ജനുവരി ആദ്യ വാരം റിഷഭ് പന്തിന്റെ ലിമിറ്റഡ് ഓവര്‍‍ കരിയറിന്റെ ദിശ എങ്ങോട്ടെന്നതിന്റെ സൂചന ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ന്യൂസിലൻഡ് പരമ്പരയായിരിക്കും ഉത്തരം

ഏകദിന ഫോര്‍മാറ്റില്‍ റിഷഭ് പന്തിനെ ഇന്ത്യൻ ജഴ്‌സിയില്‍ കണ്ടിട്ട് ഒന്നരവര്‍ഷത്തോളമാകുന്നു. ട്വന്റി 20യിലും സമാനമാണ് കാര്യങ്ങള്‍. സക്ഷാല്‍ എം എസ് ധോണിയുടെ പിൻഗാമിയെന്ന് വാഴ്‌ത്തപ്പെട്ട താരത്തിന്റെ കരിയര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രം ചുരുങ്ങുന്നുവോ.

ജനുവരി ആദ്യ വാരം റിഷഭ് പന്തിന്റെ ലിമിറ്റഡ് ഓവര്‍‍ കരിയറിന്റെ ദിശ എങ്ങോട്ടെന്നതിന്റെ സൂചന ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ന്യൂസിലൻഡിനെതിരായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്യും. കെ എല്‍ രാഹുല്‍, ഇഷാൻ കിഷൻ, ദ്രൂവ് ജൂറല്‍...ഈ പേരുകളൊക്കെയും മറികടക്കേണ്ടതുണ്ട് പന്തിന് നീലയില്‍ മടങ്ങിയെത്താൻ. അതിനുള്ള സാധ്യതകള്‍‍ വിദൂരമാണെന്നത് യാഥാര്‍ത്ഥ്യമായി മുന്നിലുമുണ്ട്.

റിഷഭ് പന്തിന്റെ ഏകദിന കരിയെറുടുത്താല്‍ നേട്ടങ്ങളുടെ തിളക്കം കുറവാണെന്ന് കാണാം. 31 മത്സരങ്ങളില്‍ 871 റണ്‍സ് മാത്രമാണ് നേട്ടം, ഒരു സെഞ്ചുറിയും അഞ്ച് അര്‍ദ്ധ ശതകങ്ങളും. കരിയറിന്റെ ഒഴുക്ക് തെറ്റിച്ച വാഹനാപകടത്തിന് ശേഷം ഒരു ഏകദിനത്തില്‍ മാത്രമാണ് കളത്തിലെത്തിയത്. 2024 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ, അന്ന് ആറ് റണ്‍സ് മാത്രമാണ് പന്ത് സ്കോര്‍ ചെയ്തതും. 2025 ചാമ്പ്യൻസ് ട്രോഫി, ഓസ്ട്രേലിയൻ പര്യടനം തുടങ്ങിയ നിര്‍ണായക പരമ്പരകളില്‍ നിന്നും പന്ത് മാറ്റി നിര്‍ത്തപ്പെട്ടു.

നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിയെ നയിക്കുന്ന പന്ത് തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ, വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന മറ്റ് താരങ്ങള്‍ക്ക് ഒപ്പമെത്താൻ പന്തിന് സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് 97 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. മറുവശത്ത് ഓസ്ട്രേലിയൻ പര്യടനത്തില്‍ ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ദ്രുവ് ജൂറല്‍ അസാധാരണ ഫോമിലാണ് വിജയ് ഹസാരയില്‍ ബാറ്റ് ചെയ്യുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 307 റണ്‍സ് ജൂറല്‍ സ്കോര്‍ ചെയ്തു. രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും. ഇന്നലെ യുപിക്കായി ബറോഡയ്ക്ക് എതിരെ 160 റണ്‍സായിരുന്നു ജൂറല്‍ നേടിയത്.

സമീപകാലത്ത് വിവിധ ഫോര്‍മാറ്റുകളില്‍ പന്തിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിക്കാൻ ജൂറലിനായിട്ടുണ്ട്. പ്രത്യേകിച്ചും പന്തിന്റെ സ്ട്രോങ് ഹോള്‍ഡായ ടെസ്റ്റില്‍ പോലും. പന്ത് ഇലവനില്‍ ഉള്ളപ്പോള്‍ പോലും ജൂറലിന് ഇടം ഉണ്ടായിട്ടുണ്ട്. മാറ്റിനിര്‍ത്താൻ കഴിയാത്ത പ്രകടനമാണ് ഇന്ത്യക്കായി അന്താരാഷ്ട്ര തലത്തിലും സന്നാഹ മത്സരങ്ങളിലും ജൂറല്‍ പുറത്തെടുക്കുന്നത്. എങ്കിലും ജൂറലിനേക്കാള്‍ ന്യൂസിലൻഡ് പരമ്പരയില്‍ സാധ്യത കല്‍പ്പിക്കുന്നത് ഇഷാൻ കിഷനാണ്. മധ്യനിരയില്‍ ഇടം കയ്യൻ ബാറ്റര്‍ ഇല്ല എന്നത് ഇന്ത്യയുടെ പോരായ്മായി നിലനില്‍ക്കുന്ന ഒന്നാണ്, അതിന് പരിഹാരവും ഉണ്ടാകും.

രോഹിത് ശ‍ര്‍മ, ശുഭ്മാൻ ഗില്‍, വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്വാദ്, കെ എല്‍ രാഹുല്‍ എന്നിവരാണ് ഇന്ത്യയുടെ മുൻനിരയുടേയും മധ്യനിരയുടേയും കോര്‍. എല്ലാവരും വലം കയ്യൻ ബാറ്റര്‍മാര്‍. ഇടം കയ്യൻ ബാറ്ററെ പരിഗണിക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ പന്തിനേക്കാള്‍ മുൻപന്തിയിലാണ് ഇഷാൻ. ഏകദിന കരിയറെടുത്താല്‍ 24 ഇന്നിങ്സുകളില്‍ നിന്ന് 933 റണ്‍സ്, ഒരു ഇരട്ടസെഞ്ചുറിയും ഏഴ് അര്‍ദ്ധ ശതകങ്ങളും ഇഷാന്റെ പേരിലുണ്ട്. ക്രീസില്‍ നിലയുറപ്പിക്കാൻ അധികനേരം ആവശ്യമില്ല, ഏത് സ്ഥാനത്തും പരീക്ഷിക്കാം, അങ്ങനെ പലമുൻതൂക്കങ്ങള്‍ ഇഷാനെ ടീമിലെടുത്താല്‍ ലഭിക്കും.

എല്ലാത്തിലും ഉപരിയാണ് ഇഷാന്റെ ഫോം. സെയ്ദ് മുഷ്താഖ് അലിയിലെ ടോപ് സ്കോറര്‍, വിജയ് ഹസാരെ ‍ജാ‍ര്‍ഖണ്ഡിനായി തുടങ്ങിവെച്ചത് സെ‍ഞ്ചുറിയോടെയായിരുന്നു. അതും പിൻനിരയിലെത്തി കര്‍ണാടകയ്ക്ക് എതിരെ 39 പന്തില്‍ 125 റണ്‍സ്.

എന്നാല്‍, ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനം പന്തിന്റെ അഭാവത്തില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ച കെ എല്‍ രാഹുലിന് തന്നെയായിരിക്കും. പന്തിന്റെ അഭാവത്തില്‍ ബാറ്റ് കൊണ്ട് മാത്രമായിരുന്നില്ല രാഹുലിന്റെ മികവ് വിക്കറ്റിന് പിന്നിലും തിളങ്ങി. കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ നായകനായും കീപ്പറായും മൈതാനത്ത് എത്തിയ രാഹുല്‍, രണ്ട് ഇന്നിങ്സുകളില്‍ നിന്ന് 126 റണ്‍സാണ് നേടിയത്. സ്കോറുകള്‍ അറുപതും അറുപത്തിയാറുമായിരുന്നു. വിക്കറ്റ് കീപ്പറായുള്ള രാഹുലിന്റെ കരിയര്‍ നോക്കിയാല്‍ 45 ഇന്നിങ്സുകളില്‍ നിന്ന് 1753 റണ്‍സ്, ശരാശരി 54 ആണ്. രണ്ട് സെഞ്ചുറിയും 12 അര്‍ദ്ധ സെഞ്ചുറിയും.

അതുകൊണ്ട്, രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തുന്നതാരാണെങ്കിലും രാഹുലിന് പിന്നിലായിരിക്കും അവര്‍ക്ക് സ്ഥാനമെന്നും ഉറപ്പിക്കാം. ഇതോടെ, റിഷഭ് പന്തിന്റെ ഏകദിന ക്രിക്കറ്റിലെ സാധ്യതകള്‍ മങ്ങുകയാണ്. ടീമിലെത്തുന്നവരുടെ മോശം പ്രകടനം മാത്രമായിരിക്കാം ഒരുപക്ഷേ പന്തിനെ ഇനി തുണയ്ക്കുക.