തുടരാൻ രോഹിത്! ഭാവി മുഖ്യമെന്ന് ബിസിസിഐ, ടെസ്റ്റില്‍ നയിക്കാൻ ഇനിയാര്?

Published : May 06, 2025, 03:12 PM IST
തുടരാൻ രോഹിത്! ഭാവി മുഖ്യമെന്ന് ബിസിസിഐ, ടെസ്റ്റില്‍ നയിക്കാൻ ഇനിയാര്?

Synopsis

പുതിയൊരു നായകന്റെ കീഴിലായിരിക്കാം ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യൻ ടീമിന്റെ യാത്രയെന്നാണ് സൂചനകള്‍

തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് സീരീസുകളിലെ പരാജയം, അതിലൊന്ന് സ്വന്തം മണ്ണില്‍ ന്യൂസിലൻഡിനോടേറ്റ വൈറ്റ് വാഷ്, രണ്ട് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി. ഇംഗ്ലണ്ടില്‍ തൂവെള്ള ജഴ്‌സിയില്‍ ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ചിലത് തെളിയിക്കാനുണ്ട്. അവിടെ ഒരു പരമ്പര സ്വന്തമാക്കിയിട്ട് 18 വര്‍ഷമാകുന്നു. പക്ഷേ, ആര് നയിക്കും. അതാണ് ഇന്ത്യൻ ക്രിക്കറ്റിനെ ഉലയ്ക്കുന്ന ചോദ്യം.

ഈ ചോദ്യത്തിന്റെ ശബ്ദം ഇത്രത്തോളം ഉയരാനുള്ള കാരണം നിലവിലെ നായകൻ രോഹിത് ശര്‍മയാണ്. കഴിഞ്ഞ് 15 ടെസ്റ്റ് ഇന്നിങ്സുകളില്‍ നിന്ന് രോഹിത് നേടിയത് 164 റണ്‍സ് മാത്രം, ഇതില്‍ 10 ഒറ്റയക്ക സ്കോറുകള്‍. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ സ്വയം മാറി നില്‍ക്കുകയും ചെയ്തു. ഇന്ത്യൻ നായകന്റെ ടെസ്റ്റ് കരിയറിന്റെ ദൈര്‍ഘ്യം എത്രത്തോളമാണെന്നതില്‍ വലിയ ആശങ്ക ഉയരുന്നുണ്ട്.

തന്റെ ശൈലിയില്‍ ആത്മവിശ്വാസമുണ്ടെന്നും പടിയിറങ്ങാൻ സമയമായിട്ടില്ലെന്നുമാണ് രോഹിതിന്റെ പ്രതികരണങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാകുന്നത്. പക്ഷേ, അതിനോട് ചേര്‍ത്തുവെക്കാനുള്ള സ്കോറുകള്‍ ടെസ്റ്റില്‍ രോഹിതിനില്ല. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചടത്തോളം ഭാവി മുൻനിര്‍ത്തിയുള്ള തീരുമാനങ്ങളാണ് ബോര്‍ഡ് കൈക്കൊണ്ടിട്ടുള്ളത്. അതുകൊണ്ട് ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഒരു വലിയ ഷിഫ്റ്റിന് സാധ്യതയുണ്ട്. 

ഒരു പരമ്പരയില്‍ക്കൂടി രോഹിതിന് അവസരം നല്‍കാൻ ബിസിസിഐ തയാറായേക്കാം. അല്ലെങ്കില്‍ പുതിയൊരു നായകന്റെ കീഴിലായിരിക്കാം ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യൻ ടീമിന്റെ യാത്ര. സാധ്യത പട്ടികയിലെ താരങ്ങളുടെ എണ്ണം ചുരുക്കമാണ്. ജസ്പ്രിത് ബുംറ, ശുഭ്‌മാൻ ഗില്‍, റിഷഭ് പന്ത്. ജസ്പ്രിത് ബുംറയില്‍ നിന്ന് തന്നെ തുടങ്ങാം. 

ടെസ്റ്റ് ടീമിനെ നയിക്കാനുള്ള താല്‍പ്പര്യം ബുംറ മറച്ചുവെച്ചിട്ടില്ല. ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ ബുംറ ഇന്ത്യയെ നയിക്കുകയും ചെയ്തു. രണ്ട് തോല്‍വിയും ഒരു ജയവും. ബുംറയ്ക്ക് കീഴില്‍ അഗ്രസീവ് ശൈലിയായിരുന്നു ഇന്ത്യയ്ക്ക്, പെര്‍ത്തിലെ 295 റണ്‍സ് ജയം തന്നെ ഉദാഹരണം. സിഡ്നി ടെസ്റ്റില്‍ രോഹിത് മാറിനിന്നതോടെ ബുംറയിലേക്ക് വീണ്ടും ഉത്തരവാദിത്തം എത്തിയിരുന്നു. പെര്‍ത്തിലെ അതേ വീര്യം സിഡ്നിയിലും കണ്ടെങ്കിലും വിജയം അകന്നു.

2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിള്‍ പരിഗണിക്കുമ്പോള്‍ ബുംറയാണ് അനുയോജ്യനായ താരമെന്ന് പറയാനാകും. പക്ഷേ, പരുക്കാണ് ഇവിടെ വില്ലനാകുന്നത്. സിഡ്നി ടെസ്റ്റില്‍ പരുക്കേറ്റ ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫി നഷ്ടമായിരുന്നു. മൂന്ന് മാസത്തോളമാണ് കായികക്ഷമത വീണ്ടെടുക്കുന്നതിന് ആവശ്യമായി വന്നത്. ഐപിഎല്ലിന്റെ ആദ്യ കുറച്ച് മത്സരങ്ങളും ബുംറയ്ക്ക് നഷ്ടമായിരുന്നു.

2022ല്‍ ശസ്ത്രക്രിയക്ക് വിധേയനായ ബുംറയ്ക്ക് ഓസ്ട്രേലിയ ആതിഥേയത്വം വഹിച്ച ട്വന്റി 20 ലോകകപ്പുള്‍പ്പെടെ നഷ്ടമായിരുന്നു. 11 മാസമായിരുന്നു അന്നുണ്ടായ ഇടവേള. ഇതിനാല്‍ തന്നെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകളില്‍ ബുംറ എത്ര മത്സരത്തില്‍ കളത്തിലെത്തുമെന്ന് പറയാനാകില്ല. ഒരു താല്‍ക്കാലിക നായകനെ എല്ലാക്കാലവും ബുംറയ്ക്ക് കീഴില്‍ പരീക്ഷിക്കാൻ ഇന്ത്യ തയാറായേക്കില്ല.

ശുഭ്‌മാൻ ഗില്‍, നിലവില്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഉപനായകനാണ് ഗില്‍. താരത്തെ ലീഡര്‍ഷിപ് ടീമില്‍ ഉള്‍പ്പെടുത്തിയത് ഭാവി മുൻനിര്‍ത്തിയാണെന്ന് രോഹിത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രോഹിത് ഇംഗ്ലണ്ടില്‍ നയിക്കുകയാണെങ്കില്‍ ഗില്ലിനെ ഉപനായകനായി പരിഗണിക്കാനും സാധ്യതയുണ്ട്. നായകനായി ഗില്ലിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആദ്യ പടിയായും ഇതിനെ കണക്കാക്കാനാകും. 

വിദേശ പര്യടനങ്ങളിലെ ഗില്ലിന്റെ പ്രകടനവും വിലയിരുത്തേണ്ടതുണ്ട്. മുപ്പതിന് താഴെയാണ് എവെ ടെസ്റ്റുകളിലെ ഗില്ലിന്റെ ശരാശരി. ഇതുവരെ വിദേശത്ത് ഒരു സെഞ്ച്വറിയുമാണ് നേട്ടം. കഴിഞ്ഞ കുറച്ച് പരമ്പരകള്‍ പരിശോധിച്ചാല്‍ ബാറ്റിംഗ് നിരയില്‍ ഗില്ലിന് കൃത്യമായൊരു സ്ഥാനം നല്‍കാനും ഇന്ത്യയ്ക്കായിട്ടില്ല. പക്ഷേ, ഗില്ലിന്റെ മികവില്‍ ബോര്‍ഡിന് വിശ്വാസമുണ്ടെന്നാണ് സൂചന. ദീര്‍ഘകാല നായകനെ പരിഗണിക്കുമ്പോള്‍ താരത്തിന്റെ പേരാകും മുൻപന്തിയില്‍.

ഇനിയുള്ളത് റിഷഭ് പന്താണ്. വൈറ്റ് ബോളില്‍ നിറം മങ്ങുന്ന പന്തിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനത്തിന് ഇളക്കം തട്ടാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും ചില കണക്കുകള്‍ താരത്തിന് ആശ്വാസം നല്‍കുന്നതല്ല. ഓസ്ട്രേലിയൻ പര്യടനത്തില്‍ പേരിനൊത്ത പ്രകടനം കാഴ്ചവെക്കാൻ പന്തിന് സാധിച്ചിരുന്നില്ല. ഒൻപത് ഇന്നിങ്സുകളില്‍ നിന്ന് 255 റണ്‍സായിരുന്നു നേടിയത്. 

നിലവില്‍ ഐപിഎല്ലില്‍ ലക്നൗവിന്റെ നായകനായതിന് ശേഷം സമ്മര്‍ദം അതിജീവിക്കാൻ കഴിയാതെ പരാജയപ്പെടുന്ന പന്തിനെയാണ് കാണുന്നത്. 10 ഇന്നിങ്സുകളില്‍ നിന്ന് 128 റണ്‍സ് മാത്രമാണ് താരത്തിന്റെ പേരിലുള്ളത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പന്തിലേക്ക് നായകസ്ഥാനം എത്താനുള്ള സാധ്യത അകലെയാണ്.

കെ എല്‍ രാഹുല്‍, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രായം 30 കഴിഞ്ഞതോടെ പരിഗണിക്കപ്പെട്ടേക്കില്ല. യശസ്വി ജയ്സ്വാളാകട്ടെ കരിയര്‍ ആരംഭിച്ചതേയുള്ളുതാനും. ഐപിഎല്ലിലെ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ രോഹിതിന്റെ പ്രകടനം അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചന നല്‍കികഴിഞ്ഞു. അതുകൊണ്ട് രോഹിതില്‍ തന്നെ ഒരിക്കല്‍ക്കൂടി ബിസിസിഐ ഉറച്ചുനില്‍ക്കുമോയെന്നും പറയാനാകില്ല, പ്രത്യേകിച്ചും ചാമ്പ്യൻസ്ട്രോഫി നേട്ടമുള്ള സാഹചര്യത്തില്‍.

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?