സമ്മര്‍ദത്തേയും ചരിത്രത്തേയുമെല്ലാം തിരുത്തിക്കുറിക്കാൻ ക്രീസില്‍ നിലകൊണ്ടത് സ്‍മൃതി മന്ദാന ഒന്നരമണിക്കൂറോളം 41 പന്തില്‍ 87 റണ്‍സ്, 12 ഫോറും മൂന്ന് സിക്സും

ഞാൻ ക്രിക്കറ്റിനേക്കാള്‍ ഉപരി മറ്റൊന്നിനേയും സ്നേഹിക്കുന്നതായി കരുതുന്നില്ല. ജീവിതത്തില്‍ തേടിയെത്തിയ ഒരു അപ്രതീക്ഷിത അധ്യായത്തിന് ശേഷം സ്മൃതി മന്ദാന പറ‌ഞ്ഞു. ചില നിമിഷങ്ങളുണ്ട്, അത്തരം അധ്യായങ്ങളെയെല്ലാം അപ്രസക്തമാക്കുന്നവ, അങ്ങനൊന്നായിരുന്നു ഇന്നലെ വഡോധരയില്‍ വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ സംഭവിച്ചതും. yes, she paused, healed and came back stronger than ever, Smriti Mandhana.

Add Asianetnews as a Preferred SourcegooglePreferred

നാലാം രാവില്‍ കിരീടം മോഹിച്ചെത്തിയ ജമീമ റോഡ്രി‌ഗ്‌സിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് സംഘം മുന്നോട്ട് വെച്ചത് 204 റണ്‍സായിരുന്നു. ഡബ്ല്യുപിഎല്ലിന്റെ ചരിത്രത്തിലാരും മറികടക്കാത്തൊരു സ്കോര്‍. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഗ്രേസ് ഹാരിസിന്റെ മടക്കം. ജോർജിയ വോള്‍ നയിച്ച പവർപ്ലേയില്‍ സൈഡ് ക്യാരക്റ്ററായി നിലകൊണ്ടു. ആദ്യ അഞ്ച് ഓവറില്‍ നേരിട്ടത് കേവലം അഞ്ച് പന്തുകള്‍ മാത്രം. ആ ബാറ്റ് നിശബ്ദമായിരുന്നില്ല, സ്‌മൃതിയുടെ മറ്റൊരു വേർഷന് മുൻപുള്ള ഇടവേളയായിരുന്നു അത്. ചിനലെ ഹെൻറിക്കെതിരെ നേടിയ ക്ലാസിക്ക് സ്ട്രെയിറ്റ് ഡ്രൈവ്, ആ ഒരൊറ്റ ഷോട്ടിലുണ്ടായിരുന്നു സ്‌മൃതി എത്രത്തോളം ഡിറ്റര്‍മൈൻഡ് ആയിരുന്നെന്ന്.

പവർപ്ലേയിലെ അവസാന പന്ത്. സ്‌മൃതിയുടെ മിഡില്‍, ലെഗ് സ്റ്റമ്പുകളെ ലക്ഷ്യമാക്കി നന്ദിനി ശർമയുടെ സ്ലോ ബൊള്‍. ഡീപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ ബൗണ്ടറി റോപ്പുകള്‍ക്കപ്പുറമാണ് പന്ത് നിക്ഷേപിക്കപ്പെട്ടത്. ആര്‍സിബി ഇന്നിങ്സിലെ ആദ്യ സിക്‌സ്. ക്വീൻ ഓഫ് ഓഫ്‌ സൈഡ് എന്ന വിശേഷണം സ്‌മൃതി മന്ദനയ്ക്ക് എന്തിന് നല്‍കിയെന്ന് ചോദിച്ചാല്‍, അതിനുള്ള ഉത്തരമായിരുന്നു പിന്നീടുള്ള ഓവറുകളും ഇടം കയ്യൻ ബാറ്ററുടെ ഡ്രൈവുകളും.

ശ്രീചരണിയെ എക്‌സ്ട്രാ കവറിനും കവര്‍ പോയിന്റിനും ഇടയിലൂടെ. ഷഫാലി വർമയെ ഷോർട്ട് തേഡിനും ബാക്ക്‌വേഡ് പോയിന്റിനും ഇടയിലൂടെ. നന്ദിനിയെ ഒരിക്കല്‍ക്കൂടി നിലം തൊടാതെ പരസ്യബോർഡുകള്‍ കടത്തുമ്പോള്‍ ബെംഗളൂരുവിന്റെ സ്കോർ പത്ത് ഓവറില്‍ 100 തൊട്ടിരുന്നു. എല്ലാ ഓവറിലും ബൗണ്ടറി ഉറപ്പാക്കി വോള്‍-സ്‌മൃതി സഖ്യം. അത്ഭുതങ്ങളുടെ അമരക്കാരിയായി ഇന്ത്യക്കുവേണ്ടി നിലകൊണ്ട ജമീമയുടെ ആയുധപ്പുരയില്‍ ഇരുവരേയും പിടിച്ചുനിര്‍ത്താൻ പറ്റുന്ന അസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വേണം പറയാൻ.

ഡല്‍ഹിയുടെ ബൗളര്‍മാരെ കൃത്യമായി ഇരുവരും ടാക്കിള്‍ ചെയ്യുകയായിരുന്നു. ഓഫ് സ്പിന്നര്‍മാരെ വോളും ലെഗ് സ്പിന്നര്‍മാരെ സ്‌മൃതിയും നേരിട്ടുകൊണ്ടേയിരുന്നു. ശ്രീചരണിക്കെതിരെ ക്രീസുവിട്ടിറങ്ങി ലോഫ്റ്റ് ചെയ്യുമ്പോള്‍ പന്ത് വിശ്രമിച്ചത് ലോങ് ഓണിലായിരുന്നു. സ്‌മൃതിയുടെ ബാറ്റില്‍ നിന്നുള്ള ഏറ്റവും മികച്ച നിമിഷമെന്ന് തോന്നിച്ചു. പക്ഷേ, തൊട്ടടുത്ത ഓവറില്‍ സ്നേ റാണയ്ക്കെതിരെ നേടിയ ഇൻസൈഡ് ഔട്ട് ലോഫ്റ്റഡ് ഡ്രൈവ് ആ തോന്നലിനെ തിരിത്തിക്കുകയായിരുന്നു, സംബ്ലൈം, Smriti was on a mission. കേവലം 23 പന്തില്‍ അര്‍ദ്ധ സെഞ്ചുറി.

ശ്രീചരണി എറിഞ്ഞ 14-ാം ഓവറില്‍ ലെഗ് സൈഡില്‍ സ്‌മൃതിയെ കുരുക്കാൻ വലവിരിച്ച് കാത്തിരുന്ന ഡല്‍ഹി ഫീല്‍ഡർ കാത്തിരുന്നു. ലോങ് ഓണും ഡീപ് മിഡ്‌വിക്കറ്റും കീറിമുറിച്ച് പന്ത് ബാറ്റില്‍ നിന്ന് പൊടുന്നനെ കുതിച്ചപ്പോള്‍ ശ്രീചരിണിക്ക് ഒരു ചെറുപുഞ്ചിരി മാത്രമെ പ്രതികരണമായി നല്‍കാനായുള്ളു. ഒടുവില്‍ മരിസാൻ കാപ്പിന്റെ കൈകളില്‍ ജമീമ പന്തേല്‍പ്പിക്കുമ്പോഴും റണ്ണൊഴിക്കിന് ശമനമുണ്ടായില്ല. കാപ്പിന് തലയ്ക്കും മിഡ് ഓണിനും മുകളിലൂടെ രണ്ട് മജസ്റ്റിക്ക് ഡ്രൈവുകള്‍.

വോളും റിച്ചയും മടങ്ങി സമ്മർദത്തിലേക്ക് ബെംഗളൂരു വീണെന്ന തോന്നിച്ച നിമിഷത്തില്‍ സ്‌മൃതിയെ തേടിയെത്തിയത് നന്ദിനിയുടെ പെര്‍ഫെക്റ്റ് യോർക്കർ. പൊടുന്നനെ ബാറ്റ് താഴ്‌ന്ന് ആ പന്തിനെ പോയിന്റിലൂടെ ബൗണ്ടറിയിലേക്ക് നയിച്ചു. ഐപിഎല്ലില്‍ ജസ്പ്രിത് ബുമ്രയുടെ യോര്‍ക്കറിനെ ശ്രേയസ് അയ്യര്‍ നിഷ്‌പ്രഭമാക്കിയ നിമിഷത്തെ ഓര്‍മിപ്പിച്ച ഷോട്ട്. ഒടുവില്‍ ചിനലെ ഹെൻറി സ്‍മൃതിയുടെ ലെഗ്‌ സ്റ്റമ്പ് നിലം പതിപ്പിക്കുമ്പോള്‍ ബെംഗളൂരു വിജയത്തിനോട് അടുത്തിരുന്നു. 41 പന്തില്‍ 87 റണ്‍സ്, 12 ഫോറും മൂന്ന് സിക്സും. സ്ട്രൈക്ക് റേറ്റ് 212 ആയിരുന്നു.

സമ്മര്‍ദത്തേയും ചരിത്രത്തേയുമെല്ലാം തിരുത്തിക്കുറിക്കാൻ ക്രീസില്‍ നിലകൊണ്ടത് ഒന്നരമണിക്കൂറോളം. അതും കടുത്ത പനിയപ്പോലും മറന്ന്. ഒടുവില്‍ രാധ യാദവ് ബെംഗളൂരുവിന്റെ കിരീടം ഉറപ്പിക്കുമ്പോള്‍ മെല്ലെ ക്രീസിലേക്ക് നടന്നെത്തി സ്‌മൃതി, ആ മൈതാനവും ഗ്യാലറിയും എന്നത്തേയും പോലെ ജമീമയും സ്‌മൃതിയെ ചേര്‍ത്തുനിര്‍ത്തി. ഹ‍ര്‍മൻപ്രീതിന് ശേഷം രണ്ട് തവണ കിരീടം നേടുന്ന ആദ്യ ക്യാപ്റ്റൻ. ഫൈനലിലെ താരം. സീസണിലെ ടോപ് സ്കോറര്‍. yes, she paused, healed and came back stronger than ever.