എന്തുകൊണ്ടാകും ജോക്കോവിച്ചിനെ ആളുകള്‍ ഇത്രത്തോളം വെറുത്തത്?

Published : Jan 27, 2025, 05:51 PM ISTUpdated : Jan 27, 2025, 06:33 PM IST
എന്തുകൊണ്ടാകും ജോക്കോവിച്ചിനെ ആളുകള്‍ ഇത്രത്തോളം വെറുത്തത്?

Synopsis

കൂവിയവരെ കൊണ്ട് കയ്യടിപ്പിച്ച നൊവാക്ക് ജോക്കോവിച്ച് എന്ന ഇതിഹാസത്തിന്റെ കഥ

ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച സര്‍വീസ് റിട്ടേണറുകളില്‍ ഒരാളാണ് ജോക്കോവിച്ച്. ഇത്തരത്തിലുള്ള ടെക്‌നിക്കല്‍ സ്‌കില്ലുകളാണ് ഗോട്ട് പരിവേഷത്തിലേക്ക് അയാളെ എത്തിച്ചത്. ടെന്നീസ് വളരെയധികം ശാരീരിക ഫിറ്റ്‌നസ് ആവശ്യപ്പെടുന്ന ഗെയിം ആണ്. ജോക്കോവിച്ചിന്റെ ഫിസിക്കല്‍ ഫിറ്റ്‌നസ് അസാധ്യമാണ്.

 

ടെന്നീസ് ചരിത്രത്തില്‍ നൊവാക്ക് ജോക്കോവിച്ചിനോളം കാണികളുടെ കൂവല്‍ കിട്ടിയിട്ടുള്ള മറ്റൊരു താരമുണ്ടാവില്ല. എന്തുകൊണ്ടാണ് ജോക്കോവിച്ചിനെ ആളുകള്‍ ഇത്ര മാത്രം വെറുത്തത്. 2005 -ന് ശേഷം പുരുഷ ടെന്നീസ് ചരിത്രത്തില്‍ കായികപ്രേമികള്‍ പ്രധാനമായും നെഞ്ചിലേറ്റിയത് രണ്ടു പേരെയാണ് -റോജര്‍ ഫെഡററെയും, റാഫേല്‍ നദാലിനെയും. പ്രധാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകള്‍ എല്ലാം ഇവര്‍ മാറി മാറി ജയിക്കുന്ന കാഴ്ച. ഈ ആധിപത്യം പൊളിച്ചു കൊണ്ടാണ് നൊവാക്ക് ജോക്കോവിച് എന്ന താരം ഉദിച്ചുയരുന്നത്. ടെന്നീസ് പ്രേമികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളെ, ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ തോല്‍പിച്ചതാണ് ഈ കൂവലുകള്‍ കിട്ടാനുള്ള പ്രധാന കാരണം.

സെര്‍ബിയക്കാര്‍ക്ക് അന്യായമായിരുന്നു ഗ്രാന്‍ഡ്സ്ലാം ട്രോഫികള്‍. ആ പശ്ചാത്തലത്തിലേക്കാണ് ഒരു പതിനെട്ടുകാരന്‍ 2005 ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാന്‍ എത്തുന്നത്. പേര് നൊവാക്ക് ജോക്കോവിച്. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ മാരറ്റ് സഫിനോട് തോറ്റു പുറത്തു പോവേണ്ടി വന്നു. എന്നാല്‍ അതുകൊണ്ട് പോരാട്ടം അവസാനിപ്പിക്കുവാന്‍ നൊവാക്ക് തയാറായില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം 2008-ല്‍ അതെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ റോഡ് ലെവര്‍ അരീനയെ സാക്ഷി നിര്‍ത്തി ജോ വില്‍ഫ്രഡ് സോങ്കയെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ തകര്‍ത്തു ആദ്യമായി ഗ്രാന്‍ഡ്സ്ലാം ട്രോഫി സെര്‍ബിയയിലേക്കെത്തിക്കുന്നു.

പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, നോവാക്കിന്. കടുത്ത വെല്ലുവിളികള്‍ അതിജീവിച്ചും, വെല്ലുവിളികള്‍ ഇല്ലാതെയും 23 തവണ കൂടി ജോക്കോവിച് ഗ്രാന്‍ഡ്സ്ലാം ട്രോഫികള്‍ ഉയര്‍ത്തി. 

ജോക്കോവിച്ചിന്റെ കരിയര്‍ ബ്രേക്ത്രൂ സീസണ്‍ എന്ന് വിശേഷിപ്പിക്കാവുന്നത് 2011 ആണ്. ഓസ്ട്രേലിയന്‍ ഓപ്പണും, വിമ്പിള്‍ഡണും, യു.എസ് ഓപ്പണുമടക്കം നാലില്‍ മൂന്ന് കിരീടങ്ങളും നേടാന്‍ ജോക്കോവിച്ചിനായി.

എങ്ങനെയാണ് ജോക്കോവിച്ച് ഇത്രയും മികച്ചവനായത്. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച സര്‍വീസ് റിട്ടേണറുകളില്‍ ഒരാളാണ് ജോക്കോവിച്ച്. ഇത്തരത്തിലുള്ള ടെക്‌നിക്കല്‍ സ്‌കില്ലുകളാണ് ഗോട്ട് പരിവേഷത്തിലേക്ക് അയാളെ എത്തിച്ചത്. ടെന്നീസ് വളരെയധികം ശാരീരിക ഫിറ്റ്‌നസ് ആവശ്യപ്പെടുന്ന ഗെയിം ആണ്. ജോക്കോവിച്ചിന്റെ ഫിസിക്കല്‍ ഫിറ്റ്‌നസ് അസാധ്യമാണ്. കൊഴുപ്പിന്റെ അംശം ശരീരത്തില്‍ വളരെയധികം കുറവുള്ള അത്ലറ്റുകളുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ ആണ് ജോക്കോവിച്ച്. അദ്ദേഹം ജയിച്ചിട്ടുള്ള 5 സെറ്റ് മാച്ചുകളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അത് വ്യക്തമാകും. ഫിസിക്കല്‍ ഫിറ്റ്‌നസിനൊപ്പം മെന്റല്‍ ട്രെയിനിങ്ങും ജോക്കോവിച്ചിന്റെ ചിട്ടകളില്‍ പ്രധാനപ്പെട്ടതാണ്. എതിരാളികളുടെ മേല്‍ മാനസികാധിപത്യം നേടാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്ന് 'സെര്‍വ് റ്റു വിന്‍' എന്ന ബുക്കില്‍ നൊവാക്ക് എഴുതിയിട്ടുണ്ട്. മെന്റല്‍ ട്രെയിനിങ് എങ്ങനെ നൊവാക് ജോക്കോവിച് എന്ന കളിക്കാരനെ സഹായിച്ചു എന്നതിന് റോജര്‍ ഫെഡറര്‍ക്കെതിരെ ഉള്ള രണ്ട് ഐതിഹാസിക മത്സരങ്ങള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം. 2010 യു.എസ് ഓപ്പണ്‍ സെമിഫൈനലാണ് വേദി. ഫെഡറര്‍ രണ്ട് തവണ മാച്ച് പോയിന്റിലെത്തി. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ട് മാച്ച് പോയിന്റുകള്‍ സേവ് ചെയ്ത് ജോക്കോവിച്ച് ആ മാച്ച് ജയിക്കുന്നു. 2019 വിമ്പിള്‍ഡണ്‍ ഫൈനല്‍ ആണ് അടുത്ത ഉദാഹരണം.

ഒരുപക്ഷെ റോജര്‍ ഫെഡറര്‍ ആരാധകരുടെ ഹൃദയം തകര്‍ത്ത മാച്ച്. വിമ്പിള്‍ഡണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലിന്റെ അവസാനം രണ്ട് ചാംപ്യന്‍ഷിപ് പോയിന്റുകള്‍ സേവ് ചെയ്ത് കപ്പ് അടിക്കുന്ന ജോക്കോവിച് മെന്റല്‍ ടഫ്നെസ്സിന്റെ ഉദാത്ത ഉദാഹരണം ആണ്.

ജോക്കോവിച്ചിനെ പ്രായം തളര്‍ത്തി എന്ന് കരുതുന്നവരുണ്ട്. കഴിഞ്ഞ 2-3 വര്‍ഷങ്ങളില്‍ അല്‍കാരസിനെയും, സിന്നറെയും പോലെയുള്ള യുവരക്തങ്ങളുടെ കടന്ന് വരവ് കാരണം ജോക്കോ അദ്ധ്യായം അവസാനിക്കാറായി എന്ന് കരുതിയവരുണ്ട്. ഒളിമ്പിക് ഗോള്‍ഡ് എന്ന ജോക്കോവിച്ചിന്റെ മോഹം ഒരിക്കലും നടക്കില്ല എന്ന് വിധിയെഴുതിയവരുണ്ട്. അതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് അല്‍കാരസിനെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്‌സ് ഗോള്‍ഡ് നൊവാക്ക് സെര്‍ബിയയിലേക്കെത്തിച്ചത്. ആ സെലിബ്രെറ്റഡ് കരിയറില്‍ നേടാന്‍ ബാക്കിയുണ്ടായിരുന്ന ഏക നേട്ടം.

വിജയങ്ങള്‍ക്കൊപ്പം തന്നെ വിവാദങ്ങളും പിന്തുടര്‍ന്ന കരിയര്‍ ആണ് ജോക്കോവിച്ചിന്റേത്. 2020 യു.എസ് ഓപ്പണില്‍ ലൈന്‍ ജഡ്ജിന്റെ പുറത്തേക്ക് പന്തടിച്ചു എന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ടു. അതിനു പിന്നാലെ വന്ന വാക്‌സിനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. വാക്‌സിന്‍ വിഷയത്തിലെ നിലപാട് കാരണം പങ്കെടുക്കാന്‍ പറ്റാതെ പോയ ടൂര്‍ണമെന്റുകള്‍.

ജോക്കോവിച്ചിന്റെ ടോയ്‌ലറ്റ് ബ്രേക്കുകള്‍ പ്രശസ്തമാണ്. കളിയില്‍ പുറകിലേക്ക് പോകുന്ന സമയത്തു നൊവാക്ക് ടോയ്‌ലറ്റ് ബ്രേക്ക് അല്ലെങ്കില്‍ മെഡിക്കല്‍ ടൈം ഔട്ട് വിളിക്കും. എതിരാളിയുടെ ഫ്‌ലോ ഇല്ലാതാക്കി തിരിച്ചുവന്ന് ആ കളിയും ജയിക്കും.

കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പോലും രാജകീയമായ പോരാട്ടത്തിന് ശേഷമാണ് നൊവാക്ക് മടങ്ങുന്നത്. ഏഴാം സീഡ് ആയി വന്നു ടൂര്‍ണമെന്റ് ഫേവറേറ്റുകളില്‍ ഒരാളായ അല്‍കാരസിനെ പരാജയപ്പെടുത്തി. പരിക്ക് വില്ലനായത് ആയിരുന്നു കാരണം. സെമി ഫൈനലില്‍ പരിക്ക് കാരണം നൊവാക്ക് പിന്മാറിയപ്പോള്‍ കൂവിയ കാണികളോട് നൊവാക്കിന്റെ എതിരാളി സ്വരേവ് പറഞ്ഞ വാക്കുകള്‍ വൈകാരികമാണ്. 'കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രത്തില്‍ ഈ ഗെയിമിന് നല്‍കാവുന്നതെല്ലാം നൊവാക്ക് നല്‍കി കഴിഞ്ഞു'. ഇനിയും ഒരു പോരാട്ടത്തിനുള്ള ബാല്യം ആ പോരാളിയില്‍ ബാക്കിയുണ്ട്. പ്രായം തളര്‍ത്താത്ത പോരാളി. കൂവിയവരെ കൊണ്ട് കയ്യടിപ്പിച്ച നൊവാക്ക് ജോക്കോവിച്ച് എന്ന ഇതിഹാസത്തിന്റെ കഥ. 

PREV
click me!

Recommended Stories

ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി; ഇഷാൻ കിഷൻ വരുന്നു
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?