പരുക്ക് വേട്ടയാടുന്ന മാന്ത്രീകത; 2026 ലോകകപ്പും മെസിയും

Published : Jun 30, 2025, 03:06 PM IST
Lionel Messi

Synopsis

2026 ഫിഫ ലോകകപ്പില്‍ വിശ്വകിരീടം പ്രതിരോധിക്കാനിറങ്ങുന്ന അര്‍ജന്റിനീയ്ക്കൊപ്പം നീലയും വെള്ളയും മെസി അണിയുമോയെന്ന വലിയ ചോദ്യം, ആകാംഷ

ലൂയിസ് സുവാരസിന് പിഎസ്‌ജി പ്രതിരോധതാരങ്ങളുടെ തലയ്ക്ക് മുകളിലൂടെ ബോക്സിന് പുറത്തുനിന്ന് നല്‍കിയ പാസ്, 80-ാം മിനുറ്റിലെ ഹെഡര്‍. അറ്റ്ലാന്റയിലെ മെഴ്‌സിഡിസ് ബെൻസ് സ്റ്റേഡിയത്തിലെ പിഎസ്‌ജി-ഇന്റര്‍ മയാമി ഫിഫ ക്ലബ്ബ് ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ മെസി നിമിഷങ്ങള്‍ ഇവയായിരുന്നു. ഡിസീവ് മൊമന്റുകളില്‍ താൻ എന്ന ഫുട്ബോള്‍ ജീനിയസ് ഇനിയും പുല്‍ത്തകടിയില്‍ പ്രവഹിക്കുമെന്ന് ലയണല്‍ മെസി ഉറപ്പാക്കിയവ.

സ്വന്തം മണ്ണില്‍ ആദ്യ പാതി പിന്നിടുമ്പോള്‍ തന്നെ ക്ലബ്ബ് ലോകകപ്പില്‍ നിന്ന് മയാമി പുറത്താകുമ്പോള്‍ ഇനിയൊരു ഗ്ലോബല്‍ ഇവന്റില്‍ മെസിയെ കാണാനാകുമോയെന്ന ആശങ്ക ആരാധകരില്‍ നിന്നുയര്‍ന്നിരുന്നു. 2026 ഫിഫ ലോകകപ്പില്‍ വിശ്വകിരീടം പ്രതിരോധിക്കാനിറങ്ങുന്ന അര്‍ജന്റിനീയ്ക്കൊപ്പം നീലയും വെള്ളയും മെസി അണിയുമോയെന്ന വലിയ ചോദ്യം, ആകാംഷ.

പോയ സീസണില്‍ കിരീടങ്ങള്‍ക്കൊണ്ടും കളത്തിലെ പ്രകടനംകൊണ്ടും യൂറോപ്പ് അടക്കിവാണ സംഘമാണ് ലൂയിസ് എൻറിക്വേയുടെ പിഎസ്‌ജി. ആദ്യ പകുതിയില്‍ മയാമിയെ അപ്രസക്തമാക്കിയായിരുന്നു നാല് തവണ ഗോള്‍വലയില്‍ പന്ത് നിക്ഷേപിച്ചതും. മെസി ചിത്രത്തിലേയില്ലായിരുന്നു.

രണ്ടാം പകുതിയില്‍ പിഎസ്‌ജി പ്രെസിങ്ങിന്റെ ലെവല്‍ ഡ്രോപ് ചെയ്യുകയും ഫസ്റ്റ് ഇലവൻ താരങ്ങളെ പിൻവലിച്ചപ്പോഴുമാണ് മയാമിക്കും മെസിക്കും അല്‍പ്പമെങ്കിലും കളത്തില്‍ തെളിയാനായത്. പിഎസ്‌ജിയെപ്പോലൊരു ക്വാളിറ്റി സൈഡിനെതിരെയുള്‍പ്പെടെ 38-ാം വയസിലെ മെസിയുടെ പ്രകടനവും കണക്കുകളും തന്റെ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണെങ്കിലും പ്രതീക്ഷ നല്‍കുന്നതുതന്നെയാണ്.

മയാമിക്കായി ടൂര്‍ണമെന്റില്‍ കൂടുതല്‍ ഗോള്‍ ശ്രമങ്ങളും ക്രോസുകളും മധ്യനിരയിലെ മികവിലുമെല്ലാം മെസി തന്നെയായിരുന്നു മുന്നില്‍. പക്ഷേ, ഒരു വര്‍ഷം അകലെയുള്ള ഫുട്ബോള്‍ മാമാങ്കത്തിലേക്ക് മെസിയുടെ സാധ്യതകളെ വെല്ലുവിളിക്കുന്ന ചില ഘടകങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് തുടര്‍ച്ചയായി വേട്ടയാടുന്ന പരുക്കുകളാണ്.

2024 മാര്‍ച്ച് മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവ് പരിശോധിക്കാം. മാര്‍ച്ചില്‍ പേശി സംബന്ധമായ പരുക്ക് നേരിട്ട മെസിക്ക് 22 ദിവസമായിരുന്നു വിശ്രമിക്കേണ്ടി വന്നത്. മയാമിക്കും അര്‍ജന്റീനയ്ക്കുമായി ആറ് മത്സരങ്ങള്‍ നഷ്ടമായി. പിന്നാലെ മേയില്‍ കാലിന് പരുക്കേറ്റ് ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടതായി വന്നു.

ജൂലൈയിലെ ലിഗമെന്റ് ഇഞ്ചുറി മൂലം 59 ദിവസം വിശ്രമം. ക്ലബ്ബിനും രാജ്യത്തിനുമായി നഷ്ടമായത് 10 മത്സരം. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മെസിയുടെ കരിയറിലെ തെന്ന ദൈര്‍ഘ്യമേറിയ ഇടവേളയാണിത്. 2013-14 സീസണില്‍ മസിലിന് സംഭവിച്ച പരുക്കിനെത്തുടര്‍ന്ന് 57 ദിവസമാണ് കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് മെസിയുടെ തുടയിലെ പേശിക്ക് പരുക്കേല്‍ക്കുന്നത്. 10 ദിവസം വിശ്രമം. അര്‍ജന്റീനയ്ക്കായി രണ്ട് മത്സരവും നഷ്ടമായി. പരുക്കുമൂലമുണ്ടാകുന്ന വിശ്രമവും അല്ലാതെയുള്ളവയും ഉള്‍പ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടെ 23 മത്സരങ്ങളാണ് മെസിക്ക് നഷ്ടമായിട്ടുള്ളത്. മയാമിക്കായി നിരവധി തവണ മെസി സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുകയുമുണ്ടായി.

മെസിയെ പരുക്കില്‍ നിന്നും അകറ്റി നിർത്താനുള്ള മുൻകരുതലാണെന്നാണ് മയാമിയുടെ മുഖ്യപരിശീലകനും മെസിയുടെ സഹതാരവുമായിരുന്ന മഷറാനോ പലപ്പോഴായി ആവർത്തിച്ചിട്ടുള്ള ഉത്തരം. അമേരിക്കയും മെക്സിക്കോയും കാനഡയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ മെസി ബൂട്ടുകെട്ടുമെന്നാണ് മയാമിയിലെ സഹതാരമായ ലൂയിസ് സുവാരസും അർജന്റീനൻ താരമായ നിക്കോളാസ് ഒറ്റമെൻഡിയും പറഞ്ഞിട്ടുള്ളത്.

മെസി 2026 ലോകകപ്പിനിറങ്ങുമോയെന്ന കാര്യത്തില്‍ അർജന്റീനയുടെ പരിശീലകൻ സ്കലോണി വ്യക്തത വരുത്തിയിട്ടില്ല. തീരുമാനം മെസിക്ക് വിട്ടിരിക്കുകയാണ് സ്കലോണി. എങ്കിലും കായികക്ഷമ പൂർണമായും വീണ്ടെടുക്കുകയാണെങ്കില്‍ മെസിയുടെ വരവിനെ തടയാനുമാകില്ല. മെസിയില്ലാതെയും കളത്തില്‍ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന ഒരു ടീമിനെ സൃഷ്ടിക്കാൻ സ്കലോണിക്ക് കഴിഞ്ഞിട്ടുണ്ട്. കരുത്തരായ ഉറുഗ്വേയും ബ്രസീലിനേയും അനായാസം അർജന്റീന കീഴടക്കിയിരുന്നു.

മെസിക്ക് ചുറ്റുമൊരു യുവനിരയെ തീർത്ത് അർജന്റീന കിരീടം പ്രതിരോധിക്കാൻ ഇറങ്ങാനും സാധ്യതകളുണ്ട്. 2026 ലോകകപ്പെത്തുമ്പോള്‍ മെസി 39ലേക്ക് എത്തും. പരുക്കുകള്‍ തുടരെ വേട്ടയാടുമ്പോള്‍ മെസിയുടെ ശരീരം ഒരു ലോകകപ്പിനുകൂടി തയാറാകുമോയെന്ന് കാത്തിരുന്ന് കാണാം. ഫുട്ബോള്‍ മൈതാനം കണ്ട ഏറ്റവും വലിയ ഡിസിസീവ് പ്ലെയറിന് എന്ത് തീരുമാനമെടുക്കണമെന്ന് മറ്റാരേക്കാളും നിശ്ചയമുണ്ടാകുമല്ലോ.

 

PREV
Read more Articles on
click me!

Recommended Stories

പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?
സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?