ജര്‍മ്മനിയെ തളച്ച ആ 17 മിനുറ്റുകൾ; ക്യുറസാവ് ലോകകപ്പില്‍ വരവറിയിച്ചത് അവിടെയാണ്

Published : Jun 16, 2026, 01:36 PM IST
Curacao

Synopsis

ക്യൂറസാവ് ഫുട്ബോള്‍ ഭൂപടത്തില്‍ തങ്ങളെ അടയാളപ്പെടുത്തിയ നിമിഷമായിരുന്നു അത്. വിശ്വവേദിയിലെ അവരുടെ ആദ്യ ഗോള്‍, അതും അരങ്ങേറ്റ മത്സരത്തില്‍

ഹൂസ്റ്റണിലെ പകലിലെ 21-ാം മിനുറ്റ്. ആ നിമിഷം ദ്വീപ് രാജ്യത്തിലെ കാല്‍പ്പന്തുപ്രേമികളിലേക്ക് ആനന്ദത്തിന്റെ തിരകളെ എത്തിച്ചിട്ടുണ്ടാകണം...

ജര്‍മനിയുടെ ബോക്സിനുള്ളില്‍ പാനിക്ക് ബട്ടണ്‍ അമര്‍ന്നിരിക്കുന്നു. വിഖ്യാതമായ ബ്ലാക്ക് ആൻഡ് വൈറ്റ് ജഴ്സിക്കാര്‍ക്കിടയിലേക്ക് ആ നീലക്കൂട്ടം ആര്‍ത്തലച്ചെത്തുകയാണ്. ജര്‍മനിയുടെ ഗോള്‍ വലകാക്കുന്നത് അയാളാണ്. പതിറ്റാണ്ടുകളായി പോസ്റ്റിന് മുന്നില്‍ ഒരു മഹാമേരുവിനെപ്പോലെ ഉലയാതെ നിന്ന ഇതിഹാസം, മാനുവല്‍ ന്യൂയര്‍.

യോര്‍ഗൻ ലൊക്കാഡിയ ന്യൂയറിനെ വെല്ലുവിളിക്കാനൊരുങ്ങിയപ്പോള്‍ ജര്‍മൻ പ്രതിരോധം അതിന് വിസമ്മതിച്ചു. ശേഷം, പന്തെത്തിയ ലിവാനൊ കമനെൻസിയുടെ ഇടം കാലിലേക്കായിരുന്നു. ചരിത്രമുഹൂര്‍ത്തം സ്വന്തമാക്കാൻ ആ ബൂട്ടുകള്‍ തയാറെടുത്തു. ബോക്‌സിനുള്ളിലെ കുമ്മായവരയ്ക്കരികില്‍ നിന്നൊരു ഷോട്ട്. ജോഷുവാ കമ്മിച്ചില്‍ തട്ടി നേരിയ ഡിഫ്ലക്ഷൻ, അത് ന്യൂയറിന്റെ കണക്കുകൂട്ടലുകളെ ആകെ തെറ്റിക്കുകയായിരുന്നു, 40 പിന്നിട്ട കൈകളെ താണ്ടി പന്ത് ആ വലതൊട്ടു.

ക്യൂറസാവ് ഫുട്ബോള്‍ ഭൂപടത്തില്‍ തങ്ങളെ അടയാളപ്പെടുത്തിയ നിമിഷമായിരുന്നു അത്. വിശ്വവേദിയിലെ അവരുടെ ആദ്യ ഗോള്‍, അതും അരങ്ങേറ്റ മത്സരത്തില്‍, നാല് വട്ടം ആ കനകക്കിരീടം ഉയര്‍ത്തിയിട്ടുള്ള സാക്ഷാല്‍ ജര്‍മനിക്കെതിരെ. കമ്മിച്ചും മുസിയാലയും, റിറ്റ്സും, ഹാവേര്‍ട്ട്സും സാനെയുമൊക്കെ ഉള്‍പ്പെട്ട ജര്‍മനിക്കെതിരെ. കമനെൻസിയെ കോര്‍ണര്‍ ഫ്ലാഗിനടുത്ത് സഹതാരങ്ങള്‍ മൂടി. ഏഴായിരത്തോളം വരുന്ന ക്യൂറസാവുകാര്‍ ആ ഗ്യാലറിയിലുണ്ടായിരുന്നു അപ്പോള്‍, പലരുടേയും കണ്ണുകള്‍ നിറഞ്ഞു, ചിലര്‍ ആ രംഗം എന്നന്നേക്കുമായി ക്യമറകളില്‍ ഒപ്പിയെടുത്തു.

ഏറെക്കുറെ ഹൂസ്റ്റണ്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ ഇരട്ടിയോളം മാത്രമെ അവരുടെ ജനസംഖ്യയുള്ളുവെന്ന് ഓര്‍ക്കണം. അവരാമത്സരത്തില്‍ ജര്‍മനിക്കൊപ്പമെത്തിയ നിമിഷം കൂടിയായിരുന്നു അത്.

പക്ഷേ, കമനെൻസിയുടെ ഗോളിനപ്പുറം ചിലത് ലോകത്തിന് കാണിച്ചുകൊടുത്തു ക്യൂറസാവ്. അത് ഗോള്‍ വീണതിന് ശേഷമുള്ള 17 മിനുറ്റുകളായിരുന്നു. ക്യൂറസാവിന്റെ ഗോളിനും ജര്‍മനി 38-ാം മിനുറ്റില്‍ ലീഡ് തിരിച്ചുപിടിക്കുകയും ചെയ്ത നിമിഷങ്ങള്‍ക്കിടയിലെ നേരം. ജര്‍മനിക്കൊപ്പമെത്തിയ ശേഷം ഗോള്‍ പോസ്റ്റിന് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ത്ത് അവര്‍ സുരക്ഷിതമായ ഒരു സമനില നേടാനായിരുന്നില്ല ശ്രമിച്ചത്. മറിച്ച് അവര്‍ തങ്ങളെ ഗോളിലേക്ക് നയിച്ച ശൈലി തുടര്‍ന്നു, ജര്‍മൻ ഗോള്‍പോസ്റ്റിലേക്ക് നിരന്തരമായുള്ള ആക്രമണശ്രമങ്ങള്‍.

പാവ്ലോവിച്ചും മുസിയാലയും മേച്ചയും നിരന്ന മധ്യനിരയെ നിരന്തരം അവര്‍ പരീക്ഷിക്കാനൊരുങ്ങി. ലിയാൻഡ്രൊ ബക്കൂന, താഹിത് ചോങ്, സോൻത്യ ഹാൻസണ്‍, ജൂനിയൊ ബക്കൂന, കമനെൻസി എന്നിവര്‍ നിര്‍ഭയമായി ഡ്രിബിളിങ് ശ്രമങ്ങളും സ്പേസ് കണ്ടെത്താനുള്ള വഴികളും നോക്കിക്കൊണ്ടേയിരുന്നു. ജ‍ര്‍മൻ മധ്യനിരയിലെ പിന്നോട്ടിറക്കാൻ അവര്‍ നിര്‍ബന്ധിതമാക്കി. ജര്‍മനിയുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു കളിയെങ്കിലും എപ്പോള്‍ വേണമെങ്കിലും തങ്ങളൊരു ത്രെട്ടാകുമെന്ന തരത്തിലായിരുന്നു ക്യൂറസാവിന്റെ നീക്കങ്ങള്‍.

മുന്നേറ്റത്തില്‍ മാത്രമായി ഇത് ഒതുങ്ങിയില്ല. ലീഡ് തിരിച്ചുപിടിക്കാനായി ഇടവേളകളില്ലാതെ ക്യൂറസാവ് ബോക്സിലേക്ക് ഹാവേര്‍ട്ട്സും മുസിയാലയും സാനെയും ഇരച്ചെത്തി. കമനെൻസിയയും ഡെവറോണ്‍ ഫോണ്‍വില്ലെയും അ‍ര്‍മാൻഡൊ ഒബീസ്പോയും പലകുറി ജര്‍മനിക്ക് ഗോളാഘോഷിക്കാനുള്ള അവസരങ്ങള്‍ നിഷേധിച്ചു. കിമ്മിച്ചിന്റേയും ഹാവേര്‍ട്ട്സിന്റേയും സാനെയുടേയും ഷോട്ടുകളായിരുന്നു ഇവയില്‍ ഏറ്റവും നിര്‍ണായകമായതും. ക്യാമറക്കണ്ണുകള്‍ പാൻ ചെയ്യപ്പെടുമ്പോള്‍ നെടുവീര്‍പ്പിടുന്ന ക്യൂറസാവ് ആരാധകരെപ്പോലും കാണാമായിരുന്നു. അവരെ ആ 17 മിനുറ്റുകള്‍ ഉത്തേജിപ്പിച്ചതിന് കണക്കുണ്ടാകില്ല.

നീക്കോ സ്ലോട്ടബക്കിന്റെ തല ഒടുവില്‍ ക്യൂറസാവിന്റെ നല്ലനിമിഷങ്ങള്‍ക്ക് വിരാമമിട്ടു. പിന്നീട്, പ്രതീക്ഷിച്ചതുപോലെയായിരുന്നു എല്ലാം, ജര്‍മൻ വേഗതയ്ക്കൊപ്പമെത്താൻ കഴിയാതെ മുന്നേറ്റങ്ങള്‍ പാതിവഴിയില്‍ ക്യൂറസാവ് താരങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. കരുത്തരായ ഒരു സംഘവും ലോകകപ്പിലെ അരങ്ങേറ്റക്കാരും തമ്മിലുള്ള അന്തരം വൈകാതെ പ്രകടമായി, ക്യൂറസാവിന്റെ ഗോള്‍വല നിറഞ്ഞു, ആകെ ഏഴ് തവണ.

പക്ഷേ, ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സംഭവിച്ചത് പ്രതീക്ഷക്കയ്പ്പുറമൊന്നായിരുന്നു. ക്യൂറസാവ് താരങ്ങള്‍ മൈതാനം വിടുമ്പോള്‍ അവരുടെ ആരാധകര്‍ മാത്രമായിരുന്നില്ല എഴുന്നേറ്റ് നിന്ന് അഭിമാനംകൊണ്ടതും അഭിനന്ദിച്ചതും, അവരില്‍ ജര്‍മൻ ജഴ്സിയണിഞ്ഞവരുമുണ്ടായിരുന്നു, ഈ ലോകകപ്പിലെ മനോഹരകാഴ്ചകളിലൊന്നായിരുന്നു അത്.

ലോകകപ്പിലെ ഏറ്റവും പ്രായമേറിയ പരിശീലകനാണ് ക്യൂറസാവിനായി തന്ത്രങ്ങള്‍ മെനയുന്നത്, ഡിക്ക് അഡ്വക്കാറ്റ്. അയാള്‍ പറഞ്ഞുതുപോലെ ജര്‍മനിക്കെതിരെ ലോകകപ്പിലെ ആദ്യ ഗോള്‍ എന്നത് ചരിത്രമാണ്, ആ ജനതയെ ആനന്ദത്തിലാക്കാൻ ആ 11 പേര്‍ക്ക് സാധിച്ചു. ക്യൂറസാവ് കളത്തില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുമോയെന്ന് വരും ദിവസങ്ങളില്‍ ഫുട്ബോള്‍ ലോകമറിയും.

PREV
Read more Articles on
click me!

Recommended Stories

വിനീഷ്യസിനെ കൂവി തോല്‍പ്പിക്കുന്ന റയല്‍ മാഡ്രിഡ് ആരാധകര്‍, എന്താണിത്ര ദേഷ്യം?
നേരിട്ടത് അനീതി മാത്രം! സഞ്ജുവിന്റെ സ്ഥിരതയെ സംശയിക്കുന്നവർ അറിയേണ്ട ചില വസ്തുതകള്‍