King Rafael Nadal : ചരിത്രത്തിലെ ഏറ്റവും മികച്ചവൻ! റാഫ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പ്രഖ്യാപിച്ചത് ഇതോ?

Published : Jan 31, 2022, 11:21 AM ISTUpdated : Jan 31, 2022, 12:06 PM IST
King Rafael Nadal : ചരിത്രത്തിലെ ഏറ്റവും മികച്ചവൻ! റാഫ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പ്രഖ്യാപിച്ചത് ഇതോ?

Synopsis

കായികലോകത്ത് പ്രായം തളർത്താത്ത പോരാളികൾ പല കാലഘട്ടങ്ങളിലായി തങ്ങളുടേതായ വീരകാവ്യങ്ങൾ രചിച്ചിട്ടുണ്ട്. എന്താണ് അവരില്‍നിന്ന് റാഫയ്‌ക്കുള്ള പ്രത്യേകത. 

കരിയറിന്‍റെ തുടക്കത്തിൽ ഫ്രഞ്ച് ഓപ്പണിന്‍റെ ചുവന്ന കളിമൺ പ്രതലത്തിൽ മാത്രം എതിരാളികളെ തന്‍റെ ഇടംകയ്യിൽ നിന്നുതിരിയുന്ന ടോപ്‌സ്‌പിന്നറുകൾ കൊണ്ട് കറക്കിവീഴ്ത്തി ജയിക്കുന്നവൻ എന്ന വിമർശനം വിരോധികളിൽ നിന്നും കേട്ടവനാണ് റാഫ (Rafael Nadal)- ഷമിന്‍ ജഹാന്‍ (Shamin Jahan) എഴുതുന്നു

“Age cannot wither her, nor custom stale her infinite variety”- ഷേക്സ്പിയറിന്‍റെ വിശ്വവിഖ്യാതമായ 'ആന്‍റണി&ക്ലിയോപാട്ര' എന്ന നാടകത്തിൽ എനോബാർബസ് മാർക് ആന്‍റണിയോട് ക്ലിയോപാട്രയെക്കുറിച്ചു വർണ്ണിക്കുന്ന വരികളാണ്; ഒരുപക്ഷെ ആ നാടകത്തെക്കാൾ പ്രശസ്തിയാർജ്ജിച്ച വരികൾ!

കായികലോകത്ത് പ്രായം തളർത്താത്ത പോരാളികൾ പല കാലഘട്ടങ്ങളിലായി തങ്ങളുടേതായ വീരകാവ്യങ്ങൾ രചിച്ചിട്ടുണ്ട്. തന്‍റെ 39-ാം വയസുവരെ ക്രിക്കറ്റ് മൈതാനങ്ങളെ വികാരഭരിതമാക്കിയ സച്ചിൻ ടെന്‍ഡുല്‍ക്കറും ഇപ്പോഴും 37-ാം വയസിലും തന്‍റെ അസാമാന്യമായ ഫിറ്റ്നസും പ്രതിഭയും കൊണ്ട് ഫുട്‍ബോൾ ലോകത്തെ തീപിടിപ്പിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുമൊക്കെ നമ്മുടെ കണ്മുന്നിലുണ്ട്. അവരുടേതൊക്കെയും ടീം ഗെയിമുകൾ ആണെന്നതും ഒപ്പം കളിക്കുന്നവരുടെ പ്രകടനങ്ങളും ജയപരാജയങ്ങളെ നിർണ്ണയിക്കുന്നു എന്നതുമായ ചെറിയ വ്യത്യാസങ്ങളുണ്ട്.

അവിടെയാണ് ഒരു യോദ്ധാവ് ഒറ്റയ്ക്കൊരു കാളക്കൂറ്റനെ നേരിടുന്ന കായികവിനോദത്തിന് പേരുകേട്ട സ്‌പെയിനിൽ നിന്നുംവരുന്ന റാഫേൽ നദാൽ എന്ന Matador(അഥവാ കാളപ്പോരുകാരൻ) അത്ഭുതം കാട്ടിയത്. തന്‍റെ 36-ാം വയസിൽ തന്നെക്കാൾ 11 വയസിനിളയ, അതായത് 25 വയസ് മാത്രമുള്ള ചെറുപ്പത്തിന്‍റെയും യുവത്വത്തിന്‍റേയും എല്ലാ ചുറുചുറുക്കും പ്രവഹിപ്പിക്കുന്ന എതിരാളിയെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലില്‍ നേരിടാനിറങ്ങുന്നു. ഇക്കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പണിൽ തന്‍റെ എന്നത്തേയും ഏറ്റവും വലിയ പ്രതിയോഗിയായ നൊവാക് ജോക്കോവിച്ചിനെ ഫൈനലിൽ തറപറ്റിച്ചു കിരീടം നേടിയ റഷ്യക്കാരനാണ് ദാനിൽ മെദ്‌വദേവ്. ഈ മെദ്‌വദേവിനോടാണ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിന്‍റെ കലാശപ്പോരില്‍ രണ്ടു സെറ്റുകൾക്ക് പിറകിൽ നിന്നശേഷം തിരിച്ചടിച്ച് മൂന്ന് സെറ്റുകളുമായി ലോകത്തിലാദ്യമായി 21 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന പുരുഷതാരമെന്ന അപൂർവതയിലേക്കും അംഗീകാരത്തിലേക്കും റാഫ പൊരുതിക്കയറിയത്!

കരിയറിന്‍റെ തുടക്കത്തിൽ ഫ്രഞ്ച് ഓപ്പണിന്‍റെ ചുവന്ന കളിമൺ പ്രതലത്തിൽ മാത്രം എതിരാളികളെ തന്‍റെ ഇടംകയ്യിൽ നിന്നുതിരിയുന്ന ടോപ്‌സ്‌പിന്നറുകൾ കൊണ്ട് കറക്കിവീഴ്ത്തി ജയിക്കുന്നവൻ എന്ന വിമർശനം വിരോധികളിൽ നിന്നും കേട്ടവനാണ് റാഫ. ഒരിക്കലും വിടാതെ പരിക്കുകൾ എക്കാലവും മുട്ടിനേയും പേശികളെയും മാറിമാറി വേദനിപ്പിച്ചപ്പോഴും തന്നെ കോരിക്കുടഞ്ഞെറിയാൻ വരുന്ന ഉന്മാദിയായ കാളക്കൂറ്റനെ അതിജീവിക്കുന്ന വീരന്‍റെ ശൗര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും അവയെയൊക്കെയും അതിജീവിച്ചു അയാള്‍. തന്‍റെ ഇരുപത്തിനാലാം വയസില്‍ ഓപ്പൺ യുഗത്തിൽ കരിയർ ഗ്രാൻഡ്‌സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി തന്‍റേതായ സാമ്രാജ്യം സ്ഥാപിച്ച് പടയോട്ടം തുടങ്ങിയ നദാൽ ഇന്നെത്തിനിൽക്കുന്നത് എണ്ണം പറഞ്ഞ 21 കിരീടങ്ങളിലാണ്! മറ്റൊരു പുരുഷതാരത്തിനും ഇതുവരെ സാധ്യമാവാതിരുന്നത്. 

ഇനിയൊരുപക്ഷെ നൊവാക് ജോക്കോവിച്ചോ റോജര്‍ ഫെഡററോ ഒരുനാൾ ഈ നേട്ടത്തിലേക്കെത്തിയാലും അവർക്കൊക്കെയും നദാലെന്ന ഒന്നാമന് താഴെയായി ആ പട്ടികയിൽ രണ്ടാമതായി സ്ഥാനം പിടിക്കാനേ കഴിയുള്ളൂ. ഇതിനോടകം ഒളിംപിക് ടെന്നിസ് സ്വർണവും നേടിക്കഴിഞ്ഞ സ്പാനിയാർഡ് കരിയർ ഗോൾഡൻസ്ലാമെന്ന അത്യപൂർവ നേട്ടം സ്വന്തമാക്കിയിട്ടുള്ള ചരിത്രത്തിലെ രണ്ടാമത്തെ മാത്രം പുരുഷ താരമാണ്. ആന്ദ്രേ അഗാസിയും നദാലും ആ ബഹുമതി പങ്കുവെച്ച് ഇപ്പോഴും മറ്റ് അവകാശികളെയും കാത്ത് ആ സിംഹാസനത്തിൽ വിരാജിക്കുകയാണ്!

ഇന്നലെ പൂർത്തിയായ 2022ലെ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ തുടക്കം മുതൽ തന്നെ വിധി നദാലിനായി കളിച്ചു തുടങ്ങിയിരുന്നു എന്ന് വേണം കരുതാൻ. 2021ൽ അടക്കം 9 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ, എന്നും നദാലിന്‍റെ ഏറ്റവും ശക്തനായ എതിരാളികളില്‍ ഒരാളായ സെർബിയക്കാരൻ നൊവാക് ജോക്കോവിച്ചിന് ഇത്തവണ വാക്സീൻ വിവാദത്തിൽ അകപ്പെട്ട് ടൂർണമെന്‍റിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യത കല്‍പിക്കപ്പെട്ടതോടെ തന്നെ നദാൽ പകുതി വിജയിച്ചിരുന്നു. എങ്കിലും സാക്ഷാൽ ജോക്കോവിച്ചിനെ തന്നെ മുൻവർഷത്തെ യുഎസ് ഓപ്പണിൽ പരാജയപ്പെടുത്തി ചാമ്പ്യനായ മെദ്‌വദേവും മറ്റു യുവരക്തങ്ങളും ചാവേറുകളാവാൻ തുനിഞ്ഞിറങ്ങിയ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ അങ്കത്തട്ടിൽ നദാലിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല.

എന്നാൽ പരിക്കുകളെയും പ്രായത്തേയും പോരടിച്ചുതോൽപ്പിക്കുക ശീലമാക്കിയ യുദ്ധവീരന് എല്ലാവരെയും പരാജയപ്പെടുത്തി മുന്നേറാനുള്ള ചങ്കൂറ്റമുണ്ടായിരുന്നു. ആ കരളുറപ്പ് കൊണ്ടു തന്നെയാണ് എല്ലാ പ്രതിബന്ധങ്ങളെയും തട്ടിയെറിഞ്ഞ് ഒരു കൊടുങ്കാറ്റു പോലെ അയാൾ ചാമ്പ്യൻഷിപ്പിലെ അവസാന കളി വരെയെത്തിയതും.

ഒടുവിൽ ഫൈനൽ മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ പിന്നിലാക്കിയതിന് തക്കമറുപടിയെന്ന പോലെ, കളിയുടെ ഒരു കാവ്യനീതിയെന്ന പോലെ, അഞ്ചര മണിക്കൂർ നീണ്ട മാരത്തൺ പോരാട്ടത്തിൻറെ നിർണായകമായ അഞ്ചാം സെറ്റിലെ അവസാന ഗെയിമിൽ ഒരൊറ്റ പോയിന്‍റ് പോലും വിട്ടുകൊടുക്കാതെ എതിരാളിയെ തോൽപ്പിച്ചു റാഫ. അങ്ങനെയാ ഇടംകൈയ്യൻ ലോകത്തോട് പ്രഖ്യാപിക്കുകയായിരുന്നു എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരായ ജോക്കോവിച്ചും ഫെഡററും താനും ഉൾപ്പെടുന്ന ത്രിമൂർത്തികൾ ഒരുമിച്ചു കളിക്കുന്ന ഈ കാലഘട്ടത്തിലും മറ്റു രണ്ടുപേർക്കും ഇതുവരെ കൈയ്യെത്തിപ്പിടിക്കാനാവാത്ത ആ നേട്ടം ആദ്യം കൈവരിച്ച താൻ തന്നെയാണ് ചരിത്രത്തിലെ ഏറ്റവും മികച്ചവൻ എന്ന്!

Australian Open : അവിശ്വസനീയമെന്നല്ലാതെ എന്ത് പറയാന്‍! നദാലിനെ അഭിനന്ദിച്ച് ഫെഡററും ജോക്കോവിച്ചും
 

PREV
click me!

Recommended Stories

ന്യൂസിലൻഡ് പരമ്പര അവസാന ലാപ്പ്; സഞ്ജുവിന്റെ കംബാക്ക് മുതല്‍ സൂര്യയുടെ ആശങ്ക വരെ
വിരമിക്കല്‍ ഒരുപാട് അകലെയല്ല! രവീന്ദ്ര ജഡേജയുടെ ഏകദിന കരിയര്‍ അവസാനത്തിലേക്കോ?