
ഇന്ത്യൻ ക്രിക്കറ്റിന്റെ ഡിഎൻഎ തന്നെ തിരുത്തിയ ഒരു മനോഭാവം, അതിന്റെ പേര് രോഹിത് ശര്‍മ എന്നാണ്. വിരാട് കോലിയില്‍ നിങ്ങള്‍ക്ക് ആ സമീപനത്തിന്റെ പുതിയൊരു പതിപ്പ് കാണാം, കൂടുതല്‍ അഗ്രസീവും കണ്‍ട്രോള്‍ഡുമായൊരു വേര്‍ഷൻ. എന്നാല്‍, രോഹിതിലോ. ഇന്ന് രോഹിതിന്റെ ഇന്നിങ്സുകളില്‍ കരുതലും ക്ഷമയുമാണ് പ്രകടമാകുന്നത്. ലോകക്രിക്കറ്റില്‍ ഇന്ത്യൻ ടീമിനെ ഒരു പവര്‍ഹൗസാക്കി മാറ്റിയ ഫിയര്‍ലസ് ബാറ്റിങ് രോഹിത് എന്തുകൊണ്ട് മാറ്റിവെച്ചു. അതൊരു ശരിയായ തീരുമാനമായിരുന്നോ?
2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷമാണ് രോഹിത് തന്റെ എ ഗെയിം ഷിഫ്റ്റ് ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ ക്യാപ്റ്റൻസി നഷ്ടമായതിന് ശേഷം. 2023 ഏകദിന ലോകകപ്പില്‍ ആരംഭിച്ച ആ സെല്‍ഫ്‌ലസ് ക്രിക്കറ്റ് ചാമ്പ്യൻസ് ട്രോഫി നേടിക്കൊടുക്കുന്നത് വരെ തുടർന്നു. ശേഷം നടന്ന ഓസ്ട്രേലിയൻ പര്യടനം മുതലാണ് മാറ്റം. ഇത് കൂടുതല്‍ വിസിബിളാകുന്നത് ബാറ്റിങ്ങിന് പ്രതികൂലമായ വിക്കറ്റുകളിലുമാണ്. തന്റെ കരിയറിലുടനീളം രോഹിത് അറിയപ്പെട്ടിരുന്ന ബിഗ് ഇന്നിങ്സുകള്‍ കളിക്കാൻ കാപ്പബിലിറ്റിയുള്ള താരമായാണ്.
ഫോർമാറ്റിലെ മൂന്ന് ഇരട്ടസെഞ്ചുറികളും നിരവധി 150 പ്ലസ് സ്കോറുകളും ഉദാഹരണമാണ്. എന്നാല്‍, ടീമിന് മുൻഗണന നല്‍കി രോഹിത് തന്റെ വിക്കറ്റിനെ ബലികൊടുക്കാൻ തീരുമാനിച്ച കാലം മുതല്‍ അത്തരം ഇന്നിങ്സുകളും അഭാവമുണ്ട്. 2019 ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ രോഹിതിന് 2023ല്‍ ഒരു ശതകം മാത്രമാണ് കുറിക്കാനായത്. ഇതിനിടയില്‍ 130-150 റേയ്ഞ്ച് സ്ട്രൈക്ക് റേറ്റില്‍ താരത്തിന്റെ നിരവധി 40 പ്ലസ് സ്കോറുകളും കാണാൻ കഴിയും. പക്ഷേ, രോഹിതിന്റെ ശൈലി മാറ്റത്തിന് ശേഷമോ.
കഴിഞ്ഞ അഞ്ച് ഏകദിനങ്ങളെടുക്കാം. വിൻഡീസിനെതിരെ നേരിട്ട ആദ്യ പത്ത് പന്തില്‍ പത്ത് റണ്‍സ്, സ്ട്രൈക്ക് റേറ്റ് നൂറും ഡോട്ട് ബോളുകള്‍ എഴുമാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ പന്തില്‍ എട്ട് റണ്‍സ്. അഞ്ച് ഡോട്ട് ബോളുകള്‍. കാർഡിഫില്‍ ഒൻപത് റണ്‍സ്, ആറ് ഡോട്ട് ബോളുകള്‍. ബിർമിങ്ഹാമില്‍ നാല് റണ്‍സും ഏഴ് ഡോട്ടും. അഫ്ഗാനിസ്ഥാനെതിരെ ഒൻപത് റണ്‍സ്, ഏഴ് ഡോട്ട്. ആകെ 50 പന്തുകളില്‍ 40 റണ്‍സ് സ്ട്രൈക്ക് റേറ്റ് 80ലുമാണ് എത്തി നില്‍ക്കുന്നത്. അറ്റാക്കിങ് ഷോട്ടുകളുടെ ശതമാനം തീരെക്കുറഞ്ഞു എന്നത് മാത്രമല്ല, ബൗണ്ടറികളുടെ എണ്ണവും കുറഞ്ഞു.
മേല്‍പ്പറഞ്ഞ 50 പന്തുകളില്‍ ഒരു സിക്സ് പോലും രോഹിതിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടില്ല. ആകെ നേടിയത് അഞ്ച് ഫോറുകളാണ്. ഈ സെയിം പാറ്റേണ്‍ കോലിയുടെ ശൈലിയില്‍ ദീര്‍ഘനാളായി കാണുന്നതാണ്, പ്രത്യേകിച്ചും ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ്. ഈ ഷിഫ്റ്റ് രോഹിതിനെ സഹായിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ പൂര്‍ണമായും ഉണ്ട് എന്ന് പറയാൻ കഴിയില്ല.
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം 24 ഏകദിനങ്ങളാണ് രോഹിത് കളിച്ചിട്ടുള്ളത്. 1061 റണ്‍സാണ് നേട്ടം. ശരാശരി 46 ആണെങ്കില്‍ സ്ട്രൈക്ക് റേറ്റ് നൂറും തൊട്ടിട്ടുണ്ട്. ഇവിടെ ഏറ്റവും വലിയ മാറ്റം രോഹിത് ഓരോ ഇന്നിങ്സിലും നേരിടുന്ന പന്തുകളും ശരാശരി എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നതാണ്. 2025 മുതല്‍ കാര്യവട്ടം ഏകദിനം വരെയുള്ള കണക്കുകളെടുത്താല്‍ ഒരു ഇന്നിങ്സില്‍ നേരിടുന്നത് 44 പന്തുകളാണ്. 2023-24 വര്‍ഷങ്ങളില്‍ ഇത് 39 ആയിരുന്നു, 120 സ്ട്രൈക്ക് റേറ്റില്‍ 1412 റണ്‍സ് നേടാനും കഴിഞ്ഞിരുന്നു രോഹിതിന്.
ശൈലി മാറ്റത്തിന് ശേഷം രോഹിത് നേരിടുന്ന വെല്ലുവിളി ലഭിക്കുന്ന തുടക്കങ്ങള്‍ കണ്‍വേര്‍ട്ട് ചെയ്യാനാകുന്നില്ല എന്നത് മാത്രമാണ്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഏകദിനത്തില്‍ രോഹിത് ഒരു തവണ മാത്രമാണ് പത്തില്‍ താഴെ പുറത്തായിട്ടുള്ളത്. സ്ട്രഗിള്‍ ചെയ്ത ഇന്നിങ്സുകള്‍ പോലും ചുരുക്കമാണ്. മികച്ച റിഥത്തിലേക്ക് എത്തി, വെല്‍ സെറ്റില്‍ഡാകുമ്പോഴാണ് പുറത്താകുന്നതും. ഇവിടെ കാണേണ്ടത് റിസ്ക്ക് കുറക്കുമ്പോള്‍ രോഹിതിന്റെ ഇന്നിങ്സില്‍ ഡോട്ട് ബോളുകള്‍ വര്‍ധിക്കുന്നു, അതിനെ മറികടക്കാനായി ഏരിയല്‍ ഷോട്ടുകള്‍ക്ക് തയാറാകും.
കാര്യവട്ടം ഏകദിനം ഉദാഹരണമാണ്, ഗില്ലിനേക്കാള്‍ ഫ്ലോയില്‍ ബാറ്റ് ചെയ്തിരുന്നത് രോഹിതായിരുന്നു, എന്നാല്‍ അവസാനം നേരിട്ട 11 പന്തുകളില്‍ ഒന്നില്‍പ്പോലും ബൗണ്ടറി നേടാൻ രോഹിതിന് സാധിച്ചിരുന്നില്ല. ഇതോടെ അല്‍സാരി ജോസഫിന്റെ ഓവറില്‍ ഏരിയല്‍ ഷോട്ടുകള്‍ക്ക് ഒരുങ്ങി. ഇത് മനസിലാക്കി വിൻഡീസ് ഒരുക്കിയ കെണിയില്‍ ചെന്ന് വീഴുകയുമായിരുന്നു. എന്നാല്‍, ലഭിക്കുന്ന തുടക്കങ്ങള്‍ കൃത്യമായി രോഹിത് ഉപയോഗിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഏകദിന ലോകകപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിലും ജയ്സ്വാള്‍ കാത്തിരിക്കുന്ന സാഹചര്യത്തിലും.