
മൂന്നരവര്‍ഷം മുൻപാണ്, ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ ടണലില്‍ക്കൂടി ആ മനുഷ്യൻ കണ്ണീരണിഞ്ഞ് നടന്നുനീങ്ങിയത്. ജീവിതം സാക്ഷാത്കരിക്കാൻ നാട് നീങ്ങിയെത്തുന്നവരുടെ മണ്ണില്‍ അയാള്‍ക്ക് അഞ്ചാം അവസരത്തിലും തന്റെ സ്വപ്നം ബാക്കിവെക്കേണ്ടി വന്നു. കരിയറിന്റെ അസ്തമയകാലത്ത് ഇനി എങ്ങോട്ടെന്ന് ലോകഫുട്ബോള്‍ ഒരേ സ്വരത്തില്‍ ചോദിച്ചു ആ ദിവസങ്ങളില്‍. തന്റെ കണ്ണീര് വീണ അതേ ഭൂമിയില്‍ ബൂട്ടുറപ്പിക്കാൻ തീരുമാനമെടുത്തു, അല്‍ നസര്‍.
മേയ് 21, 2026. അലാവല്‍ പാര്‍ക്ക് റിയാദ്. ഡമാക്കിനെതിരെ 80-ാം മിനുറ്റില്‍ ബോക്സിനുള്ളില്‍ നിന്ന് അയാള്‍ തൊടുത്ത ഷോട്ട് അല്‍ നസറിന്റെ ലീഡ് മൂന്നായി ഉയര്‍ത്തുകയാണ്. മൈതാനത്തിന്റെ കോണിലുയര്‍ന്ന സൂ മുഴക്കത്തിനും ഹര്‍ഷാരവത്തിനും ശേഷം അയാള്‍ തിരികെ നടന്നു. ജഴ്‌സിയിലെ അല്‍നസര്‍ ലോഗോയില്‍ തൊട്ടു, ചെറുതായൊന്ന് ചിരിച്ചു, ശേഷം കണ്ണീരണിഞ്ഞു. ഇതിഹാസത്തിന്റെ വിതുമ്പലിനൊപ്പം ഗ്യാലറിയും ചേര്‍ന്ന് നിന്നു.
ലിസ്‌ബണും മാഞ്ചസ്റ്ററും മാഡ്രിഡും ടൂറിനും എന്തിന് യൂറോപ്പ് മുഴുവനും കീഴടക്കിയ അയാള്‍ക്ക് അത്രത്തോളമോ അധികമോ വിലപ്പട്ടതായിരുന്നു ആ നിമിഷം. ഒടുവില്‍ നാല് സീസണുകളുടെ ദൂരത്തിനിപ്പുറം, കാത്തിരിപ്പിനും വീണുപോയ ഒരുപാട് ഫൈനലുകള്‍ക്ക് ശേഷം, സൗദിയിലും ഒരുകിരീടരാവ്. ബൂട്ടുകെട്ടിയിറങ്ങിയ മൈതാനങ്ങളും ലീഗുകളുമെല്ലാം തന്റേതാക്കി മാറ്റിയ ചരിത്രത്തില്‍ ഒന്നുകൂടിയെന്ന് മാത്രം.
ആദ്യമായി നേടുന്ന കിരീടം പോലെ സൗദി പ്രോ ലീഗ് കിരീടം ചേര്‍ത്തുപിടിച്ചു, മൈതാനത്തെ അടങ്ങാത്ത ആ ദാഹസത്തിന്റെ പേര്, ക്രിസ്റ്റ്യാനൊ റോണാള്‍ഡോ.
എന്തുകൊണ്ട് പോര്‍ച്ചുഗല്‍ ഇതിഹാസത്തിന് ഇത്രത്തോളം വിലപ്പെട്ടതാകുന്നു ഈ കിരീടം. സ്പോര്‍ട്ടിങ് സിപിയില്‍ നിന്നെത്തി അലക്സ് ഫെര്‍ഗൂസണ്‍ ഒരുക്കിയ കളിത്തട്ടില്‍ വളര്‍ന്നവൻ. ഒടുവിലവിടേക്ക് തന്നെ തിരികെയെത്തി പടിയിറങ്ങി, യൂറോപ്പ് വിട്ട് സൗദിയിലേക്ക് ചേക്കേറുക എന്നത് കരിയറിന്റെ അവസാന ഘട്ടത്തിലെങ്കിലും ക്രിസ്റ്റ്യാനൊയെടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായിരുന്നു. ഫുട്ബോള്‍ ഭൂപടത്തില്‍ കാര്യമായി കണ്ണെത്താത്തൊരു ലീഗ്, അവിടെ എത്തിപ്പെട്ടിട്ട് എന്ത് കാര്യം.
റിട്ടയര്‍മെന്റ് ലീഗെന്ന് പരിഹസിച്ചവര്‍ക്ക് മുന്നിലൂടെത്തന്നെയായിരുന്നു ക്രിസ്റ്റ്യാനൊ ആ ജഴ്സി അണിഞ്ഞെത്തിയത്. പക്ഷേ, അയാള്‍ തെളിച്ച പാത പുതിയ വിപ്ലവത്തിലേക്കായിരുന്നു, യൂറോപ്പിലെ മൈതാനങ്ങളില്‍ നിന്ന് ഇതിഹാസ തുല്യരായവര്‍ ആദ്യമെത്തി, നെയമര്‍, സാദിയോ മാനെ, കരിം ബെൻസീമ എന്നിങ്ങനെ നീണ്ടു, ശേഷം കരിയറിന്റെ സുവര്‍ണകാലത്തിലൂടെ കടന്നുപോകുന്നവര്‍, ഏറ്റവും ഒടുവില്‍ അല്‍ നസറില്‍ തന്നെയെത്തിയ ജാവോ ഫെലിക്‌സ്. യൂറോപ്പില്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു ഫെലിക്‌സ് അല്‍ നസറിലേക്ക് എത്തിയത്.
സൗദി പ്രോ ലീഗ് എത്താത്ത കോണുകളിലേക്ക് പോലും പടര്‍ന്ന് കയറി. സംപ്രേഷണമില്ലാത്ത രാജ്യങ്ങളുടെ എണ്ണം ചുരുങ്ങി. തെരുവുകളില്‍ അല്‍ നസറിന്റേയും അല്‍ ഇതിഹാസിദന്റേയും അല്‍ ഹിലാലിന്റേയുമൊക്കെ ജഴ്സികള്‍ നിറഞ്ഞു. അതിങ്ങ് കേരളം വരെ നീണ്ടു. ക്രിസ്റ്റ്യാനൊ എന്ന ബ്രാൻഡ് ലീഗിന് നല്‍കിയ എക്‌സ്പോഷര്‍ ചെറുതായിരുന്നില്ല. മറുവശത്ത് കരിയറിലുടനീളം ഗോള്‍യന്ത്രമായി തുടര്‍ന്ന ക്രിസ്റ്റ്യാനോ സൗദിയിലും അത് ആവര്‍ത്തിച്ചു, പക്ഷേ, നേടിയ ഗോളുകള്‍ക്കൊന്നും അയാളെ പോഡിയത്തിലേക്ക് മാത്രം നയിക്കാനായില്ല.
ഒപ്പം വന്നവരും പിന്നാലെ എത്തിയവരുമെല്ലാം കിരീടങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഒരു കുട്ടിയെപ്പോലെ കരഞ്ഞ് മൈതാനം വിടാൻ മാത്രമായിരുന്നു ഇതിഹാസത്തിന്റെ വിധി. അവിടം കൊണ്ട് അവസാനിച്ചോ. ലീഗിന്റെ വളര്‍ച്ചയ്ക്ക് തന്നെ ആധാരമായ സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉപയോഗം തുല്യമായല്ല എന്നും അല്‍ നസറിനോട് അനീതിയാണ് കാണിക്കുന്നതെന്നും ചൂണ്ടിക്കാണിച്ച് തുറന്ന പോരിന് ഇറങ്ങി. മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നു, സമരമാര്‍ഗത്തിലേക്ക് കടക്കാൻ തയാറായി.
അങ്ങനെ 2022 ലോകകപ്പിലെ മാറ്റിനിര്‍ത്തലിന് ശേഷം തിരിച്ചടികളുടെ നീണ്ട നിര പോര്‍ച്ചുഗല്‍ താരം അനുഭവിച്ചത് അല്‍ നസറിലായിരുന്നു. പ്രധാനകാരണം കിരീടവരള്‍ച്ച തന്നെ, ക്രിസ്റ്റ്യാനൊ ഗോളടിച്ചുകൂട്ടുമ്പോള്‍ കിരീടം നേടാൻ കഴിയുന്നില്ല എന്നത് തന്നെ ടീമിന്റെ പോരായ്മയായി പണ്ഡിറ്റുകള്‍ വിമര്‍ശിച്ചു. ഫൈനലുകളില്‍ കീഴടങ്ങുമ്പോള്‍ മെഡല്‍ പോലും ഏറ്റുവാങ്ങാൻ മടിച്ചാണ് പലപ്പോഴും ക്രിസ്റ്റ്യാനൊ കളം വിട്ടിരുന്നതെന്നും മറക്കാനാകില്ല, അത്രത്തോളം അയാള്‍ ആഗ്രഹിച്ചിരുന്നു.
അവിടെ നിന്നാണ് റിയാദിലെ ഈ കിരീടരാവ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അയാള്‍ക്ക് ആ കിരീടം അത്രത്തോളം പ്രിയപ്പെട്ടതാകുന്നതും.
ഇനിയാ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. ചരിത്രങ്ങള്‍ മാത്രം സൃഷ്ടിച്ച കരിയറില്‍ അകന്നുനില്‍ക്കുന്ന ഒന്ന്. അയാള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങാൻ തയാറാകാത്ത വിശ്വവേദി. അമേരിക്കൻ ഐക്യനാടുകളിലേക്ക് ക്രിസ്റ്റ്യാനൊ പറങ്കിപ്പടയുമായി വരുന്നത് പൂര്‍ണതയിലേക്ക് എത്താൻ മാത്രമായിരിക്കും.