നീന്തല്‍ക്കുളത്തില്‍ നിന്ന് ഫുട്ബോള്‍ ഗ്രൗണ്ടിലേക്ക്; ബ്രസീല്‍ ഫുട്ബോളിലെ ആദ്യ സൂപ്പര്‍ നായകന്‍ പ്രഗ്യൂഞ്ഞോ

By Dhanesh DamodaranFirst Published Aug 31, 2022, 6:57 PM IST
Highlights

ബ്രസീൽ ഒരു ലോകകപ്പ് കിരീടം നേടി വർഷം 20 ആകുന്നു.ഖത്തറിൽ വീണ്ടുമൊരു ലോക കിരീടം ലക്ഷ്യമിട്ടാണ് ബ്രസീൽ വരുന്നത്. ലിയോണിദാസും പെലെയും ഗാരിഞ്ചയും റൊണാൾഡോയും നെയ്മറും  അടങ്ങുന്ന ബ്രസീൽ ലോകകപ്പ് ഫുട്ബോൾ ഇതിഹാസങ്ങളിലെ ആദ്യപേരിനെ  പക്ഷേ അധികമാർക്കും അറിയാൻ സാധ്യതയില്ല.

"ഞാൻ 100 ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എന്നിട്ടും നാട്ടിൽ അറിയപ്പെടുന്നത് അവന്‍റെ പിതാവ് എന്ന നിലയിലാണ്. നെറ്റോ എന്ന ബ്രസീലുകാരൻ എഴുത്തുകാരനാണ്, കവിയാണ്, രാഷ്ട്രീയക്കാരനാണ്. എന്നാൽ ഫുട്ബോൾ കളിക്കാരനായ അയാളുടെ മകൻ ഒരു ജനതയുടെ വികാരമായിരുന്നു.

ലോകകപ്പ് ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗവും ഓർക്കുന്ന ടീം ബ്രസീൽ തന്നെയാകും. 1938 മുതൽ എല്ലാ ടൂർണ്ണമെന്‍റുകളിലും കിരീട പ്രതീക്ഷ ഉയർത്തിയ ടീമായ ബ്രസീൽ തന്നെയാണ് എല്ലാ ലോകകപ്പുകളിലും സാന്നിധ്യമായ ഒരേയൊരു ടീമും.ഏറ്റവുമധികം ലോകകപ്പ് കിരീടങ്ങൾങ്ങൾക്കുടമയും മറ്റാരുമല്ല. എത്രയെത്ര കളിക്കാർ? എത്രയെത്ര നായകർ?

ബ്രസീൽ ഫുട്ബോളിന് വലിയ കഥകൾ പറയാനുണ്ടെങ്കിലും 1900 ങ്ങളുടെ അന്ത്യത്തിലാണ് ബ്രസീലിൽ ഫുട്ബോൾ ഒരു തരംഗമാകുന്നത്. 1914 ൽ മാത്രമാണ് ബ്രസീലിൽ ഒരു ഫുട്ബോൾ കോൺഫഡറേഷൻ തന്നെ രൂപം കൊള്ളുന്നത്. പിന്നാലെ ഒരു ദേശീയ ടീമും. 1930 ലെ ആദ്യ ലോകകപ്പ് വരുമ്പോൾ ബ്രസീൽ കാര്യമായി ഒരു ഫുട്ബോൾ ശക്തിയേ അല്ലായിരുന്നു. സത്യത്തിൽ ആദ്യ ലോകകപ്പിന് ഉറുഗ്വെക്ക് പകരം  വേദി മറ്റേതെങ്കിലും യൂറോപ്യൻ രാജ്യമായിരുന്നെങ്കിൽ ആദ്യ ലോകകപ്പിൽ ബ്രസീൽ സാന്നിധ്യം ഉണ്ടാകുമായിരുന്നില്ല.

ബ്രസീൽ ഒരു ലോകകപ്പ് കിരീടം നേടി വർഷം 20 ആകുന്നു.ഖത്തറിൽ വീണ്ടുമൊരു ലോക കിരീടം ലക്ഷ്യമിട്ടാണ് ബ്രസീൽ വരുന്നത്. ലിയോണിദാസും പെലെയും ഗാരിഞ്ചയും റൊണാൾഡോയും നെയ്മറും  അടങ്ങുന്ന ബ്രസീൽ ലോകകപ്പ് ഫുട്ബോൾ ഇതിഹാസങ്ങളിലെ ആദ്യപേരിനെ  പക്ഷേ അധികമാർക്കും അറിയാൻ സാധ്യതയില്ല.

ആരാണ് ലോക ഫുട്ബോളിലെ ആ ഒറ്റക്കയ്യന്‍ ദൈവം

1930 ലെ  ആദ്യ ലോകകപ്പിൽ അവരുടെ നായനും സ്ട്രൈക്കറുമായ പ്രഗ്യൂഞ്ഞോ  തന്നെയാണ് അവർക്ക് വേണ്ടി ആദ്യ ടൂർണമെന്‍റില്‍  ഏറ്റവുമധികം ഗോളുകൾ നേടിയ താരവും. ബ്രസീലിനു വേണ്ടി  ലോകകപ്പിൽ കുറിക്കപ്പെട്ട ആദ്യ ഗോളിന്‍റെ ഉടമയും മറ്റാരുമല്ല. യൂഗോസ്ലാവ്യക്കെതിരെ ആദ്യ മാച്ചിൽ കാണികളുടെ പിന്തുണയ്ക്കായി ആതിഥേയരായ  ഉറുഗ്വെയുടെ പതാകയുമായി ഗ്രൗണ്ടിലെത്തിയ ബ്രസീൽ ടീം പക്ഷെ 30 മിനുറ്റിനകം 2 -0 ന് പിറകിലായി.  62 ആം  മിനിറ്റിൽ ഗോൾ നേടിയ പ്രഗ്യൂഞ്ഞോ ബ്രസീലിനായി ലോകകപ്പിലെ ആദ്യ  ഗോൾ നേടി ചരിത്രമായെങ്കിലും ടീം 2 -1 ന് പരാജയപ്പെട്ടു. 6 ദിവസങ്ങൾക്കു ശേഷം   ബൊളീവിയക്കെതിരെ  4-0 ന് ജയിച്ച മത്സരത്തിൽ  രണ്ടു ഗോളുകൾ കൂടി പ്രഗ്യൂഞ്ഞോ തന്‍റെ ഗോൾ നേട്ടം  മൂന്നിലെത്തി.

ഗ്രൂപ്പ് മാച്ചിൽ തങ്ങളുടെ രണ്ട് കളികളും ജയിച്ച് യൂഗോസ്ലാവിയ സെമിയിലേക്ക് കടന്നപ്പോൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തു പോകാനായിരുന്നു ബ്രസീലിന്‍റെ വിധി.ലോകകപ്പിന് മുൻപ് റിയോ ഡി ജനീറോ, സാവോ പോളോ ഫുട്ബോൾ അസോസിയേഷനുകൾ തമ്മിലുണ്ടായ ശീതസമരം കാരണം ഏറ്റവും മികച്ച ടീമിനെ ഇറക്കുവാൻ കഴിയാത്തതും കറുത്ത വർഗക്കാരായ മികച്ച താരങ്ങളെ തീർത്തും അവഗണിച്ചതും ബ്രസീലിന് തിരിച്ചടിയായി. സാവോപോളോ അസോസിയേഷൻ തങ്ങളുടെ കളിക്കാരെ വിലക്കിയതോടെ പ്രമുഖ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബ്രസീൽ ടീമിന്‍റെ ഉത്തരവാദിത്തം മുഴുവൻ പ്രഗ്യൂഞ്ഞോയുടെ ചുമലിലായി.

ഒരിക്കലും തകര്‍ക്കാനാകാത്ത സുവര്‍ണ ഗോള്‍ നേട്ടത്തിന്റെ ഓര്‍മ; ലോകകപ്പിലെ ആദ്യ ഗോളിനെ കുറിച്ച്

ഒരു ഫുട്ബോൾ താരമാകുന്നതിന് മുൻപ് 18 ആം വയസിൽ റിയോഡിജനീറോയിൽ 600 മീറ്റർ നീന്തൽ മത്സരത്തിൽ ചാംപ്യനായ പ്രഗ്യൂഞ്ഞോ പിന്നീട് 2 തവണ നേട്ടം ആവർത്തിച്ച് ഹാട്രിക് നേട്ടം തികച്ചതിന് പിന്നാലെയാണ് നീന്തൽക്കുളത്തിൽ നിന്നും കയറി ഫ്ളുമിനെൻസിന്‍റെ ജഴ്‌സി അണിഞ്ഞ്  ഫുട്ബോളിലേക്ക് കൂടു മാറിയത്. ഫുട്ബോളിലും നീന്തലിലും മാത്രമായിരുന്നില്ല, ബാസ്ക്കറ്റ് ബോളിലും ,ഡൈവിങ്ങിലും, റോളർ ഹോക്കിയിലും, റോവിങ്ങിലും ,ടേബിൾ ടെന്നിസിലും, അത് ലറ്റിക്സിലും, വോളിബോളിലും വാട്ടർ പോളോയിലും അടക്കമുള്ള ഗെയിമുകളിൽ തൻ്റെ സാന്നിധ്യമറിയിച്ച അതുല്യ വ്യക്തിത്വമായിരുന്നു പ്രഗ്യൂഞ്ഞോ.

 1979 ൽ 74 ആം വയസിൽ  മരണപ്പെട്ട പ്രഗ്യൂഞ്ഞോയുടെ  സ്മരണയ്ക്കായി അദ്ദേഹത്തിൻറെ ക്ലബ് ഫ്ളൂമിനെൻസ് ഒരു പ്രതിമ സ്ഥാപിച്ചത് വലിയ വാർത്തയായിരുന്നു. 1925 മുതൽ 38 വരെ  ഫ്ളൂമിനെൻസിനായി കളിച്ച പ്രഗ്യുഞ്ഞോ അവർക്കായി 184 ഗോളുകൾ നേടിയുണ്ട്. 14 വർഷത്തെ കരിയറിൽ തന്‍റെ ക്ലബ്ബിനായി 7 കിരീടങ്ങൾ നേടിയ പ്രഗ്യൂഞ്ഞോ ഭാര്യ മരിയ  ഗർഭിണിയായിരിക്കുമ്പോൾ തന്നെ ജനിക്കാൻ പോകുന്ന മകന് ക്ലബ്ബ് മെമ്പർഷിപ്പെടുത്തതും 1933 ൽ ക്ലബ്ബ് പ്രഫഷണൽ തലത്തിലെത്തിയപ്പോൾ താൻ  പണത്തിന് വേണ്ടിയല്ല ക്ലബ്ബിനായി കളിക്കുന്നതെന്ന പ്രസ്താവനയും അയാളുടെ സ്വന്തം ടീമിനോടുള്ള ആത്മബന്ധത്തിന്‍റെ തെളിവായിരുന്നു.

പിന്നീട് വന്ന ലിയോണിദാസും സിസിഞ്ഞോയും അടക്കമുള്ള കളിക്കാരുടെ ഒരു നീണ്ട നിര തന്നെ ഓരോ ലോകകപ്പിലും ബ്രസീലിന്‍റെ ലോകകപ്പ് കിനാവുകൾക്ക് ബലമേകാൻ ഉണ്ടായിരുന്നു.  പ്രഗ്യൂഞ്ഞോയിൽ നിന്നും നെയ്മറിലെത്തുന്ന ബ്രസീലിന്‍റെ  ലോകകപ്പ് സൂപ്പർ താരയാത്ര കൂടിയാണ് 2022 ലോകകപ്പ്.

click me!