ജീവന്‍ കൊടുത്തും കോട്ട കാക്കുന്ന ഹോക്കിയിലെ ഇന്ത്യയുടെ രണ്ട് വന്‍മതിലുകള്‍

By Web TeamFirst Published Aug 2, 2021, 6:04 PM IST
Highlights

ക്രിക്കറ്റിൽ നമുക്കൊരു വൻമതിലെയുള്ളൂ. രാഹുൽ ദ്രാവിഡ്. എന്നാൽ ഹോക്കിയിലെത്തിയാൽ ആ വിശേഷണം രണ്ട് പേര്‍ക്ക് നൽകേണ്ടിവരും. പി.ആര്‍.ശ്രീജേഷിനും സവിതാ പൂനിയക്കും.

ടോക്യോ: ഹോക്കിയിൽ ഇന്ത്യൻ ടീമുകളുടെ കുതിപ്പിന് പിന്നിലെ കരുത്ത് ഗോൾകീപ്പര്‍മാരാണ്. പുരുഷ ടീമിനായി മലയാളി താരം പി.ആര്‍ ശ്രീജേഷും വനിതാ ടീമിനായി സവിതാ പൂനിയയും ഗംഭീര പ്രകടനമാണ് ടൂര്‍ണമെന്‍റിലൂടനീളം നടത്തുന്നത്

ക്രിക്കറ്റിൽ നമുക്കൊരു വൻമതിലെയുള്ളൂ. രാഹുൽ ദ്രാവിഡ്. എന്നാൽ ഹോക്കിയിലെത്തിയാൽ ആ വിശേഷണം രണ്ട് പേര്‍ക്ക് നൽകേണ്ടിവരും. പി.ആര്‍.ശ്രീജേഷിനും സവിതാ പൂനിയക്കും. ജീവൻ കൊടുത്തും കോട്ടകാക്കുമെന്ന ഇവരുടെ നിശ്ചയദാര്‍ഢ്യമാണ് ടോക്കിയോയിൽ പുതുചരിത്രം പിറക്കാൻ കാരണം.

ഓസ്ട്രേലിയക്കെതിരായ വമ്പന്‍ തോൽവിയിൽപോലും തലഉയര്‍ത്തിനിന്നത് ശ്രീജേഷ് മാത്രമായിരുന്നു. മലയാളി താരത്തിന്റെ മികവൊന്നുകൊണ്ടുമാത്രമാണ് അന്ന് ഗോളെണ്ണം ഏഴിൽ ഒതുങ്ങിയത്.പിന്നാലെ അര്‍ജന്റീനക്കും,ജപ്പാനും ക്വാര്‍ട്ടറിൽ ബ്രിട്ടണുമെതിരായ മിന്നും പ്രകടനങ്ങൾ ഇന്ത്യയെ സെമിയിൽ എത്തിച്ചു.

പുറത്താകലിന്റെ നാണക്കേട് കൂടി തട്ടികയറ്റി ഇന്ത്യയെ ക്വാര്‍ട്ടറിൽ എത്തിച്ച സവിത അവിടെയും നടത്തിയത് ഗംഭീര പ്രകടനം. റിയോയിൽ ആറ് ഗോളടിച്ച ഓസ്ട്രേലിയയെ ടോക്കിയോയിൽ അനങ്ങാൻ വിട്ടില്ല സവിത. ഗുജറാത്തിലെ പിന്നോക്ക ഗ്രാമത്തിൽ നിന്ന് ഒരു പെണ്കുട്ടിക്ക് സ്വപനംകാണാനാവുന്നതിലും അപ്പുറം എത്തിപ്പിടിച്ച സന്തോഷത്തിലാണ് സവിത.

തന്നെക്കുറിച്ചുള്ള പത്രവാര്‍ത്തകൾ വായിക്കാൻ മാത്രം അക്ഷരം പഠിക്കാൻ തീരുമാനിച്ച മുത്തച്ഛനുള്ള സമ്മാനം കൂടിയാണ് ഒളിംപിക്സിലെ സവിതയുടെ ഓരോ പ്രകടനങ്ങളും.

click me!