
പരിശീലകന്‍ ജോര്‍ജ് ജീസസ് അവഗണിച്ചതില്‍ പ്രതിഷേധിച്ച് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാമ്പില്‍ നിന്ന് ഇറങ്ങിപ്പോയ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്രഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നു എന്ന സൂചന ശക്തമാകുന്നു. ക്രിസ്‌റ്റിയാനോയെ ബെഞ്ചിലിരുത്തി അപമാനിച്ച കോച്ച് ജോര്‍ജ് ജീസസിന്റെ നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്. അഞ്ച് ലക്ഷത്തോളം പേര്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ ഇന്‍സ്‌റ്റഗ്രാം പേജ് അണ്‍ഫോളോ ചെയ്‌തു.
പോര്‍ച്ചുഗലിലെ മാധ്യമങ്ങളും ഫുട്‌ബോള്‍ ആരാധകരും ക്രിസ്‌റ്റിയാനോയുടെ പക്ഷം പിടിച്ചും എതിര്‍ത്തും രംഗത്തുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പോര്‍ച്ചുഗല്‍ എന്ന രാജ്യം ഇപ്പോള്‍ ക്രിസ്‌റ്റിയാനോയെ ചൊല്ലി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒരു ഫുട്‌ബോള്‍ താരം ദേശീയ ടീം ക്യാമ്പ് വിട്ടുപോയാല്‍ ഇതുപോലെ ഒരു രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്‌നമായി മാറിയതായി ചരിത്രമുണ്ടോ. ഇപ്പോഴതും സംഭവിച്ചു. ക്രിസ്‌റ്റിയാനോയെ അനുനയിപ്പിക്കാനും പ്രശ്‌നം രമ്യമായി പരിഹരിക്കാനും പോര്‍ച്ചുഗലര്‍ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നു.
പോര്‍ച്ചുഗല്‍ കോച്ച് ജോര്‍ജ് ജീസസുമായി പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് ദീര്‍ഘനേരം സംസാരിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുമായും പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ ചര്‍ച്ച നടത്തിയെന്നാണ് സൂചന. പ്രശ്‌ന പരിഹാരത്തിന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോന്‍സയോട് കാര്യക്ഷമമായി ഇടപെടാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്‌തു.
യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ നോര്‍വെക്കെതിരായ മത്സരത്തില്‍ കളിക്കാന്‍ അനുവദിക്കാഞ്ഞതിനെ തുടര്‍ന്നാണ് ക്രിസ്‌റ്റിയാനോ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ക്യാമ്പ് വിട്ടത്. ക്രിസ്റ്റ്യാനോ ടീം ഹോട്ടല്‍ വിടുന്നതിന് തൊട്ടുമുമ്പ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോന്‍സ കൂടിക്കാഴ്‌ച നടത്തിയിരുന്നു. താരത്തെ അനുനയിപ്പിക്കാന്‍ വിമാനത്താവളം വരെ പെഡ്രോ പ്രോന്‍സ അനുഗമിച്ചെന്നാണ് വിവരം.
ക്രിസ്‌റ്റിയാനോ ഇനി പോര്‍ച്ചുഗല്‍ ടീമിലേക്ക് തിരിച്ചുവരാനും വരാതിരിക്കാനുമുള്ള സാധ്യത തുല്യമാണ്. അതേസമയം, ക്രിസ്‌റ്റിയാനോയുടെ ഐക്കോണിക് ഏഴാം നമ്പര്‍ ജഴ്‌സി റാഫേല്‍ ലിയാവോക്ക്‌് നല്‍കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം വിഷയം സങ്കീര്‍ണമാക്കുന്നതാണ്. ക്രിസ്‌റ്റിയാനോ ടീമില്‍ ഇല്ലാത്ത സമയത്തും ഏഴാം നമ്പര്‍ ജഴ്‌സി മറ്റ് കളിക്കാര്‍ ധരിച്ചിട്ടുണ്ട് എന്ന് വേണമെങ്കില്‍ കോച്ചിനും മാനേജ്‌മെന്റിനും പറയാം. കാര്‍ലോസ് ഫോബ്‌സ്, പെഡ്രോ നെറ്റോ, റികാര്‍ഡോ ക്വാരിസ്‌മ, നാനി എന്നിങ്ങനെ പല താരങ്ങളും ക്രിസ്റ്റ്യാനോയുടെ അഭാവത്തില്‍ ഏഴാം നമ്പര്‍ ജഴ്‌സി ധരിച്ച് ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്.
പക്ഷേ, ഇപ്പോള്‍ തിടുക്കപ്പെട്ട് ഏഴാം നമ്പര്‍ ജഴ്‌സിയിലേക്ക് റാഫേലിനെ കൊണ്ടുവരുന്നത് ക്രിസ്റ്റ്യാനോയ്‌ക്കുള്ള കോച്ചിന്റെ മറുപടിയാണ്. ഈ ടീമിന്റെ ലൈനപ്പ് തീരുമാനിക്കുന്നത് താനാണെന്ന് ജോര്‍ജ് ജീസസ് ക്രിസ്‌റ്റിയാനോയോട് മുഖത്ത് നോക്കി പറഞ്ഞിടത്ത് നിന്നാണ് ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. സൗദിയിലെ അല്‍ നസര്‍ ക്ലബ്ബില്‍ ക്രിസ്റ്റ്യാനോയുടെ പരിശീലകനായിരുന്ന ജോര്‍ജ് ജീസസിനെ പോര്‍ച്ചുഗല്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ക്രിസ്‌റ്റിയാനോയാണ്.
കരിയറില്‍ ആയിരം ഗോള്‍ നേടി വിരമിക്കാനാഗ്രഹിക്കുന്ന ക്രിസ്‌റ്റിയാനോയ്‌ക്ക് അനുകൂലമായ അന്തരീക്ഷം ടീമിനുള്ളില്‍ സൃഷ്ടിക്കുക എന്നതായിരുന്നു ജോര്‍ജ് ജീസസും ക്രിസ്‌റ്റിയാനോയും തമ്മിലുള്ള ധാരണ. ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുമായി സഹകരിക്കാത്ത സഹതാരങ്ങളെ ലോകം കണ്ടതാണ്. ജോര്‍ജ് ജീസസ് വരുന്നതോടെ ക്രിസ്‌റ്റിയാനോക്ക് കൂടുതല്‍ ഗോളുകള്‍ നേടാനുള്ള അവസരമൊരുങ്ങുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍, പതിയെ ടീമിനെ തന്റെ കൈപ്പിടിയിലാക്കിയ ജോര്‍ജ് ജീസസ് ക്രിസ്‌റ്റിയാനോയാണ് ടീമിലെ അധികപ്പെറ്റെന്ന രീതിയില്‍ കാര്യങ്ങള്‍ നീക്കിയതോടെ അന്തരീക്ഷം കലുഷിതമാവുകയായിരുന്നു.
2026 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ പോര്‍ച്ചുഗലിന്റെ പരിശീലക സ്ഥാനം റോബര്‍ട്ടോ മാര്‍ട്ടിനെസ് ഒഴിയുമ്പോള്‍ അദ്ദേഹം ഏറെ പഴികേട്ടത് ക്രിസ്റ്റ്യാനോയുടെ ഇഷ്ടപ്രകാരം കൂടുതല്‍ സമയം കളിക്കാന്‍ അനുവദിച്ചതിലായിരുന്നു. ജോര്‍ജ് ജീസസ് സ്ഥാനമേറ്റെടുക്കുന്നത് ദീര്‍ഘകാല അടിസ്ഥാനത്തിലാണ്. 2028 യൂറോ കപ്പും 2030 ലോകകപ്പുമാണ് ജോര്‍ജ് ജീസസിന് മുന്നിലുള്ള പ്രധാന പ്രൊജക്ടുകള്‍. ആ ടീമിലേക്ക് ക്രിസ്റ്റ്യാനോയെ ജോര്‍ജ് ജീസസ് കാണുന്നില്ല. ക്രിസ്‌റ്റിയാനോയെ പതിയെ വിരമിക്കല്‍ ചിന്തയിലേക്ക് കൊണ്ടുവരാന്‍ ഫുട്‌ബോള്‍ ഫെഡറേഷനിലെ ഉന്നതര്‍ തന്നെ ജോര്‍ജ് ജീസസിനോട് ആവശ്യപ്പെട്ടിരുന്നു.
ഫെഡറേഷനില്‍ നിന്നുള്ള പിന്തുണയുള്ളതുകൊണ്ടാണ് ക്രിസ്റ്റ്യാനോയെ പോലൊരു വലിയ താരത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ജോര്‍ജ് ജീസസിന് ധൈര്യം ലഭിച്ചത്. നോര്‍വെക്കെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാമെന്നുള്ള ധാരണയിലായിരുന്നു ക്രിസ്റ്റ്യാനോ. അത് നിഷേധിക്കപ്പെട്ടതോടെയാണ് മത്സരശേഷം ടീമിന്റെ വിജയാഹ്ലാദത്തില്‍ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ ശരം പോലെ ക്യാമ്പ് വിട്ടത്. തനിക്കെതിരെ ജോര്‍ജ് ജീസസ് പടയൊരുക്കം ആരംഭിച്ചെന്ന് ബോധ്യപ്പെട്ടതോടെയാണ് ഏറെ വൈകാരികമായി എല്ലാം സമയമാകുമ്പോള്‍ താന്‍ പറയും എന്ന് സോഷ്യല്‍ മീഡിയയില്‍ ക്രിസ്‌റ്റിയാനോ എഴുതിയത്.
ഫെഡറേഷന്റെ അച്ചടക്ക നിയമങ്ങള്‍ ലംഘിച്ച് ക്യാമ്പ് വിട്ടതിന് ഒന്ന് മുതല്‍ ആറ് മാസം വരെ സസ്‌പെന്‍ഷന്‍ ക്രിസ്റ്റ്യാനോ നേരിടേണ്ടതായി വരും. അത്തരം സാഹചര്യങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ഇടപെടലില്‍ പരിഹരിക്കപ്പെട്ടേക്കാമെങ്കിലും, ക്രിസ്റ്റ്യാനോക്ക് പഴയത് പോലെ ഇനി ദേശീയ ടീമില്‍ ഇടം ലഭിക്കുക പ്രയാസമായിരിക്കും. 979 ഔദ്യോഗിക ഗോളുകള്‍ നേടിയിട്ടുള്ള താരത്തിന് ആയിരം ഗോളിലെത്താന്‍ 21 ഗോളുകള്‍ കൂടി മതി.
ആയിരാമത്തെ ഗോള്‍ പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ നേടുന്ന ദിവസം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള സ്വപ്‌ന പദ്ധതി ക്രിസ്‌റ്റിയാനോയ്‌ക്കുണ്ടായിരുന്നു. അതാണ് അട്ടിമറിക്കപ്പെട്ടത്. ഇനി അല്‍നസര്‍ ക്ലബ്ബില്‍ കളിച്ചു കൊണ്ട് മാത്രമേ ആയിരം ഗോളിലെത്താന്‍ താരത്തിന് കഴിയൂ.പ്രശ്‌നങ്ങള്‍ പരിഹരിച്ച് ക്രിസ്റ്റ്യാനോയ്‌ക്ക് അര്‍ഹിക്കുന്ന വിടപറയല്‍ മ്‌തസരം ഒരുക്കണമെന്ന ആവശ്യം ഫുട്‌ബോള്‍ ലോകത്ത് നിന്ന് ഉയരുന്നുണ്ട്.
ജോര്‍ജ് ജീസസ് കുറേക്കൂടി പക്വതയോടെ ക്രിസ്‌റ്റിയാനോയെ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നുവെന്നാണ് ബെല്‍ജിയം ഹെഡ് കോച്ച് മാര്‍ക് വാന്‍ ബൊമ്മല്‍ പറഞ്ഞത്. ഈയൊരൊറ്റ സംഭവത്തോടെ ക്രിസ്‌റ്റിയാനോയുടെ കരിയര്‍ അളക്കപ്പെടില്ല, അയാള്‍ വലിയ ചരിത്രമുള്ള താരമാണെന്ന് മുന്‍ ഫ്രഞ്ച് താരം തിയറി ഓന്റി പറഞ്ഞു. ഇങ്ങനെ, ഫുട്‌ബോള്‍ ലോകം ക്രിസ്‌റ്റിയാനോക്ക് അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. അ്‌ല്‍നസറില്‍ കൂടുതല്‍ ഗോളുകള്‍ നേടി, ആയിരാമത്തെ ഗോളിനരികില്‍ വെച്ച് പോര്‍ച്ചുഗല്‍ ടീമില്‍ കളിക്കാനുള്ള അവസരം ഒരുക്കലാകുമോ പ്രശ്‌നപരിഹാരമെന്നും ചര്‍ച്ചയുണ്ട്. ഏതായാലും ക്രിസ്റ്റ്യാനോ മനസു കൊണ്ട് പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് അകന്നു കഴിഞ്ഞു...ഇനിയെന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് കാണാം..
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK