
I promised myself I'm going to play positively because I can...
ഡീപ് സ്ക്വയര്‍ ലെഗില്‍ നിന്ന് ജൂവല്‍ ആൻഡ്രു രോഹിത് ശര്‍മയുടെ മടക്കം ഉറപ്പാക്കിയ നിമിഷം. നിശബ്ദതയില്‍ നിന്ന് പൊടുന്നനെ കാര്യവട്ടത്തിന്റെ ഗ്യാലറികള്‍ ആരവങ്ങളായി പരിവര്‍ത്തനപ്പെട്ടു. ഏകദിന ചരിത്രത്തില്‍ താനിതുവരെ വീഴാത്ത ആ മണ്ണിലേക്ക് അയാളുടെ ചുവടുവെപ്പ്...അവിടെ ആ പേര് നിലയ്ക്കാതെ ഉരുവിട്ടുകൊണ്ടേയിരിക്കുകയാണ്...
തെളിയിക്കാനൊ നേടിയെടുക്കാനോ ഇനിയൊന്നും ബാക്കിയില്ല, ആയുസിന്റെ പാതിയിലധികവും നല്‍കി കെട്ടിപ്പടുത്ത സാമ്രാജ്യത്തില്‍ അയാളുടെ സിംഹാസനത്തെ വെല്ലുവിളിക്കാൻപ്പോലും ഒരാള്‍ ഇല്ല...എന്നിട്ടും കരിയറിന്റെ സായാഹ്നത്തില്‍ അയാള്‍ തന്റെ ഏറ്റവും മികച്ച വേര്‍ഷൻ അണ്‍ലീഷ് ചെയ്യുകയാണ്...
അല്‍സാരി ജോസഫിന്റെ കൈകളില്‍ നിന്ന് മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വേഗതയിലൊരു പന്ത് നെഞ്ചിന് നേര്‍ക്ക്. പുള്‍ ചെയാനുള്ള ശ്രമത്തിനിടെ പന്ത് ടോപ് എഡ്ജ് ചെയ്ത് ഷായ് ഹോപ്പിന്റെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറിക്കപ്പുറം...നേരിട്ട മൂന്നാം പന്തില്‍ ആദ്യ സിക്സ്. ഇവിടെ നിന്ന് അയാള്‍ തുടങ്ങുകയാണ്...വിരാട് കോഹ്ലി.
കഴിഞ്ഞ ഒരു വര്‍ഷം പരിശോധിച്ചാല്‍, നേരിടുന്ന ആദ്യ പത്ത് പന്തിനുള്ളില്‍ തന്നെ ഒന്നോ രണ്ടോ സിക്സ് കണ്ടെത്തി ബൗളര്‍മാരെ ടേക്ക് ഓണ്‍ ചെയ്യുന്നതാണ് കോഹ്ലിയുടെ ശൈലി. ഹൈലി അഗ്രസീവായി, അതേ സമയം വെല്‍ കണ്‍ട്രോള്‍ഡുമായി. ഈ ബാലൻസ് കണ്ടെത്തുക എളുപ്പമല്ല, രോഹിതിനെ വിക്കറ്റിലേക്ക് നയിക്കുന്നതും ശുഭ്മാൻ ഗില്‍ ഏരിയല്‍ ഷോട്ടുകള്‍ കളിക്കാൻ തയാറാകാത്തതും ഒരുപരിധിവരെ ആ ബാലൻസ് കണ്ടെത്താൻ കഴിയാത്തതാണ്. This is what experience brings to the table: 18 years in the middle.
18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഗുദാകേഷ് മോത്തി കോഹ്ലിയെ ഒന്ന് പരീക്ഷിച്ചു, അതുവരെ മോത്തി എറിഞ്ഞ പന്തുകളുടെ വേഗത വളരെ കുറവും ലെങ്ത് ഏറെക്കുറെ സമാനവുമായിരുന്നു. മണിക്കൂറില്‍ 80 കിലോ മീറ്ററില്‍ നിന്ന് 92ലേക്കൊരു ഷിഫ്റ്റ്, ഗുഡ് ലെങ്ത് ഡെലിവെറി. കോഹ്ലി അതിവേഗം ലെങ്ത് പിക്ക് ചെയ്യുക മാത്രമായിരുന്നില്ല, ബാക്ക് ഫൂട്ടില്‍ ബാക്ക് വേഡ് പോയിന്റിനും ഷോട്ട് തേഡിനും ഇടയിലൂടെ മനോഹരമായൊരു കട്ട് ഷോട്ടിലൂടെ ബൗണ്ടറിയും കണ്ടെത്തി, പ്യുവര്‍ ക്ലാസ്.
മാത്യു ഫോര്‍ഡെയുടെ ഫുള്‍ ലെങ്തില്‍ ഒരു ഫ്ലിക്ക്. കോഹ്ലിയെ മൂന്ന് തവണ പുറത്താക്കിയ ചരിത്രമുള്ള അല്‍സാരിയെ നിരന്തരം ഷായ് ഹോപ് ഉപയോഗിക്കുകയായിരുന്നു. തന്റെ ആയുധപ്പുരയിലെ എല്ലാ അസ്ത്രങ്ങളും അല്‍സാരി പ്രയോഗിച്ചു, പക്ഷേ കോഹ്ലിയെ ഔട്ട്പ്ലേ ചെയ്യുക എന്നത് അസാധ്യമായിരുന്നു. തന്റെ രണ്ടാം സ്പെല്ലിനെത്തിയ അല്‍സാരിയുടെ ഗുഡ് ലെങ്ത് ഡെലിവെറിയില്‍ ഒരു സ്ട്രെയിറ്റ് ഡൗണ്‍ ദ ഗ്രൗണ്ട് സിക്സ്. എ ഷോട്ട് ഓഫ് എ കിംഗ്. 40 പന്തില്‍ അര്‍ദ്ധ സെഞ്ചുറി.
2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം 100 സ്ട്രൈക്ക് റേറ്റിന് മുകളില്‍ കോഹ്ലി നേടുന്ന ആറാമത്തെ അര്‍ദ്ധ ശതകമാണിത്. അല്‍സാരിയുടെ ഷോര്‍ട്ട് ബോളുകളെല്ലാം ബൗണ്ടറി റോപ്പുകള്‍ താണ്ടിക്കൊണ്ടേയിരുന്നു. അല്‍സാരിയെ മിഡ് വിക്കറ്റിലേക്ക് അയച്ച് ഏകദിന ഫോര്‍മാറ്റില്‍ 15000 റണ്‍സ്, കേവലം 303 ഇന്നിങ്സുകളില്‍ നിന്ന്, സച്ചിന് തെൻഡുല്‍ക്കറിന് ആവശ്യമായി വന്നത് 377 ഇന്നിങ്സുകളായിരുന്നുവെന്ന് ഓര്‍ക്കണം. ഇൻസെയിൻ നമ്പേഴ്സ്.
അര്‍ദ്ധ ശതകത്തിന് ശേഷം കോഹ്ലി തന്റെ ഇന്നിങ്സ് ടോപ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. മറുവശത്ത് ഷായ് ഹോപ്പിന്റെ ബൗളിങ് സംഘം അയാള്‍ക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുകയും ചെയ്തു. സെഞ്ചുറിയോട് അടുക്കുമ്പോള്‍ സമ്മര്‍ദത്തിലേക്ക് വീഴുന്ന വിരാട് കോഹ്ലി എന്ന പരിഹാസത്തെ പഴങ്കഥയാക്കി മോത്തിക്കെതിരെ ക്രീസുവിട്ടിറങ്ങി ലോങ് ഓണിലേക്കൊരു പടുകൂറ്റൻ സിക്സ്. ഫോര്‍മാറ്റിലെ 55-ാം ശതകം. കമന്ററി ബോക്സിലിരുന്ന ഹര്‍ഷ ബോഗ്ലെ പറഞ്ഞു. and the news from Virat Kohli to everybody else is, I am still here, I am not going anywhere. Yes, Virat Kohli is here to stay and there's nothing anyone can do about it.
കാര്യവട്ടത്തെ മനുഷ്യാരവത്തിന്റെ ആദരമെല്ലാം അയാള്‍ ഹെല്‍മെറ്റൂരി ബാറ്റ് ഉയര്‍ത്തി സ്വീകരിച്ചു. മൈതാനത്തെ രണ്ടാം ഏകദിന സെഞ്ചുറി, വിൻഡീസിനെതിരെ നാഴികക്കല്ലിലേക്ക് എത്തുന്നത് പത്താം തവണ...അര്‍ദ്ധ സെഞ്ചുറിയില്‍ നിന്ന് ശതകത്തിലേക്ക് എത്താൻ എടുത്തത് 34 പന്തുകള്‍ മാത്രം, ഇടയില്‍ നാല് സിക്സും മൂന്ന് ഫോറും.
എല്ലാത്തിലും ഉപരി അതിശയിപ്പിച്ച മറ്റൊന്ന്, 39-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു. മിഡ് ഓണിലേക്ക് റുതുരാജിന്റെ ഒരു ഫ്ലിക്ക്, ഡബിളില്‍ ഒതുക്കാൻ റുതുവിന്റെ ശ്രമം ഉണ്ടായിരുന്നെങ്കിലും ട്രിപ്പിളിനായി കോഹ്ലി കുതിച്ചു, 75 ഓവറിലധികമായി മൈതാനത്ത് തുടരുന്ന താരം, കാലാവസ്ഥയാകട്ടെ ശരീരത്തെ തളര്‍ത്തുന്ന തരത്തിലും, പ്രായം 38ലേക്ക് എത്തുന്നു. വിരാട് കോഹ്ലിയുടെ ഫിറ്റ്നസിന്റെ പീക്ക് ക്രിക്കറ്റ് ലോകം കണ്ട നിമിഷം...
സെഞ്ചുറിക്ക് ശേഷം കോഹ്ലിക്ക് കാര്യങ്ങള്‍ കൂടുതല്‍ അനായാസമായിരുന്നു. ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കാൻ അയാള്‍ക്ക് വേണ്ടി വന്നത് കേവലം 14 പന്തുകള്‍ക്കൂടി. ഇതില്‍ ഏഴ് പന്തും ബൗണ്ടറി, നാല് ഫോറും മൂന്ന് സിക്സും. കേയ്സി കാര്‍ട്ടിയുടെ ലെഗ് സ്റ്റമ്പിനെ ലക്ഷ്യമാക്കിയെത്തിയ പന്ത് ഫൈൻ ലെഗില്‍ നിക്ഷേപിച്ച് സിക്സിലൂടെ തന്നെ ഫിനിഷ് ചെയ്യുന്നു.
88 പന്തില്‍ 139 റണ്‍സ്. 10 ഫോറും ഒൻപത് സിക്സും. സ്ട്രൈക്ക് റേറ്റ് 157. കഴിഞ്ഞ 10 ഏകദിനങ്ങളിലെ വിരാട് കോഹ്ലിയുടെ സ്കോറുകള്‍ പരിശോധിച്ചാല്‍ നാല് വീതും സെഞ്ചുറികളും അർദ്ധ ശതകങ്ങളും. 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ആദ്യ പേര് അയാളുടേത് മാത്രമായിരിക്കും, വിരാട് കിങ് കോഹ്ലി.