രോഹിതിന്റെ കാര്യത്തില്‍ അഗാർക്കർ ശരിയോ? ജയ്‌സ്വാളിനായി വഴിമാറിക്കൊടുക്കണോ?

Published : Sep 23, 2026, 12:21 PM IST
Rohit Sharma

Synopsis

രോഹിതിന്റെ നിലവിലെ ഫോമിനേക്കുറിച്ചോ ശാരീരിക ക്ഷമതയെക്കുറിച്ചോ ആശങ്കകളില്ല. കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അർദ്ധ ശതകവും ഉള്‍പ്പെടെ 302 റണ്‍സാണ് വലം കയ്യൻ ബാറ്റര്‍ നേടിയത്

രോഹിത് ശർമ ഓർ യശസ്വി ജയ്സ്വാള്‍. ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ ഉത്തരം ജയ്സ്വാള്‍ എന്നായിരുന്നു. ബിസിസിഐയുടേത് രോഹിതും, അതിന് നിലവിലെ സാഹചര്യത്തില്‍ എന്ന വിശദീകരണം കൂടി ചേർക്കേണ്ടതുണ്ട്. 2027 ഏകദിന ലോകകപ്പ്, ലക്ഷ്യം അതാണ്. അവിടേയ്ക്ക് ഒരുപാട് ദൂരമുണ്ടെന്നും നോക്കാമെന്നുമാണ് രോഹിതിന്റെ ഒടുവിലത്തെ പ്രതികരണം. ജയ്‌സ്വാളിനായി രോഹിത് വഴിമാറിക്കൊടുക്കേണ്ടതുണ്ടോ? പരിശോധിക്കാം.

രോഹിതിന്റെ നിലവിലെ ഫോമിനേക്കുറിച്ചോ ശാരീരിക ക്ഷമതയെക്കുറിച്ചോ ആശങ്കകളില്ല. കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അർദ്ധ ശതകവും ഉള്‍പ്പെടെ 302 റണ്‍സാണ് വലം കയ്യൻ ബാറ്റര്‍ നേടിയത്. ശരാശരി 60 ആണ്, കരിയര്‍ ശരാശരിയേക്കാള്‍ മുകളില്‍. 2027 ലോകകപ്പ് ലക്ഷ്യമാക്കി 15 കിലോയോളം ശരീരഭാരം കുറച്ചതും ഇംഗ്ലണ്ടില്‍ ഔട്ടർ സര്‍ക്കിളില്‍ ഒരു യുവതാരത്തിന്റെ മെയ്‌വഴക്കത്തോടെ ഫീല്‍ഡ് ചെയ്യുന്ന രോഹിതിനെയുമൊക്കെ കണ്ടതാണ്. പക്ഷേ, ഒരുവർഷത്തിനപ്പുറവും ഇത് ആവര്‍ത്തിക്കാൻ രോഹിതിനാകുമോയെന്നതാണ് സുപ്രധാനമായ ചോദ്യം.

കായിക താരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രായം ഒരു ഘടകമല്ലെന്ന് പറയാറുണ്ട്, പക്ഷേ ഇവിടെ രോഹിതിന്റെ പ്രായവും ശാരീരിക ക്ഷമതയും പരിശോധിക്കേണ്ടതുണ്ട്, അതിന് വ്യക്തമായ കാരണങ്ങളുണ്ട്. 2027 ഒക്ടോബര്‍ നാലിനാണ് ഏകദിന ലോകകപ്പിന് തുടക്കമാകുന്നത്. നിലവില്‍ 39 പിന്നിട്ട രോഹിതിനപ്പോള്‍ 40 വയസും ആറ് മാസവുമാകും. കഴിഞ്ഞ ഐപിഎല്ലില്‍ രോഹിതിന് ഹാംസ്ട്രിങ് ഇഞ്ചുറി സംഭവിക്കുകയും നാല് മത്സരങ്ങളില്‍ വിശ്രമം നല്‍കേണ്ടതായും വന്നു. മടങ്ങിവന്ന രോഹിത് ഇംപാക്റ്റ് സബ്ബായാണ് ടൂർണമെന്റ് പൂർത്തിയാക്കിയത്.

അഫ്ഗാനിസ്ഥാനെതിരെയും ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് ലോങ് ഇന്നിങ്സുകള്‍ക്കിടെ ആ ഇഞ്ചുറി മൂലമുള്ള ബുദ്ധിമുട്ടുകള്‍ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. 2027 ലോകകപ്പിന്റെ ഫോര്‍മാറ്റ് പരിശോധിക്കുകയാണെങ്കില്‍, ഇന്ത്യ ഫൈനല്‍ വരെ എത്തുകയാണെങ്കില്‍ 13 മത്സരങ്ങളാണുണ്ടാകുക. 48 ദിവസത്തിനിടെയാണ് ഇത്രയും മത്സരങ്ങള്‍. നിലവില്‍ ടെസ്റ്റ്, ടി20 ഫോർമാറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ രോഹിതിന് മതിയായ വിശ്രമം ലഭിക്കുന്നുണ്ട്, മാസങ്ങളുടെ ഇടവേളയിലോണ് രണ്ടോ മൂന്നോ ഏകദിനങ്ങള്‍ കളിക്കുന്നത്.

പക്ഷേ, ലോകകപ്പിലേക്ക് വരുമ്പോള്‍ മത്സരക്രമം സമാനമല്ല. ശരീരം പൂർണമായും സജ്ജമായിരിക്കണം. ഐപിഎല്ലിലേപോലെ 20 ഓവര്‍ ബാറ്റ് ചെയ്താല്‍ പോര, 100 ഓവര്‍ മൈതാനത്തുണ്ടാകണം. 41 ലേക്ക് എത്തുന്ന രോഹിതിന് അതിന് കഴിയുമോയെന്നതാണ് സെലക്ടർമാരുടെ പ്രധാന ആശങ്ക. ഇതിനാലാണ് ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി രോഹിതിന് സൂചന നല്‍കാൻ അവർ തയാറായത്. പക്ഷേ, രോഹിതിന്റെ ലോര്‍ഡ്‌സിലെ സെഞ്ചുറിയും ആരാധകപ്രതിഷേധവുമെല്ലാം ബിസിസിഐയെക്കൊണ്ട് തന്നെ തിരുത്തി പറയിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് സെലക്ടർമാർ ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് രോഹിതിനപ്പുറം തങ്ങള്‍ ചിന്തിക്കുന്നുവെന്ന് വ്യക്തമാക്കിയത്. രോഹിതിന് ഏകദിന ലോകകപ്പിലേക്ക് എത്താനായില്ലെങ്കില്‍ ഇന്ത്യക്ക് മുന്നിലുള്ള ഓപ്ഷൻ യശസ്വി ജയ്സ്വാളാണ്. പക്ഷേ, ഏകദിന ഫോർമാറ്റില്‍ ജയ്സ്വാളിന് മതിയായ പരിചയസമ്പത്തില്ല. ടെസ്റ്റിലെ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായ ജയ്സ്വാള്‍ കരിയറില്‍ ഇതുവരെ ആറ് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 71 ശരാശരിയില്‍ 285 റണ്‍സാണ് ഇടം കയ്യൻ ബാറ്ററുടെ നേട്ടം.

അഫ്ഗാനിസ്ഥാനെതിരെയായിരുന്നു യുവതാരം അവസാനമായി ഏകദിനകുപ്പായമണിഞ്ഞത്, സെഞ്ചുറിയിലാണ് ഇന്നിങ്സ് അവസാനിച്ചതും. ജയ്സ്വാളിനെയാണ് 2027 ലോകകപ്പില്‍ ഇന്ത്യ ഓപ്പണറാക്കാൻ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ മതിയായ അവസരം അനിവാര്യമാണ്. കുറഞ്ഞതൊരു 10-15 മത്സരങ്ങളിലെങ്കിലും അന്തിമ ഇലവന്റെ ഭാഗമാക്കേണ്ടതായും വരും. ടോപ് റാങ്കിങ് ടീമുകള്‍ക്കെതിരെ ജയ്സ്വാളിന് കാര്യമായ എക്‌സ്‌പീരിയൻസ് ഫോര്‍മാറ്റിലില്ല. ഇംഗ്ലണ്ടിനെതിരെ ഒന്നും, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രണ്ടും ഏകദിനങ്ങളാണ് താരം കളിച്ചിട്ടുള്ളത്.

ജയ്സ്വാളിനെ മുൻനിർത്തിയാണ് ബിസിസിഐ പദ്ധതി തയാറാക്കുന്നതെങ്കില്‍ രോഹിത് തുടരുന്നത് അതിനെ സഹായിക്കുന്നതല്ല. ജയ്സ്വാള്‍ പുറത്തിരിക്കും തോറും സാധ്യതകള്‍ കുറഞ്ഞും വരും. ലോകകപ്പിലേക്ക് എത്തുമ്പോള്‍ രോഹിതിനെ തുണയ്ക്കുന്ന ഘടകം, ലോകകപ്പിലെ അയാളുടെ അസാധാരണമായ പ്രകടനങ്ങളാണ്. 2019 ലോകകപ്പിന്റെ ടോപ് സ്കോറര്‍, 2023ല്‍ അഞ്ഞൂറ് റണ്‍സിലധികം, അതും 120ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍. ടൂര്‍ണമെന്റിന്റെ സമ്മര്‍ദങ്ങളൊന്നുമില്ലാതെ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് രോഹിത് പലകുറി തെളിയിച്ചതാണ്.

ജയ്സ്വാളിന്റെ കേസിലേക്ക് വരുമ്പോള്‍ ഒരു ബിഗ് ടൂര്‍ണമെന്റ് എക്‌സ്‌പീരിയൻസിന്റെ അഭാവമുണ്ട്. താരം ഇതുവരെ ഇന്ത്യയുടെ സീനിയര്‍ ടീമിനൊപ്പം ഒരു ഐസിസി ടൂര്‍ണമെന്റ് കളിച്ചിട്ടില്ല. 2024 ടി20 ലോകകപ്പിലും 2025 ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിലും അംഗമായിരുന്നെങ്കിലും അന്തിമ ഇലവനിലേക്ക് എത്തിയിരുന്നില്ല. രോഹിത് - ജയ്സ്വാള്‍ സാഗയ്ക്ക് പരിഹാരം കണ്ടെത്തണമെങ്കില്‍ വരുന്ന ഏകദിന പരമ്പരകളില്‍ ഇരുവര്‍ക്കും കൃത്യമായ അവസരങ്ങള്‍ നല്‍കേണ്ടതായി വരും. അതിന് എത്രത്തോളം സാധിക്കുമെന്നത് ചോദ്യമാണ്.

രോഹിതിനെ സംബന്ധിച്ച് ഓരോ പരമ്പരയും ഓഡിറ്റ് ചെയ്യപ്പെടും. ഫോം ഏറെ നിര്‍ണായകമാണ്, ഫിറ്റ്നസിന് അതിലേറെ പ്രാധാന്യമുണ്ടാകും. ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ജയ്സ്വാള്‍ ബാക്ക് അപ്പ് ഓപ്പണറായായിരിക്കും ഉണ്ടാകുക. എന്ത് തീരുമാനമാണെങ്കിലും ബിസിസിഐ അതിന് ഉടൻ സ്വീകരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ജയ്സ്വാളിന് മതിയായ അവസരവും ലഭിക്കില്ല, രോഹിതില്‍ ആശയക്കുഴപ്പം തീരാതെ തുടരുകയും ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

ജപ്പാനെന്ത് ലോകചാമ്പ്യന്മാര്‍, വിറപ്പിച്ചു വിട്ടു! തലമുറകള്‍ ഓര്‍ത്തുവെക്കും പോരാട്ടം
ബാഴ്സയുടെ മുന്നിലൊന്നും പോകണ്ട! ഈ സീസണിലും റയല്‍ മാഡ്രിഡിന്റെ കാര്യം കഷ്ടം