
മെല്‍ബണ്‍: വനിതാ ഫുട്ബോള്‍ താരം ട്വീറ്റ് ചെയ്ത മത്സരത്തിനിടെയുള്ള ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍. ഓസ്ട്രേലിയയിലെ വനിതാ ഫുട്ബോള്‍ ലീഗില്‍ കാള്‍ട്ടനുവേണ്ടി കളിക്കുന്ന ടൈല ഹാരിസിന്റെ ചിത്രത്തിനുതാഴെയാണ് ആരാധകര്‍ മോശം കമന്റുകളുമായി എത്തിയത്.
പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ഒരു കാല്‍ വായുവിലേക്ക് ഉയര്‍ത്തി നില്‍ക്കുന്ന ഹാരിസിന്റെ ചിത്രത്തിന് താഴെയാണ് ആരാധകര്‍ മോശം കമന്റുകളുമായി എത്തിയത്. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നടപടി ഭീരുത്വമാണെന്ന് പ്രധാനമന്ത്രി സ്കോട് മോറിസണ്‍ പറഞ്ഞു. അവര്‍ വെറും ചെറു പുഴുക്കള്‍ മാത്രമാണ്. വെറും പുഴുക്കളല്ല, ഭീരുക്കളായ പുഴുക്കള്‍. ഇനിയും ഉണരാത്തവര്‍. വെറുപ്പാണ് ഇവരെപ്പോലെയുള്ളവര്‍ സമൂഹത്തില്‍ പടര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഒരിഞ്ച് സ്ഥലം പോലും നമ്മള്‍ ഇവര്‍ക്കായി മാറ്റിവെക്കേണ്ട കാര്യമില്ലെന്നും മോറിസണ്‍ പറഞ്ഞു.
അതേസമയം, തന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടവര്‍ മൃഗങ്ങളാണെന്നായിരുന്നു ഹാരിസിന്റെ മറുപടി. അശ്ലീല കമന്റിട്ടവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും ഹാരിസ് പറഞ്ഞു. എന്റെ കളിയെ വിമര്‍ശിച്ച് കമന്റിടുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ എന്റെ കുടുംബാംഗങ്ങള്‍ കൂടി കാണുന്നുണ്ട് ഇവര്‍ തിരിച്ചറിയണം, ഹാരിസ് പറഞ്ഞു.