ജന്‍മനാട്ടിലെ അവസാന മത്സരത്തിന് ധോണി ഇറങ്ങുന്നു; ആവേശത്തോടെ ആരാധകര്‍

By Web TeamFirst Published Mar 7, 2019, 12:29 PM IST
Highlights

റാഞ്ചിയില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടുതവണയാണ് ധോണി ബാറ്റിംഗിന് ഇറങ്ങിയത്. ഇതില്‍ ഒരു മത്സരത്തില്‍ നോട്ടൗട്ടായി.

റാഞ്ചി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ അത് ജന്‍മനാട്ടില്‍ എംഎസ് ധോണി കളിക്കുന്ന അവസാന ഏകദിന മത്സരമായേക്കും. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യക്കിന് അവശേഷിക്കുന്നത് മൂന്ന് ഏകദിനങ്ങള്‍ കൂടിയാണ്. മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുശേഷം എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2020ലെ ടി20 ലോകകപ്പ് വരെ രാജ്യാന്തര ക്രിക്കറ്റില്‍ തുടരാന്‍ തീരുമാനിച്ചാലും ലോകകപ്പിനുശേഷം ഏകദിനങ്ങളില്‍ ധോണി തുടരാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ നാളെ റാഞ്ചിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനം ജന്‍മനാട്ടില്‍ ധോണി കളിക്കുന്ന അവസാന മത്സരമായേക്കും. ഹോം ഗ്രൗണ്ടില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ ധോണിക്ക് വലിയ സ്കോര്‍ നേടാനായിട്ടില്ലെന്നതാണ് ചരിത്രം.

റാഞ്ചിയില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടുതവണയാണ് ധോണി ബാറ്റിംഗിന് ഇറങ്ങിയത്. ഇതില്‍ ഒരു മത്സരത്തില്‍ നോട്ടൗട്ടായി. രണ്ട് മത്സരങ്ങളില്‍ നിന്ന് നേടിയത് 21 റണ്‍സ്. 11 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഇന്ത്യന്‍ താരങ്ങളില്‍ റാഞ്ചിയില്‍ മികച്ച റെക്കോര്‍ഡുള്ള താരം ക്യാപ്റ്റന്‍ വിരാട് കോലിയാണ്. റാഞ്ചിയില്‍ കളിച്ച നാലു മത്സരങ്ങളില്‍ മൂന്ന് തവണ ബാറ്റിംഗിനിറങ്ങിയ കോലി രണ്ടുതവണ നോട്ടൗട്ടായി. ആകെ നേിടയത് 261 റണ്‍സ്.

എന്നാല്‍ റാഞ്ചിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളില്‍ പങ്കാളിയായ വിക്കറ്റ് കീപ്പര്‍ ധോണി തന്നെയാണ്. മൂന്ന് കളികളില്‍ ആറ് ക്യാച്ചും ഒറു സ്റ്റംപിംഗു അടക്കം ഏഴ് പുറത്താക്കലുകളില്‍ ധോണി പങ്കാളിയായി. റാഞ്ചിയില്‍ ബാറ്റിംഗിനിറങ്ങി 33 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ 17000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാവാന്‍ ധോണിക്കാവും.

click me!