സച്ചിനുശേഷം ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി കോലി

By Web TeamFirst Published Mar 5, 2019, 5:40 PM IST
Highlights

ഓസ്ട്രേലിയക്കെതിരെ കോലിയുടെ ഏഴാം സെഞ്ചുറിയാണിത്. ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ തന്നെയാണ് ഈ നേട്ടത്തിലും കോലിക്ക് മുന്നിലുള്ളത്.

നാഗ്പൂര്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ 40 സെഞ്ചുറികള്‍ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ കോലി കരിയറിലെ 40-ാം ഏകദിന സെഞ്ചുറിയാണ് കുറിച്ചത്. 49 സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. 30 സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് പട്ടികയില്‍ മൂന്നാമത്.

ഓസ്ട്രേലിയക്കെതിരെ കോലിയുടെ ഏഴാം സെഞ്ചുറിയാണിത്. ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ തന്നെയാണ് ഈ നേട്ടത്തിലും കോലിക്ക് മുന്നിലുള്ളത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓസീസിനെതിരെ ഏഴ് സെഞ്ചുറികള്‍ കുറിച്ചിട്ടുണ്ട്.  2018ല്‍ ടെസ്റ്റില്‍ അഞ്ചും ഏകദിനത്തില്‍ ആറും സെഞ്ചുറി നേടിയ കോലി 2019ല്‍ നേടുന്ന രണ്ടാം സെഞ്ചുറിയാണ് ഇന്ന് നാഗ്പൂരില്‍ കുറിച്ചത്.

കോലി നേടിയ 40 ഏകദിന സെഞ്ചുറികളില്‍ 18ഉം ക്യാപ്റ്റനായശേഷമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 40 സെഞ്ചുറികളില്‍ 24 സെഞ്ചുറികള്‍ സ്കോര്‍ പിന്തുടരുമ്പോള്‍ നേടിയതാണ്. നേരത്തെ അര്‍ധസെഞ്ചുറി പിന്നിട്ടതോടെ ഏകദിനത്തില്‍ ഇന്ത്യക്കായി 50 അര്‍ധസെഞ്ചുറികള്‍ തികയ്ക്കുന്ന ഏഴാമത്തെ താരമായിരുന്നു കോലി. 

click me!