നാലാം ടെസ്റ്റില്‍ ബുമ്ര കളിക്കണം, ജയത്തിനായി മാത്രമല്ല!

Published : Jul 18, 2025, 10:48 AM IST
Jasprit Bumrah

Synopsis

ഒരിക്കല്‍ക്കൂടി ആ വലിയ ചോദ്യം ഉയരുകയാണ്. ജസ്പ്രിത് ബുമ്ര മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ പന്തെറിയുമോ ഇല്ലയോ

ജയം മുന്നിലുണ്ടായിരുന്നിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ പോയ ലീഡ്‌സ്, ചരിത്രമെഴുതിയ എഡ്‌ജ്‌ബാസ്റ്റണ്‍. നിര്‍ഭാഗ്യം സ്റ്റമ്പിലേക്ക് ഉരുണ്ടെത്തിയ ലോര്‍ഡ്‌സ്. മാഞ്ചസ്റ്ററും ഓവലും ബാക്കി നില്‍ക്കെ പരമ്പരയില്‍ 1-2ന് പിന്നില്‍. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ജയം അനിവാര്യം, മറിച്ചൊരു മത്സരഫലം ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഒരിക്കല്‍ക്കൂടി ആ വലിയ ചോദ്യം ഉയരുകയാണ്. ജസ്പ്രിത് ബുമ്ര മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ പന്തെറിയുമോ ഇല്ലയോ.

രണ്ട് മത്സരം, നാല് ഇന്നിങ്സ്. 12 വിക്കറ്റുകള്‍. രണ്ട് അഞ്ച് വിക്കറ്റ് പ്രകടനം. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറുടെ ആൻഡേഴ്‌സണ്‍ ടെൻഡുല്‍ക്കര്‍ ട്രോഫിയിലെ കണക്കുകളാണിത്. ബാറ്റിങ്ങിന് അനുകൂലമായ ലീഡ്‌സിലും ബൗളിങ്ങിന് അവസാന ദിവസങ്ങളില്‍ മുൻതൂക്കം ലഭിച്ച ലോര്‍ഡ്‌സിലും ഒരേപോലെയായിരുന്നു ബുമ്ര സൃഷ്ടിച്ച ഇംപാക്റ്റ്. അതുകൊണ്ട് വിക്കറ്റുകള്‍ക്ക് അതീതമായി പന്തെറിയുന്ന വലം കയ്യൻ പേസര്‍ക്ക് മാഞ്ചസ്റ്ററും സമം തന്നെ.

ഇവിടെ നിര്‍ണായകമാകുന്നത് ബുമ്രയുടെ കായികക്ഷമത തന്നെയാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നില്‍ മാത്രമെ ബുമ്രയുടെ സാന്നിധ്യമുണ്ടാകുകയുള്ളെന്ന് ഇതിനോടം തന്നെ വ്യക്തമായതാണ്. ഇനി അവശേഷിക്കുന്ന രണ്ടില്‍ ഒന്നില്‍ മാത്രവും. ലോര്‍ഡ്‌സ് ടെസ്റ്റില്‍ നിന്ന് മാഞ്ചസ്റ്ററില്‍ ടോസ് വീഴുന്ന നിമിഷം വരെ എട്ട് ദിവസത്തെ ഇടവേളയാണുള്ളത്. ബുമ്ര കളിച്ച ഒന്നാമത്തേതും മൂന്നാമത്തേയും ടെസ്റ്റുകള്‍ തമ്മിലെ ഇടവേള ഏഴ് ദിവസമായിരുന്നു.

ജോലിഭാരം മുൻനിര്‍ത്തുമ്പോള്‍ താരത്തിന് മതിയായ വിശ്രമം ഉറപ്പാക്കാൻ സാധിക്കും. ലോര്‍ഡ്‌സില്‍ ഇന്ത്യ വിജയിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മാഞ്ചസ്റ്ററില്‍ ബുമ്രയിലേക്ക് ഈ ചോദ്യം എത്തുകയില്ലായിരുന്നു. അത് തന്നെയാണ് ബാറ്റിങ് പരിശീലകനായ റയാൻ ടെൻ ഡോഷേറ്റ് പറയുന്നതും. ബുംറയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മാഞ്ചസ്റ്ററിലായിരിക്കും, പരമ്പര നിര്‍ണായകമായ സാഹചര്യത്തിലായതുകൊണ്ട് ബുമ്രയെ കളിപ്പിക്കുന്നതിനായിരിക്കും കൂടുതല്‍ താല്‍പ്പര്യപ്പെടുക. ഇതായിരുന്നു റയാന്റെ മറുപടി.

ഈ സാഹചര്യത്തില്‍ ബുമ്ര മാഞ്ചസ്റ്ററില്‍ ഡ്യൂക്ക്‌സ് ബോള്‍ എടുക്കുമെന്ന് തന്നെ ഉറപ്പിക്കാനാകും. ഇതിന് മറ്റ് ചില കാരണങ്ങള്‍ക്കൂടിയുണ്ട്. മുഹമ്മദ് സിറാജിന്റെ ജോലിഭാരം. പരമ്പരയില്‍ ഏറ്റവുമധികം ഓവറുകളെറിഞ്ഞ ഇന്ത്യൻ താരം സിറാജാണ്. 109 ഓവറുകള്‍, 13 വിക്കറ്റുകളും നേടി. പരമ്പരയില്‍ സിറാജിനേക്കാള്‍ പന്തെറിഞ്ഞിട്ടുള്ളത് ഇംഗ്ലണ്ടിന്റെ ക്രിസ് വോക്ക്‌സ്, ബ്രൈഡൻ കാഴ്‌സ്, ഷോയിബ് ബഷീര്‍ എന്നിവര്‍ മാത്രമാണ്. ബുമ്രയില്ലാത്ത പക്ഷം സിറാജിന്റെ ജോലിഭാരം ഇനിയും വര്‍ധിക്കും.

എന്തെങ്കിലുമൊരു പരുക്ക് ഇനിയാര്‍ക്കെങ്കിലും സംഭവിച്ചാല്‍ ഇന്ത്യക്ക് തിരിച്ചടിയാകും. അര്‍ഷദീപ് സിങ്ങിന് കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരുക്കേറ്റിരുന്നു. സായ് സുദര്‍ശനെതിരെ പന്തെറിയുമ്പോഴായിരുന്നു സംഭവം. ഫോളോ ത്രൂവില്‍ പന്ത് തടയുന്നതിനിടെ കൈ മുറിയുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണ ലഭിച്ച അവസരങ്ങളിലൊന്നും താളം കണ്ടെത്താത്ത പശ്ചാത്തലത്തില്‍ കരുതലോടെയായിരിക്കും ഇന്ത്യയുടെ തീരുമാനങ്ങളും തുടര്‍മത്സരങ്ങളിലുണ്ടാകുക.

പരമ്പരയിലെ ഏറ്റവും മികച്ച പേസ് ത്രയവും ഇന്ത്യയുടേതാണ്. സിറാജ്-ബുമ്ര-ആകാശ് ദീപ് സഖ്യം ഇതിനോടകം 36 വിക്കറ്റുകള്‍ നേടി. മൂന്ന് പേരും കളിച്ച ഏക മത്സരം ലോര്‍ഡ്‌സിലായിരുന്നു. പരമ്പരയില്‍ ഇംഗ്ലണ്ട് ഏറ്റവും കുറഞ്ഞ സ്കോറുകളില്‍ രണ്ട് ഇന്നിങ്സിലും പുറത്തായതും ലോര്‍ഡ്‌സിലാണ്. അതിനാല്‍, ഈ മൊമന്റം നിലനിര്‍ത്തുക എന്നത് മാഞ്ചസ്റ്ററില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. പരമ്പര കൈവിടാതെ നില്‍ക്കണമെങ്കില്‍ മൂവരും ലോര്‍ഡ്‌സിലെ മികവ് മാഞ്ചസ്റ്ററില്‍ ആവര്‍ത്തിക്കുകയും വേണം.

ടെസ്റ്റ് കരിയറില്‍ ഇതുവരെ മാഞ്ചസ്റ്ററില്‍ പന്തെറിഞ്ഞിട്ടില്ല മുതിര്‍ന്ന താരങ്ങളായ ബുമ്രയും സിറാജും. ഇതുവരെ മാഞ്ചസ്റ്ററില്‍ ഒരുജയം പോലും നേടാനും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഒൻപത് മത്സരങ്ങളില്‍ നാല് ജയമാണ് ഇംഗ്ലണ്ടിനുള്ളത്. അഞ്ചെണ്ണം സമനിലയിലും കലാശിച്ചു. 2014ലാണ് ഇരുടീമുകളും അവസാനമായി ടെസ്റ്റില്‍ മാഞ്ചസ്റ്ററില്‍ ഏറ്റുമുട്ടിയത്. അന്ന് ഇന്നിങ്സിനും 54 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

PREV
Read more Articles on
click me!

Recommended Stories

'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍