
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഐക്കോണിക്കായ ചിത്രങ്ങളിലൊന്നാണിത്. 2013 ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീം. മറ്റൊരു ക്രിക്കറ്റ് ടൂര്‍ണമെന്റിനും അവകാശപ്പെടാനില്ലാത്ത ഒരു അത്യപൂര്‍വത ചാമ്പ്യൻസ് ട്രോഫിക്കുണ്ട്. അത് ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന വെളുത്ത ജാക്കറ്റാണ്. ലോകകപ്പുകള്‍ക്കൊ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനോ ഇല്ലാത്തൊരു സിഗ്നേച്ചര്‍. എന്തിനാണ് ഇത് നല്‍കുന്നത് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍, ആ വെളുത്ത ജാക്കറ്റിനും പറയാനുണ്ട് ഒരു ചെറിയ കഥ.
ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാഗമാകാത്ത രാജ്യങ്ങളില്‍ ക്രിക്കറ്റിന്റെ വികസനത്തിനായി ഫണ്ട് സ്വരൂപിക്കുക എന്നതായിരുന്നു ചാമ്പ്യൻസ് ട്രോഫിയുടെ പിന്നിലെ ഐസിസിയുടെ ആശയം. 1998ല്‍ നോക്കൗട്ട് ട്രോഫി എന്ന പേരില്‍ ആരംഭിച്ച ടൂര്‍ണമെന്റ് 2002ലാണ് ചാമ്പ്യൻസ് ട്രോഫിയെന്ന പേരിലേക്ക് പറിച്ചു നട്ടത്. പിന്നീട് മിനി ലോകകപ്പെന്നും ക്രിക്കറ്റ് ലോകം ടൂര്‍ണമെന്റിനെ വിളിച്ചുതുടങ്ങി. ആദ്യ രണ്ട് എഡിഷനുകള്‍ക്ക് ബംഗ്ലാദേശും കെനിയയുമാണ് മൈതാനമൊരുക്കിയതെങ്കില്‍ പിന്നീട് ക്രിക്കറ്റിലെ വൻശക്തികളിലേക്ക് തന്നെ ഉത്തരവാദിത്തം കൈമാറി. ടൂര്‍ണമെന്റിന് കൂടുതല്‍ ഗ്ലാമര്‍ പരിവേഷം ലഭിച്ചു.
2006ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുകയും ഓസ്ട്രേലിയ കിരീടമുയര്‍ത്തുകയും ചെയ്ത ടൂര്‍ണമെന്റ് വരെ പരിശോധിച്ചാല്‍ ഈ വെളുത്ത ജാക്കറ്റിന്റെ സാന്നിധ്യം കാണാനാകില്ല. 27 വര്‍ഷത്തെ ചരിത്രം മാത്രമുള്ള ടൂര്‍ണമെന്റില്‍ ആദ്യമായി വെളുത്ത ജാക്കറ്റ് എത്തിയത് 2009ലായിരുന്നു. അത് ആദ്യമായി ധരിച്ചതും ഐസിസി ടൂര്‍ണമെന്റുകളുടെ തലതൊട്ടപ്പന്മാരായ ഓസീസ് തന്നെയായിരുന്നു. പിന്നീടിങ്ങോട്ട് വൈറ്റ് ജാക്കറ്റ് ഒരു കയ്യൊപ്പമായി മാറിയെന്ന് വേണമെങ്കില്‍ പറയാം.
ജേതാക്കള്‍ക്കുള്ള ആദരസൂചകമായാണ് ഐസിസി വൈറ്റ് ജാക്കറ്റ് നല്‍കുന്നത്. ടൂര്‍ണമെന്റിലുടനീളം താരങ്ങള്‍ പുറത്തെടുക്കുന്ന മികവിന്റേയും ദൃഢനിശ്ചയത്തിന്റേയും അടയാളമായും വെളുത്ത ജാക്കറ്റിനെ കണക്കാക്കപ്പെടുന്നുണ്ട്. കളിയിലൂടെ വരും തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു പൈതൃകവും ജാക്കറ്റ് ഉള്‍ക്കൊള്ളുന്നുവെന്നാണ് ഐസിസി പറയുന്നത്.
ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റായതുകൊണ്ട് തന്നെ അത്ര എളുപ്പമല്ല കിരീടം എത്തിപ്പിടിക്കുക എന്നത്. അതിനാലാണ് വൈറ്റ് ജാക്കറ്റ് കൂടുതല്‍ സ്പെഷ്യലാകുന്നതും. ഫൈനലിന് ശേഷം കിരീടം കൈമാറുന്നതിന് തൊട്ടുമുൻപാണ് ജാക്കറ്റ് നല്‍കുന്നത്. It’s a unique symbol that gives the winning team something extra, beyond just lifting the trophy എന്നാണ് ഐസിസിയുടെ വിശേഷണം.
ക്രിക്കറ്റില്‍ മാത്രമല്ല ഇത്തരം പ്രത്യേകതയുള്ളത്. ഗോള്‍ഫിലും ടെന്നിസിലുമെല്ലാം നമുക്കിത്തരം ആകര്‍ഷകമായ കാര്യങ്ങള്‍ കാണാനാകും. ഗോള്‍ഫ് മാസ്റ്റേഴ്സില്‍ വിജയികള്‍ക്ക് പച്ച നിറത്തിലുള്ള ജാക്കറ്റാണ് കിരീടത്തോടൊപ്പം സമ്മാനിക്കുന്നത്. ടെന്നീസെടുത്താല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള വിംബിള്‍ഡണിലാണ് ഇത്തരമൊന്നുള്ളത്. വിംബിള്‍ഡണില്‍ വെളുത്ത നിറത്തിലുള്ള വസ്തുക്കള്‍ മാത്രമാണ് കളിക്കാര്‍ക്ക് ധരിക്കാൻ അനുവാദമുള്ളത്. അത് വസ്ത്രമാണെങ്കിലും കൈയില്‍ ധരിക്കുന്ന സ്വെറ്റ് ബാൻഡുകളാണെങ്കിലും. ഇതാണ് വിംബിള്‍ഡണെ മറ്റ് ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.