
ഫുട്ബോള്‍ മൈതാനത്ത് ഒറ്റപ്പെടാത്തൊരാള്‍...ലാ പുള്‍ഗ അറ്റോമിക്ക!
പുല്‍നാമ്പുകള്‍ക്കിടയിലൂടെ ഇടം കാലിലെ അഡിഡാസിന്റെ ബൂട്ട് നീങ്ങുകയാണ്. അതിന്റെ തുമ്പിനോട് ചേർന്നും കീഴിലായുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്നൊരു പന്ത്. പുഴയൊഴുകുന്ന അനായാസയതയില്‍ അവ രണ്ടും നീങ്ങുന്നു. ഒരേ വേഗതയില്‍, ഒരേ ദിശയില്‍...
ഇതിനിടയിലൂടെ പല ബൂട്ടുകള്‍ മിന്നിമറയുന്നുണ്ട്, ചിലത് ആ ബൂട്ടിനെ, ചിലത് ആ കാലുകളെ, ചിലത് ആ പന്തിനെ ഉന്നമിടുന്നു. കണ്ണിമചിമ്മുന്ന നിമിഷത്തില്‍ അവയെ എല്ലാം മറികടന്നു ആ ഇടം കാല്‍, ആ പന്ത് ഈ നിമിഷമെല്ലാം ആസ്വദിക്കുന്നുണ്ടാകണം..
ഇനിയാണ് അനിശ്ചിതത്വത്തിന്റെ, ആശ്ചര്യത്തിന്റെ, അത്ഭുതത്തിന്റെ നിമിഷങ്ങള്‍. ഇടം കാലിനോട് ഏത് നിമിഷവും ആ പന്തിന് വിടപറയേണ്ടതായി വന്നേക്കാം, ഒരു പക്ഷെ അത് മഴവില്ലുപോലെ ആ വലക്കൂട്ടിലേക്ക് പെയ്തിറങ്ങിയേക്കാം, അല്ലെങ്കില്‍ മറ്റൊരു പാദത്തിലേക്കാകാം യാത്ര.
അതും വളരെ അനായാസമായേക്കും. അതില്‍ വല്ലാത്തൊരു കണിശതയുണ്ടാകാം, ചതുരത്തിനുള്ളിലെ തനിക്ക് പരിചിതമല്ലാത്ത ബൂട്ടുകളെ തൊടാൻ ആ പന്തിനെ അനുവദിക്കില്ല. ആ പന്തിന്റെ യാത്രയ്ക്ക് പൂര്‍ണതയുണ്ടാകാൻ തന്നാല്‍ കഴിയുന്നതെല്ലാം ആ ഇടം കാല്‍ ചെയ്തിട്ടുണ്ടാകും...പാളിച്ചകളില്ലാതെ...
മൈതാനത്ത് ഒരിക്കലും ഒറ്റപ്പെടാത്തൊരാള്‍, ലയണല്‍ മെസി.
മെസിയെ നിങ്ങള്‍ എന്നെങ്കിലും മൈതാനത്ത് ഒറ്റപ്പെട്ട് കണ്ടിട്ടുണ്ടോ...ആ മനുഷ്യനിലേക്ക് പന്തെത്തുന്ന നിമിഷം മുതല്‍ ആ കാലുകള്‍ ശ്രദ്ധാകേന്ദ്രമാകുന്നു. എതിര്‍നിരയിലെ നാലും അഞ്ചും പേര്‍ വളയുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി തുടരുന്ന, ഫുട്ബോള്‍ ലോകം ആസ്വദിക്കുന്ന കാഴ്ച. ആസ്വദിക്കുകയല്ലാതെ എന്തുചെയ്യാൻ.
2019 വരെയുള്ള നാളുകള്‍, കാല്‍പ്പന്തിന്റെ കൈപ്പുനീരും മധുരവുമെല്ലാം രുചിച്ച വര്‍ഷങ്ങള്‍. ബാഴ്‌സലോണയുടെ ജഴ്‌സിയിലെ കീരീടധാരണങ്ങള്‍, മറുവശത്ത് വെള്ളയും നീലയും ശരീരത്തിലേക്ക് മാറുന്ന നിമിഷം പരാജയങ്ങളുടെ ദൂരിതപ്പെയ്ത്തായിരുന്നു.
നൗ ക്യാമ്പില്‍ വളര്‍ന്ന് പന്തലിക്കുമ്പോളും മറുവശത്ത് അങ്ങനൊന്നായിരുന്നില്ല കഥ.
കോപ്പയും ലോകകപ്പുമൊക്കെ അടുക്കാൻ മടിച്ചപ്പോള്‍ അന്താരാഷ്ട്ര ഫുട്ബോള്‍ അവസാനിപ്പിക്കാൻ സ്വയം വിധിച്ചതാണ്. തന്റെ ഒപ്പമോടിയവൻ അന്താരാഷ്ട്ര കിരീടത്തില്‍ ആദ്യം മുത്തമിട്ടപ്പോള്‍ കുരിശിലേറ്റപ്പെട്ട മെസി. അങ്ങനൊരു ദിവസം വിധിക്കപ്പെട്ടിട്ടില്ലെന്ന് കരുതി ആശയടക്കിയ ആരാധകര്‍...
അകന്നുനില്‍ക്കാനാകാത്ത കിരീടങ്ങള്‍ അടുക്കുന്നതിന് വൈകാതെ ലോകം സാക്ഷിയായി. ആദ്യം കോപ്പ നുകര്‍ന്നു. വൈകാതെ ലുസൈലിലെ ആകാശത്തുദിച്ചുയര്‍ന്നു. അര്‍ജന്റീനൻ ജനതയുടെ കാത്തിരിപ്പിന് അറുതി വരുത്താൻ, 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബ്യൂണസ് അയേഴ്സിലെ തെരുവുകള്‍ നിലനിറത്താല്‍ ജ്വലിപ്പിക്കാൻ മെസി തന്നെ വേണ്ടിവന്നു.
ലാ പുള്‍ഗ അറ്റോമിക്ക! ഈ വാചകത്തിനര്‍ത്ഥം ചെറുതെങ്കിലും അസാമാന്യശേഷിയുള്ളത് എന്നാണ്. സ്പാനിഷ് മാധ്യമങ്ങളാണ് അറ്റോമിക്ക എന്ന വാക്ക് ലാ പുള്‍ഗയോട് ചേര്‍ത്തത്. മെസിയുടെ ശരീരപ്രകൃതി തന്നെയായിരുന്നു ഇത്തരമൊരു പേര് ചെറുപ്പത്തിലെ വീഴാനുള്ള കാരണവും.
ആ വാക്കിനര്‍ത്ഥം 38-ാം വയസിലും സാധൂകരിക്കപ്പെടുകയാണ്. ഫിഫ ക്ലബ്ബ് ലോകകപ്പില്‍ പോര്‍ട്ടോയ്ക്കെതിരായ ഗോളിലുണ്ട് എല്ലാം. അത് നിലയ്ക്കാതെ തുടരുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. 2026ല്‍ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന വിശ്വകിരീടപ്പോരിനൊടുവില്‍ മെസി ബൂട്ടഴിക്കുമോയെന്നതാണ് ആകാംഷ. നൗ ക്യാമ്പിലൊരു പടിയിറക്കത്തിന് കൊതിക്കുന്നവരുമുണ്ട്..
കാർലസ് റെഷാക്കിന്റെ ആ എഴുത്തില്ലായിരുന്നെങ്കില്‍ മെസിയെ ലോകം അറിയുമായിരുന്നോ... ബാഴ്‌സലോണയില്ലായിരുന്നെങ്കില്‍ മെസിയെ ലോകം വാഴ്ത്തുമായിരുന്നോ...ഇതിനൊന്നും ഉത്തരം തേടേണ്ടതില്ല...