തടി കുറക്കാന്‍ ആദ്യമായി ഗ്രൗണ്ടിലിറങ്ങി, ഒടുവില്‍ ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ പുരുഷനായി നീരജ് ചോപ്ര

By Web TeamFirst Published Aug 7, 2021, 6:24 PM IST
Highlights

ഗുസ്തിയെയും കബഡിയെയും സ്നേഹിക്കുന്ന ഹരിയാനയിലെ പാനിപത്തെന്ന ഗ്രാമത്തില്‍ നിന്നാണ് നീരജ് ചോപ്രയെന്ന ഇന്ത്യയുടെ ഒളിംപിക് ഹീറോയുടെ വരവ്. വിട്ട് വീഴ്ചയില്ലാത്ത കഠിന പരിശീലനം മാത്രമാണ് നീരജിന്‍റെ വിജയരഹസ്യം.

ദില്ലി: ടോക്യോ ഒളിംപിക്സിന്‍റെ 127 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ സമ്മാനിച്ച് ടോക്യോയില്‍ നീരജ് ചോപ്ര എന്ന 23കാരന്‍ ഇന്ത്യയുടെ തങ്കമകനായിരിക്കുന്നു. ഹരിയാനയിലെ പാനിപത്തെന്ന കൊച്ചുഗ്രാമത്തില്‍ നിന്നു തുടങ്ങിയ നീരജിന്‍റെ യാത്ര ടോക്യോയിലെ ഒളിംപിക് പോഡിയത്തിലെത്തി നില്‍ക്കുമ്പള്‍ ഓരോ ഇന്ത്യക്കാരനും ആ യുവാവിനെ ഹൃദയം കൊണ്ട് ആശ്ലേഷിക്കുന്നു.

ഗുസ്തിയെയും കബഡിയെയും സ്നേഹിക്കുന്ന ഹരിയാനയിലെ പാനിപത്തെന്ന ഗ്രാമത്തില്‍ നിന്നാണ് നീരജ് ചോപ്രയെന്ന ഇന്ത്യയുടെ ഒളിംപിക് ഹീറോയുടെ വരവ്. വിട്ട് വീഴ്ചയില്ലാത്ത കഠിന പരിശീലനം മാത്രമാണ് നീരജിന്‍റെ വിജയരഹസ്യം.

തടി കുറയ്ക്കാൻ അച്ഛൻ സതീഷ് കുമാർ കൊണ്ടുവിട്ടതാണ് സോനിപത്തിലെ മൈതാനങ്ങളിലൊന്നിലേക്ക്. 12 വയസുള്ളപ്പോള്‍ തന്നെ 80 കിലോ ആയിരുന്നു നീരജിന്‍റെ ശരീരഭാരം.അങ്ങനെയൊരു ദിനം പരിശീലകനായ ജിതേന്ദ്രൻ ജാഗ്‍ലൻ ജാവലിനൊന്ന് കയ്യിൽ കൊടുത്തു. ഇതിഹാസ യാത്രയുടെ തുടക്കം അവിടെ നിന്നാണ്.

കഴിഞ്ഞ ഒളിംപിക്സിൽ പങ്കെടുക്കാനവസരം കിട്ടിയില്ലെങ്കിലും റിയോയിലെ ഇന്ത്യയുടെ നഷ്ടമാണ് നീരജ്. കാരണം അതേവർഷം നടന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ നീരജ് കണ്ടെത്തിയ ദൂരം റിയോയിലെ വെങ്കലക്കാരനും മുന്നിൽ. പുതിയ ലോക റെക്കോർഡിലേക്ക് ആ ജാവലിൻ പറന്നിറങ്ങി. രണ്ട് വ‍ർഷങ്ങൾക്കിപ്പുറം കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം. ഒടുവിലിതാ ഒളിംപിക്സിലും ഒരു മെഡൽ.

വലത് കയ്യിലെ കരുത്തിനെക്കുറിച്ച് എടുത്ത് പറയാറുണ്ട് നീരജ്. ആ കരുത്തെന്തെന്ന് യോഗ്യതാ റൗണ്ടിലെ അത്ഭുത പ്രകടനം കണ്ട് മനസിലായതാണ്. 23 വയസ് മാത്രമുള്ള താരത്തിന് മുന്നിൽ മൂന്ന് വർഷം അപ്പുറം മറ്റൊരു ഒളിംപിക്സും കാത്തിരിക്കുന്നു. പുതിയ വേഗം,പുതിയ ദൂരം നമ്മൾ ഇനിയും കാത്തിരിക്കും.

click me!