കൊറോണക്കാലം കഴിയുമ്പോള്‍ ക്രിക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായേക്കാവുന്ന അഞ്ച് ശീലങ്ങള്‍

By Web TeamFirst Published Apr 7, 2020, 5:11 PM IST
Highlights

തുപ്പലും വിയര്‍പ്പും ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടിയാല്‍ പന്തിന് സ്വിംഗും റിവേഴ്സ് സ്വിംഗും കിട്ടുമെന്നത് ക്രിക്കറ്റ് കാണുന്ന  കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. എന്നാല്‍ കൊറോണക്കാലം കഴിയുമ്പോള്‍ ഈ പതിവ് തന്നെ ഇല്ലാതായേക്കും.

മുംബൈ: ലോകാമാകെ പടര്‍ന്നുപിടിച്ച കോവിഡ് 19 വൈറസ് ബാധ നമ്മുടെയെല്ലാം ആരോഗ്യശീലങ്ങളിലും കാര്യമായ മാറ്റം വരുത്തിയിരിക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മറക്കേണ്ടതിന്റെയും കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയുമെല്ലാം ആവശ്യകതയെക്കുറിച്ച് നമ്മളെല്ലാവരും ബോധവാന്‍മാരായി. കൊറോണക്കാലം കഴിയുമ്പോള്‍ കായികലോകത്തും മാറ്റങ്ങള്‍ പ്രകടമായേക്കാം. ക്രിക്കറ്റില്‍ പ്രധാനമായും വരാവുന്ന അഞ്ച് മാറ്റങ്ങളെക്കുറിച്ച് നോക്കാം.

കൊടു....കൈ...ഇനി വേണ്ട..

മത്സരശേഷം ഇരു ടീമുകളിലെയും കളിക്കാര്‍ തമ്മില്‍ ഹസ്തദാനം ചെയ്യുക എന്നത് ക്രിക്കറ്റിലെ കാലങ്ങളായുള്ള പതിവാണ്. എന്നാല്‍ കൊവിഡ് ആശങ്കയെത്തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നതിന് മുമ്പു തന്നെ ഈ പതിവ് തെറ്റിയിരുന്നു. ഹസ്തദാനത്തിന് പകരം മുഷ്ടികള്‍ കൂട്ടിമുട്ടിച്ചുള്ള അഭിവാദ്യമാണ് കളിക്കാര്‍ തെര‍ഞ്ഞെടുത്തത്. കൊവിഡ് ആശങ്കയൊഴിയുമ്പോള്‍ ഒരുപക്ഷെ ഹസ്തദാനം ചെയ്യുക എന്ന പതിവിനും മാറ്റം വന്നേക്കും.

ആ കളി ഇനി നടക്കില്ല

തുപ്പലും വിയര്‍പ്പും ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടിയാല്‍ പന്തിന് സ്വിംഗും റിവേഴ്സ് സ്വിംഗും കിട്ടുമെന്നത് ക്രിക്കറ്റ് കാണുന്ന കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. എന്നാല്‍ കൊറോണക്കാലം കഴിയുമ്പോള്‍ ഈ പതിവ് തന്നെ ഇല്ലാതായേക്കും. കാരണം കൊറോണ വൈറസ് സ്രവങ്ങളിലൂടെയും പടരുമെന്നത് തന്നെ. സ്വിംഗിന്റെയും റിവേഴ്സ് സ്വിംഗിന്റെയും ആശാന്‍മാരായ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമറിനെയും മുഹമ്മദ് ഷമിയെയും പോലുള്ള പേസ് ബൌളര്‍മാരാകും ഇതുമൂലം ബുദ്ധിമുട്ടിലാവുന്നത്. 

അരുത്...തുപ്പരുത്

ക്രിക്കറ്റ് കളി തുടങ്ങിയകാലം മുതലുള്ള കളിക്കാരുടെ ശീലങ്ങളിലൊന്നാണ് ച്യൂയിംഗം ചവയ്ക്കുന്നതും ഇടക്കിടെ ഗ്രൌണ്ടില്‍ തുപ്പുന്നതും. ഇത് നിയമവിരുദ്ധമൊന്നുമല്ലെങ്കിലും കൊറോണ കാലം കഴിയുമ്പോള്‍ ഇതിന് ചില നിയന്ത്രണങ്ങളൊക്കെ വന്നാല്‍ അത്ഭുതപ്പെടാനില്ല. 2013ല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരോട് ഗ്രൌണ്ടില്‍ തുപ്പരുതെന്ന് നിര്‍ദേശിച്ചിരുന്നു. തുപ്പുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഐസിസി ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടില്ല.

അത്ര ആഘോഷിക്കേണ്ട

വിജയിച്ചാലും വിക്കറ്റ് വീണാലും ക്യാച്ച് എടുത്താലുമെല്ലാം ടീം അംഗങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തും കൈയടിച്ചുമെല്ലാമുള്ള വിജയാഘോഷങ്ങള്‍ പതിവാണ്. എന്നാല്‍ കൊറോണക്കാലം കഴിയുമ്പോള്‍ സ്വന്തം ടീം അംഗങ്ങളാണെങ്കില്‍പോലും അത്രയും വലിയ ആഘോഷത്തിന് തല്‍ക്കാലും മുതിരില്ലെന്നാണ് കരുതുന്നത്. കൊവിഡിനെത്തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന ചില മത്സരങ്ങളില്‍ താരങ്ങള്‍ വലിയ ആഘോഷമൊന്നും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

മുട്ടിയിരുമ്മിയിരിക്കണോ

ഗ്രൌണ്ടില്‍ പോരാട്ടം പൊടിപാറുമ്പോള്‍ ഐപിഎല്ലിലായാലും രാജ്യാന്തര ക്രിക്കറ്റിലായാലും അതുപോലെതന്നെ ആരാധകശ്രദ്ധ പതിയുന്ന സ്ഥലമാണ് ഡ്രസ്സിംഗ് റൂമും ഡഗ് ഔട്ടുമെല്ലാം. ഇവിടെ തങ്ങളുടെ പ്രിയതാരങ്ങളുടെ കളിയും ചിരിയും ദേഷ്യവുമെല്ലാം ആരാധകര്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ കൊറോണക്കാലം കഴിയുമ്പോള്‍ ഡഗ് ഔട്ടിലും ഡ്രസ്സിംഗ് റൂമിലുമെല്ലാം പഴയതുപോലെ ഇങ്ങനെ മുട്ടിയിരുമ്മി ഇരിക്കുന്ന താരങ്ങളെ കാണാനാകുമോ എന്നകാര്യം കണ്ടറിയേണ്ടതാണ്.

click me!