Latest Videos

ധോണിയുടെയും കോലിയുടെയും പിന്തുണയില്ലാത്തതിനാല്‍ കരിയര്‍ പ്രതിസന്ധിയിലായ 7 താരങ്ങള്‍

By Web TeamFirst Published Apr 25, 2020, 7:49 PM IST
Highlights

ഒന്നോ രണ്ടോ മോശം പ്രകടനങ്ങള്‍ ഒരുപക്ഷെ ഒരു കളിക്കാരന്റെ രാജ്യാന്തര കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാം. അത്തരത്തില്‍ കരിയര്‍ പ്രതിസന്ധിയിലായ ഏഴ് കളിക്കാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ കടുത്ത മത്സരത്തെ അതിജീവിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കണമെങ്കില്‍ ഏതൊരു കളിക്കാരനും അസാമാന്യ മികവ് പുറത്തെടുക്കേണ്ടിവരും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ എത്തി സ്ഥാനം നിലനിര്‍ത്തണമെങ്കിലോ ക്യാപ്റ്റന്റെ പിന്തുണ ഏറെ നിര്‍ണായകവുമാണ്. ഒന്നോ രണ്ടോ മോശം പ്രകടനങ്ങള്‍ ഒരുപക്ഷെ ഒരു കളിക്കാരന്റെ രാജ്യാന്തര കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാം. അത്തരത്തില്‍ കരിയര്‍ പ്രതിസന്ധിയിലാവുകയോ അവസാനിക്കുകയോ ചെയ്ത ആറ് കളിക്കാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

യുവരാജ് സിംഗ്: സൗരവ് ഗാംഗുലി പിന്തുണച്ചതുപോലെ കരിയറില്‍ ധോണിയോ കോലിയോ തന്നെ പിന്തുണച്ചിട്ടില്ലെന്ന് യുവരാജ് സിംഗ് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. 2011 ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു യുവരാജെങ്കിലും ലോകകപ്പിനുശേഷം ക്യാന്‍സര്‍ ബാധിതനായതോടെ ടീമില്‍ നിന്ന് ഏറെക്കാലം വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ രോഗമുക്തി നേടി തിരിച്ചെത്തിയപ്പോഴാകട്ടെ യുവരാജിന് ഇന്ത്യന്‍ ടീമില്‍ പലപ്പോഴും അര്‍ഹമായ പരിഗണന ലഭിച്ചില്ല.

മോശം ഫോമും കൂടിയായതോടെ യുവരാജ് പലപ്പോഴും തഴയപ്പെട്ടു. യുവരാജിനെ തഴഞ്ഞതിനെതിരെ പിതാവ് യോഗ്‌രാജ് സിംഗ് തന്നെ ധോണിക്കെതിരെ പലപ്പോഴും പരസ്യമായി രംഗത്തെത്തി.പിന്നീട് കോലി ക്യാപ്റ്റനായപ്പോള്‍ യുവിയെ ടീമിലെടുത്തെങ്കിലും പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായിരുന്നു യുവി. ഇതോടെ ടീമില്‍ നിന്ന് പുറത്തായ യുവി ഒടുവില്‍ കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ദിനേശ് കാര്‍ത്തിക്ക്: ധോണിക്കും മുമ്പെ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ഗ്രെഗ് ചാപ്പല്‍ കണ്ടുവെച്ചത് ദിനേശ് കാര്‍ത്തിക്കിനെ ആയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണിയുഗം ആരംഭിച്ചതോടെ പലപ്പോഴും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് പാര്‍ഥിവ് പട്ടേലും ഋഷഭ് പന്തിനുമെല്ലാം ശേഷം രണ്ടാമതോ മൂന്നാമതോ മാത്രം പരിഗണിക്കുന്ന താരമായി കാര്‍ത്തിക്ക്. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ പോലും ടീമില്‍ സ്ഥാനം ലഭിക്കാനുള്ള മികവുണ്ടായിട്ടും കാര്‍ത്തിക്കിനെ പലപ്പോഴും ടീമിലേക്ക് പരിഗണിച്ചില്ല.

2018ല്‍ നിദാഹാസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ സിക്സറടിച്ച് അവിശ്വസനീയ ജയം സമ്മാനിച്ചശേഷവും കാര്‍ത്തിക്ക് ഇന്ത്യന്‍ ടീമിലെ പതിവുകാരനായില്ല. 2019ലെ ഏകദിന ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.  അന്ന് തിളങ്ങാനാവാഞ്ഞതോടെ ടീമില്‍ നിന്ന് പുറത്തായ കാര്‍ത്തിക്ക് ഇപ്പോഴും ടി20 ലോകകപ്പ് ടീമിലിടം ലഭിക്കുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല.

അംബാട്ടി റായുഡു: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ ക്ലീന്‍ ഹിറ്ററെന്നായിരുന്നു കരിയറിന്റെ തുടക്കക്കാലത്ത് അംബാട്ടി റായുഡുവിനെ വിശേഷിപ്പിച്ചിരുന്നത്.  സീനിയര്‍ താരങ്ങള്‍ വിശ്രമിച്ചപ്പോള്‍ 2013ല്‍ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്കായി അരങ്ങേറാനായെങ്കിലും സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ ടീമില്‍ നിന്ന് പുറത്തായി. 2018ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി റണ്‍സടിച്ചു കൂട്ടിയതോടെയാണ് റായുഡുവിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ആ വര്‍ഷത്തെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ റായുഡുവും എത്തി. എന്നാല്‍ കായികക്ഷമത തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടു.

എന്നാല്‍ പിന്നീട് ടീമില്‍ തിരിച്ചെത്തിയ റായുഡു ഇന്ത്യയുടെ നാലാം നാമ്പറില്‍ ഇരിപ്പുറപ്പിച്ചുവെന്ന് കരുതിയപ്പോഴാണ് ലോകകപ്പ് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ റായുഡുവിനെ അപ്രതീക്ഷിതമായി തഴഞ്ഞത്. ത്രീ ഡി പ്ലേയറെന്ന വിശേഷണവുമായി വിജയ് ശങ്കറെ ആണ് സെലക്ടര്‍മാര്‍ റായുഡുവിന് പകരം ടീമിലെടുത്തത്. നാലാം നമ്പറില്‍ റായുഡു സ്ഥാനമുറപ്പിച്ചെന്ന് മുമ്പ് പറഞ്ഞ ക്യാപ്റ്റന്‍ കോലി പോലും സെലക്ടര്‍മാരുടെ തീരുമാനത്തെ എതിര്‍ത്തതുമില്ല. ഒടുവില്‍ ലോകകപ്പിന് പിന്നാലെ 33-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റായുഡു തീരുമാനം പിന്‍വലിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും സജീവമായി.

മനീഷ് പാണ്ഡെ: ഐപിഎല്ലില്‍ സെഞ്ചുറി അടിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ശ്രദ്ധേയനായ മനീഷ് പാണ്ഡെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് ആവുമെന്ന് കരുതിയവര്‍ ഏറെ. എന്നാല്‍ 2015ല്‍ ദേശീയ ടീമില്‍ അരങ്ങേറിയിട്ടും ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ പാണ്ഡെക്കായില്ല. 2016ല്‍ ഓസ്ട്രേലിയയില്‍ തകര്‍പ്പന്‍ ഏകദിന സെഞ്ചുറി നേടിയെങ്കിലും അതുകൊണ്ടൊന്നും ഇന്ത്യന്‍ ടീമില്‍ പാണ്ഡെക്ക് സ്ഥാനം ലഭിച്ചില്ല. പലപ്പോഴും ടീമില്‍ വന്നും പോയുമിരുന്ന പാണ്ഡെക്ക് ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തും ഇരിപ്പുറപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എക്കായും മികച്ച പ്രകടനം പുറത്തെടുത്തിട്ടും കോലിക്ക് കീഴീലായിരുന്നപ്പോഴും ധോണിക്ക് കീഴിലായിരുന്നപ്പോഴും തുടര്‍ച്ചയായ രണ്ട് പരമ്പരകളില്‍ എല്ലാ മത്സരങ്ങളിലും പാണ്ഡെക്ക് ഇതുവരെ അവസരം ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ലോകകപ്പ് ടീമിലും പാണ്ഡെക്ക് അവസരമില്ലായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മികവുകാട്ടിയ പാണ്ഡെ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ടീമിലിടം കിട്ടുമെന്ന പ്രതീക്ഷയിലാണ്.

അമിത് മിശ്ര: കോലിക്കും മുമ്പെ ഇന്ത്യന്‍ ടീമിലെത്തിയതാണ് കോലിയുടെ അതേ നാട്ടുകാരനായ അമിത് മിശ്ര. 2003ലായിരുന്നു ഇന്ത്യന്‍ സീനിയര്‍ ടീമിലെ അരങ്ങേറ്റം. അന്ന് ഏതാനും ഏകദിനങ്ങളില്‍ കളിച്ച മിശ്രക്ക് പിന്നീട് ടീമില്‍ തിരിച്ചെത്താന്‍ അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 2008ല്‍ അനില്‍ കുംബ്ലെയുടെ അവസാന ടെസ്റ്റിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുമായി തിളങ്ങിയെങ്കിലും ഇതുവരെ കരിയറില്‍ കളിച്ചത് ആകെ 13 ടെസ്റ്റ് മാത്രം. 2008-2011 കാലയളവില്‍ ഏകദിനങ്ങളില്‍ കളിച്ചെങ്കിലും പിന്നീട് തഴയപ്പെട്ടു.

ഏകദിന ടീമില്‍ വന്നും പോയുമിരുന്നപ്പോഴും ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് നാലു വര്‍ഷത്തോളം മിശ്രയെ ഒരിക്കല്‍പോലും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചതേയില്ല. പിന്നീട് കോലി ക്യാപ്റ്റനായപ്പോല്‍ മിശ്ര വീണ്ടും ടെസ്റ്റ് ടീമിലെത്തി. ഒരു വര്‍ഷം തുടര്‍ച്ചയായി ടെസ്റ്റ് ടീമില്‍ കളിച്ചെങ്കിലും അശ്വിന്റെയും ജഡേജയുടെയും പ്രതാപകാലത്തില്‍ പിന്നീട് പുറത്തായി. ധോണിക്കും കോലിക്കും കീഴില്‍ കളിച്ച മിശ്രക്ക് പക്ഷെ ഇരുവരുടെയും വിശ്വാസം ആര്‍ജ്ജിക്കാനായില്ല. ഐപിഎല്ലില്‍ ഇപ്പോഴും മികവ് കാട്ടുന്ന മിശ്ര പക്ഷെ ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമിന്റെ പടിക്ക് പുറത്താണ്.

അക്സര്‍ പട്ടേല്‍: ഇന്ത്യ എ ടീമിലെ സ്ഥിരം സാന്നിധ്യമാണ് അക്സര്‍ പട്ടേല്‍. 2014 ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ ആ വര്‍ഷം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിലെത്തി. 2015ലെ ലോകകപ്പ് ടീമിലും ഇടം നേടി. 2017വരെ ടീമില്‍ വന്നും പോയുമിരുന്നു. അശ്വിനോ ജഡേജക്കോ വിശ്രമം അനുവദിക്കുമ്പോള്‍ പകരക്കാരനായി പലപ്പോഴും ടീമില്‍ എത്തിയ അക്സറിന് പക്ഷെ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും വന്നതോടെ ടീമിലെ പകരക്കാരന്റെ സ്ഥാനവും നഷ്ടമായി. ഇന്ത്യ എക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും അക്സര്‍ അവസാനമായി ഇന്ത്യക്ക് കളിച്ചത് 2017 ഒക്ടോബറിലാണ്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറായി ധോണിയോ കോലിയോ അക്സറിനെ ഒരിക്കലും പരിഗണിച്ചിട്ടുമില്ല.

വരുണ്‍ ആരോണ്‍: അതിവേഗമായിരുന്നു ആരോണിന്റെ കൈമുതല്‍. സ്ഥിരമായി 145-150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ആരോണ്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന് കരുതിയെങ്കിലും പരിക്കും റണ്‍ വഴങ്ങുന്നതിലെ ധാരാളിത്തവും തിരിച്ചടിയായി. 2011ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി. പിന്നീട് പലപ്പോഴും ടീമില്‍ വന്നും പോയുമിരുന്നു.ഇതുവരെ ഒമ്പത് ടെസ്റ്റിലും ഒമ്പത് ഏകദിനത്തിലും മാത്രമാണ് ആരോണ്‍ ഇന്ത്യക്കായി കളിച്ചത്. 2015 നവംബറിലായിരുന്നു അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. ധോണിയുടെ സ്വന്തം നാട്ടുകാരനാണെങ്കിലും ധോണിയില്‍ നിന്നോ കോലിയില്‍ നിന്നോ ആരോണിന് കരിയറില്‍ കാര്യമായ പിന്തുണ ലഭിച്ചില്ല.

click me!