ഒരു അര്‍ദ്ധ സെഞ്ചുറിയോ ശതകമോ, അല്ലെങ്കില്‍ മികച്ച ഒരു ഇന്നിങ്സോ കാഴ്വെച്ചാല്‍ അടുത്ത അഞ്ച് മത്സരങ്ങളില്‍ ഒറ്റയക്കത്തിലാകും പുറത്താകുക എന്ന പ്രവചനത്തിലേക്കാണ് പല പണ്ഡിതരും എത്തുന്നത്
Sanju's ability was never in doubt, consistency was, സഞ്ജുവിന്റെ മികവില്‍ ഒരിക്കലും സംശയങ്ങളുണ്ടായിരുന്നില്ല. പക്ഷേ സ്ഥിരതയിലാണ് ആശങ്ക. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20ക്ക് ശേഷം മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന്റെ വാക്കുകളാണിത്. 22 പന്തില്‍ 57 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 259. ഒരു ടോപ് ക്ലാസ് - അഗ്രസീവ് ഇന്നിങ്സ്, ഫോര്‍മാറ്റിന്റെ ഉന്നതിയിലേക്ക് ടീമിനെ ഒറ്റയ്ക്ക് ചുമന്നെത്തിച്ചത് ഓര്‍ത്തെടുക്കാൻ ഒരുപാട് പിന്നോട്ട് പോകേണ്ടതുമില്ല. പക്ഷേ, കണ്‍സിസ്റ്റൻസിയുടെ പേരില്‍ ഒരോ മത്സരങ്ങള്‍ക്ക് ശേഷവും ഓഡിറ്റ് ചെയ്യപ്പെടുന്നു, അത് സ്കോര്‍ ചെയ്യുന്ന റണ്‍സിന്റെ അടിസ്ഥാനത്തില്‍പ്പോലുമല്ലെന്ന് ഓര്‍ക്കണം.
ഒരു അര്‍ദ്ധ സെഞ്ചുറിയോ ശതകമോ, അല്ലെങ്കില്‍ മികച്ച ഒരു ഇന്നിങ്സോ കാഴ്വെച്ചാല്‍ അടുത്ത അഞ്ച് മത്സരങ്ങളില്‍ ഒറ്റയക്കത്തിലാകും പുറത്താകുക എന്ന പ്രവചനത്തിലേക്കാണ് പല പണ്ഡിതരും എത്തുന്നത്. സഞ്ജുവിന്റെ കണ്‍സിസ്റ്റൻസിയെ ചോദ്യം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.
സഞ്ജുവിന്റെ അന്താരാഷ്ട്ര ടി20 കരിയറിന് തുടക്കമാകുന്നത് 2015 ജൂലൈ 19നാണ്, സിംബാബ്‌വെയ്ക്ക് എതിരെ ഹരാരയില്‍. 19 റണ്‍സായിരുന്നു നേട്ടം. തന്റെ രണ്ടാം മത്സരത്തിനായി കാത്തിരിക്കേണ്ടി വന്നത് അഞ്ച് വര്‍ഷമാണ്. ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു അവസരം. രണ്ട് മത്സരത്തിന്റെ ഇടവേളയിലാണ് ഐപിഎല്ലിലെ വളര്‍ച്ച, ഇന്ത്യയിലെ ഏറ്റവും മികച്ച യുവതാരമെന്ന് ഖ്യാതി നേടിയെടുക്കാൻ അനായാസം കഴിഞ്ഞ സമയം.
ഇക്കാലയളവിലാണ് ഇന്നത്തെ ഇന്ത്യയുടെ മുഖ്യപരിശീലകനായ ഗൗതം ഗംഭീര്‍ സഞ്ജുവിനായി വെല്ലുവിളികള്‍പ്പോലും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. Sanju Samson is not just the best wicketkeeper batsmen in India but the best young batsman in India! Anyone up for debate? എന്നായിരുന്നു ആദ്യ ട്വീറ്റ്. ഒരാഴ്ചയ്ക്ക് ശേഷം ഒന്നുകൂടി ,Sanju Samson doesn’t need to be next anyone. He will be ‘the’ Sanju Samson of Indian Cricket. ഇതിനെല്ലാം കാരണമായത് പഞ്ചാബ് കിങ്സിനെതിരായ ഇന്നിങ്സാണ്, 224 റണ്‍സ് പിന്തുടരവെ 42 പന്തില്‍ 85 റണ്‍സുമായി കളിയിലെ താരമായത് സഞ്ജുവായിരുന്നു.
ശ്രീലങ്കയ്ക്ക് എതിരായ ഒരു മത്സരത്തിന് ശേഷം ന്യൂസിലൻഡ് പര്യടനത്തില്‍ അഞ്ചി ടി20കളില്‍ രണ്ട് എണ്ണം. ഈ മൂന്ന് അവസരത്തിലും സഞ്ജുവിന് പ്രതീക്ഷിക്കൊത്ത് തിളങ്ങാൻ കഴിഞ്ഞില്ല. പിന്നാലെ നടന്ന ഓസ്ട്രേലിയൻ പര്യടനത്തില്‍ പൂര്‍ണസ്വാതന്ത്ര്യം വലം കയ്യൻ ബാറ്റര്‍ക്ക് നല്‍കി മാനേജ്മെന്റ്, 23, 15, 10 എന്നിങ്ങനെയായിരുന്നു സ്കോര്‍.
2021ല്‍ ഇന്ത്യ 12 ടി20 മത്സരങ്ങളാണ് കളിച്ചത്, സഞ്ജു ഭാഗമായത് മൂന്ന് മത്സരങ്ങളില്‍, ശ്രീലങ്കയ്ക്ക് എതിരെ. ലങ്കൻ പര്യടനത്തിലും സഞ്ജുവിന് തിളങ്ങാൻ കഴിയാതെ പോയി. ഇതുവരെയുള്ള സഞ്ജുവിന്റെ എല്ലാ മത്സരങ്ങളും വിദേശത്തായിരുന്നു. ആദ്യമായി സഞ്ജുവൊരു അന്താരാഷ്ട്ര ടി20 ഇന്ത്യയില്‍ കളിക്കുന്നത് 2022ലാണ്, 40 ടി20കളാണ് ആ വര്‍ഷം ഇന്ത്യ കളിച്ചത്. അഞ്ച് മത്സരങ്ങളിലാണ് സഞ്ജുവിനെ പരിഗണിച്ചത്. അഞ്ചിലും സഞ്ജു നിരാശപ്പെടുത്തിയില്ല, 179 റണ്‍സ് നേടി.
പക്ഷേ, ശേഷം നടന്ന ടി20 ലോകകപ്പില്‍ സഞ്ജുവിന് സ്ഥാനമുണ്ടായില്ല. 2023ലും പരമ്പരകളിലെ ചുരുക്കം മത്സരങ്ങളില്‍ സഞ്ജുവിന്റെ കരിയര്‍ ഒതുങ്ങി. ടീമില്‍ തനിക്ക് കൃത്യമായൊരു സ്ഥാനം ലഭിക്കുമെന്നുറപ്പില്ലാതെ ഗസ്റ്റ് റോളില്‍ എട്ട് വര്‍ഷങ്ങള്‍. 2024 ലോകകപ്പ് ടീമില്‍ ഭാഗമായെങ്കിലും അവസരം ലഭിച്ചില്ല. എങ്കിലും രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും പടിയിറക്കം സഞ്ജുവിന് സ്ഥിരസാന്നിധ്യം ഒരുക്കിക്കൊടുത്തു.
ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നേടിയ സെഞ്ചുറികള്‍ അത് ശരിവെക്കുകയും ചെയ്തു. എല്ലാം ശരിയായ ദിശയിലെന്ന് തോന്നിച്ചപ്പോഴാണ് ശുഭ്മാൻ ഗില്ലിന്റെ രണ്ടാം വരവും പിൻനിരയിലേക്ക് ഇറങ്ങേണ്ടി വന്നതും. ഗില്ലിന്റെ അഭാവത്തില്‍ മാത്രമാണ് സഞ്ജു ഓപ്പണറായതെന്ന് അഗാര്‍ക്കറിന്റെ പ്രഖ്യാപനവും വന്നു. ഒരു തരത്തില്‍ സഞ്ജുവിന്റെ നേട്ടങ്ങളെ റദ്ദ് ചെയ്യുകയായിരുന്നു അഗാര്‍ക്കര്‍.
പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒറ്റ ഇന്നിങ്സ് ലോകകപ്പ് ടീമില്‍ എത്തിക്കുന്നു, പിന്നാലെ ന്യൂസിലൻഡ് പരമ്പരയില്‍ അമ്പേ പരാജയം...തീര്‍ന്നുവെന്ന് കരുതിയ ഇടത്തുനിന്ന് സംഭവിച്ചതൊക്കെയും ക്രിക്കറ്റ് ഉള്ളടിത്തോളം കാലം ഓര്‍മിക്കുന്ന ഇന്നിങ്സുകളായിരുന്നു, ചരിത്രത്തിലെ ഏറ്റവും വലിയ കംബാക്ക്. ഇനി സഞ്ജുവിന്റെ സ്ഥാനത്തില്‍ ചോദ്യമുയരില്ല എന്ന് തോന്നിച്ചപ്പോഴാണ് ഒരിക്കല്‍ക്കൂടി പുറത്തിരിക്കേണ്ടി വന്നത്. വൈഭവിനായി വഴിമാറിക്കോടുക്കേണ്ട സാഹചര്യമുണ്ടായതും.
സഞ്ജുവിന്റെ ടി20 കരിയര്‍ മുഴുവനായും പരിശോധിച്ചാല്‍ ഒരു പീക്ക് കണ്‍സിസ്റ്റൻസി കാണാൻ കഴിഞ്ഞേക്കില്ല. പക്ഷേ, അതിനൊരു മറുവശം കൂടിയുണ്ട്, സഞ്ജുവില്‍ എത്രകാലം ടിം മാനേജ്മെന്റ് വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട് എന്ന ചോദ്യം. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം കൊടുക്കാനായി മാത്രം ടീമില്‍ എത്തിയിരുന്ന ബാറ്റര്‍. സൂര്യകുമാര്‍ യാദവിന്റെ കീഴിലാണ് സഞ്ജുവിന്റെ കരിയറിനൊരു കിക്കോഫ് പോലും ലഭിച്ചത്, അതും അരങ്ങേറിയിട്ട് ഒരു പതിറ്റാണ്ട് ആകുമ്പോള്‍. അവസരം കാര്യമായി ലഭിച്ചാല്‍ അല്ലെ കണ്‍സിസ്റ്റൻസി തെളിയിക്കാനാകുവെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.
ഇനി പുറത്താകുന്ന രീതികളും ഷോട്ടുകളും, സഞ്ജു പ്രതിരോധത്തിന് മുതിര്‍ന്ന് പുറത്തായ ചുരുക്കം സാഹചര്യങ്ങളെ ഉദാഹരിക്കാൻ പോലുമുണ്ടാകു. ഫിയര്‍ലെസായി കളിക്കുക എന്നതാണ് നിലപാട്, അതില്‍ നിന്ന് പിന്നോട്ട് പോകാൻ തയാറായിട്ടുമില്ല, തയാറാകുകയുമില്ലെന്നാണ് അയാള്‍ വ്യക്തമാക്കുന്നതും. I take the chances knowing that if I fail again, I will be facing a lot of noise again, But I think that is the way we are built here in Indian cricket, and I just go out there and try to score maximum and contribute.
അഫ്ഗാനിസ്ഥാനെതിരായ അര്‍ദ്ധ ശതകം സഞ്ജുവിന്റെ സ്ഥാനത്തിനുറപ്പ് നല്‍കുന്നതാണോയെന്ന് ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരമില്ല. അടുത്ത പരമ്പരയിലേക്ക് മാത്രമൊരു ഉറപ്പെന്ന് പറയാം. മല്ലിടേണ്ടത് വൈഭവ് സൂര്യവംശിയോടാണ്, പോരാട്ടം തുടരും..


