെ അണിയേണ്ടി വരും. ഓപ്പണറായി മൂന്ന് സെഞ്ച്വറി നേടി, അതുകൊണ്ട് ആ സ്ഥാനത്ത് മാത്രം മികച്ചവനാണെന്ന് പറയാനാകുമോ, ഇതും പരീക്ഷിച്ച് നോക്കട്ടെ...