വൈഭവ് സംഭവം; പതിനാലാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി ചരിത്രം കുറിച്ച് വൈഭവ് സൂര്യവൻശി

Published : Apr 20, 2025, 01:22 PM ISTUpdated : Apr 20, 2025, 01:57 PM IST
 വൈഭവ് സംഭവം; പതിനാലാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി ചരിത്രം കുറിച്ച് വൈഭവ് സൂര്യവൻശി

Synopsis

എത്രയൊക്കെ പ്രതിഭയുണ്ടായാലും ലോകത്തെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് ലീഗില്‍ ഒരു പതിനാലുകാരൻ വന്ന് എന്ത് ചെയ്യാനാണ് എന്നായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും അന്ന് ചോദിച്ചത്. അതിനുള്ള ഉത്തരമായിരുന്നു വൈഭവ് നേരിട്ട ആദ്യ പന്തില്‍ തന്നെ നല്‍കിയത്.

ജയ്പൂര്‍: പതിനാലാം വയസില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു, പത്താം ക്ലാസ് പരീക്ഷയെഴുതി അവധിക്കാലം അടിച്ചുപൊളിച്ച് കൂട്ടുകാര്‍ക്കൊപ്പം പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ച് നടക്കുകയായിരുന്നു എന്നായിരിക്കും ഉത്തരം. എന്നാല്‍ അതേ പതിനാലാം വയസില്‍ ഒരു ബീഹാറുകാരന്‍ പയ്യന്‍ ഐപിഎല്ലിന്‍റെ വിശാലമായ കളിമുറ്റത്ത് രാജസ്ഥാന്‍ റോയൽസിന്‍റെ പിങ്ക് ജേഴ്സിയും ധരിച്ച് ഷാര്‍ദ്ദുല്‍ താക്കൂറെന്ന ഇന്‍റര്‍നാഷണല്‍ ബൗളറുടെ ആദ്യ പന്ത് നേരിടാന്‍ ഗാര്‍ഡ് എടുക്കുയായിരുന്നു. അവന്‍റെ പേര് വൈഭവ് സൂര്യവന്‍ശി. ഐപിഎല്‍ താരലേലത്തില്‍ കോടിക്കിലുക്കത്തില്‍ രാജസ്ഥാൻ കൂടെ ചേര്‍ക്കും മുമ്പെ ആ പേര് രാജ്യം കേട്ടിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റില്‍ 58 പന്തില്‍ സെഞ്ചുറി തികച്ചപ്പോഴായിരുന്നു ഇന്ത്യൻ ആരാധകര്‍ ഇവനാരെടാ എന്ന ചോദ്യം ആദ്യമായി ചോദിച്ചത്.

പിന്നീട് അണ്ടര്‍ 19 ഏഷ്യാ കപ്പിലും മികവ് കാട്ടിയ വൈഭവിനെ ഒരു സംഭവമാക്കിയത് ഐപിഎല്‍ താരലേലമായിരുന്നു. താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ആദ്യ റൗണ്ടുകളില്‍ ആരും വിളിക്കാതിരുന്ന വൈഭവിനെ അവസാന റൗണ്ടില്‍ 1.10 കോടി മുടക്കി രാജസ്ഥാന്‍ ടീമിലെത്തിച്ചപ്പോള്‍ അന്തംവിട്ടത് വൈഭവ് മാത്രമായിരുന്നില്ല ക്രിക്കറ്റ് ലോകം തന്നെയായിരുന്നു.

'എനിക്ക് ഫിനിഷ് ചെയ്യാമായിരുന്നു, എന്‍റെ പിഴ'; തോല്‍വിക്കൊടുവില്‍ കുറ്റസമ്മതം നടത്തി റിയാൻ പരാഗ്

എത്രയൊക്കെ പ്രതിഭയുണ്ടായാലും ലോകത്തെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് ലീഗില്‍ ഒരു പതിനാലുകാരൻ വന്ന് എന്ത് ചെയ്യാനാണ് എന്നായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും അന്ന് ചോദിച്ചത്. അതിനുള്ള ഉത്തരമായിരുന്നു വൈഭവ് നേരിട്ട ആദ്യ പന്തില്‍ തന്നെ നല്‍കിയത്. ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുള്ള, ഈ ഐപിഎല്ലില്‍ ഏറ്റവും മികച്ച ഫോമിലുള്ള ഷാര്‍ദ്ദുല്‍ താക്കൂറെന്ന ഇന്‍റര്‍നാഷണല്‍ ബൗളർ, ഓഫ് സ്റ്റംപ് ലൈനിൽ ഗുഡ് ലെങ്‌ത്തിലെറിഞ്ഞ പന്തിനെ ലെഗ് സ്റ്റംപിലേക്ക് ചുവടൊന്ന് മാറ്റി എക്സ്ട്രാ കവറിനുമുകളിലൂടെ വൈഭവ് ഗ്യാലറിയിലേക്ക് പറത്തുമ്പോള്‍ അതുകൊണ്ട് അന്തംവിട്ടിരുന്നവരില്‍ സാധാരാണ കാണികള്‍ മുതല്‍ ക്രിക്കറ്റിലെ അതികായര്‍ വരെയുണ്ട്.

അവിടംകൊണ്ടും തീര്‍ന്നില്ല ആ വൈഭവം. ഇന്ത്യൻ കുപ്പായത്തില്‍ പന്തെറിഞ്ഞിട്ടുള്ള ആവേശ് ഖാനെയും തൊട്ടുപിന്നാലെ വൈഭവ് ഗ്യാലറിയിലേക്ക് പറത്തി ജയ്പൂരിനെ ത്രസിപ്പിച്ചു. തൊട്ടു പിന്നാലെ ഭാഗ്യം തുണച്ചെങ്കിലും ആദ്യ രണ്ട് ഷോട്ടുകളിലൂടെ തന്നെ വൈഭവ് ക്രിക്കറ്റ് ലോകത്തെ വലിയ സംഭവമായി കഴിഞ്ഞിരുന്നു. ഈ ഐപിഎല്ലില്‍ ഏറ്റവും മികച്ച ഇക്കോണമയില്‍ പന്തെറിയുന്ന ദിഗ്‌വേഷ് റാത്തിയെന്ന സ്പിന്നറെയായിയരുന്നു വൈഭവ് പിന്നീട് അതിര്‍വര കാട്ടികൊടുത്തത്.യശസ്വി ജയ്സ്വാളിനൊപ്പം 85 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടുയര്‍ത്തിയശേഷം ഏയ്ഡൻ മാര്‍ക്രത്തിന്‍റെ പന്തില്‍ പുറത്തായി മടങ്ങുമ്പോള്‍ വൈഭവ് ഒരു പതിനാലുകാരന്‍റെ നിഷ്കളങ്കതയോടെ വിതുമ്പുന്നുണ്ടായിരുന്നു. നേരിട്ട 20 പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്സും പറത്തി 34 റണ്‍സെടുത്തായിരുന്നു വൈഭവിന്‍റെ മടക്കം.

8 കളിയില്‍ 6 തോല്‍വി,രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചോ?; സാധ്യതകള്‍ ഇങ്ങനെ

താരോദയങ്ങള്‍ ഏറെക്കണ്ട ഐപിഎല്ലിലെ പുതിയ നക്ഷത്രമാകുമോ വൈഭവ് സൂര്യവന്‍ശി എന്ന പതിനാലുകാരൻ എന്നത് കാലം തെളിയിക്കേണ്ടതാണ്. അതെന്തായാലും ആദ്യം കിട്ടിയ അവസരത്തില്‍ തന്നെ തന്‍റെ കളി ശൈലികൊണ്ടും സമീപനംകൊണ്ടും ആരാധക ഹൃദയം കവര്‍ന്നാണ് അവന്‍ ക്രീസില്‍ നിന്ന് മടങ്ങുന്നത്. ഈ ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ കുറച്ചുനേരത്തേക്കെങ്കിലും ആവേശക്കൊടുമുടി കയറ്റാന്‍ ആ പതിനാലുകാരനായി എന്നതും ചെറിയ കാര്യമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടോപ് ഗിയറില്‍ രോഹിത് - കോഹ്‌ലി സഖ്യം; ഗംഭീറിന് ഇനിയും എന്താണ് വേണ്ടത്?
ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്