മൊഹാലിയിലെ തോല്‍വി കണ്ട് ആരാധകര്‍ പറയുന്നു, 'മിസ് യൂ ധോണി'

By Gopalakrishnan CFirst Published Mar 11, 2019, 2:59 PM IST
Highlights

ഓസീസിന്റെ വിജയശില്‍പിയായ ആഷ്ടണ്‍ ടര്‍ണറെ ചാഹലിന്റെ പന്തില്‍ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം രണ്ടുതവണ ഋഷഭ് പന്ത് പാഴാക്കിയപ്പോള്‍ ഗ്യാലറിയില്‍ നിന്ന് ഉച്ചത്തില്‍ ഉയര്‍ന്നത് ധോണി ധോണി എന്ന ശബ്ദമായിരുന്നു. അത് വെറുതെയായിരുന്നില്ലെന്ന് മത്സരഫലം തെളിയിക്കുകയും ചെയ്തു.

മൊഹാലി: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 358 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ പരമ്പര കൈപ്പിടിയിലൊതുക്കിയെന്ന് ഉറച്ചുവിശ്വസിച്ചതാണ്. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ഓസീസിന്റെ രണ്ട് വിക്കറ്റുകളും വീണതോടെ പിന്നീടെല്ലാം ചടങ്ങ് മാത്രമെന്നായിരുന്നു ആരാധകരും കരുതിയത്. എന്നാല്‍ അവസാനശ്വാസം വരെ പോരുതുന്ന ഓസ്ട്രേലിയയുടെ പോരാട്ടവീര്യത്തെക്കുറിച്ച് ഇന്ത്യക്കാര്‍ മറന്നു. ഉസ്മാന്‍ ഖവാജയും പീറ്റര്‍ ഹാന്‍ഡ്സ്കോംബും ഒരുക്കിയ അടിത്തറയില്‍ ആഷ്ടണ്‍ ടര്‍ണര്‍ ആടിത്തിമര്‍ത്തപ്പോള്‍ ആരാധകര്‍ ഞെട്ടി. ഫീല്‍ഡിലെ കൈവിട്ട കളിയും ബൗളിംഗിലെ സ്ഥിരതയില്ലായ്മയും ഇന്ത്യയെ തളര്‍ത്തിയപ്പോള്‍ വിരാട് കോലി നിസഹായനായി.

ധോണി ഉണ്ടായിരുന്നെങ്കില്‍...

ഓസീസിന്റെ വിജയശില്‍പിയായ ആഷ്ടണ്‍ ടര്‍ണറെ ചാഹലിന്റെ പന്തില്‍ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം രണ്ടുതവണ ഋഷഭ് പന്ത് പാഴാക്കിയപ്പോള്‍ ഗ്യാലറിയില്‍ നിന്ന് ഉച്ചത്തില്‍ ഉയര്‍ന്നത് ധോണി ധോണി വിളികളായിരുന്നു. അത് വെറുതെയായിരുന്നില്ലെന്ന് മത്സരഫലം തെളിയിക്കുകയും ചെയ്തു. സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലും പന്തെറിയുമ്പോള്‍ വിക്കറ്റിന് പിന്നില്‍ ധോണിയുടെ സാന്നിധ്യം എത്രമാത്രം പ്രധാനമാണെന്ന് ഇന്നലത്തെ മത്സരം ഒരിക്കല്‍ കൂടി അടിവരയിട്ടു.

ഓരോ പന്തിലും സ്പിന്നര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ഫീല്‍ഡ് ഒരുക്കുകയും ചെയ്യുന്ന ധോണിയാണ് ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരുടെ മികവിന് പിന്നിലെ ചാലകശക്തി. ധോണിയില്ലാത്ത മത്സരങ്ങളില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ തന്നെ അതിനു തെളിവ്. ധോണിയുടെ പിന്‍ബലമില്ലാതെ ഇന്നലെ എറിഞ്ഞ 12 ഓവറില്‍ കുല്‍ദീപിനോ ചാഹലിനോ വിക്കറ്റൊന്നും വീഴ്ത്താനായില്ലെന്ന് മാത്രമല്ല 72 റണ്‍സ് വഴങ്ങുകയും ചെയ്തു. കൂനിന്‍മേല്‍ കുരുപോലെ ഗ്ലെന്‍ ടര്‍ണറെ 38ല്‍ നില്‍ക്കെയും ഹാന്‍ഡ്സ് കോംബിനെ 109ല്‍ നില്‍ക്കെയും പുറത്താക്കാന്‍ ലഭിച്ച അവസരം ഋഷഭ് പന്ത് നഷ്ടമാക്കുകയും ചെയ്തു. കുല്‍ദീപ് യാദവിന്റെ പന്തുകള്‍ റീഡ് ചെയ്യുന്നതില്‍ ഋഷഭ് പന്ത് പലപ്പോഴും പരാജയപ്പെടുന്നതും ഇന്നലത്തെ മത്സരത്തില്‍ കണ്ടു.

തന്ത്രം പിഴച്ച് കോലി

ഇന്ത്യയുടെ വജ്രായുധമായ ജസ്പ്രീത് ബുംറയെ ഫലപ്രദമായി വിനിയോഗിക്കുന്നതിലും ഇന്നലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിഴച്ചു. തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ അഞ്ചാം ബൗളറുടെ ക്വാട്ട വേഗം പൂര്‍ത്തീകരിക്കാനായിരുന്നു കോലി ശ്രമിച്ചത്. ഇത് ഖവാജയക്കും ഹാന്‍ഡ്സ്കോംബിനും പിടിച്ചുനില്‍ക്കാന്‍ സഹായകരമായി.

തുടക്കത്തിലെ അഞ്ചോവര്‍ എറിഞ്ഞ ബുംറയ്ക്ക് ഒരോവര്‍ കൂടി നല്‍കി പരീക്ഷിക്കാനുള്ള ധൈര്യം കോലി പുറത്തെടുത്തില്ല. ആ സമയം ഒരു വിക്കറ്റ് കൂടി വീണിരുന്നെങ്കില്‍ ഓസീസ് കൂടുതല്‍ പ്രതിരോധത്തിലാവുമായിരുന്നു. ഖവാജയുടെ വിക്കറ്റ് വീണശേഷം പുതിയ ബാറ്റ്സ്മാന്‍ ക്രീസിലെത്തിയപ്പോള്‍ ആക്രമണോത്സുക ഫീല്‍ഡൊരുക്കാനും കോലി തുനിഞ്ഞില്ല. ഓസ്ട്രേലിയ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധാത്മക ഫീല്‍ഡെ സെറ്റ് ചെയ്യാന്‍ കഴിയൂ എന്ന് വാദിക്കാമെങ്കിലും വലിയ വിജയലക്ഷ്യം മുന്നിലുള്ളതിനാല്‍ ഇന്ത്യക്ക് റിസ്ക് എടുക്കുന്നതിന് തടസമില്ലായിരുന്നു. എന്നാല്‍ പ്രവചനാത്മക രീതിയിലായിരുന്നു കോലിയുടെ ഫീല്‍ഡ് സെറ്റിംഗ്സ്.

ധോണിയിലെ ബാറ്റ്സ്മാന്‍ ഇന്ത്യക്ക് ബാധ്യതയാണെങ്കിലും ധോണിയുടെ ബുദ്ധി ഇന്ത്യക്ക് എത്രമാത്രം അനിവാര്യമാണെന്ന് തെളിയിക്കുന്നതായിരുന്നു അവസാന ഓവറുകളിലെ ഇന്ത്യയുടെ ബൗളിംഗ് പ്രകടനവും. സ്ലോഗ് ഓവറുകളില്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുന്ന കോലിക്ക് ഫീല്‍ഡ് ഒരുക്കുന്നതില്‍ പരിമിതിയുള്ളപ്പോള്‍ ആ ജോലി ചെയ്തിരുന്നത് ധോണിയായിരുന്നു. ഇന്നലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് ബൗളര്‍മാരെ ഓസീസ് അവസാന ഓവറുകളില്‍ അടിച്ചുപരത്തിയപ്പോള്‍ കോലിക്ക് വെറുതെ നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു.

ഏകദിനങ്ങളില്‍ പ്രവചനാത്മകമാണ് കോലിയുടെ ക്യാപ്റ്റന്‍സി എന്ന് ഒരു നിരീക്ഷണമുണ്ട്. ടെസ്റ്റില്‍ അവസാനകാലത്ത് ധോണിയുടെ ക്യാപ്റ്റന്‍സി പോലെ. കാര്യങ്ങള്‍ സംഭവിക്കാനായി കാത്തുനില്‍ക്കുന്ന രീതി. ഏറെക്കുറെ അത് ശരിവെക്കുന്ന രീതിയിലായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ഇന്നലത്തെ പ്രകടനം. ധോണിയുടെ അപ്രതീക്ഷിത തന്ത്രങ്ങളും ഉപദേശങ്ങളും ഫീല്‍ഡ് പ്ലേസ്മെന്റും കൂടി ചേരുമ്പോഴെ കോലിയുടെ ക്യാപ്റ്റന്‍സി പൂര്‍ണമാവുന്നുള്ളു എന്ന് ഇന്നലെ ആരാധകര്‍ തിരിച്ചറിഞ്ഞു കാണും. കോലി വളരെ മുമ്പെ ഇക്കാര്യം തിരിച്ചറിഞ്ഞിരിക്കണം. അതുകൊണ്ടുതന്നെയാകാം ബാറ്റിംഗ് നിരയില്‍ ധോണി ഒരു ബാധ്യതയാണെന്ന് അറിഞ്ഞിട്ടും ലോകകപ്പ് ടീമില്‍ ധോണിയുടെ സാന്നിധ്യത്തിനായി കോലി വാശിപിടിച്ചതും.

click me!