സ്നേഹം പഠിപ്പിച്ച ഒരമ്മ! നീരജ് ചോപ്രയുടെ അമ്മ വിമര്‍ശിക്കപ്പെടേണ്ടവരല്ല

Published : Apr 26, 2025, 12:51 PM ISTUpdated : Apr 26, 2025, 06:56 PM IST
സ്നേഹം പഠിപ്പിച്ച ഒരമ്മ! നീരജ് ചോപ്രയുടെ അമ്മ വിമര്‍ശിക്കപ്പെടേണ്ടവരല്ല

Synopsis

അർഷാദിന്റെ പൗരത്വവും വ്യക്തിത്വവുമാണ് അവരുടെ പ്രശ്നം. പഹല്‍ഗാം ഭീകരാക്രമണത്തോട് ചേര്‍ത്തുവായിക്കുകയാണ് അവര്‍

ഭരണകൂടങ്ങളും ചരിത്രവും ഭീകരതയും സൃഷ്ടിച്ച വിധ്വേഷത്തിന്റെയും ശത്രുതയുടേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് മാതൃസ്നേഹം ലോകത്തിന് കാണിച്ചുകൊടുത്ത അമ്മമാരെ ഓര്‍ക്കുന്നുണ്ടോ. 2024 ഓഗസ്റ്റ് ഒൻപത്, അന്ന് നേരം പുലര്‍ന്ന് അസ്തമിക്കുന്നതുവരെ ഇന്ത്യയും പാകിസ്ഥാനും ഒരു സൗഹൃദം ആഘോഷിച്ചു. നീരജ് ചോപ്രയുടേയും അര്‍ഷാദ് നദീമിന്റേയും. 

എന്നാല്‍ അന്ന് തിളക്കം അര്‍ഷാദിനും നീരജിനുമായുരുന്നില്ല. അത് സരോജ് ദേവിക്കും റസിയ പര്‍വീനുമായിരുന്നു. സരോജ് ദേവി അര്‍ഷാദും തന്റെ മകനാണെന്ന് പറഞ്ഞു, സ്വര്‍ണവും വെള്ളിയും നേടിയത് എന്റെ കുട്ടികളാണെന്ന് കൂട്ടിച്ചേര്‍ത്തു. നീരജ് അര്‍ഷാദിന്റെ സഹോദരനാണെന്നും അവന്റെ വളര്‍ച്ചയ്ക്കായി ഞാൻ പ്രാര്‍ഥിക്കാറുണ്ടെന്നും റസിയ പര്‍വീനും പറഞ്ഞുവെച്ചു.

ഈ അമ്മമാരുടെ വാക്കുകള്‍ നിശബ്ദതയിലേക്ക് തള്ളിവിട്ട ഒരുകൂട്ടരുണ്ട്. അവരുടെ ശബ്ദമിന്ന് ഉയരുകയാണ്. കാരണം മറ്റൊന്നുമല്ല, നീരജ് ചോപ്ര ക്ലാസിക്ക് ജാവലിൻ ഇവന്റില്‍ പങ്കെടുക്കാൻ അർഷാദിനെ നീരജ് ക്ഷണിച്ചതാണ് കാര്യം. അർഷാദിന്റെ പൗരത്വവും വ്യക്തിത്വവുമാണ് അവരുടെ പ്രശ്നം. പഹല്‍ഗാം ഭീകരാക്രമണത്തോട് ചേര്‍ത്തുവായിക്കുകയാണ് അവര്‍. ഇതെല്ലാം ഒത്തിണക്കി നീരജിനെ രാജ്യദ്രോഹിയാക്കാനുള്ള തിടുക്കമാണ് അവര്‍ കാണിക്കുന്നത്.

നീരജിനെ മാത്രമല്ല ഇക്കൂട്ടര്‍ ലക്ഷ്യം വെക്കുന്നത്. നീരജിന്റെ അമ്മ സരോജ് ദേവിയുടെ വാക്കുകളേയും ഇന്നവര്‍ കുരിശിലേറ്റുകയാണ്. അവരുടെ സ്നേഹവാക്കുകളെ ആഘോഷിക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികയും മുൻപാണിതെന്ന് ഓര്‍ക്കണം. അറുതിയില്ലാത്ത അധിക്ഷേപവാക്കുകളാണ് നീരജിന്റെ അമ്മയെ തേടിയെത്തുന്നത്. അവരുടെ കുടുംബത്തിന്റെ അഭിമാനത്തേപ്പോലും ചോദ്യം ചെയ്യുകയാണ് സമൂഹ മാധ്യമങ്ങളില്‍. ഇതൊക്കെയാണ് രാജ്യസ്നേഹമെന്നും തങ്ങള്‍ മാത്രമാണ് രാജ്യസ്നേഹികളെന്നും കരുതുന്നവര്‍.

ഒടുവില്‍ നീരജിന് തന്നെ ശബ്ദമുയര്‍ത്തേണ്ടി വന്നു. നീരജ് ചോപ്ര ക്ലാസിക്കിലൂടെ താൻ ഉദ്ദേശിക്കുന്നതെന്താണെന്ന് കുറിപ്പിലൂടെ നീരജ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച അത്ലീറ്റുകളെ ഇന്ത്യയിലെത്തിക്കുകയാണ് ലക്ഷ്യം. ലോകോത്തര ഇവന്റുകളുടെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും നീരജ് പറഞ്ഞു. പഹല്‍ഗാം സംഭവത്തിലെ തന്റെ വേദനയും നീരജ് കുറിപ്പിലെഴുതി.

തന്നെ ലക്ഷ്യം വെക്കുന്നവര്‍ക്ക് മുന്നില്‍ ഇതെല്ലാം വിശദീകരിക്കേണ്ടി വന്നല്ലോ എന്ന വേദനയും നീരജ് പങ്കുവെച്ചു. അന്ന് നിങ്ങളെന്റെ അമ്മയെ വാഴ്ത്തി, അതേ നിങ്ങളിന്ന് എന്റെ അമ്മയെ തള്ളിപ്പറയുന്നു, അവര്‍ പറഞ്ഞ വാക്കുകളെ ആക്രമിക്കുന്നു. ഞാൻ പ്രതികരിക്കുന്നില്ലെന്ന് കരുതി തെറ്റായ വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിക്കരുത്, കുറിപ്പില്‍ നീരജ് പറയുന്നു. 

ഇതാദ്യമായല്ല അര്‍ഷാദ്-നീരജ് സൗഹൃദം മതത്തിന്റേയും രാജ്യത്തിന്റേയും പേരില്‍ വെറുപ്പ് പടര്‍ത്താൻ ശ്രമിക്കുന്നവര്‍ ഉപയോഗിക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സിലായിരുന്നു ഇതിന്റെ ഭീകരമായൊരു ഉദാഹരണം കണ്ടത്. അന്ന് അര്‍ഷാദ് മത്സരിക്കാൻ ഉപയോഗിച്ചത് നീരജിന്റെ ജാവലിനായിരുന്നു. എന്നാല്‍, നീരജിന്റെ ജാവലിനില്‍ അര്‍ഷാദ് കൃത്രിമം നടത്തിയെന്ന വാദവുമായി ഇവരെത്തി. വലിയ തോതില്‍ പ്രചരിപ്പിച്ചു. അന്ന് സമൂഹ മാധ്യമങ്ങളില്‍ അര്‍ഷാദ് വെറുപ്പിന്റെ ഇരയായി മാറി.

പക്ഷേ, നിരജ് അന്ന് കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്. അര്‍ഷാദ് തന്റെ ജാവലിൻ ഉപയോഗിച്ചതില്‍ തെറ്റില്ല. വൃത്തികെട്ട അജണ്ടകള്‍ക്കായി എന്റെ പേര് ഉപയോഗിക്കരുതെന്ന താക്കീതും നീരജ് അന്ന് നല്‍കി. ബുഡപാസ്റ്റില്‍ അര്‍ഷാദിനെ ചേര്‍ത്തു നിര്‍ത്തിയ നീരജ്, അര്‍ഷാദ് സ്വര്‍ണം നേടിയപ്പോള്‍ കഠിനാധ്വാനത്തെ അഭിനന്ദിച്ച നീരജ്. അര്‍ഷാദിന്റെ തളര്‍ച്ചകളില്‍ ഒപ്പം നിന്ന നീരജ്. എന്നും തന്റെ സുഹൃത്താണ് സഹോദരനാണ് നീരജെന്ന് പറയുന്ന അര്‍ഷാദ്. 

ഈ സൗഹൃദത്തിനിടയിലേക്കാണ് ശത്രുത നിറയ്ക്കാൻ ശ്രമം നടക്കുന്നത്. എൻ സി ക്ലാസിക്കില്‍ അര്‍ഷാദ് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ആൻഡേഴ്സണ്‍ പീറ്റേഴ്‌സ്, തോമസ് റോളര്‍, ജൂലിയസ് യെഗൊ, ക‍ര്‍ട്ടിസ് തോംസണ്‍ തുടങ്ങിയ ലോകോത്തര താരങ്ങള്‍ ഇവന്റില്‍ പങ്കെടുക്കും. 

നീരജിനേയും അര്‍ഷാദിനേയും അവരുടെ കുടുംബങ്ങളേയും ആക്രമിക്കാൻ തുനിയുന്നവര്‍ക്ക് ഓര്‍ക്കാം. ഇരുരാജ്യങ്ങളും സാക്ഷ്യം വഹിച്ച ഏറ്റവും മികച്ച അത്‌ലീറ്റുകളാണ് രണ്ട് പേരും. അവര്‍ നേടിയ മെഡലുകളുടെ തിളക്കം നിങ്ങളുടെ വെറുപ്പിനെ മറയ്ക്കും, സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെ പുതിയ അധ്യായങ്ങള്‍ അവര്‍ ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കും.

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?