1113 പന്തുകള്‍, 23 വിക്കറ്റ്! 'വി ബിലീവ് ഇൻ സിറാജ് ഭായ്'

Published : Aug 05, 2025, 11:43 AM ISTUpdated : Aug 05, 2025, 03:35 PM IST
Siraj

Synopsis

ഇന്ത്യക്ക് അനിവാര്യമായിരുന്ന ആദ്യ വിക്കറ്റ് സമ്മാനിക്കാൻ സിറാജിന് ആവശ്യമായി വന്നത് കേവലം മൂന്ന് പന്തുകള്‍ മാത്രമായിരുന്നു

മുഹമ്മദ് സിറാജിന്റെ ഹൃദയം ഓവല്‍ മൈതാനത്തേക്കാള്‍ വലുപ്പമുള്ളതാണ് - ഹർഷ ബോഗ്‌ലെ

ഓവലിലെ അഞ്ചാം ദിവസമാണ്, ഇംഗ്ലണ്ടിന് ജയിക്കാൻ കേവലം 35 റണ്‍സ് മാത്രം, ഇന്ത്യയ്ക്ക് ആവശ്യം നാല് വിക്കറ്റുകളും. ഒറ്റനോട്ടത്തില്‍ ആതിഥേയർക്ക് ജയം അനായാസമായിരുന്നു. പക്ഷേ, അത്ഭുതങ്ങളെ തള്ളിക്കളയാൻ ഇതിഹാസങ്ങള്‍ പോലും തയാറായിരുന്നില്ല.

പതിവിലും നേരത്തെ മുഹമ്മദ് സിറാജ് ഉറക്കമുണർന്നു. ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്നു കാലത്തെ ഒരു ചിത്രം, മുകളില്‍ 'Believe' (വിശ്വസിക്കുക) എന്ന വാക്ക് എഴുതിയിരിക്കുന്നു. തന്റെ ഫോണിന്റെ വാള്‍പേപ്പറായി ആ ചിത്രം മാറ്റുമ്പോള്‍ സിറാജ് മനസില്‍ ഉറപ്പിച്ചിരുന്നു, എനിക്ക് ഈ മത്സരം ജയിപ്പിക്കാനാകുമെന്ന്. അത് സിറാജിന്റെ വിശ്വാസമായിരുന്നു, തന്റെ മികവിലുള്ള ആത്മവിശ്വാസം.

മത്സരത്തെ വളരെ വൈകാരികമായി സമീപിക്കുന്ന താരമാണ് സിറാജ്, 2023 ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം കണ്ണീര് മറച്ചുവെച്ചില്ല. 2024 ട്വന്റി 20 ലോകകപ്പ് ജയത്തിന് ശേഷം അതിവൈകാരികമായിരുന്നു സിറാജിന്റെ പ്രതികരണം. ആൻഡേഴ്‌സണ്‍ - ടെൻഡുല്‍ക്കർ ട്രോഫിയിലുടനീളം കണ്ടതും അത്തരമൊരു സിറാജിനെ തന്നെയായിരുന്നു.

ലോർഡ്‌സില്‍ താൻ മിഡില്‍ ചെയ്ത പന്ത് എങ്ങനെ സ്റ്റമ്പിലേക്ക് വഴുതിവീണു എന്ന് അറിയാതെ സ്തംഭിച്ച് നിന്ന സിറാജ്, നിരാശയോടെ വിക്കറ്റില്‍ ഇരുന്ന സിറാജ്. ഓവലില്‍ നാലാം ദിനം ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്ത് ബൗണ്ടറി വരയില്‍ കാല്‍ തൊടുമ്പോള്‍ കളി കൈവിട്ടല്ലോ താനെന്നോര്‍ത്ത സിറാജ്. ആ നിമിഷം മുതല്‍ സിറാജിനെ വില്ലനായി ചിത്രീകരിച്ചവർ...

പക്ഷേ, എല്ലാ കണക്കുകൂട്ടലിനും ഒടുവിലെ ഉത്തരം ഇതായിരുന്നു. ഇന്ത്യക്ക് ജയിക്കണമെങ്കില്‍ സിറാജിന്റെ പന്തുകള്‍ തന്നെയാണ് വേണ്ടത്.

പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി ജേമി ഓവ‍ര്‍ട്ടൻ പൊടുന്നനെ വിജയലക്ഷ്യം 35ല്‍ നിന്ന് 27ലേക്ക് എത്തിച്ചു. മൈതാനത്ത് നിലകൊണ്ട സിറാജ് എന്തായിരിക്കാം ചിന്തിച്ചിരിക്കുക. സിറാജിന്റെ വിശ്വാസത്തിന് ഏറ്റ അടിയായിരുന്നു ആ രണ്ട് ഫോറുകള്‍. പക്ഷേ, സിറാജ് പന്തെടുത്തപ്പോള്‍ മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു, സമ്മര്‍ദം ഇംഗ്ലണ്ട് നിരയിലേക്ക് പതിയെ പതിക്കുകയായിരുന്നു.

ഇന്ത്യക്ക് അനിവാര്യമായിരുന്ന ആദ്യ വിക്കറ്റ് സമ്മാനിക്കാൻ സിറാജിന് ആവശ്യമായി വന്നത് കേവലം മൂന്ന് പന്തുകള്‍ മാത്രമായിരുന്നു. സിറാജിന്റെ ഇൻസ്വിങ്ങറെ അതിജീവിക്കാൻ ക്രീസുവിട്ടിറങ്ങിയ ജേമി സ്മിത്തിന് കാത്തുവെച്ചത് എവെ സ്വിങ്ങ‍ര്‍, പന്ത് ബാറ്റിലുരസി ദ്രുവ് ജൂറലിന്റെ കൈകളില്‍ ഭദ്രമായി എത്തിച്ചേര്‍ന്നു.

സിറാജ് പിന്നീടെറിയുന്ന ഓരോ പന്തുകളും ഓവര്‍ട്ടണിന്റേയും അറ്റ്കിൻസണിന്റേയും ബാറ്റിനെ തൊടാൻ മടിച്ചു. പേസ് ബൗളിങ്ങിന്റെയും ടെസ്റ്റ് ക്രിക്കറ്റിന്റേയും അതിമനോഹരമായ കാഴ്ച. തന്റെ രണ്ടാം ഓവറില്‍ ഓവര്‍ട്ടണിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ വോബിള്‍ സീം. അമ്പയര്‍ കുമാര്‍ ധ‍‍ര്‍മസേന അല്‍പ്പം അലോചനയ്ക്ക് ശേഷം വിരല്‍ ഉയര്‍ത്തുമ്പോള്‍ ഓവല്‍ ഒന്നടങ്കം വിശ്വസിച്ചു, ഇവിടെ ഇനിയും സാധ്യതകളുണ്ടെന്ന്.

ജോഷ് ടങ്ങിന്റെ പ്രതിരോധം പ്രസിദ്ധ് തകര്‍ക്കുന്നു, അറ്റ്കിൻസണിന്റെ ക്യാച്ച് ആകാശ് ദീപ് വിട്ടുകളയുന്നു. ക്രിസ് വോക്ക്‌സിന്റെ പോരാട്ടവീര്യം, വോക്ക്‌സിനെ റണ്ണൗട്ടാക്കാനുള്ള അവസരം ജുറല്‍ പാഴാക്കുന്നു. നാടകീയ നിമിഷങ്ങള്‍.

ഒടുവില്‍ മണിക്കൂറില്‍ 143 കിലോമീറ്റര്‍ വേഗതയിലുള്ള യോര്‍ക്കര്‍ അറ്റ്കിൻസണിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്കായി സിറാജ് പുതുചരിത്രം കുറിക്കുകയായിരുന്നു ഓവലില്‍. പരമ്പരയിലുടനീളം ബൗളര്‍മാരുടെ പന്തിന്റെ വേഗത കുറയുന്നതായി കണ്ടിരുന്നു. എന്നാല്‍, അഞ്ച് മത്സരങ്ങളിലായി 1100ലധികം പന്തുകളെറിഞ്ഞ സിറാജ് തന്റെ അവസാന സ്പെല്ലിലും 140 കിലോ മീറ്ററിന് മുകളില്‍ ക്ലിക്ക് ചെയ്തു, അസാധ്യ പ്രകടനം.

രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്തത് 85.1 ഓവറാണ്. ഇതില്‍ 30.1 ഓവറുകളും എറിഞ്ഞത് സിറാജായിരുന്നു.

പരമ്പരയിലുടനീളം 23 വിക്കറ്റുകള്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു ഇന്ത്യൻ പേസറുടെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പം. ജസ്പ്രിത് ബുമ്ര കഴിഞ്ഞ പര്യടനത്തില്‍ 23 വിക്കറ്റുകള്‍ നേടിയിരുന്നു. ഓവലിലെ താരമായാണ് സിറാജ് കളം വിട്ടത്.

ഒരുപക്ഷേ, ഇന്ത്യ സ്വന്തമാക്കേണ്ടിയിരുന്ന പരമ്പരയായിരുന്നു. അത് കൈവിടുമെന്ന് തോന്നിച്ചപ്പോള്‍ എല്ലാം മുഹമ്മദ് സിറാജിന്റെ പന്തുകള്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഇംഗ്ലണ്ട് പരിശീലകൻ ബ്രെണ്ടൻ മക്കല്ലവും നായകൻ ബെൻ സ്റ്റോക്ക്സും ജോ റൂട്ടും ഹാരി ബ്രൂക്കുമെല്ലാം സിറാജിനെ വാഴ്ത്തുന്നതിന് പിന്നിലെ കാരണവും ഇതുതന്നെയായിരിക്കാം.

മത്സരശേഷം മാധ്യമപ്രവര്‍ത്തകൻ സിറാജിനോട് ചോദിച്ചത് ജോലിഭാരത്തെക്കുറിച്ചു ശരീരത്തെക്കുറിച്ചുമായിരുന്നു. സിറാജിന്റെ മറുപടി ഇപ്രകാരമായിരുന്നു. ഞാൻ എറിയുന്ന പന്തുകള്‍ ഒരിക്കലും എനിക്കുവേണ്ടിയുള്ളതല്ല. രാജ്യത്തിനായാണ്. ബാക്കിയൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല.

ഞാൻ ജസി ഭായിയില്‍ മാത്രമാണ് വിശ്വസിക്കുന്നത് എന്നതില്‍ നിന്ന് ഞാൻ എന്നില്‍ വിശ്വസിക്കുന്നുവെന്ന വാചകത്തിലേക്ക് സിറാജ് എത്തിയിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?