വാഷിംഗ്ടണ്‍ സുന്ദര്‍ എന്ന വ്യത്യസ്തമായ പേരിന് പിന്നില്‍

By Web TeamFirst Published Aug 5, 2019, 8:55 PM IST
Highlights

തമിഴ്നാട്ടുകാരനായ വാഷിംഗ്ടണിന്റെ പിതാവ് സുന്ദറും ക്രിക്കറ്റ് താരമായിരുന്നു. തമിഴ്നാട് ടീമില്‍ കളിക്കാനായില്ലെങ്കിലും സുന്ദര്‍ മികച്ച കളിക്കാരനായിരുന്നു.

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീഡിസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ബൗളിംഗ് ഓപ്പണ്‍ ചെയ്തത് വാഷിംഗ്ടണ്‍ സുന്ദര്‍ എന്ന ഓഫ് സ്പിന്നറായിരുന്നു. രണ്ട് മത്സരങ്ങളിലും ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത സുന്ദര്‍ ആദ്യ മത്സരത്തില്‍ സിക്സറടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഐപിഎല്ലില്‍ നിരവധി തവണ ബൗളിംഗ് ഓപ്പണ്‍ ചെയ്തിട്ടുള്ള സുന്ദര്‍ 2016ലെ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധേയനായത്.

തമിഴ്നാട്ടുകാരനായ വാഷിംഗ്ടണിന്റെ പിതാവ് സുന്ദറും ക്രിക്കറ്റ് താരമായിരുന്നു. തമിഴ്നാട് ടീമില്‍ കളിക്കാനായില്ലെങ്കിലും സുന്ദര്‍ മികച്ച കളിക്കാരനായിരുന്നു. സുന്ദറിന്റെ കളി ഇഷ്ടപ്പെടുന്ന ആളായിരുന്നു പി ഡി വാഷിംഗ്ടണ്‍. ക്രിക്കറ്റിനോടുള്ള സുന്ദറിന്റെ ഇഷ്ടത്തെ നല്ലരീതിയില്‍ പ്രോത്സാഹിപ്പിച്ച വാഷിംഗ്ടണ്‍ പലപ്പോഴും അദ്ദേഹത്തിന്റെ സ്കൂള്‍ ഫീസ് അടക്കാനും പുസ്തകങ്ങള്‍ വാങ്ങാനും ക്രിക്കറ്റ് കിറ്റ് വാങ്ങാനുമെല്ലാം സഹായിക്കാറുമുണ്ട്. 1999ലാണ് വാഷിംഗ്ടണ്‍ അന്തരിച്ചത്. ആ വര്‍ഷം തന്നെ സുന്ദറിന് മകന്‍ പിറന്നു. തന്റെ ഗോഡ്‌ഫാദറായ വാഷിംഗ്ടണിന്റെ പേര് തന്നെ മകന് നല്‍കാന്‍ സുന്ദര്‍ തീരുമാനിച്ചു. അങ്ങനെയാണ് ഇന്ന് ഇന്ത്യയുടെ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന വാഷിംഗ്ടണ്‍ സുന്ദറെന്ന ഓഫ് സ്പിന്നറുടെ പിറവി.

പതിനേഴാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറിയ വാഷിംഗ്ടണ്‍ സുന്ദര്‍ 2017ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തി. ശ്രീലങ്കക്കെതിരായ ഏകദിനത്തിലായിരുന്നു സുന്ദറിന്റെ അരങ്ങേറ്റം. കരിയറിന്റെ തുടക്കക്കാലത്ത് ബാറ്റ്സ്മാന്‍ ആവാനായിരുന്നു വാഷിംഗ്ടണ് താല്‍പര്യം. എന്നാല്‍ കോച്ച് വെങ്കട്ടരമണയാണ് വാഷിംഗ്ടണെ ഓഫ് സ്പിന്നറാക്കി മാറ്റിയത്. വാലറ്റത്ത് മികച്ച ബാറ്റ്സ്മാനുമാണ് വാഷിംഗ്ടണ്‍.

click me!