
ഏഷ്യ കപ്പ് ഇങ്ങ് എത്തിക്കഴിഞ്ഞു, ഇനി കൃത്യം ഒരു മാസം മാത്രം ദൂരം. ടീം തിരഞ്ഞെടുപ്പിലേക്ക് തന്നെയാണ് പതിവുപോലെ ആകാംഷ നീളുന്നതും. ട്വന്റി 20 ഫോര്‍മാറ്റില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ നീലക്കുപ്പായത്തില്‍ ആരൊക്കെയുണ്ടാകുമെന്നതാണ് ചോദ്യം. അതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത് ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗില്‍ ട്വന്റി 20 ടീമിലേക്ക് മടങ്ങിയെത്തുമോയെന്നതാണ്. ദീര്‍ഘനാളായി ഇന്ത്യയുടെ ട്വന്റി 20 പദ്ധതികളില്‍ ഉള്‍പ്പെടാത്ത താരം കൂടിയാണ് ഗില്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2019ല്‍ അരങ്ങേറിയ ഗില്ലിന് 2023 വരെ കാത്തിരിക്കേണ്ടി വന്നു ക്രിക്കറ്റിന്റെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറാൻ. ഇതുവരെ 21 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഗില്ലിന് മറ്റ് രണ്ട് ഫോര്‍മാറ്റുകളിലേതുപോലെ ശോഭിക്കാനും ട്വന്റി 20യില്‍ കഴിഞ്ഞിട്ടില്ല. 30.42 ശരാശരിയില്‍ ഇതുവരെ 578 റണ്‍സാണ് ഗില്‍ നേടിയിട്ടുള്ളത്. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 139 ആണ് നിലവില്‍.
2024 ട്വന്റി 20 ലോകകപ്പിലും വലം കയ്യൻ ബാറ്റര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. ഗില്‍ അവസാനമായി ട്വന്റി 20 കളിച്ചത് 2024 ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു. രോഹിത് ശര്‍മയുടെ വിരമിക്കലായിരുന്നു അന്ന് ഗില്ലിന് ഓപ്പണിങ് സ്ഥാനം ലഭിക്കാനുള്ള കാരണമായതും. ശേഷം നടന്ന ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഗൗതം ഗംഭീറിന്റെ കീഴില്‍ അടിമുടി ആക്രമണ ശൈലിയാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഈ ശൈലിക്ക് പൂര്‍ണമായും യോജിച്ച സംഘത്തേയാണ് ഫോര്‍മാറ്റില്‍ കളത്തിലെത്തിക്കുന്നതും. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, റിങ്കു സിങ് പോലുള്ള നിര്‍ഭയമായി ഷോട്ട് കളിക്കുന്ന താരങ്ങള്‍ക്കാണ് മുൻഗണന നല്‍കുന്നതും. ഇത്തരത്തിലൊരു ബാറ്റിങ് ശൈലിയാണോ ഗില്ലിന്റേതെന്നാണ് മുന്നിലുള്ള ചോദ്യ ചിഹ്നം. ലോ റിസ്ക്ക്, ഹൈ റിവാര്‍ഡ് എന്ന തരത്തിലാണ് ഗില്ലിന്റെ ട്വന്റി 20 ശൈലി.
ഗുജറാത്ത് ടൈറ്റൻസിനായി ഐപിഎല്ലില്‍ ഗില്‍ പിന്തുടരുന്നതും ഇതുതന്നെയാണ്. ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരങ്ങളിലൊരാളാണ് ഗില്‍. 2025 സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 650 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 155 സ്ട്രൈക്ക് റേറ്റിലാണ് ഗില്‍ റണ്‍സ് അടിച്ചുകൂട്ടിയത്. ഗുജറാത്ത് പ്ലേ ഓഫിലെത്തുന്നതില്‍ നിര്‍ണായകമായതും ഗില്ലിന്റെ ഇന്നിങ്സുകളായിരുന്നു. കഴിഞ്ഞ ആറ് സീസണുകളിലും ഗില്‍ 400ലധികം റണ്‍സ് സ്ഥിരതയോടെ നേടിയിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ ഗില്ലിന്റെ ശൈലിയായിരിക്കില്ല സെലക്ടര്‍മാര്‍ക്ക് പ്രധാന വെല്ലുവിളികളില്‍ ഒന്നാകുക. ടീം ലൈനപ്പിലെ താരത്തിന്റെ സ്ഥാനമായിരിക്കും. ടോപ് ഓര്‍ഡര്‍ ബാറ്ററാണ് ഗില്‍. ഓപ്പണിങ് സ്ഥാനങ്ങളിലല്ലാതെ ഇതുവരെ ട്വന്റി 20യില്‍ താരം കളിച്ചിട്ടുമില്ല. ഇന്ത്യയുടെ നിലവിലെ ടീം ലൈനപ്പ് പരിശോധിക്കാം. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് - ഇതാണ് ടോപ് ഓര്‍ഡര്‍.
അഭിഷേക് നിലവിലെ ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററാണ്. സൂര്യകുമാര്‍ യാദവ് നായകനും. കഴിഞ്ഞ ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നെങ്കില്‍ ദേശീയ ടീമിനായി മിന്നും ഫോമിലാണ് തിലക് വര്‍മ. 24 ഇന്നിങ്സുകളില്‍ നിന്ന് രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 749 റണ്‍സുണ്ട് താരത്തിന്റെ പേരില്‍, ശരാശരി 49.93. മറ്റൊരു സാധ്യത സഞ്ജുവിന്റെ സ്ഥാനത്താണ്. സഞ്ജുവിന് പൂര്‍ണ പിന്തുണ കൊടുക്കുന്ന നായകനാണ് സൂര്യകുമാര്‍ യാദവ്. പക്ഷേ, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സഞ്ജു തിളങ്ങിയിരുന്നില്ല, സൂര്യയും.
പരമ്പരയില്‍ അഞ്ച് കളികളില്‍ നിന്ന് 51 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായിരുന്നത്. ഇതുകൊണ്ട് സഞ്ജുവിനെ തഴയാനുള്ള സാധ്യത വിരളമാണ്. കാരണം മറ്റ് പരമ്പരകളിലെല്ലാം സഞ്ജു മികവ് പുലര്‍ത്തിയിരുന്നു. മൂന്ന് സെഞ്ച്വറികളാണ് ഈ കാലയളവില്‍ താരം ഫോര്‍മാറ്റില്‍ നേടിയതും. സഞ്ജുവിനെ തള്ളാനുള്ള സാധ്യത വിരളമാണെന്ന് പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്.
വിക്കറ്റ് കീപ്പര്‍ സ്ഥാനം ആര് വഹിക്കുമെന്നതാണ് ആ കാരണം. നിലവില്‍, ഇന്ത്യൻ ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് പരുക്കിന്റെ പിടിയിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാലിന് സംഭവിച്ച പരുക്കില്‍ നിന്ന് താരം പൂര്‍ണമായും മുക്തിനേടുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. അതുകൊണ്ട് പന്തിന് ടൂര്‍ണമെന്റ് നഷ്ടമാകാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അങ്ങനെയെങ്കില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതെ ഇരിക്കാൻ കഴിയുകയില്ല.
ഈ സാഹചര്യത്തിലാണ് ഗില്ലിനെ ഏത് സ്ഥാനത്ത് ഇറക്കുമെന്ന ചോദ്യം കൂടുതല്‍ വലുതാകുന്നതും. ലോവര്‍ ഓര്‍ഡറില്‍ ഗില്ലിനെ പരീക്ഷിക്കേണ്ട സാഹചര്യവും നിലവില്‍ ഇല്ല. ഹാര്‍ദിക്ക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു തുടങ്ങിയവരാണ് ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍. അല്ലെങ്കില്‍ സഞ്ജു ഓപ്പണിങ് സ്ഥാനം ഗില്ലിന് നല്‍കി ലോവര്‍ ഓര്‍ഡറിലേക്കൊ മൂന്നാം നമ്പറിലേക്കൊ ചുവടുമാറേണ്ടി വരും.
ഗില്ലിന് പുറമെ യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശൻ എന്നീ ബാറ്റര്‍മാരും ടീമിലേക്ക് എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗില്ലിന് പുറമെ ഇരുവരുടേയും സാധ്യതകളും വിരളമാണ്. കാരണം ജയ്സ്വാളും സായിയും ഗില്ലിന് സമാനമായി ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ്.
2026ല്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കിരീടം പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം സൂര്യകുമാറിനുണ്ടാകും. അതുകൊണ്ട് ഏഷ്യ കപ്പ് ഉള്‍പ്പെടെ വരും പരമ്പരകളില്‍ ടീം സജ്ജമാക്കാനുള്ള ഒരുക്കളായിരിക്കും നടക്കുക. അതുകൊണ്ട് പരീക്ഷണങ്ങള്‍ പലതും ടീമില്‍ പ്രതീക്ഷിക്കാം.
നിലവില്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്‍ രോഹിതിന് ശേഷം ഏകദിനത്തിലും നായകകുപ്പായം അണിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓള്‍ ഫോര്‍മാറ്റ് താരമായി കണക്കാക്കപ്പെടുന്ന ഗില്ലിനെ ഏറെ നാള്‍ ട്വന്റി 20യില്‍ നിന്ന് മാറ്റിനിര്‍ത്താനും സാധിക്കില്ല.