
അപൂര്വരോഗം തളര്ത്തിയ ബ്രിട്ടീഷ് അത്ലറ്റ് ബെത്ത് ഡോബിന്റെ ഇപ്പോഴത്തെ അവസ്ഥയറിഞ്ഞാല് ആരുടെയും ഹൃദയമൊന്ന് വിങ്ങും. അഞ്ച് വര്ഷം മുമ്പ്, ടോക്കിയോ ഒളിമ്പിക്സില് ബ്രിട്ടന് വേണ്ടി മത്സരിച്ച വനിതാ താരം ഇന്ന്, 32 താം വയസില് കിടക്കയില് തന്നെയാണ്. ഒരു ദിവസത്തില് 22 മണിക്കൂറിലധികവും അവര്ക്ക് കിടക്കയില് തന്നെ കഴിയേണ്ടി വരുന്നുവെന്നതാണ് യാഥാര്ഥ്യം.
ഭക്ഷണം കഴിക്കാനും ബാത്റൂമില് പോകാനും മാത്രമാണ് അവര് കിടക്കയില് നിന്ന് എഴുന്നേല്ക്കുന്നത്. താന് അനുഭവിക്കുന്ന രോഗാവസ്ഥയെ കുറിച്ചും അതുണ്ടാക്കുന്ന വേദനയും ഒറ്റപ്പെടലുമെല്ലാം ഈ ലോകം അറിയേണ്ടതുണ്ടെന്ന് ബെത്ത് ഡോബിന് വിശ്വസിക്കുന്നു.താന് അനുഭവിക്കുന്ന പ്രയാസങ്ങളേക്കാള്, ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെ കുറിച്ച് ലോകം അറിയേണ്ടതുണ്ടെന്ന് താരം കരുതുന്നു. മയാല്ജിക് എന്സെഫലോ മൈലൈറ്റിസ് (എംഇ)എന്ന രോഗമാണ് ബെത്ത് ഡോബിനെ ബാധിച്ചിരിക്കുന്നത്. ഇതൊരു മാറാരോഗമാണ്, ചില ദിവസങ്ങളില് രോഗശമനത്തിന് ഏറ്റക്കുറച്ചിലുകള് ഉണ്ടാകുമെന്നല്ലാതെ പൂര്ണമായും മുക്തമാകില്ല.
ചിന്താശേഷിയേയും ഓര്മ ശക്തിയേയും ബാധിക്കുന്ന ബുദ്ധിമുട്ടുകള്, അസഹനീയമായ വേദന, കഠിനമായ ക്ഷീണം, ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടല്, ഉറക്കമില്ലായ്മ തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എഴുന്നേറ്റിരുന്ന് ആരോടെങ്കിലും കുറച്ച് നേരം സംസാരിക്കുന്നതോ, ശരീരത്തിലേക്ക് അമിതമായി വെളിച്ചം പതിക്കുന്നതോ, ഉച്ചത്തിലുള്ള ശബ്ദമോ പോലും ആരോഗ്യസ്ഥിതി വഷളാക്കും. 2021-22 ലെ ശീതകാലത്ത് തുടരെ ബാധിച്ച കോവിഡ്, ഗ്രന്ഥികളിലെ പനിയും അണുബാധകളുമാണ് ഡോബിന്റെ ആരോഗ്യത്തെ ബാധിച്ചത്. ക്ഷീണം പിടിച്ച് ഉറങ്ങിപ്പോകുന്നതും ട്രാക്കില് കൂടുതല് സമയം പരിശീലനം നടത്താന് കഴിയാതെ വന്നതും തുടക്കത്തില് ശ്രദ്ധിച്ചില്ല. എന്നാല് കഴുത്തിലെയും കക്ഷങ്ങളിലെയും ഗ്രന്ഥികളില് അസഹ്യമായ വേദന അനുഭവപ്പെട്ടതോടെയാണ് രോഗ നിര്ണയത്തിന് മുതിരുന്നത്. ബ്രിട്ടീഷ് അത്ലറ്റിക്സ് ഡോക്ടര്മാര് പരിശോധിച്ചിട്ട് പറഞ്ഞത് ദീര്ഘകാലം നീണ്ടു നില്ക്കുന്ന ഗ്ലാന്ഡുലാര് പനിയാണെന്നാണ്.
എം ഇ രോഗത്തിന് നിലവില് ചികിത്സയോ പരിഹാരമോ ഇല്ല. ഇരുനൂറിലധികം ലക്ഷണങ്ങള് ഉണ്ടാക്കാന് സാധ്യതയുള്ള ഈ രോഗാവസ്ഥയെ നേരിടാന് രോഗികള് പലപ്പോഴും ഔദ്യോഗിക അംഗീകാരമില്ലാത്ത മരുന്നുകളെ ആശ്രയിക്കുന്നു എന്ന അപകടാവസ്ഥയുണ്ട്. ഈ രോഗത്തെ ക്രോണിക് ഫാറ്റിഗ് സിന്ഡ്രോ (സിഎഫ്എസ്) എന്നും വിളിക്കാറുണ്ട്. എപ്പോഴും ക്ഷീണം പിടിച്ചിരിക്കുന്ന ലക്ഷണം കാണിക്കുന്നതു കൊണ്ടാണ് ഈ പേര്.
എന്നാല്, ജീവിതത്തിലുടനീളം ഊര്ജസ്വലയായിരുന്ന തനിക്ക് ഈയൊരു വിശേഷണത്തോട് യോജിക്കാന് കഴിയില്ലെന്ന് ഡോബിന് അഭിമുഖത്തില് പറയുന്നുണ്ട്. ഇതൊരു സാധാരണ ക്ഷീണമായിരുന്നെങ്കില് താന് അതിജീവിച്ചേനേ, ഇതങ്ങനെയല്ല മരണത്തിലേക്ക് സഞ്ചരിക്കുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. ബ്രിട്ടനില് നാല് ലക്ഷത്തിലധികം ആളുകള്ക്ക് എം ഇ ഉണ്ടെന്ന് കരുതപ്പെടുന്നു. എന്നാല് യഥാര്ഥ കണക്ക് ഞെട്ടിക്കുന്നതാണെന്നാണ് - പത്ത് ലക്ഷത്തോളം വരാം.
ഉറങ്ങാനും, എഴുന്നേറ്റിരിക്കാനും കഴിയാത്ത അവസ്ഥയാണ് ഡോബിന് ഭീകരമായി അനുഭവപ്പെടുന്നത്.ടോക്കിയോ ഒളിമ്പിക്സില് 200 മീറ്ററില് സെമിയിലെത്തിയ ബെത്ത് ഡോബിന് ഈ ഇനത്തില് നിലവിലെ സ്കോട്ടിഷ് റെക്കോര്ഡ് ഉടമയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK