എഡ്ജ്ബാസ്റ്റണില്‍ ബാസ് ബോളിന് മറുപടി; ചരിത്രം ഇന്ത്യ തിരുത്തിയത് എങ്ങനെ?

Published : Jul 07, 2025, 03:23 PM IST
Indian Cricket Team

Synopsis

ബാസ്‌ബോള്‍ ആധിപത്യത്തെ ഇംഗ്ലണ്ടിന്റെ മണ്ണില്‍ തകര്‍ത്തത് കൃത്യമായ പദ്ധതികളോടെ തന്നെയായിരുന്നു

കപില്‍ ദേവിന്റെ ചെകുത്താൻ പടയെക്കുറിച്ച് കേട്ടിട്ടില്ലെ...! ഗവാസ്ക്കറും അമർനാഥും ശാസ്ത്രിയും റോജർ ബിന്നിയും ശ്രീകാന്തുമൊക്കെ അടങ്ങിയ ടീം. ടെസ്റ്റ് ക്രിക്കറ്റില്‍ എഡ്‌ജ്‌ബാസ്റ്റണില്‍ തലകുനിച്ച് മടങ്ങാതിരുന്ന ഒരേയൊരു ഇന്ത്യൻ സംഘമായിരുന്നു അവർ. 1986ല്‍ വിജയത്തിനേക്കാള്‍ പോന്ന ഒരു സമനില. പിന്നീട് അസറുദീൻ, ധോണി, കോലി...അങ്ങനെ മികവുറ്റ നായകന്മാർ പലരും...പക്ഷേ ആർക്കുമായില്ല സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ചരിത്രം പേറുന്ന മണ്ണില്‍ വിജയത്തിന്റെ ഓരത്ത് നില്‍ക്കാൻ.

റണ്‍മലകയറിയ ഇതിഹാസങ്ങളുണ്ടായിരുന്നില്ല, ജസ്പ്രിത് ബുംറയെന്ന വജ്രായുധമില്ല. പണ്ഡിതന്മാർ എഴുതിനല്‍കിയ ടീം ഘടനയുമായിരുന്നില്ല. ജയം കയ്യലിരുന്നിട്ടും പിടിച്ചെടുക്കാനാകാത്തതിന്റെ പേരില്‍ പഴികേട്ടതാണ്. ഹാരി ബ്രൂക്കിന്റേയും ജേമി സ്മീത്തിന്റേയും മാരത്തണ്‍ കൂട്ടുകെട്ടിന് മുന്നില്‍ ഉത്തരമില്ലാതെ നിന്നതാണ്. എന്തിന് ഇംഗ്ലീഷ് ആകാശങ്ങള്‍പ്പോലും ആ നിമിഷം തട്ടിയെടുക്കുമെന്ന് തോന്നിച്ചതാണ്. പക്ഷേ, എല്ലാ ചോദ്യങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉത്തരം കളത്തിലാണ്. Let the game do the talking. അത് നല്‍കാൻ പോന്നൊരു സംഘമവിടെ ഉണ്ടായിരുന്നു, ശുഭ്‌മാൻ ഗില്ലിന്റെ സംഘം, ഗില്‍ മുന്നില്‍ നിന്ന് നയിച്ചൊരു സംഘം.

എഡ്‌ജ്‌ബാസ്റ്റണില്‍ മൂന്നാം ദിനം കളിയവസാനിക്കുകയാണ്. അന്തരാഷ്ട്ര മാധ്യമമായ ബിബിസിയുടെ മൈക്കിന് മുന്നില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ഇന്ത്യ എത്ര ടാർഗറ്റ് ഉയര്‍ത്തിയാലും ഞങ്ങളത് പിന്തുടർന്ന് ജയിക്കും, ഇത് ലോകത്തുള്ള എല്ലാവർക്കും അറിയുന്ന കാര്യമാണ്. ബ്രൂക്ക് പറഞ്ഞുവെച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഉദിച്ചുയരുന്ന ബാസ്‌ബോളിന്റെ ആത്മവിശ്വാസം, അതായിരുന്നു ബ്രൂക്കിനെക്കൊണ്ട് അത്തരമൊരു വാചകം പറയാൻ പ്രേരിപ്പിച്ചത്. എല്ലാ ഉദയങ്ങള്‍ക്ക് ശേഷവും കാത്തിരിക്കുന്ന ഒരു അസ്തമയമുണ്ട്, അത് ഇത്രത്തോളം കൈപ്പേറിയതാകുമെന്ന് ബ്രൂക്ക് കരുതിയിട്ടുണ്ടാകില്ല.

അഞ്ചാം ദിനം, 68-ാം ഓവറിലേക്ക് ഇംഗ്ലണ്ടിന്റെ അതിജീവനം കടക്കുകയാണ്. ആകാശ് ദീപിന്റെ ആദ്യ പന്തില്‍ ബ്രൈഡൻ കാഴ്‌സിന്റെ കൂറ്റനടിക്കുള്ള ശ്രമം. പന്ത് ഉയര്‍ന്ന് പൊങ്ങി ഗില്ലിന്റെ കൈകളില്‍ പതിച്ചു. എഡ്‍ജ്‍ബാസ്റ്റണിലെ ഗ്യാലറി മണിക്കൂറുകളായി അക്ഷമരായി കാത്തിരുന്ന നിമിഷം. 58 വർഷത്തോളമായി ഇന്ത്യൻ ക്രിക്കറ്റ് കാത്തിരുന്നൊരു നിമിഷം. ആ മൈതാനവും ഒടുവില്‍ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുന്നു. ഗ്യാലറിയില്‍ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്‌സിനരികില്‍ നിരാശകലര്‍ന്ന മുഖവുമായി ഹാരി ബ്രൂക്ക് അപ്പോഴും ഇരിക്കുന്നുണ്ടായിരുന്നു.

ബാസ്‌ബോള്‍ ആധിപത്യത്തെ ഇംഗ്ലണ്ടിന്റെ മണ്ണില്‍ തകര്‍ത്തത് കൃത്യമായ പദ്ധതികളോടെ തന്നെയായിരുന്നു. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നില്ലെ. ഒന്നാം ഇന്നിങ്‍സില്‍ 500 മുതല്‍ 600 റണ്‍സ് വരെ സ്കോര്‍ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കില്‍ ഫലം അനുകൂലമായേനെ എന്ന്. ലീഡ്‌സില്‍ സാധിക്കാതെ പോയതെല്ലാം എഡ്‍ജ്‌ബാസ്റ്റണില്‍ നടപ്പിലാക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ സ്കോര്‍ ചെയ്തത് 587 റണ്‍സ്. മത്സരത്തിലുടനീളം നിലകൊള്ളുക എന്ന ഉത്തരവാദിത്തം നായകൻ ഗില്‍ തന്നെ സ്വീകരിച്ചത് നിര്‍ണായകമായി.

മറ്റൊന്ന് ഇന്ത്യയുടെ ലോവര്‍ ഓ‍‍ര്‍ഡര്‍ ബാറ്റിങ് നിരയുടെ പൊടുന്നനെയുള്ള തകര്‍ച്ചയായിരുന്നു. നിതീഷ് റെഡ്ഡിയുടെ വരവ് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും രവീന്ദ്ര ജഡേജയ്ക്കൊപ്പം വാഷിങ്ടണ്‍ സുന്ദറും മറ്റുള്ളവരും ചേര്‍ന്നതിലൂടെ ഇന്ത്യയ്ക്ക് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കാനായത് 150 റണ്‍സോളമാണ്. ഇനിയെല്ലാത്തിലും ഉപരിയായി ബുംറയുടെ അഭാവത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെട്ട ബൗളിങ് നിര. ആകാശ് ദീപും മുഹമ്മദ് സിറാജും. ഇംഗ്ലണ്ടിന് നഷ്ടമായ 20 വിക്കറ്റില്‍ 17ഉം എടുത്തത് ഈ ദ്വയമാണ്.

ന്യൂബോളില്‍ ഇരുവരും എത്രത്തോളം കൃത്യത പാലിച്ചുവെന്നത് കണക്കുകള്‍ തെളിയിക്കുന്നു. ഫസ്റ്റ് ന്യൂബോളില്‍ രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് ഇന്ത്യൻ ബൗളര്‍മാര്‍ നേടി. വഴങ്ങിയത് 243 റണ്‍സ്. സെക്കൻഡ് ന്യൂബോളില്‍ 57 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ന്യൂബോളില്‍ മാത്രം 300 റണ്‍സിന് 15 വിക്കറ്റുകള്‍. ഇതായിരുന്നു രണ്ട് ടീമിനേയും വേ‍ര്‍തിരിച്ച പ്രധാന ഘടകം. ഇംഗ്ലണ്ട് 93 ഓവറുകളാണ് ന്യൂബോളില്‍ എറിഞ്ഞത്. രണ്ട് ഇന്നിങ്സിലുമായി നേടിയതാകട്ടെ എട്ട് വിക്കറ്റ് മാത്രം, വിട്ടുകൊടുത്തത് 399 റണ്‍സ്. ഇവിടെ ഇന്ത്യൻ ബാറ്റര്‍മാരുടെ ക്വാളിറ്റിയേയും എടുത്തു കാണിക്കുന്നു.

ബുംറയുടെ അഭാവം ഇന്ത്യ മത്സരത്തില്‍ അറിഞ്ഞത് ബ്രൂക്ക്-സ്മിത്ത് കൂട്ടുകെട്ടിന്റെ സമയത്ത് മാത്രമായിരുന്നു. എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ത്യ പിന്നോട്ട് പോയ ഓരേയൊരു ഘട്ടം. ഇത് മാറ്റിനിര്‍ത്തിയാല്‍ മത്സരത്തിലുടനീളം ഗില്ലിനും സംഘത്തിനും ആധിപത്യം സ്ഥാപിക്കാനായി. അഞ്ച് ദിവസവും തങ്ങള്‍ പിന്നിലാണെന്ന് ഇംഗ്ലണ്ട് പരിശീലകൻ ബ്രെൻഡൻ മക്കല്ലം പറഞ്ഞതിനും പിന്നിലും ഇതുതന്നെയാണ് കാരണം.

ബിഗ് വിക്കറ്റ് ടേക്കറെന്ന തലക്കെട്ട് ബുംറയില്‍ നിന്ന് ആകാശ് ഏറ്റുവാങ്ങുകയായിരുന്നു. ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ജേമി സ്മിത്ത്...സിറാജ് തന്റെ പരിചയസമ്പത്തിന്റെ തലപ്പൊക്കം മറച്ചുവെച്ചില്ല. ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ ഷോട്ടുകള്‍ കളിക്കാനുള്ള വ്യഗ്രത ഇരുവരേയും കൃത്യതയാര്‍ന്ന ലെങ്ത് തുടരെ എറിയാൻ പ്രേരിപ്പിക്കുകയും അതിലൂടെ വിക്കറ്റുകള്‍ നേടാൻ സാധിക്കുകയും ചെയ്തു.

ശുഭ്‌മാൻ ഗില്ലെന്ന നായകന്റെ വിജയമാണിതെന്ന് അടിവരയിട്ട് പറയാനാകും. തെളിവായി ക്യാപ്റ്റൻസി ബ്രില്യൻസൊന്നും കാണാൻ കഴിഞ്ഞേക്കില്ല. പക്ഷേ, താൻ മുന്നില്‍ നിന്ന് നയിക്കണം, വരാനിരിക്കുന്ന പോരായ്മകളെ മറികടക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം എന്ന ഉത്തമബോധ്യമായിരിക്കണം ഗില്ലിന്റെ രണ്ട് ഇന്നിങ്സുകള്‍ക്കും പിന്നില്‍. 430 റണ്‍സ് ഒറ്റയ്ക്ക് സ്കോര്‍ ചെയ്യുമ്പോള്‍ ഇന്ത്യ വിജയിക്കുന്നത് 336 റണ്‍സിനാണ്. ഇന്ത്യൻ ബൗളര്‍മാ‍ര്‍ക്ക് മുകളിലെ സ്കോര്‍ബോര്‍ഡിന്റേയും ബാസ്‍ബോള്‍ ഫിലോസഫിയുടേയും സമ്മര്‍ദമകറ്റിയത് ഗില്ലിന്റെ ബാറ്റുതന്നെയായിരുന്നു.

ഇനി ക്രിക്കറ്റിന്റെ മെക്കയിലേക്കാണ് ഇന്ത്യ ചുവടുവെക്കുന്നത്, ആത്മവിശ്വാസത്തോടെ. ജസ്പ്രിത് ബുംറ തിരിച്ചെത്തും. വിക്കറ്റ് ടേക്കറായി ആകാശും സിറാജും മാറിയിരിക്കുന്നു, ബാറ്റര്‍മാരെല്ലാം ഫോമിലേക്ക് ഉയര്‍ന്നിരിക്കുന്നു. കടലാസില്‍ ദുര്‍ബലരെന്ന് അളക്കുന്നവര്‍ക്ക് കളത്തിലത് കാണാനാകില്ല.

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?