രണ്ട് പടയാളികളുമായി യുദ്ധത്തിനിറങ്ങിയ യോദ്ധാവ്; ജയത്തോളം പോന്ന ജഡേജയുടെ ഇന്നിങ്സ്!

Published : Jul 15, 2025, 12:13 PM IST
Ravindra Jadeja

Synopsis

ഇംഗ്ലണ്ട് ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തുകളെ മാത്രമായിരുന്നില്ല, അവരുടെ നാവിനേയും ശരീരത്തേയും ലോര്‍ഡ്‌സിന്റെ ഗ്യാലറിയേയും അതിജീവിക്കണമായിരുന്നു ജഡേജയ്ക്ക്

ഡ്യൂക്‌സ് ബോള്‍ മുഹമ്മദ് സിറാജിന്റെ ബാറ്റില്‍ നിന്ന് പിന്നോട്ട് കറങ്ങി ലെഗ്‌ സ്റ്റമ്പില്‍ പതിച്ചിരിക്കുന്നു. സിറാജ് നിശ്ചലനാണ്. നോണ്‍ സ്ട്രൈക്കര്‍ എൻഡില്‍ ആകാശത്തേക്ക് തല ഉയർത്തി നില്‍ക്കുന്ന രവീന്ദ്ര ജഡേജ. ഇങ്ങനെയൊരു അവസാനമായിരുന്നോ ക്രിക്കറ്റിന്റെ വിശുദ്ധഭൂമി കാത്തുവെച്ചിരുന്നതെന്ന് അയാള്‍ ഒർത്തിരിക്കാം. രണ്ട് പടയാളികളുമായി യുദ്ധം ചെയ്യാനിറങ്ങിയ യോദ്ധാവിന്റെ കഥയുടെ പര്യവസാനമായിരുന്നു അവിടെ. അയാളുടെ ചെറുത്തുനില്‍പ്പിന്റേയും താണ്ടിയ പരീക്ഷണക്കയങ്ങളുടേയും കഥ.

ലോർഡ്‍സില്‍ അഞ്ചാം ദിനത്തിലെ 20-ാം മിനുറ്റ്. ഇന്ത്യൻ ഇന്നിങ്സിന്റെ 21-ാം ഓവ‍ര്‍. ചരിത്രമുറങ്ങുന്ന ആ ഇടനാഴിയിലൂടെ മൈതാനത്തേക്ക് നടന്നെത്തിയ ജഡേജയുടെ വേഷം ഒരു പടയാളിയുടേതായിരുന്നു, നിയോഗം കെ എല്‍ രാഹുലിന് ഒപ്പം നിലകൊള്ളുക എന്നത് മാത്രം. ബെൻ സ്റ്റോക്ക്‌സിന്റെ നിപ് ബാക്കര്‍ രാഹുലിന്റെ പ്രതിരോധത്തെ തകര്‍ത്ത് പാഡില്‍ തട്ടുമ്പോള്‍ ഇന്ത്യൻ ആരാധകര്‍ ആശിച്ചു, അമ്പയര്‍ വിരല്‍ ഉയര്‍ത്തരുതേയെന്ന്. അങ്ങനെ തന്നെ സംഭവിച്ചെങ്കിലും ഇംഗ്ലണ്ട് നായകൻ റിവ്യൂവിലൂടെ ആശകള്‍ക്ക് മുകളില്‍ ആഘോഷിച്ചു.

ആര്‍ച്ചറിന്റെ അത്ലറ്റിസം സുന്ദറിന്റെ നാല് പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്സ് അവസാനിപ്പിച്ചിരിക്കുന്നു. സ്ലിപ്പ് കോര്‍ഡനില്‍ നിന്ന് ഹാരി ബ്രൂക്കിന്റെ ശബ്ദമുയര്‍ന്നു. Its just a matter of time, common boys! ഇനി അധികസമയമില്ല ജയത്തിലേക്കെന്ന ആത്മവിശ്വാസം, അതായിരുന്നു ബ്രൂക്കിനെക്കൊണ്ട് ആ വാചകം പറയിച്ചത്. പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. ജഡേജയ്ക്കൊപ്പം നിതീഷ് കുമാർ റെഡ്ഡി. 89 പന്തുകള്‍ നീണ്ട അതിജീവനത്തിന് നിതീഷിന്റെ വിക്കറ്റിലൂടെ ക്രിസ്‍ വോക്ക്‌സ് അന്ത്യമിട്ടു.

ഉച്ചയൂണിന് പിരിയുമ്പോള്‍ വിജയത്തിലേക്കുള്ള ദൂരം 81 റണ്‍സ്. അവശേഷിക്കുന്നത് ജസ്പ്രിത് ബുംറയുടേയും സിറാജിന്റേയും വിക്കറ്റുകള്‍. ഏറിയാല്‍ 15 മിനുറ്റ്, അതിനപ്പുറം ഇന്ത്യൻ ഇന്നിങ്സിന് ആയുസുണ്ടാകില്ലെന്ന് കരുതിയവരാകും ഭൂരിഭാഗവും. പടയാളിയുടെ വേഷം ഉപേക്ഷിച്ചിരിക്കുന്നു ജഡേജ, അയാള്‍ യോദ്ധാവിന്റെ വേഷം അണിഞ്ഞായിരുന്നു ലോർഡ്‍സിന്റെ ഇടനാഴിയിലൂടെ രണ്ടാം തവണ ക്രീസിലേക്ക് ചുവടുവെച്ചത്.

ഇംഗ്ലണ്ട് ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തുകളെ മാത്രമായിരുന്നില്ല, അവരുടെ നാവിനേയും ശരീരത്തേയും ലോര്‍ഡ്‌സിന്റെ ഗ്യാലറിയേയും അതിജീവിക്കണമായിരുന്നു വരും മണിക്കൂറില്‍. ജഡേജ തയാറായിരുന്നു. ഇത്തരം നിമിഷങ്ങള്‍ ജഡേജയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാൻ പോന്നതല്ലെന്ന് കാലം തെളിയിച്ചതാണ്. പന്തിന്റെ മെറിറ്റിന് അനുസരിച്ച് മാത്രം കളിക്കുന്ന ബാറ്ററാണയാള്‍. ബാക്ക് ഫൂട്ടിലും ഫ്രണ്ട് പൂട്ടിലൂമായി പിച്ചിനെ ഉഴുതുമറിച്ച് ഓരോ റണ്‍സും ചേര്‍ത്തുവെക്കുന്ന വൈഭവമാണ് അയാളുടെ കരുത്ത്.

ഇതുതന്നെയായിരുന്നു ആവര്‍ത്തിച്ചതും. ജസ്പ്രിത് ബുംറയുടെ വിക്കറ്റിന് മുന്നില്‍ സംരക്ഷണവലയം കെട്ടിയുള്ള ബാറ്റിങ്. എല്ലാ ഓവറിന്റേയും നാല് അല്ലെങ്കില്‍ അഞ്ച് പന്തുകള്‍ നേരിടുന്ന ജഡേജ. ബുംറയ്ക്ക് സ്ട്രൈക്ക് ലഭിക്കുന്ന ഓവറുകളുടെ അവസാന പന്തുകളില്‍ മാത്രമാകുന്നു. ബുംറ തടഞ്ഞിടുന്ന ഓരോ പന്തിനും ട്വന്റി 20യിലെ കൂറ്റനടികള്‍ക്ക് പോലും ലഭിക്കാത്ത കയ്യടികളാണ് ലോര്‍ഡ്‌സില്‍ ഉയര്‍ന്നിരുന്നത്. ബുംറ തന്റെ കരിയറില്‍ എറിഞ്ഞ പന്തുകളേക്കാള്‍ നേരിടുന്ന പന്തുകള്‍ നിര്‍ണായകമായ നിമിഷങ്ങള്‍.

22 ഓവറുകള്‍ നീണ്ട കൂട്ടുകെട്ടില്‍ 18 ഓവറുകളിലും ആദ്യ പന്ത് നേരിട്ടത് ജഡേജയായിരുന്നു. സ്റ്റോക്ക്‌സ് ഒരുക്കിയ ഡിഫൻസീവ് ഫീല്‍ഡില്‍, ഓള്‍ഡ് ബോളില്‍ ഒരു കൂറ്റനടിക്ക് ശ്രമിച്ചാല്‍ ടീമിനെ തോല്‍വിയിലേക്ക് തള്ളിവിടുന്നതിന് സമാനമാകും കാര്യങ്ങളെന്ന ബോധ്യം ജഡേജയിലുണ്ടായിരുന്നു. പ്രത്യേകിച്ചും വിക്കറ്റില്‍ നിന്ന് അണ്‍ഈവൻ ബൗണ്‍സുമുള്ള പശ്ചാത്തലത്തില്‍. അതുകൊണ്ട് സിംഗിളുകള്‍ക്കൊണ്ടുള്ള പോരാട്ടത്തിലുറച്ചാണ് ജഡേജ നിലകൊണ്ടതും.

ക്ഷമയുടെ മണിക്കൂറിനൊടുവില്‍ സ്റ്റോക്ക്‌സ് വിരിച്ച ഷോര്‍ട്ട് ബോള്‍ വലയില്‍ വീണ് ബുംറ മടങ്ങി. 132 പന്തുകള്‍ നീണ്ട കൂട്ടുകെട്ടില്‍ 68 എണ്ണമായിരുന്നു ജഡേജ നേരിട്ടത്. നേടിയ ഏഴ് വിക്കറ്റിനേക്കാള്‍ വലുപ്പമുള്ള 54 പന്തുകള്‍ നേരിട്ട ബുംറ. 11-ാമനായി സിറാജ് കൂട്ടിനെത്തിയപ്പോഴും ജഡേജയുടെ സമീപനത്തില്‍ മാറ്റമില്ലായിരുന്നു. അര്‍ദ്ധ സെഞ്ച്വറിയിലേക്ക് എത്തിയ ജഡേജ പതിവ് ആഘോഷങ്ങള്‍ മാറ്റിവെച്ചു, മുന്നിലുള്ള ലക്ഷ്യത്തിനായിരുന്നു പ്രധാന്യം.

ജഡേജ നേടുന്ന ഓരോ സിംഗിളും സിറാജ് പ്രതിരോധിക്കുന്ന ഓരോ പന്തും ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിത വര്‍ധിപ്പിക്കുകയായിരുന്നു. 15 മിനുറ്റില്‍ വിജയം പ്രവചിച്ചെങ്കില്‍ അത് ഒരു സെഷനും കൂടി താണ്ടിയിരിക്കുന്നു. 31 ഓവറും മൂന്ന് പന്തും നീണ്ട സെഷനില്‍ ഇന്ത്യ നേടിയത് 51 റണ്‍സായിരുന്നു. എഴുതിത്തള്ളിയ വാലറ്റത്തിനെ കൂട്ടുപിടിച്ചുള്ള അസാധ്യമായ ചെറുത്തുനില്‍പ്പായിരുന്നു അവിടെ സംഭവിച്ചത്. ഒടുവില്‍ നിര്‍‍ഭാഗ്യം ഉരുണ്ട് സ്റ്റമ്പിലേക്ക് കയറി ചെറുത്തിനില്‍പ്പ് അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ ജയത്തോളം ഉയരുമുണ്ടായിരുന്നു ജഡേജയുടെ ഇന്നിങ്സിന്.

ജഡേജ ക്രീസിലെത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാൻ ആവശ്യമായിരുന്നത് 122 റണ്‍സായിരുന്നു. ഇന്ത്യ നേടിയത് 99 റണ്‍സും. ഇതില്‍ 61 റണ്‍സും ജഡേജയുടെ ബാറ്റില്‍ നിന്ന്. ക്രീസില്‍ നിലയുറപ്പിച്ചത് 55 ഓവറുകളില്‍, നേരിട്ടത് 181 പന്തുകള്‍, അതയാത് 30 ഓവറിലധികം. ആറ് വര്‍ഷങ്ങള്‍ക്ക് മുൻപ് ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ സമാനമായൊരു ഒറ്റയാള്‍ പോരാട്ടം, അന്നും നിരാശയുടെ ഓരത്തായിരുന്നു ജഡേജയ്ക്ക് സ്ഥാനം.

പരമ്പരയിലെ തുടര്‍ച്ചയായ നാലാം അര്‍ദ്ധ സെഞ്ച്വറി. സമാനനേട്ടം ഇംഗ്ലണ്ടില്‍ കൈവരിച്ചത് സൗരവ് ഗാംഗുലിയും റിഷഭ് പന്തും മാത്രം. വിരമിക്കാൻ സമയമായെന്ന് മുൻവിധിച്ചവര്‍ക്ക് മറുപടി. ജയം ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാക്കി മാറ്റുമായിരുന്നു. എങ്കിലും ഈ 61 റണ്‍സിന്റെ ചെറുത്തുനില്‍പ്പിന് വല്ലാത്തൊരു മാറ്റുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മുന്നിലുള്ളത് 10 മത്സരങ്ങള്‍, ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരൊക്കെയെത്തും?, സഞ്ജുവിന് ഏറെ നിര്‍ണായകം
'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?