
ചെന്നൈ: ക്രിക്കറ്റ്, ഫുട്‌ബോള്‍, ടെന്നിസ് തുടങ്ങിയ കായിക മേഖലകളില്‍ നിന്നുള്ള താരങ്ങളെ പോലെ ഒരു ഗ്ലാമര്‍ ലോകമല്ല അത്‌ലറ്റുകള്‍ക്കെന്ന് പലപ്പോഴും തെളിഞ്ഞതാണ്. ഇന്ത്യയിലെ അത്‌ലറ്റുമാരുടെ സാഹചര്യം എത്രത്താളം ദാരിദ്ര്യം നിറഞ്ഞതാണെന്ന് ഓരോ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റും നമ്മളോട് പറയാറുണ്ട്. ഇതാ മറ്റൊരു ഉദാഹരണം കൂടി മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക്. ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ ഗോമതി മാരിമുത്തുവാണ് കരളലിയിപ്പിക്കുന്ന കഥയുമായി മുന്നിലെത്തുന്നത്.
സ്വര്‍ണം നേടി തിരുച്ചിയിലെ വീട്ടിലെത്തുമ്പോള്‍ ഗോമതിയുടെ കണ്ണുനിറഞ്ഞത് സ്വീകരിക്കാനായി തടിച്ചുക്കൂടിയ നാട്ടുകാരെ കണ്ടിട്ടല്ല. സ്വര്‍ണനേട്ടം കായികതാരമായി വളര്‍ത്തി വലുതാക്കിയ അച്ഛനില്ലല്ലൊ എന്നോര്‍ത്തിട്ടാണ്. പിന്നീട് നേട്ടങ്ങളെക്കാള്‍, നേരിട്ട കഷ്ടതകളെ കുറിച്ചാണ് കണ്ണുനനഞ്ഞുക്കൊണ്ട് പറഞ്ഞുതുടങ്ങിയത്. അത്ര അനായാസം മനസിലാക്കാവുന്ന സാഹചര്യമല്ല ഗോമതിയുടേത്. കഥ പറഞ്ഞ് തുടങ്ങുമ്പോള്‍ അച്ഛന്‍ മാരിമുത്തുവില്‍ നിന്ന് തന്നെ തുടങ്ങണം.
തിരുച്ചിയിലെ മുതിക്കണ്ടം എന്ന ഗ്രാമത്തില്‍ കൃഷിയിറക്കി ജീവിക്കുന്ന ആറംഗ കുടുംബമായിരുന്നു ഗോമതിയുടേത്. നാല് മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു ഗോമതി. ആ ഗ്രാമത്തില്‍, അങ്ങനെ ഒരു സാഹചര്യത്തില്‍ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്നു കാലം. അന്നൊക്കെ അച്ഛനായിരുന്നു കുഞ്ഞു താരത്തിന്റെ കരുത്ത്. എന്നാല്‍ ഒരു വാഹനാപകടത്തില്‍ അച്ഛന് പരിക്കേറ്റതോടെ കാര്യങ്ങളെല്ലാം അവതാളത്തിലായി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഗോമതിയുടെ പരിശീലനം വേറെയും.
ഗോമതി പറഞ്ഞ് തുടങ്ങി.., അച്ഛന് സ്വന്തമായുണ്ടായിരുന്ന ടിവിഎസായിരുന്നു ഒരു രക്ഷ. അതിരാവിലെ പരിശീലനത്തിന് അച്ഛന്‍ തന്നെ അതില്‍ കൊണ്ടുപോകും. ആകെ കുറച്ച് ഭക്ഷണമുണ്ടാക്കുന്നതില്‍ നിന്ന് കുറച്ച ഭക്ഷണം ഗോമതിക്കുള്ളതാണ്. ഇതോടെ അച്ഛന് ഭക്ഷണമുണ്ടാവില്ല. പലപ്പോഴും അഞ്ചംഗ കുടുംബത്തിന് ഇത് തികയുമായിരുന്നില്ല. പരിശീലനത്തിന് പോകുന്നതിനാല്‍ എനിക്ക് കൂടുതല്‍ ഭക്ഷണം ആവശ്യമായിരുന്നു. അതും പോഷകാഹാരം. ഇത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
അതിലും പരിതാപകരമായിരുന്നു അച്ഛന്റെയും കുടുംബത്തിന്റെയും അവസ്ഥ. പലപ്പോഴും കന്നുകാലികള്‍ക്ക് കൊടുക്കുന്ന തവിട് കഴിച്ചാണ് അച്ഛന്‍ വിശപ്പകറ്റുക. വേദന നിറഞ്ഞ ആ കാലഘട്ടം പറഞ്ഞ് തീരും മുമ്പ് ഗോമതിയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു തുടങ്ങിയിരുന്നു. ജീവിതം അവിടെ കഴിഞ്ഞില്ല, മെഡലുമായി ഗോമതി നാട്ടിലെത്തുമ്പോള്‍ അത് കാണാന്‍ മാരിമുത്തു ഇന്നില്ല. ക്യാന്‍സര്‍ വന്ന് മാരിമുത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണത്തിന് കീഴടങ്ങി. ട്രാക്കില്‍ നില്‍ക്കുമ്പോള്‍ അച്ഛന്റെ മുഖം ഓര്‍മവരും. വിതുമ്പിക്കൊണ്ട് ഗോമതി പറയുന്നു, എന്റെ ദൈവമായിരുന്നു അച്ഛന്‍.