രോഹിത് ശ‍ര്‍മ: തൂവെള്ളയിലെ അലസസൗന്ദര്യം

Published : May 08, 2025, 02:16 PM IST
രോഹിത് ശ‍ര്‍മ: തൂവെള്ളയിലെ അലസസൗന്ദര്യം

Synopsis

രോഹിതിന്റെ കരിയർ അവസാന നാഴികയിലാണെന്നത് യാഥാർഥ്യമാണ്. പക്ഷേ, അയാള്‍ തുടരും...

കാത്തിരിപ്പിന്റെ ആറ് വര്‍ഷം. ഒടുവില്‍ ക്രിക്കറ്റിന്റെ ദൈവം 22 വാരയോട് വിടപറയാൻ തിരഞ്ഞെടുത്ത പരമ്പരയില്‍ അവനിലേക്ക് തൂവെള്ള ജഴ്‌സിയെത്തി. 280-ാം നമ്പര്‍ ക്യാപ്. അന്ന് വൈകാരികമായിരുന്നു ഈഡനും വാംഖഡയും ഇന്ത്യയും. പക്ഷേ, അയാളുടെ ബാറ്റിന്റെയാ അലസസൗന്ദര്യത്തിനോട് കണ്ണടയ്ക്കാനായില്ല, രണ്ട് ശതകം. ഇതിഹാസത്തിന് അര്‍ഹിച്ച പടിയിറക്കമൊരുക്കിയവൻ.

ഒരുപതിറ്റാണ്ടിനിപ്പുറം ലോകം ആ ക്യാപ് തൊട്ടടുത്തുകണ്ടു. നാല് വരിയും അതിനോട് ചേര്‍ന്നുണ്ടായിരുന്നു. മെല്‍ബണില്‍ അതിജീവനത്തിന്റെ 40 പന്തുകള്‍, ഇന്നിന്റെ ഇതിഹാസങ്ങളിലിരുവന്റെ അവസാന ടെസ്റ്റ് ഇന്നിങ്സ്. രോഹിത് ശര്‍മ തനിക്കേറ്റവും പ്രിയപ്പെട്ട ജഴ്‌സി അഴിച്ചുവെച്ചിരിക്കുന്നു, ബഹളങ്ങളൊന്നുമില്ലാതെ. പിന്മുറക്കാരെപ്പോലെ വഴിമാറിക്കൊടുക്കേണ്ട ദിനം രോഹിതിനേയും തേടിയെത്തി.

വൈറ്റ് ബോളില്‍ സമാനതകളില്ലാത്ത ഉയര്‍ച്ചകളിലൂടെ കടന്നുപോകുമ്പോഴും, ടെസ്റ്റിലത് പ്രതിഫലിപ്പിക്കാനാകാതെ പോയി. രണ്ട് സെഞ്ച്വറികളോടെ തുടങ്ങിയ കരിയര്‍ എങ്ങുമെത്താതെ പോകുമോയെന്ന് പോലും തോന്നിച്ച ഒരു കാലമുണ്ടായിരുന്നു. മധ്യനിരയില്‍ പരീക്ഷണകാലം, ഇന്ത്യയിലും വിദേശത്തും ഒരുപോലെ വീഴ്ചകള്‍.

Sun will rise again tomorrow! നിരാശയില്‍ നിന്ന് രോഹിത് ഒരു ദിവസം തന്റെ ട്വിറ്ററിലെഴുതി. വൈകിയില്ല, ടെസ്റ്റ് കരിയറിന്റെ രണ്ടാം ഇന്നിങ്സിന് തുടക്കം. ഉയർപ്പിനായി കളമൊരുങ്ങി. 2013ല്‍ ധോണിയെടുത്ത തീരുമാനം 2019ല്‍ ശാസ്ത്രി ആവർത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിശാഖപട്ടണം ടെസ്റ്റില്‍ ഓപ്പണറായി രോഹിത് ഇറങ്ങുന്നു, രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി.

രോഹിത് ശർമയായിരിക്കുക അത്ര എളുപ്പമല്ല, അന്നും അയാളുടെ ശൈലി ചോദ്യം ചെയ്യപ്പെട്ടു. ടെസ്റ്റിന് അനുയോജ്യമെന്ന് കരുതപ്പെടുന്ന ക്ഷമ, അതില്ലാത്ത രോഹിതിനെ അംഗീകരിക്കാൻ പണ്ഡിതന്മാർ തയാറായിരുന്നില്ല. അതിനെല്ലാം മറുപടി കാത്തുവെച്ചു, ലോർഡ്‌സില്‍. ജെംയിസ് ആൻഡേഴ്‌സണ്‍, ഒലി റോബിൻസണ്‍, മാർക്ക് വുഡ്. ലോർഡ്‌സിലെ സ്വിങ് കൊടുങ്കാറ്റ് അതിജീവിക്കുക എളുപ്പമായിരുന്നില്ല.

പക്ഷേ, ലോർഡ്‌സ് സാക്ഷ്യം വഹിച്ചത് രോഹിതിന്റെ മറ്റൊരു വേർഷൻ തന്നെയായിരുന്നു. പന്തിന് തിളക്കം നഷ്ടപ്പെടുന്ന നേരം വരെ കാത്തിരുന്നു. ആദ്യ 48 പന്തില്‍ ഒരു ബൗണ്ടറി പോലും രോഹിതിന്റെ ബാറ്റില്‍ നിന്നുണ്ടായില്ല. നേടിയത് എട്ട് റണ്‍സ്. He was in some determination. രോഹിതിനെ ഡ്രൈവ് ചെയ്യിക്കാനും പുള്‍ ഷോട്ടിലേക്ക് എത്തിക്കാനുമുള്ള തീവ്ര ശ്രമങ്ങള്‍ ഇംഗ്ലണ്ട് ബോളർമാരില്‍ നിന്നുണ്ടായി. 

പക്ഷേ, വഴങ്ങിക്കൊടുക്കാൻ തയാറായിരുന്നില്ല. രോഹിതിന്റെ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനോട് മാത്രമായിരുന്നില്ല, തന്നിലെ സ്വഭാവികമായ റിഫ്ലക്‌സുകളോടുകൂടിയായിരുന്നു. ഫ്ലാറ്റ് വിക്കറ്റില്‍ മാത്രം കളിക്കുന്നവനെന്ന് ഉറക്കവിളിച്ചുപറഞ്ഞവരെ നിശബ്ദരാക്കിയ ദിനം. 145 പന്തില്‍ 83 റണ്‍സ്. ഓവലിലെ സെഞ്ച്വറിയേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ഇന്നിങ്സ്. 

പരമ്പരയില്‍ ഏകദേശം ആറുനൂറോളം പന്തുകള്‍ രോഹിത് നേരിട്ടിരുന്നു, സാങ്കേതികമായും മാറ്റം വരുത്തിയായിരുന്നു, ഡിഫൻസീവ് സ്റ്റാൻസില്‍ തന്നെ മാറ്റമുണ്ടായി. അത് തുടർന്നു. നായകസ്ഥാനം കോലിയില്‍ നിന്ന് കൈമാറിയെത്തുമ്പോഴും വിജയങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പരാജയം, തലകുനിച്ച് കണ്ണുനിറഞ്ഞ് മടങ്ങുന്ന രോഹിത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരുടെ പട്ടികയെടുത്താല്‍ വിരാട് കോലിയോ ശുഭ്‍മാൻ ഗില്ലോ ചേതേശ്വര്‍ പൂജാരയോ അല്ല ഒന്നാമത്, രോഹിതാണ്. ഒൻപത് സെഞ്ച്വറികള്‍ ചാമ്പ്യൻഷിപ്പില്‍ നേടി. പക്ഷേ, മികച്ച ഇന്നിങ്സുകളുണ്ടാകുമ്പോള്‍ പിന്നീട് വലിയ സ്കോറിലേക്ക് എത്താൻ രോഹിതിന് പലപ്പോഴും കഴിയാതെ പോയി. 

ടെസ്റ്റില്‍ ഓസ്ട്രേലിയ എന്നും അയാള്‍ക്കൊരു ദുസ്വപ്നമായിരുന്നു. അത് ഇത്തവണയും തെറ്റിയില്ല. ബോർഡര്‍ ഗവാസ്കർ ട്രോഫിയില്‍ കരിയറില്‍ ഓർമ്മിക്കാനാഗ്രഹിക്കാത്ത അധ്യായമായി മാറി. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 31 റണ്‍സ്. ന്യൂസിലൻഡ്, ബംഗ്ലാദേശ് പരമ്പരകളും ഓർമപ്പെടുത്തലായി. സ്വയം മാറി നിന്ന് മാതൃക സൃഷ്ടിച്ചതിനപ്പുറമൊന്നും അയാളില്‍ നിന്നുണ്ടായില്ല. 

പക്ഷേ, ചെറുത്തുനില്‍പ്പിനൊരുക്കമായിരുന്നു രോഹിത്, പലകുറി അത് പറായാതെ പറഞ്ഞുവെക്കുകയും ചെയ്തു. ഇംഗ്ലണ്ടില്‍ താൻ പരമാവധി ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു അവസാനം പുറത്തിറങ്ങിയ അഭിമുഖത്തില്‍പ്പോലും പറഞ്ഞത്. ഒരിക്കല്‍ക്കൂടി തൂവെള്ളയണിഞ്ഞ് മൈതാനത്തേക്ക് രോഹിത് നടന്നെത്തുന്നത് ആഗ്രഹിക്കാത്ത ആരാധകരുണ്ടാകില്ല. പക്ഷേ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൊതുങ്ങി ആ പടിയിറക്കം.

രോഹിതിന്റെ കരിയർ അവസാന നാഴികയിലാണെന്നത് യാഥാർഥ്യമാണ്. പക്ഷേ, അയാള്‍ തുടരും. നില ജഴ്‌സിയില്‍, 2023 നവംബര്‍ 19ന് നഷ്ടമായ തന്റെ സ്വപ്നം വീണ്ടെടുക്കാൻ അയാള്‍ ഒരുങ്ങുമോ...അറിയില്ല...

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?