ആദ്യം ബംഗ്ലാദേശ് - ഐസിസി ഏറ്റുമുട്ടലായിരുന്നെങ്കില്‍, അത് പാക്കിസ്ഥാൻ - ഐസിസി ഭിന്നതായി വഴിമാറിയിരിക്കുന്നു ഇപ്പോള്‍. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്?
പാക്കിസ്ഥാൻ ഇല്ലാതൊരു ട്വന്റി 20 ലോകകപ്പോ? ഇന്ത്യ-പാക്കിസ്ഥാൻ മത്സരമില്ലാതെ ഐസിസി ടൂർണമെന്റോ? ട്വന്റി 20 ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരം ആശങ്കകള്‍ ക്രിക്കറ്റ് ആരാധകരിലേക്ക് എത്തുന്നത്. സമീപകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത അനിശ്ചിതത്വങ്ങള്‍. ആദ്യം ബംഗ്ലാദേശ് - ഐസിസി ഏറ്റുമുട്ടലായിരുന്നെങ്കില്‍, അത് പാക്കിസ്ഥാൻ - ഐസിസി ഭിന്നതായി വഴിമാറിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്? പാക്കിസ്ഥാൻ - ഐസിസി പോരിന് പിന്നിലെ കാരണമെന്താണ്?
തുടക്കം ചുരുക്കിപ്പറയാം, ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളും ഇതില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുമാണ് ആദ്യ ഘട്ടം. പിന്നാലെ, ഐപിഎല്ലില്‍ ഭാഗമായ ഏക ബംഗ്ലാദേശ് താരം മുസ്തഫിസൂർ റഹ്മാനെതിരെ ഭീഷണികള്‍ ഉയരുകയും ചെയ്തു. തുടർന്ന് സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ നിന്ന് മുസ്തഫിസൂറിനെ ഒഴിവാക്കി. ബിസിസിഐയുടെ ഈ നടപടിയില്‍ കടുത്ത പ്രതിഷേധം ബംഗ്ലാദേശിലുണ്ടാകുന്നതാണ് പിന്നീട് കണ്ടത്, ഐപിഎല്‍ സംപ്രേഷണം രാജ്യത്ത് വിലക്കാനും ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചു.
ഇവിടെ നിന്നാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പ് വിഷയത്തിലേക്ക് എത്തുന്നത്. സൂരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യയിലെ വേദികളില്‍ കളിക്കാനാകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. സഹആതിഥേയത്വം വഹിക്കുന്ന ശ്രീലങ്കയിലേക്ക് മത്സരങ്ങള്‍ മാറ്റണമെന്നായിരുന്നു ബിസിബിയുടെ ആവശ്യം. ഐസിസിയും ബിസിബിയും തമ്മില്‍ നിരവധി ചർച്ചകള്‍ നടന്നെങ്കിലും സമവായത്തിലെത്താനായിരുന്നില്ല. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച ഏക ക്രിക്കറ്റ് ബോര്‍ഡ് പാക്കിസ്ഥാന്റേതായിരുന്നു.
ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ ബിസിബി വിസമ്മതിച്ചതോടെ ബംഗ്ലാദേശിനെ ടൂർണമെന്റില്‍ നിന്ന് ഐസിസി ഒഴിവാക്കുകയും പകരം സ്കോട്ട്‌ലൻഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഐസിസിയുടെ ഈ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്‌സിൻ നഖ്‌വി രേഖപ്പെടുത്തിയത്. ബംഗ്ലാദേശിനെതിരായ നടപടി അന്യായമാണെന്നും, ഇന്ത്യക്ക് അനുകൂലമായാണ് ഐസിസി നിലപാട് എടുക്കുന്നതെന്നും നഖ്‌വി വ്യക്തമാക്കി. ഇന്ത്യക്കും പാക്കിസ്ഥാനും സമാനമായി ഹൈബ്രിഡ് മോഡല്‍ ബംഗ്ലാദേശിനും ബാധകമാക്കണമെന്ന ആവശ്യവും നഖ്‌വി ഉന്നയിച്ചിട്ടുണ്ട്.
ബംഗ്ലാദേശിന് പിന്തുണ നല്‍കി ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാൻ പാക്കിസ്ഥാനും മുതിര്‍ന്നേക്കുമെന്ന സൂചനയും നഖ്‍വിയുടെ തുടർ പ്രതികരണങ്ങളിലുണ്ടായി. പാക്കിസ്ഥാൻ സർക്കാരിന്റെ തീരുമാന പ്രകാരമായിരിക്കും ലോകകപ്പിലെ തങ്ങളുടെ പങ്കാളിത്തമെന്നാണ് നഖ്‌വിയുടെ പ്രഖ്യാപനം. സർക്കാര്‍ ലോകകപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ചാല്‍ അത് പിന്തുടരുമെന്നും ഐസിസിയെ അല്ല തങ്ങള്‍ അനുസരിക്കുകയെന്നും നഖ്‌വി നിലപാടെടുത്തിട്ടുണ്ട്.
ഇതോടെയാണ് ലോകകപ്പിലെ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്. എന്നാല്‍, ലോകകപ്പ് ബഹിഷ്‌കരിക്കാൻ പാക്കിസ്ഥാൻ തയാറായാല്‍ തേടിയെത്തുക കടുത്ത നടപടികളായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര ടീമുകളുമായുള്ള ബിലാറ്ററല്‍ സീരിസുകള്‍ക്ക് വിലക്ക്, പാക്കിസ്ഥാൻ സൂപ്പര്‍ ലീഗില്‍ വിദേശ് താരങ്ങള്‍ക്ക് അനുമതി നിഷേധം, ഏഷ്യ കപ്പില്‍ നിന്നും ഒഴിവാക്കല്‍ തുടങ്ങി കര്‍ശന നീക്കങ്ങള്‍ക്കാണ് ഐസിസി തയാറാകുന്നത്.
ഇത്തരം നടപടികള്‍ ഐസിസി സ്വീകരിച്ചാല്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും വീഴുക. പിഎസ്എല്ലിന്റെ സ്വീകാര്യതയെ ബാധിക്കുമെന്നത് ഒരു വശത്ത് നില്‍ക്കുമ്പോള്‍, പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവിയെ പിന്നോട്ടുമടിപ്പിക്കും. പാക്കിസ്ഥാൻ പ്രധാനമന്ത്രി വിദേശത്തായതിനാല്‍ തിരിച്ചെത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നാണ് നഖ്‌വി അറിയിച്ചിരിക്കുന്നത്.
ഐസിസിയെ പാക്കിസ്ഥാനും ബംഗ്ലാദേശും പ്രധാനമായും എതിര്‍ക്കാൻ കാരണം 2025 ചാമ്പ്യൻസ് ട്രോഫിയാണ്. പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച ടൂർണമെന്റിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടന്നത് ദുബായിലായിരുന്നു. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങള്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലായിരുന്നു ഹൈബ്രിഡ് മോഡല്‍ കരാറിലെത്താൻ ബിസിസിഐയും പിസിബിയും തയാറായത്. ഐസിസിയുടെ അനുമതിയോടെയായിരുന്നു ഇത് സംഭവിച്ചതും.
ബംഗ്ലാദേശിന്റെ കാര്യത്തിലും ചാമ്പ്യൻസ് ട്രോഫിയിലും സംഭവിച്ചത് വ്യത്യസ്തമായാണ്. കാരണം, ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുൻപ് തന്നെ പാക്കിസ്ഥാനിലെ വേദികളില്‍ മത്സരിക്കാൻ കഴിയില്ലെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചിരുന്നു. ഇതിൻ പ്രകാരമാണ് പിന്നീട് മത്സരക്രമം പ്രഖ്യാപിച്ചതും. എന്നാല്‍, ബംഗ്ലാദേശ് തങ്ങളുടെ വിയോജിപ്പ് ഐസിസിയെ അറിയിക്കുമ്പോഴേക്കും മത്സരക്രമം ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു. ഇത് പൊളിച്ചെഴുതുക എളുപ്പമുള്ള ഒന്നല്ലതാനും.


