വൈഭവ് മുതല്‍ ആരോണ്‍ വരെ; ഇവര്‍ നയിക്കും ഭാവി ഇന്ത്യയെ, 2025ലെ യുവതാരോദയങ്ങള്‍

Published : Dec 29, 2025, 04:00 PM IST
Vaibhav Suryavanshi

Synopsis

മറ്റേത് രാജ്യത്തിനും അവകാശപ്പെടാൻ കഴിയുന്നതിലുമധികം യുവതാരങ്ങള്‍ ഇന്ത്യക്കുണ്ട്. 2025 ആയിരുന്നു ആ ഉത്തരത്തിന് അടിസ്ഥാനമായത്. വൈഭവ് സൂര്യവംശിയില്‍ തുടങ്ങുന്നു പട്ടിക

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി ശോഭനമാണോ? ഇങ്ങനെയൊരു ചോദ്യം മുന്നിലെത്തിയാല്‍ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഉത്തരം പറയാൻ ആലോചനകളുടെയൊ ആശങ്കയുടെയോ ആവശ്യമില്ല. നിരത്തിവെക്കാം റൈഫിള്‍ ക്ലബ്ബിലിരിക്കുന്ന പടക്കോപ്പുകള്‍ക്ക് സമാനമായ ഒരു സംഘത്തെ തന്നെ. ഒരുപക്ഷേ, മറ്റേത് രാജ്യത്തിനും അവകാശപ്പെടാൻ കഴിയുന്നതിലുമധികം. 2025 ആയിരുന്നു ആ ഉത്തരത്തിന് അടിസ്ഥാനമായത്. വൈഭവ് സൂര്യവംശി, ആരോണ്‍ ജോ‍ര്‍ജ്, ആയുഷ് മാത്രെ, ദീപേഷ് ദേവേന്ദ്രൻ...പട്ടിക ചെറുതല്ല. ഈ വർഷം ഇന്ത്യൻ ക്രിക്കറ്റിലുണ്ടായ താരോദയങ്ങള്‍ ആരൊക്കെയെന്ന് പരിശോധിച്ചുവരാം

വൈഭവില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്ന് തുടങ്ങാനാണ്, ഓരോ ടൂർണമെന്റിലും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന 14 വയസുകരാൻ. ഡിസംബർ മാസം മാത്രം മൂന്ന് സെഞ്ചുറികളാണ് ആ ബാറ്റില്‍ നിന്ന് പിറന്ന്. സെയ്‌ദ് മുഷ്‌താഖ് അലിയിലും വിജയ് ഹസാരെ ട്രോഫിയിലും ബിഹാറിനായി, ഇന്ത്യക്കു വേണ്ടി അണ്ടർ 19 ഏഷ്യ കപ്പിലും. 61 പന്തില്‍ 108, 95 പന്തില്‍ 171, 84 പന്തില്‍ 190 എന്നിങ്ങനെയാണ് വൈഭവിന്റെ മൂന്ന് സെഞ്ചുറികള്‍. ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനായി ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തില്‍ നേടിയ ശതകത്തിന് ശേഷം വൈഭവിന്റെ കരിയറിന്റെ വേഗതയും ഉയര്‍ച്ചയും മോഹിപ്പിക്കുന്നതാണ്.

സെഞ്ചുറിക്കണക്കുകള്‍ നിരത്തിവെക്കുമ്പോഴും വൈഭവിന്റെ സ്ഥിരതയില്ലായ്മയാണ് വലിയ ചോദ്യമായി മുന്നിലുള്ളത്. പത്ത് ഇന്നിങ്സുകളുടെ ഇടവേളയിലാണ് വൈഭവ് ഈ മൂന്ന് സെഞ്ചുറിയും നേടിയത്. ഒരു അർദ്ധ സെഞ്ചുറി മാറ്റി നിർത്തിയാല്‍ മറ്റെല്ലാം ചെറിയ സ്കോറുകള്‍, അതും നിര്‍ണായക മത്സരങ്ങളില്‍. കാലം കടന്നുപോകുമ്പോള്‍ ഷഫാലി വര്‍മ കൈവരിച്ച പക്വത വൈഭവിലേക്കുമെത്തുമെന്ന് പ്രതീക്ഷിക്കാം. എങ്കില്‍ ലോകക്രിക്കറ്റ് സാക്ഷ്യം വഹിക്കാൻ പോകുന്നത് പ്രവിച്ചിക്കാൻ പോലും കഴിയാത്ത പവർ ഹിറ്റിങ് ഡിസ്‌പ്ലെ ആയിരിക്കും.

മലയാളി താരം ആരോണ്‍ ജോര്‍ജ്. വൈഭവിനെ പോലും സൈഡാക്കിയായിരുന്നു അണ്ടർ 19 ഏഷ്യ കപ്പിലെ ആരോണിന്റെ പ്രകടനം. മധ്യനിരയില്‍ എങ്ങനെ ഇന്നിങ്സ് ആങ്കര്‍ ചെയ്യണമെന്ന് ആരോണ്‍ തെളിയിക്കുകയായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 228 റണ്‍സായിരുന്നു നേട്ടം. യുഎഇ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായി അര്‍ദ്ധ സെഞ്ചുറികള്‍. 76 ശരാശരിയിലും 104 സ്ട്രൈക്ക് റേറ്റിലുമായിരുന്നു ആരോണ്‍ ബാറ്റ് ചെയ്തത്. സ്ഥിരതയാര്‍ന്ന പ്രകടനം തുറന്നുകൊടുത്തത് അണ്ടര്‍ 19 ലോകകപ്പിലേക്കുള്ള എൻട്രിയും.

സമീപകാലത്ത് ഇന്ത്യൻ കുപ്പായത്തില്‍ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആയുഷ് മാത്രെ ഇന്ത്യൻ ക്രിക്കറ്റിലെ നെക്‌സ്റ്റ് ബിഗ് തിങ്ങുകളിലൊന്നാണെന്ന് പറയാം. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നതും മാത്രെ തന്നെയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനായി ഫിയര്‍ലെസായി കളിച്ച മാത്രെ, സെയ്‌ദ് മുഷ്‌താഖ് അലിയില്‍ മുംബൈക്കായി രണ്ട് സെഞ്ചുറിയുള്‍പ്പെടെ ആറ് കളികളില്‍ നിന്ന് 325 റണ്‍സ് നേടിയിരുന്നു. എന്നാല്‍ പിന്നാലെ നടന്ന, അണ്ടര്‍ 19 ഏഷ്യ കപ്പില്‍ 65 റണ്‍സായിരുന്നു അഞ്ച് കളികളിലെ സമ്പാദ്യം. ജനുവരിയില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ മാത്രെയ്ക്ക് ഏറെ തെളിയിക്കാനുണ്ട്.

മറ്റൊരു വാഗ്ദാനമാണ് പതിനേഴുവയസുകാരൻ അഭിഖ്യാൻ കുണ്ടു. മലേഷ്യക്കെതിരെ 125 പന്തില്‍ 209 റണ്‍സായിരുന്നു അണ്ടർ 19 ഏഷ്യ കപ്പില്‍ അഭിഖ്യാൻ നേടിയത്. ടൂർണമെന്റിലെ ഇന്ത്യയുടെ ടോപ് സ്കോററായതും ഇടം കയ്യൻ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു. നാല് ഇന്നിങ്സുകളില്‍ നിന്ന് 276 റണ്‍സായിരുന്നു നേട്ടം. പഞ്ചാബില്‍ നിന്നുള്ള 18 വയസുകാരനായ വിഹാൻ മല്‍ഹോത്രയിലും പ്രതീക്ഷ അർപ്പിക്കാം.

ദീപേഷ് ദേവേന്ദ്രൻ, അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ആയുഷ് മാത്രെയുടെ വജ്രായുധം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍. പട്ടികയില്‍ ഒന്നാമത്. മലേഷ്യക്കെതിരെ അഞ്ച് വിക്കറ്റ്. ചാമ്പ്യന്മാരായ പാക്കിസ്ഥാനെതിരെ രണ്ട് കളികളിലായി ആറ് വിക്കറ്റുകള്‍. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ ഏഴ് ഓവറില്‍ കേവലം 16 റണ്‍സ് വിട്ടുകൊടുത്തായിരുന്നു മൂന്ന് പാക്കിസ്ഥാൻ ബാറ്റര്‍മാരെ മടക്കിയത്. ഇന്ത്യക്കായി അണ്ടര്‍ 19നില്‍ കഴിഞ്ഞ പത്ത് മത്സരങ്ങളിലും വിക്കറ്റ് നേടാൻ ദീപേഷിനായിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റില്‍ ബ്രിസ്ബനില്‍ രണ്ട് ഇന്നിങ്സുകളിലായി എട്ട് വിക്കറ്റായിരുന്നു നേട്ടം. ഖിലാൻ പട്ടേല്‍, കൻഷിക് ചൗഹാൻ തുടങ്ങിയവരും മികവ് പുലര്‍ത്തിയവരാണ്.

PREV
Read more Articles on
click me!

Recommended Stories

ഒന്നും എളുപ്പമായിരുന്നില്ല, കാര്യവട്ടത്ത് ഉദിച്ചുയർന്ന് സ്‌മൃതി; പതിനായിരത്തിന്റെ പകിട്ട്
ടെസ്റ്റില്‍ വീഴ്ച, രോ-കോയുടെ തിരിച്ചുവരവ്, പരീക്ഷണങ്ങള്‍; കിതച്ചും കുതിച്ചും ഇന്ത്യയുടെ 2025