ഇത് സച്ചിനുള്ള പിറന്നാള്‍ സമ്മാനം; പാക് ഇതിഹാസത്തെ അടിച്ചോടിച്ച കഥ

By Babu RamachandranFirst Published Apr 24, 2019, 12:19 PM IST
Highlights

വഖാർ യൂനിസിന്റെ ഒരു യോർക്കർ സച്ചിന്റെ കുറ്റി തെറിപ്പിച്ചു. തിരികെ ഡ്രസ്സിങ് റൂമിലേക്ക് നടന്നുപോകവേ, സച്ചിനെ പാക് കാണികൾ കണക്കിന് കളിയാക്കി. "കുട്ടി വേഗം പോയി പാല് കുടിച്ചോളൂ.. " എന്നായിരുന്നു ഗ്യാലറികളിൽ നിന്നുള്ള പരിഹാസം.  

ഇന്ന് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെന്‍ഡുല്‍ക്കറുടെ ജന്മദിനമാണ്. ക്രിക്കറ്റുകളിയെ ഇത്രമേൽ ജനകീയമാക്കിയതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച ഈ അനുഗ്രഹീതനായ ബാറ്റ്‌സ്മാൻറെ കരിയറിലെ അവിസ്മരണീയമായ ഒരേട്, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ..!

സംഭവം നടക്കുന്നത് 1989 -ലാണ്.  നവംബർ ഡിസംബർ മാസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാൻ ടൂർ നടക്കുന്ന സമയം.. ചരിത്രത്തിലെ സംഭവങ്ങൾക്ക് വ്യാഖ്യാനങ്ങൾ പലതുണ്ടാവാം. സൂക്ഷ്മാംശങ്ങളിൽ ചെറിയ ഭേദമൊക്കെ ഉണ്ടായെന്നു വരികിലും, ഏറെക്കുറെ ഇങ്ങനെയൊക്കെയാണ് അന്ന് നടന്നത്. 

നവംബറിൽ നടന്ന ആദ്യത്തെ ടെസ്റ്റിൽ സച്ചിൻ എന്ന പതിനാറുവയസ്സുകാരൻ പയ്യൻ ഇന്ത്യക്കുവേണ്ടി അരങ്ങേറി. ഇരുപത്തിനാലു പന്ത് നേരിട്ട്, രണ്ടു ബൗണ്ടറികളടക്കം പതിനഞ്ചു റൺസ് സ്‌കോർ ചെയ്തു കഴിഞ്ഞപ്പോഴേക്കും, വഖാർ യൂനിസിന്റെ ഒരു യോർക്കർ സച്ചിന്റെ കുറ്റി തെറിപ്പിച്ചു. തിരികെ ഡ്രസ്സിങ് റൂമിലേക്ക് നടന്നുപോകവേ, സച്ചിനെ പാക് കാണികൾ കണക്കിന് കളിയാക്കി. "കുട്ടി വേഗം പോയി പാല് കുടിച്ചോളൂ.. " എന്നായിരുന്നു ഗ്യാലറികളിൽ നിന്നുള്ള പരിഹാസം.  

എന്നാൽ ഡിസംബർ 16-ന് നടന്ന ഏകദിന മത്സരം സച്ചിൻ രമേശ് ടെന്‍ഡുല്‍ക്കർ എന്ന ക്രിക്കറ്റ് താരത്തെപ്പറ്റിയുള്ള പാകിസ്ഥാൻകാരുടെ തെറ്റിദ്ധാരണകളെ ഒന്നടങ്കം തിരുത്തിക്കുറിക്കാൻ പോന്നതായിരുന്നു. ആ ടൂറിൽ കാപ്റ്റന്റെ തൊപ്പിയണിഞ്ഞത് കൃഷ്ണമാചാരി ശ്രീകാന്തായിരുന്നു. നവജ്യോത് സിങ്ങ് സിധു, സഞ്ജയ് മഞ്ജരേക്കർ, അസറുദ്ദീൻ, പ്രഭാകർ, കപിൽ ദേവ് എന്നിങ്ങനെ മഹാരഥൻമാർ പലരും ടീമിലുള്ള കാലമാണ്. 

അന്ന് പെയ്ത മഴ അമ്പത് ഓവർ നീണ്ട ഒരു മുഴു ഏകദിനം കളിക്കാനുള്ള സാധ്യത ഇല്ലാതാക്കി. തടിച്ചുകൂടിയ കാണികളെ നിരാശരാക്കാതിരിക്കാൻ ഇരുപത് ഓവറുകൾ വീതമുള്ള ഒരു മത്സരം നടത്താൻ തീരുമാനമായി. കാപ്റ്റൻ ശ്രീകാന്തിന്റെ തീരുമാനങ്ങൾ ഇന്ത്യൻ കാണികളെ അതിശയിപ്പിച്ച ഒരു ദിവസമായിരുന്നു അത്. ഓപ്പണിങ് സ്പെല്ലിൽ, രണ്ട് ഓവറിൽ വെറും മൂന്നു റൺസ് വിട്ടുകൊടുത്ത് ഒരു വിക്കെറ്റെടുത്ത സലിൽ അങ്കോളയ്ക്ക് രണ്ടാമതൊരു സ്പെൽ കൊടുത്തില്ല. സ്വന്തം മൂന്നോവർ എറിഞ്ഞ് അത്യാവശ്യം അടി വാങ്ങിച്ചു പിടിച്ചു. ഓപ്പണിങ് സ്പെല്ലിൽ രണ്ട് ഓവറിൽ വെറും പതിനൊന്നു റൺസ് മാത്രം വഴങ്ങിയ വിവേക് റസ്ദാനും കൊടുത്തില്ല പിന്നെ ഓരോവർ പോലും. പകരം, അർഷദ് അയൂബിനും അജയ് ശർമയ്ക്കും നാലോവർ വീതം കൊടുത്ത് അവർക്ക് ഭേഷായി തല്ലുവാങ്ങിക്കൊടുത്തു. അങ്ങനെ മൻസൂർ അക്തറിന്റെയും സലിം മാലിക്കിന്റെയും അർദ്ധ ശതകങ്ങളുടെ ബലത്തിൽ ഇരുപത് ഓവറിൽ 157  റൺസ് അടിച്ചുകൂട്ടി പാകിസ്ഥാൻ. അക്കാലത്തെ കണക്കനുസരിച്ച് ഒരിക്കലും അടിച്ചെടുക്കാൻ സാധിക്കാത്ത ഒരു സ്‌കോർ. 

പാക് ബാറ്റിങ്ങിൽ ശ്രീകാന്ത് കാണിച്ച അലമ്പിനെ കവച്ചു വെക്കുന്നതായിരുന്നു ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങ് സമയത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ. സ്ഥിരമായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാറുള്ള ശ്രീകാന്ത് അന്ന് രമൺ ലാംബയെയും WV രാമനെയും ക്രീസിലേക്ക് പറഞ്ഞയച്ചു. രണ്ടുപേരും ചേർന്ന്  ഇന്ത്യയ്ക്ക് മോശമല്ലാത്ത ഒരു തുടക്കം നൽകി. രണ്ടു പേരും ആക്രമിച്ചു തന്നെ കളിച്ചു. ആദ്യം വീണത് ലാംബയായിരുന്നു. പവലിയനിൽ ഇൻ ഫോം മഞ്ജരേക്കറും, അസറുദ്ദീനും, ടെന്‍ഡുല്‍ക്കറും ഒക്കെ വിശ്രമിക്കുമ്പോൾ വൺ ഡൌൺ ആയി ശ്രീകാന്ത് പറഞ്ഞുവിട്ടത് അജയ് ശർമയെ.  79 റൺസ് ആയപ്പോഴേക്കും രണ്ടാം വിക്കറ്റു വീണു. ഇത്തവണ ശ്രീകാന്ത് നേരിട്ടിറങ്ങി. എന്നാൽ അദ്ദേഹം അത്ര ഫോമിലായിരുന്നില്ല. അർധമനസ്സോടെ ശ്രമിച്ച രണ്ടു റിവേഴ്‌സ് സ്വീപ്പുകളും പന്തോടടുത്തില്ല. 

സ്‌കോർ ബോർഡിൽ 88  റൺസ് തെളിഞ്ഞപ്പോഴേക്കും ശർമ്മ പുറത്തായി. അടുത്തിറങ്ങിയത് ടെന്‍ഡുല്‍ക്കർ ആയിരുന്നു. ഒരുവശത്ത് ശ്രീകാന്ത് തന്റെ ഹിറ്റ് ആൻഡ് മിസ് തുടർന്നുകൊണ്ടിരുന്നു. എന്നാൽ മുഷ്താഖ് അഹമ്മദിനെ തരത്തിൽ ഒത്തു കിട്ടിയപ്പോൾ സച്ചിൻ ലോങ്ങ് ഓണിലൂടെ രണ്ടു സിക്‌സറുകൾ പായിച്ചു. രണ്ടാമത്തെ സിക്സർ ഡ്രെസ്സിങ്ങ് റൂമിന്റെ ചില്ലു തകർത്തുകൊണ്ട് ചെന്ന് വീണത് പാകിസ്ഥാൻ ടീമിന്റെ ഡ്രസിങ് റൂമിലായിരുന്നു. പാകിസ്ഥാനി കളിക്കാർ അമ്പരപ്പോടെ മുഖത്തോടു മുഖം നോക്കി. 


 
ജയിക്കാൻ പിന്നെയും വേണമായിരുന്നു 40  റൺസ്.  ബാക്കിയുള്ളതോ, രണ്ടേ രണ്ടോവർ മാത്രം..!  അടുത്ത ഓവർ എറിയാൻ വന്നത് പ്രശസ്ത പാകിസ്ഥാനി ലെഗ് സ്പിന്നറായിരുന്ന അബ്ദുൽ ഖാദിർ ആയിരുന്നു. അദ്ദേഹം സാധാരണ ലെഗ് സ്പിൻ ഡെലിവറിയ്ക്ക് പുറമേ, ചില ടോപ് സ്പിന്നർ, ഗൂഗ്ലി, ഫ്ലിപ്പർ സംഗതികളൊക്കെ ഇറക്കി ബാറ്റ്‌സ് മാൻമാരെ വട്ടം ചുറ്റിച്ചിരുന്ന കാലമാണ്.  അന്താരാഷ്‌ട്ര ക്രിക്കറ്റിൽ തുടക്കക്കാരനായ സച്ചിനെ ഒന്ന് വിരട്ടാൻ നോക്കി അദ്ദേഹം വന്ന പാടെ. മുഷ്താഖിനെ സിക്സറടിച്ചതിനെപ്പറ്റി ഖാദിർ ടെന്‍ഡുല്‍ക്കറോട് ഇങ്ങനെ പറഞ്ഞു, " കുട്ടികളെ ബൗണ്ടറിക്ക് വെളിയിലേക്ക് പറത്തിവിടാൻ ആർക്കും പറ്റും.. ആണാണെങ്കിൽ നീ എന്റെ ഓവറിൽ ഒന്ന് ശ്രമിച്ചു നോക്ക്.. കാണിച്ചുതരാം.." 

ആദ്യത്തെ പന്തു തന്നെ അല്പം ടോസ് ചെയ്താണ് ഖാദിർ എറിഞ്ഞത്. നിലം തൊട്ട പാടെ സച്ചിൻ അതിനെ ലോങ്ങ്  ഓണിനു മുകളിലൂടെ ഗാലറിയിലെത്തിച്ചു.  പന്ത് ശരം വിട്ട പോലെ  പോവുന്നത് തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട് ഖാദിർ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് നടന്നു. പന്ത് ഗാലറി പര്യടനം കഴിഞ്ഞ് വീണ്ടും ഖാദിറിന്റെ കയ്യിലേക്ക് തിരിച്ചെത്തി. 

അടുത്ത പന്ത് ഒരു ഡോട്ട് ബോളായിരുന്നു. ഖാദിർ  ഒന്നാശ്വസിച്ചു. വീണ്ടും തന്റെ പ്രസിദ്ധമായ ബൗളിങ്ങ് ആക്ഷൻ കഴിഞ്ഞ് ഖാദിറിന്റെ അടുത്ത ഡെലിവറി. കഴിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും, മൂന്നാമത്തെ ഡെലിവറി ഓഫ്‌സൈഡ് ക്രീസിന്റെ അതിർത്തി അളക്കുന്ന ഒന്നായിരുന്നു. സ്റ്റെപ്പ് ഔട്ട് ചെയ്ത് ക്രീസിനു വെളിയിൽ വന്ന സച്ചിൻ അതിനെയും കവറിലൂടെ അനായാസം ബൗണ്ടറി കടത്തി. 

തന്റെ  പരിചയം മുഴുവൻ പുറത്തെടുത്ത് ഖാദിർ നാലാമത്തെ ഡെലിവറി മിഡിൽ സ്റ്റമ്പിന്റെ ലൈനിൽ  പിച്ച് ചെയ്ത് സച്ചിനെ കുടുക്കാൻ നോക്കി. സച്ചിൻ വീണ്ടും സ്റ്റെപ് ഔട്ട് ചെയ്തിറങ്ങി വന്ന്, ഖാദിറിന്റെ തലയ്ക്കു മുകളിലൂടെ സ്ട്രെയ്റ്റ് സിക്സ് പായിച്ചു. ഗാലറിയിലെ ഇന്ത്യൻ ആരാധകവൃന്ദം ഇളകിമറിഞ്ഞു. ഇത് ഒരു സാധാരണ ഇന്നിംഗ്സ് അല്ലെന്ന് അവർക്ക് ബോധ്യമായി.

അഞ്ചാമത്തെ ഡെലിവറിയുമായി ഖാദിർ വീണ്ടും. സച്ചിൻ ഇത്തവണ അതിനെ സ്പിന്നിന് എതിരായി ലോങ്ങ് ഓണിലൂടെ പൊക്കിയടിച്ചു. ബാൽ ഉയർന്നു പൊങ്ങി. ഇന്ത്യൻ ഫാൻസിന്റെ ഹൃദയം പടപടാ മിടിച്ചു. വളരെ പ്രയാസകരമായ ഒരു കാച്ചാണ്, എന്നാലും വേണമെങ്കിൽ ഫീൽഡർക്ക് പിടിച്ചെടുക്കാവുന്ന ഒന്ന്. പന്ത് ബൗണ്ടറിയിൽ നിന്ന അസീം ഹഫീസിന്റെ കൈകളിൽ തട്ടി തെറിച്ച് ബൗണ്ടറി റോപ്പിന് വെളിയിലേക്ക്.. സിക്സർ..! 

ആ ഓവറിൽ ഇതിനകം തന്നെ മൂന്നു സിക്‌സറും, ഒരു ബൗണ്ടറിയും അടിച്ചു കഴിഞ്ഞു. തന്റെ മനം കാക്കാനുള്ള അവസാന അവസാരത്തിലേക്ക് അബ്ദുൽ ഖാദിർ എന്ന ലെഗ്‌സ്പിന്നർ നടന്നടുത്തു. ഖാദിറിന്റെ പന്ത്, ഓഫ് സ്റ്റമ്പ് ലൈനിൽ കുത്തിത്തിരിഞ്ഞു. സച്ചിൻ തന്റെ കൈകൾ വിടർത്തി അതിനെ ലോങ്ങ് ഓഫ് ബൗണ്ടറിക്ക് മുകളിലൂടെ ആ ഓവറിലെ തന്റെ നാലാമത്തെ സിക്സറിനായി പറത്തിവിട്ടു. 

6 0 4 6 6 6 - ആ ഓവറിൽ സച്ചിൻ ടെന്‍ഡുല്‍ക്കർ എന്ന മാന്ത്രികൻ അടിച്ചു കൂട്ടിയത് ആകെ 28 റൺസ്. അടുത്ത ഓവറിൽ, ഇന്ത്യൻ ടീമിനെ വിജയത്തിന്റെ പടിവാതിൽക്കൽ വരെ കൊണ്ടുചെന്നെത്തിച്ച സച്ചിൻ ടെന്‍ഡുല്‍ക്കറുടെ സംഹാരതാണ്ഡവത്തെ ഇല്ലാതാക്കാൻ പോന്ന ഒരു പ്രകടനമായിരുന്നു നമ്മുടെ സ്വന്തം ചിക്ക എന്ന കൃഷ്ണമാചാരി ശ്രീകാന്ത് കാഴ്ചവെച്ചത്. ഒടുവിൽ അവസാനത്തെ ഓവറിൽ ജയിക്കാൻ വെറും 12  റൺസ് മതിയായിരുന്നിട്ടും, ഇന്ത്യ നാലു റൺസിന് ആ മത്സരം തോറ്റു. 18  പന്തിൽ നിന്നും 53  റൺസുമായി സച്ചിനും, പുറത്താവാതെ മുട്ടി മുട്ടി സമ്പാദിച്ച തന്റെ 13  റൺസുമായി ശ്രീകാന്തും. അതൊരു ഒഫീഷ്യൽ ODI അല്ലാഞ്ഞതുകൊണ്ടാവും ജയിക്കാൻ കാര്യമായ പരിശ്രമമൊന്നും ശ്രീകാന്തിന്റെ ഭാഗത്തുനിന്നും അന്നുണ്ടായില്ല. 

 

എന്തായാലും , സച്ചിൻ അന്ന് കളിച്ച ഷോട്ടുകൾ, വരും ദിവസങ്ങളിൽ ഇന്ത്യയിലെ ഗലികളിൽ ക്രിക്കറ്റുകളിച്ചുപഠിക്കുന്ന പിള്ളേർ മുതൽ പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങൾ വരെ അനുകരിച്ചു. എത്രയോ ക്രിക്കറ്റ് കമന്റേറ്റർമാർ ആ ഷോട്ടുകളെ ഇഴകീറി വിശകലനം ചെയ്തു. അത് ക്രിക്കറ്റിനെ വല്ലാതെ സ്വാധീനിച്ചു. ക്രിക്കറ്റ് ലോകം  കണ്ട ഏറ്റവും പ്രതിഭാധനനായ ബാറ്റ്‌സ് മാൻ, മാസ്റ്റർ ബ്ളാസ്റ്റർ സച്ചിൻ ടെന്‍ഡുല്‍ക്കർക്ക്, ഇന്ത്യ തോറ്റുപോയെങ്കിലും, അദ്ദേഹം കളം നിറഞ്ഞാടിയ ഈ മത്സരത്തിന്റെ ഓർമയിൽ, ജന്മദിനാശംസകൾ..!
 

click me!