ടി20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ ഐഡന്റിന്റി എന്താണ്. എതിരാളികളായി എത്തുന്നവരുടെ വലിപ്പച്ചെറുപ്പം പരിഗണിക്കാതെയുള്ള സമീപനം. അഭിഷേക് ശർമ തുടങ്ങുന്നത് തീർക്കുന്ന ബാറ്റിങ് നിര
സിക്‌സടിക്കാൻ ഒരുങ്ങും മുൻപ് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ട്വന്റി 20 ലോകകപ്പിലെ യുഎസ്‌എയ്ക്കെതിരായ ആദ്യ മത്സരം ഇന്ത്യക്ക് നല്‍കുന്ന ഗുണപാഠം ഒരുപക്ഷേ ഇതായിരിക്കും. എതിരാളികളോട് ദയയില്ലാത്ത ഇന്ത്യൻ ബാറ്റിങ് നിര, അഗ്രസീവ് ക്രിക്കറ്റാണ് ഫിലോസഫി. പക്ഷേ, കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോര്‍മാറ്റില്‍ മൈതാനങ്ങള്‍ക്ക് അധീതമായി നേടിയ സമാനാതകളില്ലാത്ത ആധിപത്യത്തെ ചോദ്യം ചെയ്യുന്നതായിരുന്നു വാംഖഡെ. കണക്കൂട്ടിയെത്തിയാല്‍ സൂര്യകുമാര്‍ യാദവിന്റെ പടക്കോപ്പുകളെ നിശബ്ദമാക്കാൻ കഴിയുമെന്ന് ക്രിക്കറ്റ് ലോകം കണ്ടിരിക്കുന്നു. നമീബിയക്കെതിരായ മത്സരത്തില്‍ സമീപനത്തില്‍ മാറ്റം വരുത്തുമോ ഇന്ത്യ.
ഫോര്‍മാറ്റിലെ ഇന്ത്യയുടെ ഐഡന്റിന്റി എന്താണ്. എതിരാളികളായി എത്തുന്നവരുടെ വലിപ്പച്ചെറുപ്പം പരിഗണിക്കാതെയുള്ള സമീപനം. അഭിഷേക് ശർമ കൊളുത്തുന്ന തിരിയെ ആളിക്കത്തിക്കുന്ന ഇഷാൻ കിഷൻ മുതല്‍ റിങ്കു സിങ് വരെ നീളുന്നവര്‍. വാംഖഡെയും യുഎസ്എയും നല്‍കിയ ചെറുഷോക്കുകൊണ്ട് പൊടുന്നനെ ഒരു മാറ്റത്തിന് ഇന്ത്യ തയാറായേക്കില്ല എന്ന് വേണം കരുതാൻ. പ്രത്യേകിച്ചും ഇന്ത്യയുടെ വലുപ്പം വെച്ച് പരിഗണിക്കുമ്പോള്‍ നമീബിയ വെല്ലുവിളി ഉയര്‍ത്താൻ പോന്നൊരു സംഘവുമല്ല.
ന്യൂസിലൻഡിനെതിരായ റായ്‌പൂര്‍ ടി20 ഓര്‍മയില്ലെ. ഇന്ത്യൻ ഇന്നിങ്സിലെ ഏഴ് പന്തുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ ആറ് റണ്‍സായിരുന്നു തെളിഞ്ഞത്, നഷ്ടമായത് രണ്ട് വിക്കറ്റും. ഇന്ത്യയുടെ പവര്‍പ്ലേ സ്കോര്‍ അന്ന് 75-ലാണ് എത്തി നിന്നത്. വിക്കറ്റുകള്‍ വീണാലും സ്കോറിങ്ങില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ല ഇന്ത്യയെന്ന് തെളിയിച്ച മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍ ഇവിടെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ചില കാര്യങ്ങള്‍ക്കൂടിയുണ്ട്.
യുഎസ്എയ്ക്കെതിരായ മത്സരം പരിശോധിച്ചാല്‍ ഇന്ത്യയുടെ മുൻനിര ബാറ്റര്‍മാരെയെല്ലാം വീഴ്ത്തിയത് പേസ് ഓഫ് ഡെലിവറികളും കൂറ്റനടിക്കുള്ള ശ്രമങ്ങളുമായിരുന്നു. ഇഷാൻ കിഷനും ശിവം ദൂബെയും പേസ് ഓഫ് ഡെലിവെറികളില്‍, തിലക് വര്‍മ ബൗണ്‍സറില്‍, അഭിഷേക് യുഎസ്എയുടെ ബ്രില്യൻസിലും. റിങ്കുവിനും അക്‌സറിനും മടങ്ങേണ്ടി വന്നത് സമ്മര്‍ദത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിതേടിയപ്പോഴുമായിരുന്നു.
ഇന്ത്യ പ്രതീക്ഷിച്ച തരത്തിലൊരു വിക്കറ്റായിരുന്നില്ല ലഭിച്ചതെന്ന് ചുരുക്കം. ഒരു ഹൈ സ്കോറിങ് ടൂര്‍ണമെന്റായിരുന്നു പ്രവചനങ്ങളില്‍ ഇടം പിടിച്ചിരുന്നത്. 300 റണ്‍സ് ആര് ആദ്യം സ്കോര്‍ ചെയ്യുമെന്നത് ആകാംഷയായി തുടക്കം മുതലുണ്ടായിരുന്നു. പക്ഷേ, ലോകകപ്പ് മൈതാനങ്ങളില്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 200 കടന്നത് രണ്ട് തവണ മാത്രമാണ്. 16 ഇന്നിങ്സുകളുണ്ട് 180 പോലും പിന്നിടാത്തത്. ഇവിടെയാണ് സമീപനത്തിലൊരു മാറ്റം അനിവാര്യമാകുന്നതും. ഇന്ത്യക്കും ബാധകമായ ഒന്ന്.
ജസ്പ്രിത് ബുമ്ര നയിക്കുന്ന ഇന്ത്യയുടെ ബൗളിങ് നിര ഏത് ബാറ്റിങ് യൂണിറ്റിനേയും പിടിച്ചുകെട്ടാൻ പോന്നതാണ്. ഇത് ഇന്ത്യയുടെ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്യം നല്‍കുന്ന ഒന്നാണ്. എന്നാല്‍, നിരന്തരം 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ ബാറ്റ് ചെയ്താല്‍ വീഴ്ചകളുണ്ടാകാനുള്ള സാധ്യതയും കൂടും. ലോകകപ്പിലെ വിക്കറ്റുകള്‍ പ്രതീക്ഷിച്ചപോലെയല്ല എന്നത് വ്യക്തമായ സാഹചര്യത്തില്‍ ഗ്രൂപ്പ് ഘട്ടം കഴിയുന്നത് വരെയെങ്കിലും അല്‍പ്പം ക്ഷമ പുലര്‍ത്തേണ്ടത് അനിവാര്യമാണ്.
യുഎസ്എയുടെ സ്ഥാനത്ത് ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ദക്ഷിണാഫ്രിക്കയോ ആയിരുന്നെങ്കില്‍ തോല്‍വിയോടെ ഇന്ത്യ ലോകകപ്പ് തുടങ്ങേണ്ടി വരുമായിരുന്നു. നമീബിയക്കെതിരായ മത്സരം ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ്. ഡല്‍ഹിയിലെ ആദ്യ രാത്ര മത്സരമാണ് ഇന്ത്യ-നമീബിയ. വിക്കറ്റിന്റെ സ്വഭാവം എങ്ങനെയെന്ന് ആദ്യം അറിയാൻ പോകുന്നത് ഇന്ത്യ ആയിരിക്കും. പിന്നാലെ വരുന്ന മത്സരം പാക്കിസ്ഥാനെതിരെ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലും. ബൗളര്‍മാര്‍ക്ക് ആശ്വാസം പകരുന്ന വിക്കറ്റുകളാണ് ലങ്കയിലേത്.
ന്യൂസിലൻഡ് പരമ്പരയിലേതുപോലെ ഒരു ഓള്‍ ഔട്ട് അറ്റാക്കിന് ഇന്ത്യ തയാറാകുമോയെന്ന് കണ്ടറിയണം. യുഎസ്എയ്ക്ക് എതിരായ മത്സരത്തിന് ശേഷം ബാറ്റിങ് നിരയ്ക്ക് സൂര്യയില്‍ നിന്ന് വിമര്‍ശനം ലഭിച്ചിരുന്നു. ടു പേസ്‌ഡായ വിക്കറ്റാണെന്ന് വ്യക്തമായിട്ടും സൂര്യ ഒഴികെയുള്ള ഇന്ത്യൻ ബാറ്റര്‍മാര്‍ അതനുസരിച്ച് ബാറ്റ് ചെയ്യാൻ തയാറായിരുന്നില്ല.
നമീബിയക്കെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ സാന്നിധ്യവും ഉണ്ടായേക്കില്ല എന്നാണ് വിവരം. സഞ്ജുവായിരിക്കാം ഇഷാൻ കിഷനൊപ്പം ഓപ്പണറാകുക. സമ്മര്‍ദത്തെ മറികടന്ന് മികവ് പുലര്‍ത്തേണ്ടതുണ്ട് സഞ്ജുവിന്. യുഎസ്എയ്ക്കെതിരെ ഇഷാനും താളം കണ്ടെത്താനായിരുന്നില്ല. അതിനാല്‍ ഇരുവര്‍ക്കും നിര്‍ണായകമാണ് മത്സരം. ജസ്പ്രിത് ബുമ്രയും ടീമിലേക്ക് മടങ്ങിയെത്തും. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപ് കണ്‍വിൻസിങ്ങായുള്ള ജയം അനിവാര്യമാണ്.


