
അക്കീല്‍ ഹുസൈനിന്റെ ക്വിക്കർ ഡെലിവറി സഞ്ജു സാംസണിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുമ്പോള്‍ ഡഗൗട്ടില്‍ ഗൗതം ഗംഭീര്‍ നിശ്ചലനായിരുന്നു, വൈഭവ് സൂര്യവംശി കാത്തിരിക്കുന്നുണ്ടവിടെ...
സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രിയെക്കുറിച്ച് ഗംഭീര്‍ പറഞ്ഞതോര്‍ക്കുന്നില്ലെ, പരിശീലക കരിയറിലാദ്യമായി അയാള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട ദിവസമായിരുന്നു അത്. നാളെ എം എസ് ധോണിയുടെ മണ്ണില്‍ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20ക്ക് ഇന്ത്യ തയാറെടുക്കുമ്പോള്‍ നാളുകള്‍ക്ക് മുൻപ് അനുഭവിച്ച സംഘര്‍ഷം ഒരിക്കല്‍ക്കൂടി ഗംഭീറിനെ തേടെയെത്തും. സഞ്ജുവോ വൈഭവോ എന്ന ചോദ്യം.
അഫ്ഗാനിസ്ഥാനെതിരെ തുടരെ നേടിയ രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ സഞ്ജുവിനെ ഒരിക്കല്‍ക്കൂടി ഓപ്പണര്‍ സ്ഥാനത്ത് സുരക്ഷിതനാക്കി ഇരുത്തിയതാണ്. പക്ഷേ, പിന്നീട് സംഭവിച്ചതൊക്കെയും കരിയറിലൂടനീളം കണ്ട കാഴ്ചകളുടെ ആവര്‍ത്തനമായിരുന്നു. ജപ്പാനെതിരായ സൗഹൃദ മത്സരം മാറ്റിവെക്കാം, ബുദ്ധിമുട്ടേറിയ വിക്കറ്റില്‍ ബാറ്റെടുത്തവില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഏഷ്യൻ ഗെയിംസില്‍ അങ്ങനെയായിരുന്നില്ല.
വൈഭവിനേയും സഞ്ജുവിനെയും ഉള്‍പ്പെടുത്തിയായിരുന്നു വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യൻ ടീമിനെ കളത്തിലേക്ക് അയച്ചത്. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ ഏഷ്യൻ ഗെയിംസിലെ പ്രകടനമെടുത്താല്‍, ഇഷാൻ കിഷൻ രണ്ട് കളികളില്‍ 100 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 156. അഭിഷേക് ശര്‍മ 219 സ്ട്രൈക്ക് റേറ്റില്‍ 68. വൈഭവ് 53 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 176 ആയിരുന്നു. തിലക് വര്‍മ പാക്കിസ്ഥാനെതിരായ ഫൈനലില്‍ മാച്ച് വിന്നിങ് നോക്ക് പുറത്തെടുത്തു, ശ്രേയസിനും ദുബെയ്ക്കും ഡീസന്റ് നോക്കുകളുമുണ്ടായി.
രണ്ട് മത്സരങ്ങളിലും ബാറ്റ് ചെയ്തിട്ടും പത്ത് റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാൻ സാധിക്കാതെ പോയത് സഞ്ജുവിനും അക്സര്‍ പട്ടേലിനും മാത്രമാണ്. അക്സറാകട്ടെ ലോവര്‍ ഓര്‍ഡര്‍ ബാറ്ററും. ശ്രീലങ്കയ്ക്കെതിരെ ഒൻപത് പന്തില്‍ ഏഴ് റണ്‍സും, പാക്കിസ്ഥാനെതിരെ നാല് പന്തില്‍ രണ്ട് റണ്‍സുമാണ് സഞ്ജു നേടിയത്. രണ്ട് തവണ പുറത്തായതും ജഡ്ജ്മെന്റ് എറര്‍ മൂലമായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിലും സംഭവിച്ചത് അതു തന്നെയാണ്.
അക്കീല്‍ ഹുസൈന്റെ രണ്ട് പന്തുകളെ പ്രതിരോധിച്ചതിന് ശേഷം ബൗണ്ടറിക്കായി ഒരുങ്ങുകയായിരുന്നു സഞ്ജു. എന്നാല്‍, പന്തിന്റെ വേഗതയും വിക്കറ്റില്‍ നിന്ന് ഉണ്ടായ ബൗണ്‍സും സഞ്ജുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പുള്‍ ഷോട്ടിനുള്ള ശ്രമം അല്‍പ്പം വൈകിയതോടെ പന്ത് അക്കീലിന്റെ കൈകളിലേക്ക് തന്നെ എത്തി. സോഫ്റ്റ് ഡിസ്മിസല്‍. വിശ്വസിക്കാനാകാതെ മാത്രമല്ല, നിരാശയിലായിരുന്നു സഞ്ജുവിന്റെ മടക്കവും.
ഏഷ്യൻ ഗെയിംസും വിൻഡീസിനെതിരായ ആദ്യ ടി20യും മാത്രം വെച്ച് സഞ്ജുവിനെ പുറത്തിരുത്താൻ ഗംഭീര്‍ തയാറാകുമോ. സാധ്യത കുറവാണ്. കാരണം അഞ്ച് മത്സരങ്ങളുടെ പരമ്പരയാണിത്, സഞ്ജുവിനേയും വൈഭവിനേയും മാറി മാറി പരീക്ഷിക്കുകയായിരിക്കും ലക്ഷ്യം. വൈഭവിന്റെ സാന്നിധ്യം സഞ്ജുവിന്റെ സമ്മര്‍ദമേറ്റുന്ന ഘടകമാണെന്ന വിലയിരുത്തലുകള്‍ മുൻതാരങ്ങള്‍ നടത്തുന്നുണ്ട്. കാരണം, വൈഭവ് മികച്ച ഫോമിലാണ് ഏറെക്കാലമായി.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ സ്കോറുകളെടുത്താല്‍ 50, 20, 81, 38, 15 എന്നിങ്ങനെയാണ്. ഒരുതവണ പോലും ഒറ്റയക്കത്തില്‍ പുറത്തായിട്ടില്ല. സ്ട്രൈക്ക് റേറ്റ് 190. ടീമിന് മുൻഗണന കൊടുക്കുകയാണെങ്കില്‍ വൈഭവ് ഓപ്പണര്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. പക്ഷേ, സഞ്ജു ഇന്ത്യക്കായി ചെയ്തതൊക്കെയും പരിഗണിക്കുമ്പോള്‍ അവസരങ്ങള്‍ നല്‍കുന്നതിനെ തള്ളിപ്പറയാൻ കഴിയില്ല. പക്ഷേ, ഇവിടെ പ്രസക്തമായ മറ്റൊരു ചോദ്യമുണ്ട്. സഞ്ജുവിന്റെ ഒരു മികച്ച ഇന്നിങ്സിനായി വരുന്ന മത്സരങ്ങളുടെ സമയവും മറ്റുള്ളവരുടേതും.
2024 നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ജോഹന്നാസ്ബര്‍ഗില്‍ നേടിയ സെഞ്ചുറി. സഞ്ജുവിന്റെയൊരു 30 പ്ലസ് സ്കോര്‍ പിന്നീട് വരുന്നത് ഏഷ്യ കപ്പില്‍ ഒമാനെതിരെയാണ്, അര്‍ദ്ധ സെഞ്ചുറി, അഞ്ച് മത്സരങ്ങളുടെ ഇടവേള. പിന്നീട് വന്ന രണ്ട് 30പ്ലസ് സ്കോറുകള്‍ക്കിടയിലും രണ്ട് മത്സരങ്ങള്‍ വീതമുണ്ട്. ശേഷം ഏഴ് മത്സരങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പില്‍ വിൻഡീസിനെതിരെ 97, ഇംഗ്ലണ്ടിനെതിരെ 89, ന്യൂസിലൻഡിനെതിരെ 89.
ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാനെതിരെയാണ് ആദ്യ അര്‍ദ്ധ സെഞ്ചുറി, അഞ്ച് മത്സരങ്ങളുടെ ഇടവേളയുണ്ട് ഇവിടെ. ഇപ്പോഴിതാ നാല് മത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇടവേളകളായി വരുന്ന കളികളിലെ സഞ്ജുവിന്റെ സ്കോറുകളില്‍ ഭൂരിഭാഗവും ഒറ്റയക്കമാണ്, മറ്റുള്ളതൊക്കെ 25ല്‍ താഴെയും. ഇവിടെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റിലുമല്ല സഞ്ജു പുറത്താകുന്നത്. ഇവിടെയാണ് സഞ്ജുവിന്റെ കേസില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന ഇൻകണ്‍സിസ്റ്റൻസി.
മറുവശത്ത് വൈഭവിന്റെയോ ഇഷാന്റെയൊ അഭിഷേകിന്റെയൊ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കുന്നില്ല, ലോകകപ്പ് മാത്രമാണ് അഭിഷേകിന്റെ കരിയറിലെ ഒരു റഫ് പാച്ച് പോലും. താരമിപ്പോള്‍ ഫോം പൂര്‍ണമായും വീണ്ടെടുക്കുകയും ചെയ്തു. വീഴുമ്പോഴൊക്കെയും തിരിച്ചുവന്ന ചരിത്രമാണ് സഞ്ജുവിനുള്ളത്, അയാള്‍ അത് ആവര്‍ത്തിക്കെട്ട, ആ ഫോം തുടരട്ടെ. അല്ലെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ ഇനിയും തേടിവരാം.