2023 ഏകദിന ലോകകപ്പിന് ശേഷം ഏകദിന ഫോർമാറ്റില്‍ തിളങ്ങാൻ രവീന്ദ്ര ജഡേജയ്ക്ക് കഴിഞ്ഞിട്ടില്ല. മറുവശത്ത് അക്‌സർ പട്ടേല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് സ്ഥിരസാന്നിധ്യമാകാനൊരുങ്ങുകയാണ്

33-ാം ഓവറില്‍ ജെയ്‌ഡൻ ലിനോക്‌സിന്റെ ആദ്യ പന്തില്‍ വില്‍ യങ്ങിന് ക്യാച്ച് നല്‍കി മടങ്ങിയ ആ മൊമന്റ്. ഒരുപക്ഷേ, രവീന്ദ്ര ജഡേജയുടെ ഐതിഹാസിക കരിയറെടുത്താല്‍, ഏകദിനമെന്ന അധ്യായത്തിലെ അവസാന നിമിഷങ്ങളായിരുന്നിരിക്കാം അത്. ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നില്‍ കൃത്യമായ കണക്കുകളും വസ്തുതകളുമുണ്ട്. പ്രീമിയം ഓള്‍ റൗണ്ടറെന്ന തലക്കെട്ടില്‍ നിന്ന് ശരാശരി പ്രകടനങ്ങള്‍ മാത്രം പുറത്തെടുക്കുന്ന താരമായി ഏകദിനത്തില്‍ മാറിയിരിക്കുന്നു ജഡേജ. എല്ലാത്തിലുമുപരിയായി ജഡേജയുടെ കസേരയുടെ പിന്നില്‍ അണിനിരന്നിരിക്കുന്ന ഓള്‍ റൗണ്ടര്‍മാരോട് അധികകാലം കണ്ണടയ്ക്കാൻ ബിസിസിഐക്കും സാധിക്കില്ല.

2025 ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യ ആദ്യമായി കളിച്ച ഏകദിന പരമ്പര ഓസ്ട്രേലിയക്ക് എതിരെയായിരുന്നു. രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും തിരിച്ചുവരവ് ആഘോഷമാക്കിയ പര്യടനത്തില്‍ രവീന്ദ്ര ജഡേജയുടെ പേരുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഏകദിന പദ്ധതികളില്‍ നിന്ന് ജഡേജയുടെ സാന്നിധ്യം ഇല്ലാതാകുന്നോയെന്ന ചോദ്യം പതിയെ ഉയര്‍ന്നിരുന്നു. കാരണം ചാമ്പ്യൻസ് ട്രോഫിയിലെ ജഡേജയുടെ പ്രകടനം തീര്‍ത്തും നിരാശ സമ്മാനിക്കുന്നതായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് ആകെ 27 റണ്‍സും അഞ്ച് വിക്കറ്റും.

പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലൂടെ ജഡേജയ്ക്ക് ഏകദിന ടീമിലേക്ക് വീണ്ടും എൻട്രി ലഭിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിലെ രണ്ട് ഇന്നിങ്സുകളിലായി 56 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 116. മൂന്ന് ഇന്നിങ്സുകളിലായി എറിഞ്ഞത് 25 ഓവറുകള്‍, വിക്കറ്റ് ഒന്ന് മാത്രം. ന്യൂസിലൻഡ് പരമ്പരയിലും തന്റെ സാന്നിധ്യം ഉറപ്പിക്കാൻ ജഡേജയ്ക്ക് കഴിഞ്ഞു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 43 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 66 മാത്രം. 23 ഓവറുകളായിരുന്നു കിവീസിനെതിരെ ജഡേജയെറിഞ്ഞത്, വിക്കറ്റ് കോളത്തില്‍ പൂജ്യം.

രണ്ട് പരമ്പരകൂടി പരിഗണിച്ചാല്‍ ആറ് കളികളില്‍ നിന്ന് 99 റണ്‍സ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്. സ്ട്രൈക്ക് റേറ്റ് 88.39 ആണ്. ശരാശരി 25ലും താഴെ. എറിഞ്ഞത് 48 ഓവറാണ്. അതായത് 288 പന്തുകള്‍, ജഡേജയ്ക്ക് എടുത്ത വിക്കറ്റുകളുടെ എണ്ണം കേവലം ഒന്നും. ജഡേജ ഒരു കണ്‍സിസ്റ്റന്റ് വിക്കറ്റ് ടേക്കര്‍ ആണെന്നുള്ള അവകാശവാദങ്ങളില്ല. പക്ഷേ, ഇന്ത്യയിലെ വിക്കറ്റുകളില്‍ എതിരാളികളുടെ റണ്ണൊഴുക്ക് തടയാൻ ജഡേജയ്ക്ക് അനായാസം കഴിയുമായിരുന്നു.

എന്നാല്‍, കഴിഞ്ഞ രണ്ട് പരമ്പരയില്‍ ജഡേജയെറിഞ്ഞ 48 ഓവറുകളില്‍ നിന്ന് എതിരാളികള്‍ അടിച്ചെടുത്തത് 298 റണ്‍സാണ്. എക്കണോമി 6.20. ജഡേജയുടെ ഏകദിന കരിയര്‍ എക്കണോമി പോലും അഞ്ചില്‍ താഴെയാണ് നില്‍ക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്.

ജഡേജയ്ക്ക് തിളങ്ങാൻ സാധിക്കാതെ പോയ ഇതേ സാഹചര്യങ്ങളിലാണ് സമാനശൈലിയുള്ള ന്യൂസിലൻഡ് താരം ലിനോക്സ് മികവ് പുലര്‍ത്തിയതും. അതും പരിചതമല്ലാത്ത പിച്ചുകളില്‍. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റാണ് താരം നേടിയത്. രണ്ട് ഏകദിനങ്ങളിലും 10 ഓവറുകള്‍ വീതമെറിഞ്ഞ ലിനോക്സിന്റെ എക്കണോമി കേവലം 4.2 ആണ്.

2023 ഏകദിന ലോകകപ്പിന് ശേഷം കളിച്ച 13 മത്സരങ്ങളില്‍ നിന്ന് ആകെ ജഡേജ നേടിയത് 12 വിക്കറ്റാണ്, 149 റണ്‍സും. ലോവര്‍ ഓ‍ര്‍ഡര്‍ ബാറ്ററായി ഇന്ത്യയുടെ ഫിനിഷര്‍ റോളുകൂടി വഹിക്കുന്ന താരത്തിന്റെ സ്ട്രൈക്ക് റേറ്റ് ഈ കാലയളവില്‍ നൂറിലും താഴെയായി നില്‍ക്കുന്നു. ഇന്ത്യയിലെ വിക്കറ്റുകളില്‍പ്പോലും ജഡേജയ്ക്ക് തന്റെ പ്രതാപത്തിനൊത്ത് ഉയരാൻ സാധിക്കുന്നില്ല എന്ന വസ്തുത മുന്നില്‍ നില്‍ക്കെയാണ് 2027 ഏകദിന ലോകകപ്പിലെ താരത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നതും.

അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ സ്പിൻ ഓള്‍ റൗണ്ടര്‍മാരുടെ കണക്കുകള്‍ക്കൂടി പരിശോധിക്കുമ്പോള്‍ കൂടുതല്‍ വ്യക്തതലഭിച്ചേക്കും. 2025ല്‍ അക്സര്‍ പട്ടേല്‍ 10 ഇന്നിങ്സുകളില്‍ നിന്ന് 36 ശരാശരിയില്‍ 290 റണ്‍സാണ് നേടിയത്. ഒരു അ‍ര്‍ദ്ധ സെഞ്ചുറിയുള്‍പ്പെടുന്നു. ഇതിനൊപ്പമാണ് 11 വിക്കറ്റുകളുടെ നേട്ടം. സുന്ദറാകട്ടെ അവസാന പത്ത് ഏകദിനങ്ങളില്‍ നിന്ന് 11 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, ബാറ്റുകൊണ്ട് കാര്യമായി തിളങ്ങിയിട്ടില്ല, 107 റണ്‍സ് മാത്രം.

അക്സര്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യ മുൻഗണന നല്‍കുന്ന താരങ്ങളിലൊരാളാണ്. ചാമ്പ്യൻസ് ട്രോഫിയിലും കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലുമുള്‍പ്പെടെ അക്സറിന്റെ നിര്‍ണായക സംഭാവനകളുണ്ടായിരുന്നു. അതുകൊണ്ട്, മുന്നോട്ടുള്ള യാത്രയില്‍ ജഡേജയ്ക്ക് മുകളില്‍ അക്സറിന് പരിഗണന ലഭിക്കാനുള്ള സാധ്യതകളാണുള്ളത്. അടുത്ത ഏകദിന പരമ്പരയ്ക്ക് മുൻപായി ജഡേജയുടെ ഭാവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരുമായേക്കും.